Friday 08 November 2024 02:17 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞു കമ്മലിനു വരെ വീട്ടില്‍ പ്രത്യേക സ്ഥാനം: അലങ്കോലമായി കിടക്കാത്ത കുഞ്ഞുവീട്: മൃദുലയുടെ വീടിനെ കണ്ടു പഠിക്കണം

Mridula

ഏറ്റവും ഇഷ്ടം കുഞ്ഞു വീടുകളാണ്; അടുക്കും ചിട്ടയും കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ചില വീടുകളില്ലേ? അത്തരം കുഞ്ഞു വീടുകൾ! എപ്പോൾ കയറിച്ചെന്നാലും ആ വീട് അങ്ങനെതന്നെ ആയിരിക്കും. സ്ഥാനം തെറ്റി ഒരു മൊട്ടുസൂചി പോലും ഉണ്ടാകില്ല. താളഭംഗമില്ലാത്ത മധുരഗാനം പോലെ അവ എന്നെ കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

സാധനങ്ങൾ സൂക്ഷിക്കാൻ കൃത്യമായ ഇടങ്ങളില്ലാത്തതാണ് വീട് അലങ്കോലമാകാനുള്ള പ്രധാന കാരണം. ഒാരോന്ന് വാങ്ങുമ്പോഴും ഇത് എവിടെ സൂക്ഷിക്കും എന്ന് നമ്മൾ ചിന്തിക്കാറില്ല. ‘എവിടെയെങ്കിലും വയ്ക്കാം’. ഇതാണ് നമ്മുടെ രീതി. രണ്ട് തവണ ഫ്ലാറ്റ് വാങ്ങിയപ്പോഴും ‘സ്റ്റോറേജ് സ്പേസ്’ ആയിരുന്നു എന്റെ പ്രധാന ചിന്താവിഷയം. ആദ്യം വാങ്ങിയത് ആലുവയിൽ ഇന്റീരിയർ ഏറെക്കുറെ പൂർത്തിയായ നിലയിലുള്ള ഫ്ലാറ്റാണ്. അങ്ങനെയാകുമ്പോൾ വിട്ടുവീഴ്ചകൾ വേണ്ടിവരും. എന്നിട്ടും ഞാനതിൽ പല മാറ്റങ്ങളും വരുത്തി. പുതിയ ഫ്ലാറ്റ് തൃശൂർ പാട്ടുരായ്ക്കലിലാണ്. അതിന്റെ നിർമാണം നടക്കുന്നതേയുള്ളൂ. നമ്മുടെ ഇഷ്ടങ്ങളനുസരിച്ചു തന്നെ ഓരോന്നും ചെയ്യാം എന്നതാണ് ഏറ്റവും വലിയ സന്തോഷം.

വാട്സാപ് നിറഞ്ഞ് ആശയങ്ങൾ

ഞാനും ഭർത്താവ് ഡോ. അരുൺ വാര്യരും മാത്രം ഉൾപ്പെടുന്നൊരു വാട്സാപ് ഗ്രൂപ്പ്! പുതിയ ഫ്ലാറ്റ് വാങ്ങാൻ തീരുമാനമായപ്പോൾ ആദ്യം ചെയ്തത് അതാണ്. ‘ഇന്റീരിയർ ഐഡിയാസ്’ എന്നാണു പേര്. വീടുമായി ബന്ധപ്പെട്ട് ഇഷ്ടപ്പെടുന്നതെല്ലാം ഉടനേ അതിലേക്ക് അയക്കും. ചിത്രങ്ങളുടെയും ലിങ്കുകളുടെയും എണ്ണം നൂറു കടന്നു.

അരുണിന് ഫ്യൂഷൻ സ്റ്റൈലിനോടാണ് താൽപര്യം. അതിഷ്ടമാണെങ്കിലും ഇപ്പോൾ മിനിമലിസ്റ്റിക് ഇന്റീരിയർ മതി എ ന്നാണെനിക്ക്. മകൾ മൈത്രേയി മൂന്നാം ക്ലാസിലായതേയുള്ളൂ. കുറച്ചുകൂടി വളർന്ന ശേഷം അലങ്കാരങ്ങൾ കൂട്ടുന്നതിനോടാണ് എനിക്കു താൽപര്യം.

മെയ്ന്റനൻസ് എളുപ്പമാണ് എന്നതാണ് മിനിമലിസത്തോടുള്ള ഇപ്പോഴത്തെ ഇഷ്ടത്തിനു കാരണം. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങൾ രണ്ടാളും ഒരുമിച്ചിരിക്കും. വാട്സാപ് ഗ്രൂപ്പിലെ ഒാരോന്നും നോക്കി ചിലതൊക്കെ ഒഴിവാക്കും.

കമ്മലിനു വരെ സ്ഥാനം കണ്ടിട്ടുണ്ട്

പുതിയ ഫ്ലാറ്റിൽ സ്റ്റോറേജിനു തന്നെയാണ് മുൻഗണന. അരുണിന് നല്ലൊരു പുസ്തകശേഖരമുണ്ട്. അതിനും, എനിക്കു ലഭിച്ച ട്രോഫികൾക്കും സമ്മാനങ്ങൾക്കും ലിവിങ് സ്പേസിൽ നല്ലൊരിടം നിശ്ചയിച്ചിട്ടുണ്ട്. വസ്ത്രങ്ങളും മേക്ക്അപ് സാധനങ്ങളും സൂക്ഷിക്കാൻ സ്ഥലം തികയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പരാതി. കുഞ്ഞുകമ്മൽ വരെ എവിടെ സൂക്ഷിക്കണം എന്ന കൃത്യമായ പദ്ധതിയോടെയാണ് പുതിയ നീക്കം.

വീട്ടിൽത്തന്നെ ചെറിയൊരു റെക്കോർഡിങ് സ്റ്റുഡിയോ ആണ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഭവം. സംഗീതോപകരണങ്ങളും മൈക്കും ഒക്കെയായി എന്റേതായ ഒരിടം. പ്രാക്ടീസ് ചെയ്യാനും ചെറിയ രീതിയിൽ റെക്കോർഡിങ് ചെയ്യാനുമൊക്കെ ഇവിടം ഉപകരിക്കും.

ഇഷ്ടം ഇളംനിറങ്ങളോട്

പണ്ടുമുതലേ ഇളംനിറങ്ങളോടാണ് താൽപര്യം. ചെടികളും ഏറെ ഇഷ്ടമാണ്. ഇതു രണ്ടും ചേരുമ്പോൾ മനസ്സിനൊരു കുളിർമ തോന്നും. കടുംനിറങ്ങളും വലിയ അലങ്കാരങ്ങളും അത്ര താൽപര്യമില്ല. ജോലിയുടെ തിരക്കും സമ്മർദ്ദവുമൊക്കെയുള്ളപ്പോൾ നമ്മുടെ ചുറ്റുപാട് ലളിതമായിരിക്കണം. അല്ലെങ്കിൽ മനസ്സിന് ഭാരം കൂടുന്നതായി തോന്നും. സത്യത്തിൽ ഫ്ലാറ്റിനെക്കാൾ വീടിനോടാണ് ഇഷ്ടം. ഇപ്പോഴത്തെ സാഹചര്യത്തിൽ വീട് അനുയോജ്യമാകില്ല എന്ന തിരിച്ചറിവിലാണ് ഫ്ലാറ്റ് തിരഞ്ഞെടുത്തത്. നമ്മൾ എത്താൻ വൈകിയാൽ മൈത്രേയിയെ ഒന്നു നോക്കിക്കോണേ എന്നു പറയാൻ അടുത്ത് ആളുണ്ടാകും. വീടാകുമ്പോൾ ആ സൗകര്യം കിട്ടണം എന്നില്ല. എങ്കിലും ശാന്തമായ സ്ഥലത്ത്, ക്ഷേത്രത്തിൽ നിന്ന് അധികം ദൂരെയല്ലാതെ നാടൻ ശൈലിയിലൊരു വീട് മനസ്സിന്റെ കോണിലൊളിച്ചിരിപ്പുണ്ട്.

ചിത്രങ്ങൾ: ഹരികൃഷ്ണൻ