Saturday 20 November 2021 03:40 PM IST : By സ്വന്തം ലേഖകൻ

വീടിനുള്ളിൽ സുഗന്ധം നിറയ്ക്കാൻ കൃത്രിമഗന്ധം വേണ്ടേ വേണ്ട; തയാറാക്കാം നറുഗന്ധമുള്ള പോട്ട്പൂരി

shutterstock_1912164700

വീടിനകത്ത് സുഗന്ധം നിറയണം. രാസവസ്തുക്കളടങ്ങിയ കൃത്രിമഗന്ധം വേണ്ടേ വേണ്ട.  ഇങ്ങനെ ആഗ്രഹിക്കുന്നവർക്ക് യോജിച്ചതാണ് ലളിതമായ രീതിയിൽ തയാറാക്കാവുന്ന േപാട്ട്പൂരി. ചെലവ് കുറഞ്ഞ രീതിയിൽ അടുക്കളയിലുള്ള പ്രകൃതിദത്തമായ കൂട്ടുകൾ കൊണ്ട് വീടിനുള്ളിൽ സുഗന്ധം നിറയ്ക്കാം.  

ഒരുക്കാം ഇഷ്ടഗന്ധം

രണ്ടോ അതിലധികമോ സുഗന്ധമുള്ള ചേരുവകൾ ചേർത്ത്  പോട്ട്പൂരി തയാറാക്കാം. ഓറഞ്ച്, നാരങ്ങ ഇവയുടെ തൊലി, തക്കോലം, കറുവാപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി, സുഗന്ധമുള്ള പൂക്കൾ, വനില എക്സ്ട്രാക്ട്  തുടങ്ങിയവയെല്ലാം പോട്ട്പൂരിയുടെ ചേരുവകളായി ഉപയോഗിക്കാം. എസൻഷൽ ഓയിൽ ചേർത്താൽ കൂടുതൽ സുഗന്ധം കിട്ടും. ഒരു പാത്രം വെള്ളത്തിൽ ഇഷ്ടമുള്ള കൂട്ടുകൾ ചേർത്ത് ചെറുതീയിൽ വച്ച് പോട്ട്പൂരി തയാറാക്കാം. പല മിശ്രിതങ്ങളും നാല് ദിവസം വരെ ഉപയോഗിക്കാനാകും.

∙ രണ്ട് കപ്പ് വെള്ളത്തിൽ മൂന്നോ നാലോ കഷണം കറുവാപ്പട്ട, ഒരു വലിയ സ്പൂൺ ഗ്രാമ്പൂ, മൂന്നോ നാലോ തക്കോലം, മൂന്ന് ചെറിയ സ്പൂൺ ജാതിക്ക, ഒരു വലിയ സ്പൂൺ വനില എക്സ്ട്രാക്ട്  ഇവ ചേർത്ത് ചെറുതീയിൽ വയ്ക്കുക. പത്ത് മിനിറ്റിന് ശേഷം ഒരു പാത്രത്തിലാക്കി തുറന്ന് വച്ചാൽ മുറികളിൽ ഗന്ധം നിറയും.

∙രണ്ട് കപ്പ് വെള്ളത്തിൽ നാല് കറുവാപ്പട്ട, ഒരു ചെറിയ സ്പൂൺ വനില എക്സ്ട്രാക്ട്, രണ്ട് വലിയ സ്പൂൺ ഗ്രാമ്പൂ, ഒരു ഓറഞ്ചിന്റെ തൊലി ഇവ ചേർക്കുക. െചറുതീയിൽ വച്ച മിശ്രിതം തിളച്ച് കുറച്ചു നേരത്തിന് ശേഷം തീ അണയ്ക്കണം. തണുത്ത ശേഷം മിശ്രിതം ഒരു ഗ്ലാസ് ജാറിൽ സൂക്ഷിക്കുക. നാല് ദിവസത്തേക്ക് ഉപയോഗിക്കാം. ആവശ്യമെന്ന് തോന്നുമ്പോൾ  ഈ കൂട്ട് ഒരു പാത്രത്തിലാക്കി ചെറുതീയിൽ  ചൂടാക്കുക.

∙ ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളമെടുക്കുക. ഇതിലേക്ക് ഒരു കൈത്തലം നിറയെ കൃഷ്ണതുളസിയോ രാമതുളസിയോ ചേർക്കണം. ഈ കൂട്ടിൽ ഒരു നാരങ്ങ  കാൽ ഇഞ്ച് കനത്തിൽ കഷണങ്ങളായി അരിഞ്ഞത്, ഒരു ചെറിയ സ്പൂൺ വനില എക്സ്ട്രാക്ട് ഇവ ചേർത്ത് ചെറുതീയിൽ വയ്ക്കുക. തിള വന്ന് അഞ്ച് മിനിറ്റ് കഴിഞ്ഞ് തീ അണച്ച ശേഷം ഒരു പാത്രത്തിലാക്കി മുറിയിൽ വയ്ക്കാം.  ഉണങ്ങാത്ത ഇലകൾ ചേർത്ത് തയാറാക്കുന്ന കൂട്ടുകൾ ഒരു ദിവസത്തേക്ക് മാത്രമേ ഉപയോഗിക്കാനാകൂ.

∙രണ്ട് കപ്പ് വെള്ളത്തിൽ രണ്ട് ഓറഞ്ച് തൊലിയോട് കൂ ടി കാൽ ഇഞ്ച് കനത്തിൽ കഷണമായി അരിഞ്ഞത്, ആറ് കഷണം കറുവാപ്പട്ട, രണ്ട് വലിയ സ്പൂൺ  ഗ്രാമ്പൂ ഇവ ചേർത്ത്  ചെറുതീയിൽ വയ്ക്കുക. ഈ മിശ്രിതം തിളച്ചതിന് ശേഷം  പാത്രത്തിലാക്കി സൂക്ഷിക്കാം  

∙ രണ്ട് കപ്പ് വെള്ളത്തിൽ നാരങ്ങ, ഓറഞ്ച് ഇവ ഒരെണ്ണം വീതം  കാൽ ഇഞ്ച് കനത്തിൽ കഷണങ്ങളായി അരിഞ്ഞത്, ഒരു ചെറിയ സ്പൂൺ വനില എക്സ്ട്രാക്ട്, ഒരു വലിയ സ്പൂൺ വീതം ഇഞ്ചി െചറുതായി അരിഞ്ഞതും ഗ്രാമ്പൂവും ഇവ ചേർത്ത് ചെറുതീയിൽ വയ്ക്കുക. വെള്ളം തിളച്ച് അഞ്ച് മിനിറ്റിന് ശേഷം പാത്രത്തിലേക്ക് മാറ്റാം.

∙ തുളസി, പനിക്കൂർക്ക തുടങ്ങിയ ഇലകൾ, നാരങ്ങ, ഓറഞ്ച് ഇവയുടെ തൊലി, റോസ, മുല്ല തുടങ്ങിയ പൂക്കൾ ഇവ ഉണക്കിയെടുത്ത് പോട്ട്പൂരി തയാറാക്കാം. ഉണങ്ങിയ കൂട്ടുകൾ മൂന്ന് ദിവസത്തേക്ക് വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിച്ചു വയ്ക്കുക. രണ്ടാഴ്ച കഴിഞ്ഞ് അലങ്കാര ബൗളിൽ എടുത്ത് വയ്ക്കാം.

Tags:
  • Vanitha Veedu