Thursday 25 January 2018 04:31 PM IST : By സ്വന്തം ലേഖകൻ

വീടുകളുടെ മാത്രമല്ല, ഫ്ലാറ്റുകളുടെ രൂപകല്പനയിലും വാസ്തുനിയമങ്ങൾ പാലിക്കാം; അറിയേണ്ടതെല്ലാം

flat_vasthu1

ഫ്ലാറ്റുകളിലും വാസ്തു ബാധകമാണ്. ഫ്ലാറ്റ് പണിയുന്ന പ്ലോട്ട് ദീർഘചതുരമായിരിക്കണം. കെട്ടിടത്തിന്റെ രൂപകൽപനയിൽ വായുപ്രവാഹത്തിന്റെ ക്രമീകരണത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കണം. ഇതിനായി വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ വിവരിക്കുന്ന സർവതോഭദ്രം എന്ന, നാലുകെട്ടിന്റെയും നടുമുറ്റത്തിന്റെയും ഇടനാഴിവിന്യാസ നിയമങ്ങൾ പാലിക്കുന്നത് ഏറ്റവും നല്ലതാണ്. ഈ ക്രമീകരണത്തിൽ നാലുദിശകളിലേക്കും വിന്യസിക്കുന്ന ഇടനാഴികൾ സുഖവാസത്തിന്റെ പ്രവേശനകവാടങ്ങളാണ്.

കെട്ടിടങ്ങൾക്ക് കൃത്യമായ കാന്തികദിശാവിന്യാസം ന ൽകേണ്ടതാണ്. കാന്തികദിശാവിന്യാസംകൊണ്ടു ലഭ്യമാകുന്ന തെക്കുദിശ, പടിഞ്ഞാറുദിശ എന്നിവിടങ്ങളിൽ ജാലകങ്ങൾക്കു പകരം വാതായനങ്ങളാണ് സ്ഥാപിക്കേണ്ടത്. വാതായനങ്ങൾ പ്രകാശത്തെ ക്രമീകരിക്കുകയും കാറ്റിനെ യാതൊരു തടസ്സവുമില്ലാതെ കടത്തിവിടുകയും ചെയ്യുന്ന സംവിധാനങ്ങളാണ്. എന്നാൽ ജാലകങ്ങൾ പ്രകാശത്തെയും കാറ്റിനെയും ഒരുപോലെ കടത്തിവിടുന്നു.

ഫ്ലാറ്റിലെ കിടപ്പുമുറികൾ രൂപകൽപന ചെയ്യുമ്പോൾ, കൃത്യമായ കാന്തികദിശാഭിമുഖ്യത്തോടെ തല കിഴക്കുവശത്തേക്കോ തെക്കുവശത്തേക്കോ വച്ചു കിടന്നുറങ്ങുന്ന വിധമായിരിക്കണം ക്രമീകരിക്കേണ്ടത്. വാസ്തുശാസ്ത്രനിർദേശപ്രകാരം വടക്ക്, പടിഞ്ഞാറ് ദിശകളിേലക്ക് തല വച്ചുറങ്ങുന്നത് ഒഴിവാക്കാം.

അടുക്കള ഡിസൈൻ ചെയ്യുമ്പോൾ

ഫ്ലാറ്റുകളിൽ അടുക്കള രൂപകല്പന ചെയ്യുമ്പോൾ പാചകം ചെയ്യുന്ന വ്യക്തി കിഴക്കു തിരിഞ്ഞു നിൽക്കുന്ന വിധമോ വടക്കു തിരിഞ്ഞു നിൽക്കുന്ന വിധമോ ആണ് അ ടുപ്പ് ക്രമീകരിക്കേണ്ടത്. അടുപ്പിന്റെ വളരെയടുത്ത് വാഷ്ബേസിൻ വരാത്തവിധം ക്രമീകരിക്കണം. അഗ്നി, ജലം എന്നീ അടിസ്ഥാന മൂലകങ്ങൾ പരസ്പര സന്തുലിതമായി വർത്തിക്കേണ്ടതിനാലാണ് ഈ ക്രമീകരണം. അമ്മിക്കല്ല്, ഗ്രൈൻഡർ, മിക്സി എന്നിവ അടുപ്പിൽനിന്ന് അകലത്തിൽ സ്ഥാപിക്കണം.അടുക്കളയിൽ വായുസഞ്ചാരമുണ്ടായിരിക്കണം. അടുക്കളയിൽ പുറത്തേക്ക് ഒൻപത് ദ്വാരങ്ങൾ ഉണ്ടായിരിക്കണം എന്നാണ് ശാസ്ത്രം. അടുക്കളയിൽനിന്ന് കുറച്ചു നേരമെങ്കിലും പുറത്ത് (സ്വതന്ത്രമായി) നിൽക്കാൻ പാകത്തിൽ ബാൽക്കണി ഉണ്ടായിരിക്കണം. അടുക്കള, ഭക്ഷണശാല എന്നിവയുടെ മുകളിൽ ടോയ്‌ലറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം.

ഫ്ലാറ്റുകളിൽ കിടപ്പുമുറികൾ ഒരുക്കുമ്പോൾ അവ ലഭ്യമായ ഇടത്തുതന്നെ തെക്കുപടിഞ്ഞാറ് ഭാഗത്തോ വടക്കുകിഴക്കു ഭാഗത്തോ വരുന്ന രീതിയിൽ സംവിധാനം ചെയ്യണം. കാന്തികദിശാക്രമീകരണം നടത്താതെ നിർമിച്ച ഫ്ലാറ്റുകളിൽ കിടപ്പുമുറികളില്‍ ദിശാസന്തുലിതാവസ്ഥയിൽ വ്യതിയാനം വന്നാൽതന്നെ കിടക്കാനുള്ള കട്ടിലുകളെങ്കിലും കാന്തിക ദിശാനുപ്രകാരം ക്രമീകരിക്കേണ്ടതാണ്.

ഫ്ലാറ്റുകളിലെ ടോയ്‌ലറ്റുകൾ, കുളിമുറികൾ എന്നിവ ഒ ന്നിനു മുകളിലായി മറ്റൊന്ന് എന്ന ദിശയിൽ ക്രമീകരിക്കേണ്ടതാകുന്നു. കൃത്യം മൂലയിൽ വരാതെ മാറ്റിവേണം ടോയ്‌ലറ്റുകൾ ക്രമീകരിക്കാൻ. അതും വടക്കുപടിഞ്ഞാറ് ദിശകളിൽ വരുന്നതാണ് അഭികാമ്യം.

ടോയ്‌ലറ്റ് പൈപ്പുകൾ, ഡ്രെയിനേജ് പൈപ്പുകൾ എല്ലാംതന്നെ പ്രധാന കെട്ടിടത്തിന്റെ വടക്കുപടിഞ്ഞാറ് ദിശകളിൽ ക്രമീകരിക്കുകയും നേരെ വടക്കുപടിഞ്ഞാറു മൂല ഒഴിവാക്കി വടക്കുപടിഞ്ഞാറ് ഭാഗത്ത് വരുന്ന വിധം സെപ്റ്റിക് ടാങ്ക്, അഴുക്കുവെള്ളം ശേഖരിക്കാനുള്ള ടാങ്ക് എന്നിവ സ്ഥാപിക്കുകയാണ് അഭികാമ്യം. ഈ ദിക്കിൽ സാധ്യമല്ലാത്ത പക്ഷം തെക്കുകിഴക്ക് ഭാഗത്തേക്ക് മാറ്റാവുന്നതാണ്. ഇവിടെയും ക്യത്യം തെക്കു–കിഴക്ക് മൂല ഒഴിവാക്കണം.

ഫ്ലാറ്റിന്റെ മുഴുവനുമുള്ള ആവശ്യത്തിനുവേണ്ട ശുദ്ധജല സംഭരണികൾ ഭൂമിക്കടിയിൽ കെട്ടിടത്തിന്റെ വടക്കുകിഴക്കു ഭാഗത്ത് കൊണ്ടുവരുന്നതാണ് ഉത്തമം. എന്നാൽ നിർമിതിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുനിന്ന് വടക്കുകിഴക്ക് മൂലയിലേക്ക് വരയ്ക്കുന്ന കർണത്തിൽനിന്ന് (ഡയഗണല്‍ രേഖയിൽനിന്ന്) മാറ്റിയാണ് ജലസംഭരണി സ്ഥാപിക്കേണ്ടത്. ഹെഡ് ടാങ്കുകൾ പ്രധാന കെട്ടിടത്തിന്റെ തെക്ക്–പടിഞ്ഞാറ് ഏറ്റവും ഉയരത്തിൽ നിർമിക്കേണ്ടതാണ്.

flat_vasthu3

പൂജാമുറി എന്നൊരു സങ്കൽപം ഇന്ന് എല്ലാ ഗൃഹങ്ങളിലും ആവശ്യമാണ് എന്നാണ് പുതിയ വാസ്തുക്കാരുടെ തോന്നൽ. യഥാർഥത്തിൽ മനുഷ്യാലയം മനുഷ്യന് താമസിക്കാനുള്ളതും ദേവാലയം ദേവനു താമസിക്കാനുള്ളതുമാണ്. എന്നാൽ നിത്യവും പൂജാദികർമങ്ങൾ മാത്രം ചെയ്ത് കർമം അനുഷ്ഠിക്കുന്നവർക്ക് നാലുകെട്ടായി നിർമിക്കുന്ന ഗൃഹങ്ങളിൽ ദേവാലയത്തിനു സ്ഥാനം നൽകാറുണ്ട്. കിഴക്കിനി തേവാരപ്പുരയാക്കുന്നത് ഉദാഹരണം. ഏകശാലാ സംവിധാനത്തിൽ പൂജാമുറിക്ക് സ്ഥാനം കാണുന്ന വാസ്തുവിദഗ്ധർ എന്താണ് അതിനു പ്രമാണമാക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

ഇഷ്ടദേവതകളെ സ്മരിക്കുന്നതിനു വേണ്ടി അവരുടെ ചിത്രം അകത്തേക്കു വരുമ്പോൾ ദർശനം ലഭിക്കുന്ന തരത്തിലോ പുറത്തേക്കു പോകുമ്പോൾ ദർശനം കിട്ടുന്ന വിധത്തിലോ സ്ഥാപിക്കാവുന്നതാണ്. സമൂഹപ്രാർഥനാരീതി ഉള്ളവർക്ക് ഒത്തുകൂടാൻ സൗകര്യമുള്ള മുറികളിൽ കിഴക്കുതിരിഞ്ഞിരുന്ന് പ്രാർഥിക്കുന്ന വിധമോ വടക്കുതിരിഞ്ഞിരുന്ന് പ്രാർഥിക്കുന്ന വിധമോ ദേവതാചിത്രങ്ങൾ സ്ഥാപിക്കാവുന്നതാണ്. അർധ പ്രതിമകളോ (റിലീഫ്) പൂർണ പ്രതിമകളോ (ത്രീ ഡയമൻഷൻ) വീടുകളിൽ പ്രാർഥനാസ്വരൂപങ്ങളായി വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഫ്ലാറ്റുകളിൽ അലങ്കാരത്തിനായി ചിത്രങ്ങൾ വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവ ആഹ്ലാദം നൽകുന്നവിധം ആയിരിക്കണം. ശൃംഗാരം, കരുണം, ലാസ്യം, ബീഭത്സം, ദുഃഖം, മനോവ്യഥ, ഉത്തേജനം എന്നിവയുണ്ടാക്കുന്ന വിധത്തിൽ ചിത്രങ്ങൾ വയ്ക്കാൻ പാടില്ല.

ഫ്ലാറ്റുകൾക്ക് സ്ഥാനം കാണുമ്പോൾ കൃത്യമായ കാന്തികശക്തിക്കനുസരിച്ചുള്ള ഓറിയന്റേഷൻ (ദിശാഭിവിന്യാസം) സ്വീകരിക്കേണ്ടതാണ്. ഫ്ലാറ്റുകളിലേക്കുള്ള പ്രധാനകവാടങ്ങൾ (വാതിലുകൾ) വടക്കുനിന്ന് പ്രവേശിക്കുന്ന വിധമോ കിഴക്കുനിന്ന് പ്രവേശിക്കുന്ന വിധമോ ആണ് ക്രമീകരിക്കേണ്ടത്.

ഫ്ലാറ്റിലേക്ക് സ്വതന്ത്രമായ വായുപ്രവാഹം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം നടത്തേണ്ടത്. ഇതിനായുള്ള വാതായന മാർഗങ്ങൾ ബാത്റൂമുകൾ താഴ്ത്തി സ്ലാബുകൾ വാർത്ത് പ്രധാന വാർപ്പിനു താഴെ ക്രമീകരിക്കേണ്ടതാണ്. ഇത്തരം വാതായനമാർഗങ്ങളിൽ വയ്ക്കുന്ന വാതായനങ്ങൾക്ക് വാതിലുകൾ വയ്ക്കാൻ പാടില്ലാത്തതും പ്രാവ് തുടങ്ങിയ പക്ഷികൾ അകത്ത് കയറാതിരിക്കാൻ ചെമ്പിൻ വലകൾ വച്ച് ക്രമീകരിക്കേണ്ടതുമാണ്.

സ്ഥലം കൂടുതൽ ലഭിക്കുന്ന ഫ്ലാറ്റുകളിൽ കാറ്റിന്റെ ലഭ്യതയ്ക്കായി ഇടനാഴികൾ നേരെ പുറത്തേക്ക് വച്ച് അടയ്ക്കാത്ത ജനലുകളാൽ സുരക്ഷിതമാക്കേണ്ടതുമാണ്. ഈ ഇടനാഴികൾ ഫ്ലാറ്റുകളുടെ ഓറിയന്റേഷൻ അനുസരിച്ചുവേണം വിന്യസിക്കാൻ.

വർണങ്ങൾ നൽകുമ്പോൾ

സൂര്യപ്രകാശത്തെ കൂടുതൽ ആഗിരണം ചെയ്യാൻ സാധ്യതയുള്ള നിറങ്ങൾ ഫ്ലാറ്റുകളുടെ പുറംചുവരിൽ ഉപേക്ഷിക്കേണ്ടതാണ്. ഫ്ലാറ്റുകൾക്ക് (എല്ലാത്തരം നിർമിതികൾക്കും) ബാഹ്യാകാരം നൽകുമ്പോൾ അത് പൂർണസ്വരൂപമായിട്ടുവേണം രൂപകൽപന ചെയ്യേണ്ടത്. ഒരു ചതുരവും ആ ചതുരത്തിന്റെ കുറച്ചുഭാഗവും ചേർത്തുവച്ച് ലഭിക്കുന്ന ദീർഘചതുരാകാരമാണ് ഏറ്റവും നല്ലതും സ്വീകാര്യവുമായ ബാഹ്യാകാരം. ഈ ദീർഘചതുരാകാരത്തിന് വശങ്ങളിലോ മൂലകളിലോ വരുന്ന കുറവും കൂടുതലും ആ നിർമിതിയുടെ സുഖവാസത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ വിധത്തിലുള്ള ആകാരം കെട്ടിടത്തിനെന്ന പോലെ പറമ്പിനും ബാധകമാണ്. അവികലപുരുഷ മണ്ഡലത്തിൽ താമസിക്കുന്നവർക്കു മാത്രമേ പൂർണവാസസുഖം വാസ്തുശാസ്ത്രത്തിൽ ലഭിക്കുന്നുള്ളൂ. നിർമിതികൾക്ക് വശങ്ങളിൽ കൂടുതലോ കുറവോ വരികയോ ചെയ്താൽ വളരെയധികം ദോഷങ്ങളാണ് വാസ്തുശാസ്ത്രത്തിലുള്ളത്. ഇതുപോലെ തന്നെ നിർമിതിയുടെ കോണുകൾ മുറിച്ചുകളഞ്ഞ് ആകൃതി വരുത്തുകയോ മൂലകൾ ഉരുട്ടി ആകൃതി വരുത്തുകയോ ചെയ്യുന്നത് ഗൃഹവാസത്തെ പ്രതികൂലമായി ബാധിക്കുന്നു. കാരണം, ഏതൊരു ആകാരവും പ്രാണിക –ജൈവിക ഊർജത്തെ സ്വീകരിക്കത്തക്കവിധമാണ് ചെയ്യേണ്ടത്.

flat_vasthu3

ഫ്ലാറ്റുകൾക്ക് കടമെടുക്കേണ്ടത് വാസ്തുശാസ്ത്രത്തിലെ നാലുകെട്ടുകളുടെ അടിസ്ഥാന തത്വങ്ങളാണ്. ബ്രഹ്മസ്ഥാനം എന്ന നടുമുറ്റത്തെ ഫ്ലാറ്റുകളുടെ മുഴുവൻ ഘടനയേയും ബന്ധപ്പെടുത്തി ക്രമീകരിക്കുമ്പോൾ പ്രാണന്റെ പ്രവാഹത്തിന് യാതൊരു തടസ്സവും ഉണ്ടാകുകയില്ല. ഇത് ജീവിക്കുന്ന ഭവനപുരുഷനായി നിർമിതിയെ മാറ്റുന്നു.

നാലുകെട്ട് സമ്പ്രദായത്തിൽ ഫ്ലാറ്റുകൾ തീർക്കുമ്പോൾ നാലുവശത്തേക്കും തുറന്നെത്തുന്ന നാല് ഇടനാഴികൾ ഫ്ലാറ്റുകളെ സുഖവാസ സ്ഥാനങ്ങളാക്കുന്നു. സ്വസ്തിക് ആകാരത്തിൽ വരുന്ന ഇടനാഴികൾ ഓരോ ശാലകളെ വേർതിരിക്കുന്നതുപോലെ ഫ്ലാറ്റിലെ ഓരോ ദിക് ഗൃഹങ്ങളെ വേർതിരിക്കുന്നു. ബാഹ്യമായ യാതൊരു പ്രേരണയും കൂടാതെ ഇടനാഴികൾ വഴി പുറമേനിന്ന് ഉള്ളിലേക്ക് പ്രാണൻ ബ്രഹ്മസ്ഥാനത്തു പ്രവേശിച്ച് എല്ലാവിധ പ്രതികൂല ഊർജഘടകങ്ങളെയും ആവാസവ്യവസ്ഥിതിയിൽനിന്ന് തുടച്ചുനീക്കി ആ ഇടം ഏറ്റവും നല്ല സുഖവാസ സ്ഥാനങ്ങളാക്കുന്നു. ഈ വസ്തു സമന്വയമാണ് പുതിയആവാസ നിർമിതിക്ക് ഏറ്റവും നല്ലത്

തയാറാക്കിയത് : പ്രഫ. പി. വി. ഔസേഫ്, വാസ്തുവിദഗ്ധൻ

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വാസ്തുവിദ്യാവിഭാഗം വകുപ്പ് അധ്യക്ഷനും പാരമ്പര്യ ശാസ്ത്ര–സാങ്കേതിക ഫാക്കൽറ്റിയിൽ ഡീനും ആയിരുന്നു. വാസ്തുസംബന്ധമായ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.