Friday 10 September 2021 02:46 PM IST : By സ്വന്തം ലേഖകൻ

ഇറ്റാലിയൻ മാർബിളിനെ തോൽപ്പിക്കുന്ന തിളക്കവും ഭംഗിയും, ട്രെൻഡായി പോളിഷ്‌ഡ് കോൺക്രീറ്റ് ഫ്ലോറിങ്

flor 1

പഴയ സിമന്റ് തറയുടെ പുനരവതാരം... നല്ല അടിപൊളി ന്യൂ ജനറേഷൻ ലുക്കിൽ! അതാണ് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ. തിളക്കത്തിന്റെയും ഭംഗിയുടെയും കാര്യത്തിൽ സംഭവം ഇറ്റാലിയൻ മാർബിളിനോട് കിടപിടിക്കും! ദീർഘകാല ഈട്, വ‍ൃത്തിയാക്കാൻ എളുപ്പം, ടൈലിനെ അപേക്ഷിച്ച് ജോയ്ന്റ് ഫ്രീ തുടങ്ങിയ ഗുണങ്ങളും പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോറിന്റെ സ്വീകാര്യത കൂട്ടുന്നു. നല്ലതിനായി അൽപം കാത്തിരിക്കണം എന്നത് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോറിന്റെ കാര്യത്തിലും ശരിയാണ്. കുറഞ്ഞത് രണ്ടു മാസമെങ്കിലും വേണം ഇത്തരത്തിൽ തറയൊരുക്കാൻ. സാധാരണയായി 4 x 4 മീറ്റർ വലുപ്പമുള്ള സ്ലാബുകളായാണ് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ നിർമിക്കുന്നത്. പൊട്ടൽ, വിള്ളൽ എന്നിവ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ വലുപ്പമുള്ള മുറികളിൽ ഒന്നിലധികം സ്ലാബുകൾ നിർമിക്കേണ്ടി വരും. ‘ഗ്രൂവ്’ ഡിസൈൻ നൽകി അവിടെ പിയു സീലന്റ് നൽകിയും ചെമ്പ്, പിത്തള, സ്റ്റീൽ തുടങ്ങിയ ലോഹങ്ങൾ ‘സ്ട്രിപ്’ ആയി നൽകിയുമാണ്  ജോയ്ന്റുകൾ ഒരുക്കുന്നത്.

flor 3

മൂന്ന് ഘട്ടങ്ങളായാണ് ജോലികൾ തീർക്കാനാകുക. ചുമരിന്റെ തേപ്പ് കഴിഞ്ഞതിനു ശേഷം തറ കോൺക്രീറ്റ് ചെയ്യുകയാണ് ആദ്യപടി. ഏഴ് – എട്ട് സെമീ കനത്തിൽ വേണം കോൺക്രീറ്റ് ചെയ്യാൻ. കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുൻപു തന്നെ മെഷീൻ ഉപയോഗിച്ച് നല്ലതുപോലെ നിരപ്പാക്കി മുകൾഭാഗം മിനുസപ്പെടുത്തും. അതിനു ശേഷം 28 ദിവസത്തേക്ക് ‘ക്യുവറിങ്’ പ്രക്രിയയ്ക്കായി ഒഴിച്ചിടണം. 10 ദിവസം വെള്ളം കെട്ടിനിർത്തണം. 28 ദിവസത്തിനു ശേഷം ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചു പോളിഷ് ചെയ്യുന്നതാണ് രണ്ടാം ഘട്ടം. തുടർന്ന് കോൺക്രീറ്റിന്റെ ഉറപ്പ് കൂടാനുള്ള പ്രത്യേക ലായനി ഒഴിച്ച ശേഷം വീണ്ടും പോളിഷ് ചെയ്യും. മൂന്ന് ഘട്ടങ്ങളിലായുള്ള പോളിഷിങ് ആണ് ഏറ്റവും ഒടുവിലുള്ളത്. കറയും ചെളിയും പിടിക്കാതിരിക്കാനുള്ള സീലർ കോട്ടിങ്ങും ഇതിനൊപ്പം നൽകുംജോയ്ന്റുകളിൽ പിയു സീലന്റ് നൽകുകയോ ഇൻസേർട്ട് പിടിപ്പിക്കുകയോ ചെയ്യുന്നതും ഈ ഘട്ടത്തിലാണ്. നിലവിലുള്ള സിമന്റ് തറ പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയെടുക്കാനാകും. തറയ്ക്ക് ആവശ്യത്തിന് ഉറപ്പും കനവും ഉണ്ടാകണം. ഇതു പരിശോധിക്കാൻ പ്രത്യേക സംവിധാനമുണ്ട്. ഉറപ്പില്ലെങ്കിൽ മെഷീൻ ഉപയോഗിച്ച് പോളിഷ് ചെയ്യുമ്പോൾ പൊട്ടലുണ്ടാകാം.

flor 2

പോളിഷ് ചെയ്യുമ്പോൾ നിലവിലുള്ള നിറത്തിന് കൂടുതൽ തെളിമ ലഭിക്കും. പുതിയ നിറം നൽകാനാകില്ല. സിമന്റ് തറയുടെ പ്രത്യേകതകൾ അതുപോലെ ഉൾക്കൊള്ളാൻ തയാറുള്ളവർക്കാണ് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ ഇണങ്ങുക. ചെറിയ പൊട്ടലുകൾ ഇതിന്റെ മുഖമുദ്രയാണ്. ആരാധകരിൽ കൂടുതലും അതിന്റെ സ്വാഭാവികത ഇഷ്ടപ്പെടുന്നവരായിരിക്കും. മെഷീൻ പോളിഷ് ചെയ്താണ് മിനുസം വരുത്തുന്നത് എന്നതിനാൽ സ്കർട്ടിങ് നൽകാൻ കഴിയില്ല എന്നൊരു ന്യൂനതയുണ്ട്.  തടി, ടൈൽ സ്കർട്ടിങ് നൽകുകയാണ് പരിഹാരം. ചെറിയ സ്ഥലങ്ങളിൽ മെഷീൻ പോളിഷിങ് സാധ്യമല്ലാത്തതിനാൽ, സ്റ്റെയർകെയ്സും മറ്റും ഇത്തരത്തിൽ ഒരുക്കാനാകില്ല. ചതുരശ്രയടിക്ക് 180 രൂപ മുതലാണ് ചെലവ്. കോൺക്രീറ്റിന്റെ സ്വാഭാവിക നിറം കൂടാതെ പച്ച, നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളും നൽകാം. ആദ്യഘട്ടത്തിൽ തറ കോൺക്രീറ്റ് ചെയ്യുന്നതിനൊപ്പമാണ് കളർ പിഗ്‌മെന്റ ് ചേർക്കേണ്ടത്. മഞ്ഞ, ചുവപ്പ്, കറുപ്പ് നിറത്തിന് ചതുരശ്രയടിക്ക് 35 രൂപയും പച്ച, നീല നിറങ്ങൾക്ക് 150 രൂപയും അധികമായി ചെലവാകും.  കോൺക്രീറ്റിന്റെ തനതുനിറത്തിനാണ് പൊതുവേ ആവശ്യക്കാർ കൂടുതൽ. ഗ്ലോസി, സെമി ഗ്ലോസി, മാറ്റ് എന്നിങ്ങനെ മൂന്ന് ഫിനിഷുകളിൽ പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ ഒരുക്കാം. വീടുകളിൽ ഗ്ലോസി, സെമി ഗ്ലോസി ഫിനിഷ് ആണ് കൂടുതൽ അഭികാമ്യം. മാറ്റ് ഫിനിഷിൽ ചെളി പിടിക്കാനുള്ള സാധ്യത കൂടും.

വിവരങ്ങൾക്കു കടപ്പാട്:

ഷെൽടെക് എൻജിനീയേഴ്സ്,

എൻഎച്ച് ബൈപാസ്, ഇടപ്പള്ളി, കൊച്ചി

email: info@sheltech.co.in

Tags:
  • Vanitha Veedu