അലസമായിരുന്ന് കിനാവു കാണാൻ ഒരിടം. അതാണ് കനവ്. അങ്കമാലി മഞ്ഞപ്രയിലുള്ള ഈ എൻആർെഎ (NRI) ഹോളിഡേ ഹോം പുതിയൊരു ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. ഇന്റീരിയർ ഡിസൈനറും കനവിന്റെ ഉടമയുമായ ഷിന്റോ വർഗീസിന്റെ അഭിപ്രായത്തിൽ ഈ െഎഡിയ ആർക്കും പ്രാവർത്തികമാക്കാം.
‘‘മലയാളികൾ കൂടുതലും വിദേശത്തേക്കു ചേക്കേറുകയാണ്. വിദേശത്തേക്കു പോകുന്ന പുതിയ തലമുറ നാട്ടിൽ വീടു വയ്ക്കാൻ പൊതുവേ താൽപര്യം കാണിക്കുന്നില്ല. നാട്ടിൽ തറവാട് ഉണ്ടെങ്കിലും അവിടെ ജനിച്ചു വളർന്ന കുട്ടികൾക്ക് പലപ്പോഴും ഇവിടെയെത്തുമ്പോൾ പഴയ വീട്ടിലെ സൗകര്യങ്ങളുമായി പൊരുത്തപ്പെടാൻ പ്രയാസമാണ്. അതൊഴിവാക്കാൻ പലരും ഹോട്ടലിലും മറ്റും മുറിയെടുക്കേണ്ട അവസ്ഥയുണ്ട്. ഇത്തരം ആളുകളെ ലക്ഷ്യമിട്ടാണ് കനവ് ഒരുക്കിയിരിക്കുന്നത്,’’ ഷിന്റോ പറയുന്നു.
ഇത്തരം സംരംഭങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഷിന്റോ വ്യക്തമാക്കുന്നു. നാട്ടിൻപുറങ്ങളിൽ ഇത്തരം കൊച്ചു ഹോളിഡേ ഹോം വരുന്നതോടെ നാട്ടുകാർക്കും അതു ഗുണം ചെയ്യും. വിദേശത്തു നിന്നുള്ള കുട്ടികൾക്ക് നാടിനെ അടുത്തറിയാൻ സാധിക്കും. റിസോർട്ടുകളും മറ്റും പൊതുവേ വിനോദ സഞ്ചാര മേഖലകളിലാണുള്ളത്. പ്രവാസികൾക്ക് നാട്ടിൽ തന്നെ താമസിക്കാനുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നത്. ഹോട്ടലിനെ അപേക്ഷിച്ച് വീടിന്റെ സുഖശീതളിമയും സൗകര്യങ്ങളും ലഭിക്കുകയും ചെയ്യുന്നു.
രണ്ട് കിടപ്പുമുറിയും ഒരു ലിവിങ് റൂമുമായി ട്രെഡീഷനൽ ശൈലിയിലാണ് കനവിന്റെ ഡിസൈൻ. ചുറ്റും വരാന്തയുണ്ട്. വരാന്തയിൽ ഡൈനിങ്ങിനുള്ള സജ്ജീകരണങ്ങളും ഒരുക്കി. ഇവിടെ താമസിക്കുന്നവർക്ക് സ്വന്തമായി പാചകം ചെയ്ത് കഴിക്കാനുള്ള സൗകര്യത്തിന് എല്ലാ സൗകര്യങ്ങളോടും കൂടിയ ആധുനിക അടുക്കളയുമുണ്ട്.
ഷിന്റോയുടെ പഴയ വീട് ഉൾപ്പെടുന്ന 45 സെന്റിലാണ് കനവ്. പഴയ വീട്ടിൽ റിസപ്ഷൻ, ജോലിക്കാരുടെ താമസം, ആവശ്യക്കാർക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നതിനായി അടുക്കള എന്നീ സൗകര്യങ്ങളുണ്ട്. ചെമ്പരത്തി, ചെത്തി, മന്ദാരം തുടങ്ങിയ നാടൻ ചെടികളും ചാമ്പ, പുളി, ജാതി, തെങ്ങ് തുടങ്ങിയ മരങ്ങളുമേകുന്ന പച്ചപ്പാണ് കനവിന്റെ പ്രധാന ആകർഷണം.
എയർപോർട്ട്, മഹാഗണിത്തോട്ടം, തുമ്പൂർമുഴി ഡാം, ആതിരപ്പിള്ളി വെള്ളച്ചാട്ടം, മലയാറ്റൂർ പള്ളി തുടങ്ങിയവയെല്ലാം അടുത്താണെന്നതിനാൽ ഇവിടെയെത്തുന്നവർക്ക് സന്തോഷിക്കാനും വകുപ്പുകളേറെ. ഒരു സമയം ഒരു കസ്റ്റമർക്കേ ഇവിടം നൽകുകയുള്ളൂ. 10 പേർക്ക് താമസിക്കാം. നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമായി ഒത്തു ചേരണമെന്നുള്ളവർക്ക് അവർക്ക് ഇവിടെ ആതിഥ്യമരുളുകയും ചെയ്യാം.
പ്രീമിയം രീതിയിൽ ഒരുക്കിയ ഹോളിഡേ ഹോമിലെ ഫർണിച്ചറും തൂണുകളും എല്ലാം തേക്കു കൊണ്ടാണ്. ഈട് കണക്കിലെടുത്താണ് തേക്ക് ഉപയോഗിച്ചത്. ചെങ്കല്ല് കൊണ്ടാണ് ചുമരുകൾ. പുറത്തെ ചുമരുകളിൽ കണ്ണൂരിൽ നിന്നുള്ള ചെങ്കല്ല് ഒട്ടിച്ചു. പരിപാലനത്തിനുള്ള എളുപ്പം കണക്കാക്കി വളരെ ലളിതമായാണ് ഈ ഹോളിഡേ ഹോം ഒരുക്കിയിട്ടുള്ളത്.
ഫ്ലോറിങ്ങിന് മൊറോക്കൻ ടൈലാണ്. മേൽക്കൂരയിൽ 140 വർഷം പഴക്കമുള്ള പഴയ ഓട് വിരിച്ചു. ഒരു ഓടിന് രണ്ട് രൂപയാണ് വില. ഫോൾസ് സീലിങ്ങോ പാനലിങ്ങുകളോ നൽകിയിട്ടില്ല. നനയാൻ സാധ്യതയുള്ളതിനാൽ കിച്ചൻ കാബിനറ്റ് മൾട്ടിവുഡിൽ പണിതു. ഔട്ട്ഡോർ സീറ്റിങ്ങിന് പഴയ വാതിൽ വാങ്ങി മേശയാക്കി ഡിസ്ട്രസ് ഫിനിഷ് നൽകി. ഇനി അഥവാ വെയിൽ തട്ടി ചെറിയ വിള്ളൽ വീണാലും അത് ഈ ഫിനിഷിന്റെ ഭാഗമായേ തോന്നൂ.
ഒട്ടേറേ പേർക്ക് കനവു കാണാനൊരു പ്രചോദനമായി മാറുകയാണ് ഈ കനവ്.