Wednesday 06 July 2022 04:11 PM IST : By സ്വന്തം ലേഖകൻ

ഒറ്റനില; സ്റ്റെയർകെയ്സില്ല; എന്നിട്ടും കാര്യമായ പൊളിക്കലുകളില്ലാതെ വീട് രണ്ടുനിലയായി

kodancherry home 6

രണ്ടു കിടപ്പുമുറികളുള്ള സാദാ ഒറ്റനില വീട്. 24 വർഷം പഴക്കം. മകളുടെ കല്യാണമായപ്പോഴാണ് വീടു പുതുക്കാൻ ഉത്തമൻ കാടഞ്ചേരിയും കുടുംബവും തീരുമാനിച്ചത്. കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തണം എന്നതുതന്നെ പ്രധാന കാരണം. മുകളിൽ ഒരു നില കൂടി പണിയാനായിരുന്നു തീരുമാനം.

kodancherry home 1 പഴയ വീടിന്റെ ചിത്രം

വീടിനുള്ളിൽ സ്റ്റെയർകെയ്സ് നൽകിയിട്ടില്ല എന്നതായിരുന്നു പ്രധാന വെല്ലുവിളി. പഴയ വീടായതിനാൽ ഭിത്തി പൊളിക്കുന്നതുപോലെയുള്ള കാര്യങ്ങൾക്കും പരിമിതിയുണ്ട്.

kodancherry home 2 വീടു പുതുക്കിപ്പണിയുന്ന ഘട്ടത്തിൽ

അപ്പോഴാണ് വീട് പുതുക്കുന്നതിന്റെ ഉത്തരവാദിത്വം മകൾ വന്ദന ഏറ്റെടുക്കുന്നത്. തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടിയ വന്ദന ആർക്കിടെക്ചറൽ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു. വീടിനു മുന്നിൽ ‘ L ’ ആകൃതിയിലുള്ള സിറ്റ്ഔട്ടിന്റെ ഒരു ഭാഗത്ത് സ്റ്റെയർ റൂം നൽകാം എന്നതായിരുന്നു വന്ദനയുടെ നിർണായക തീരുമാനം. അതാകുമ്പോൾ ഭിത്തി പൊളിക്കേണ്ടി വരില്ല. ഈ ഭാഗത്ത് പുതിയ പുറംഭിത്തികെട്ടി ഇവിടം വീടിന്റെ ഭാഗമാക്കുകയും ചെയ്യാം. എല്ലാവർക്കും ഇതു സ്വീകാര്യമായി. ഉടൻ തന്നെ പണിയും തുടങ്ങി.

kodancherry home 3 വീടു പുതുക്കിപ്പണിയുന്ന ഘട്ടത്തിൽ

സ്റ്റെയർകെയ്സ് നൽകാനായി കുറച്ചിടത്തു മാത്രമേ കോൺക്രീറ്റ് സ്ലാബ് മുറിക്കേണ്ടി വന്നുള്ളൂ. പഴയ ഡൈനിങ് റൂമിനും വർക് ഏരിയയ്ക്കും ഇടയിലുള്ള ഭിത്തി തട്ടിക്കളഞ്ഞ് ഇവിടം ഒറ്റമുറിയാക്കിയതാണ് ഉള്ളിൽ വരുത്തിയ ഏക മാറ്റം.

kodancherry home 4 വീടു പുതുക്കിപ്പണിയുന്ന ഘട്ടത്തിൽ

രണ്ട് കിടപ്പുമുറി, വലിയ ഹാൾ, ബാൽക്കണി എന്നിവയാണ് പുതിയതായി നിർമിച്ചത്. മുകളിൽ ഒരു നില വന്നതോടെ വീടിന്റെ ലുക്ക് അപ്പാടെ മാറി. അതും കാര്യമായ മുതൽമുടക്കൊന്നും ഇല്ലാതെ തന്നെ.

kodancherry home 5 പണി പൂർത്തിയായപ്പോൾ

2021 മാർച്ചിലാണ് പണി തുടങ്ങിയത്. കോവിഡിന്റെ പ്രതിസന്ധികളുണ്ടായിട്ടും ഡിസ‍ംബറിനുള്ളിൽത്തന്നെ പൂർത്തിയാക്കാനായി. 2022 ജനുവരിയിലായിരുന്നു പാലുകാച്ചൽ. കാര്യമായ പൊളിച്ചുപണിയലുകളില്ലാതെയും പോക്കറ്റ് ചോരാതെയും മനസ്സിനിഷ്ടപ്പെട്ട സൗകര്യങ്ങളെല്ലാം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

kodancherry home 7 ഉത്തമൻ കാടഞ്ചേരിയും കുടുംബവും

സ്ഥലം- കാടഞ്ചേരി, മലപ്പുറം. വിസ്തീർണം - 2450 ചതുരശ്രയടി. ഡിസൈൻ - വന്ദന പുരുഷോത്തമൻ vandanapurushothaman333@gmail.com

Tags:
  • Architecture