Friday 20 May 2022 03:54 PM IST : By സ്വന്തം ലേഖകൻ

മനുഷ്യരിലെന്ന പോലെ ഓമനമൃഗങ്ങളിലും വിഷാദരോഗം; ഇഷ്ടമൃഗങ്ങളിലെ ഡിപ്രഷന് സങ്കീർണമായ കാരണങ്ങളുണ്ടാകും, അറിയാം ഇക്കാര്യങ്ങൾ

pet-depression ഡോ.അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

മനുഷ്യരിലെന്ന പോലെ തന്നെ പ്രായഭേദമന്യേ നായകൾ, പൂച്ചകൾ, വളർത്തുപക്ഷികൾ, മുയലുകൾ, എലിവർഗം എന്നിവയിലും വിഷാദരോഗം അഥവാ ഡിപ്രഷൻ കാണപ്പെടാറുണ്ട്.

∙ ചിന്തകളെയും വികാരങ്ങളെയും നിർണയിക്കുന്ന മസ്തിഷ്കത്തിലെ ന്യൂറോ ഹോർമോണുകളുടെ അളവിലും പ്രവർത്തിയിലുമുള്ള വ്യതിയാനമാണ് ഡിപ്രഷനു കാരണം.

∙ അധിക സമയം ഉറങ്ങുക, നിരുത്സാഹം, വീട്ടുകാരുടെ മുന്നിൽ പെടാതെ ഒളിഞ്ഞിരിക്കുക, വിശപ്പില്ലായ്മ, പക്ഷികളാണെങ്കിൽ മണിക്കൂറുകളോളം ശബ്ദമുണ്ടാക്കാതിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

∙ രണ്ടു കാരണങ്ങൾകൊണ്ട് ഒാമനമൃഗങ്ങളിൽ ഡിപ്രഷൻ വരാം. ഒന്ന്, ആന്തരിക രോഗങ്ങളുടെ ഫലമായി. ഉദാഹരണം കാൻസർ, കിഡ്നി രോഗങ്ങൾ, ആർത്രൈറ്റിസ്, ചെവിയിൽ പഴുപ്പ്, തൈറോയിഡ് രോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവ. രണ്ടാമത്തെ കാരണം  മാനസികമാണ്. ഉടമയുടെ അസാന്നിധ്യം,  മരണം,  വീടും പരിസരവും മാറൽ,  ട്രിമ്മിങ്, നഖം മുറിക്കൽ, വീട്ടിലേക്ക് പുതിയ അരുമമൃഗത്തെ കൊണ്ടുവരിക, വീട്ടിൽ പുതിയ കുഞ്ഞുങ്ങൾ വരുക എന്നിങ്ങനെ.

∙ ഓമനമൃഗത്തോട് ദിവസവും സംസാരിക്കുക, നടക്കാൻ കൊണ്ടു പോകുക, കളിപ്പാട്ടങ്ങൾ കൊടുക്കുക. പക്ഷികൾ ആണെങ്കിൽ അവയുടെ കൂട് ആൾപെരുമാറ്റം ഉള്ള സ്ഥലത്തേക്ക് മാറ്റണം. സംഗീതവും കേൾപ്പിക്കാം.

∙ വിഷാദരോഗത്തിന് വെറ്ററിനറി ഡോക്ടറെ കണ്ട് രോഗനിർണയം നടത്തുന്നതാണ് ഏറ്റവും അനുയോജ്യം.