Tuesday 15 June 2021 04:52 PM IST

അപ്പർ കുട്ടനാട്ടിലെ വീടിന് ആധുനിക മുഖം; മൂന്നു മുറിയിൽ നിന്ന് മുറ്റ് ലുക്കിലേക്ക്

Sona Thampi

Senior Editorial Coordinator

renovation new 1

അപ്പർ കുട്ടനാട്ടിൽ മിത്രക്കരിയിലുള്ള രഞ്ജിത് രവീന്ദ്രന്റേത് 400 ചതുരശ്രയടിയിൽ മൂന്നു മുറികളുള്ള വീടായിരുന്നു. ഒരു നീളൻ ഹാളിനെ മൂന്നായി മുറിച്ച പോലൊരു വീട്. ഇഷ്ടിക കൊണ്ട് പണിത വീടിന് തേയ്ക്കാത്ത മുഖം. നടുക്കൊരു വാതിൽ. ഇതാണ് വീടിന്റെ പഴയ രൂപം.

renovation new 6

കഴിഞ്ഞൂ, ആ പഴയ കാലം. നടുഭാഗത്തെ ഹാളിനെ മുന്നിലോട്ടും പിറകിലോട്ടും ഇത്തിരി നീട്ടിയെടുത്തു ഡിസൈനർ കൂടിയായ രഞ്ജിത്. മുന്നിലേക്ക് സ്വീകരണ മുറിയും സിറ്റ്ഒൗട്ടും. പിറകിൽ രണ്ട് കിടപ്പുമുറിയും രണ്ട് ടോയ്‌ലറ്റും പിന്നെ, പുതിയ വീടുകളുടെ മുഖമുദ്രയായ ചെറിയൊരു നടുമുറ്റവും.അങ്ങനെ വീട് 1250 ചതുരശ്രയടിയിലേക്ക് വളർന്നു. ഇപ്പോൾ കണ്ടാൽ മുന്നിൽ ബോക്സ് ശൈലിയിൽ പരിഷ്കൃത ഭാവം. എന്തൊക്കെയാണ് രഞ്ജിത് ചെയ്തതെന്നു നോക്കാം.

renovation new 2

പഴയ ഇഷ്ടിക ഭിത്തിയെ അനക്കാതെ എട്ട് ഇഞ്ചിന്റെ AAC കട്ടകൾ കൊണ്ട് പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർത്തു. പഴയ കെട്ടിടത്തിൽ കൂടുതൽ ഭാരം കൊടുക്കാതിരിക്കാനാണിത്. മാത്രമല്ല, ചൂടിനും കുറവുണ്ടാവും. പഴയ ആസ്ബറ്റോസ് ഷീറ്റ് മാറ്റി ഫില്ലർ സ്ലാബ് വച്ച് വാർത്തു. ഇതും ചൂടു കുറയാൻ സഹായിക്കുന്നു. പ്രകൃതിദത്ത കല്ല് ആയ കോട്ട സ്റ്റോണിന്റെ പോളിഷ്ഡ്, ലെതർ കോട്ട‍‍ഡ്, റഫ് കോട്ട തുടങ്ങിയ വകഭേദങ്ങൾ പല മുറികളിലും വിരിച്ചു.

renovation new 3

ടോയ്‌ലറ്റുകളിലാണ് റഫ് കോട്ട സ്റ്റോൺ വിരിച്ചത്. ജനലുകൾക്ക് പൗഡർ കോട്ടഡ് അലുമിനിയമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ ചെലവു കുറയാൻ സഹായിച്ചു. മുൻവശത്ത് ഇഷ്ടികയുടെ ക്ലാഡിങ് കൊടുത്തത് വീടിന്റെ ഭംഗി ഇരട്ടിപ്പിച്ചു. അകത്ത് കോൺക്രീറ്റ് ഫിനിഷിന്റെ ഭംഗിയാണ് രഞ്ജിത് പ്രയോഗിച്ചത്.

renovation new 5

ഉൗണുമേശയുടെ തൊട്ടടുത്തായി ആകാശം കാണുന്നൊരു നടുമുറ്റമുണ്ട്. രണ്ട് കിടപ്പുമുറികളുടെ ഇടയിലാണ് ഇൗ നടുമുറ്റത്തിന്റെ സ്ഥാനം. മാസ്റ്റർ ബെഡ്റൂമിന്റെ ഭിത്തിയിൽ കൊടുത്ത കോൺക്രീറ്റ് ഇരിപ്പിടത്തിലിരുന്നാൽ നടുമുറ്റത്തെ വെളിച്ചവും കാറ്റും ആസ്വദിക്കുകയുമാവാം. ആധുനിക വീടുകളുടെ ചെറിയ പതിപ്പ് എന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു ഇൗ വീടിനെ. 25 ലക്ഷം രൂപ ചെലവിലാണ് മൂന്നു കിടപ്പുമുറികളുള്ള 1250 ചതുരശ്രയടി വിസ്തീർണത്തിലേക്ക് പഴയ വീടിനെ മാറ്റിയെടുത്തത്.

renovation new 4
Tags:
  • Vanitha Veedu