Friday 22 May 2020 04:17 PM IST : By സ്വന്തം ലേഖകൻ

ഭാവനയും മിടുക്കുമുണ്ടെങ്കിൽ കൈ കൊണ്ടും ഡിസൈൻ ഒരുക്കാം; ചുവരുകൾക്ക് ഭംഗിയേകും ടെക്സ്ചർ പെയിന്റിങ്ങിനെ അറിയാം..

texture-paint

ചുവരുകൾക്ക് വ്യത്യസ്തമായ ഭംഗി നൽകി വീടിന് വേറിട്ട ലുക്ക് നൽകണമെങ്കിൽ ടെക്സ്ചർ പെയിന്റിങ് ചെയ്താൽ മതി.

ഇഷ്ടനിറം നൽകാം

ഏതെങ്കിലും ഉപകരണമോ ചരൽ, മണൽ തുടങ്ങിയ വസ്തുക്കളോ െകാണ്ട് ഭിത്തിയെ പരുപരുത്തതാക്കുകയോ മിനുസപ്പെടുത്തുകയോ ചെയ്ത ശേഷം കോംബ്, സ്പാചുല, ൈനഫ്, റോളർ ഇങ്ങനെ പല ഉപകരണങ്ങളിലൂടെ ടെക്സ്ചർ പെയിന്റിങ് െചയ്യാം. ഭാവനയും മിടുക്കുമുണ്ടെങ്കിൽ കൈ കൊണ്ടും ടെക്സ്ചർ ഡിസൈൻ ഒരുക്കാം. വീടിന്റെ പുറംഭിത്തികളോ അകത്തെ ഭിത്തിയോ ഹൈലൈറ്റ് ചെയ്യാൻ ടെക്സ്ചർ പെയിന്റിങ് ഉപയോഗിക്കാം. പുറംഭിത്തികളിൽ പൂപ്പലും പായലും തടയുമെന്നതിനാൽ പലരും ടെക്സ്ചർ പെയിന്റിങ് ഉപയോഗിക്കാറുണ്ട്.  

പ്രതലം നിരപ്പാക്കി പുട്ടിയിട്ടതിനു ശേഷമാണ് ടെക്സ്ചർ ഒരുക്കാൻ ആവശ്യമായ മീഡിയം ചേർക്കുന്നത്. പുട്ടിയുടെ ഒ പ്പം മണലോ ചരലോ ചേർത്ത്  കംപ്രസ്സർ ഉപയോഗിച്ച് ഭിത്തിയിൽ പതിപ്പിച്ച ശേഷം അതിന് മുകളിൽ ഇഷ്ടമുള്ള പെയിന്റ് അടിക്കാം. ആവശ്യാനുസരണം കഴുകാമെന്നതാണ് മേന്മ.  ഒരിക്കൽ ടെക്സ്ചർ പെയിന്റിങ് ചെയ്താൽ പിന്നീട് മാറ്റണമെങ്കിൽ പുട്ടിയിടേണ്ടി വരുമെന്നതാണ് പോരായ്മ.

അകത്തെ മുറികളിൽ തേച്ചു മിനുസപ്പെടുത്തിയ പ്രതലത്തിലാണ് ടെക്സ്ചർ പെയിന്റിങ് ചെയ്യുക. ഒരു നിറത്തിന് മുകളിൽ വ്യത്യസ്തമായ നിറം  നൽകുമ്പോഴാണ് മനോഹാരിതയേറുന്നത്. ഗ്ലോസി, മാറ്റ്, റസ്റ്റിക് ഫിനിഷുകളിൽ െടക്സ്ചർ പെയിന്റിങ് ചെയ്യാം. ത്രീ ഡി ഇഫക്ട് ഉണ്ടാക്കുന്ന ടെക്സ്ചറും വിപണിയിലുണ്ട്.

 പുട്ടിയിട്ട് മിനുസപ്പെടുത്തിയ ഭിത്തിയുടെ മുകളിൽ രണ്ട് മുതൽ അഞ്ച് കോട്ട് വരെ പെയിന്റ് ഉപയോഗിച്ച് ടെക്സ്ചർ ഒരുക്കാറുണ്ട്. പുട്ടിയുടെ മുകളിൽ ആദ്യം അടിക്കുന്ന ലെയർ ആണ് ബേസ് കോട്ട്. അതിന് മുകളിൽ വ്യത്യസ്തമായ കോട്ട് അടിക്കും. ഇതാണ് ടോപ് കോട്ട്. േബസ് കോട്ട് ഉണങ്ങുന്നതിന് മുൻപ് ടോപ് കോട്ട് അടിക്കണം. എല്ലാ ലെയറും അടിച്ച ശേഷം ഉണങ്ങുന്നതിനു മുൻപ് നൈഫ്, സ്പാചുല തുടങ്ങിയ ഏതെങ്കിലും  യോജിച്ച ഉപകരണം ഉപയോഗിച്ച് ഡിസൈൻ രൂപീകരിക്കുന്നു.

ചുവരിനു വേറിട്ട ഭംഗിയേകാം

ഗോവണിയുടെ ലാൻഡിങ്, ഫോയർ, വാഷ് കൗണ്ടർ, ലിവിങ് റൂം തുടങ്ങിയ ഇടങ്ങളിലെ ഏതെങ്കിലും ഒരു ഭിത്തിയോ  സീലിങ്ങിലെ ഒരു ഭാഗമോ ഹൈലൈറ്റ് ചെയ്യാൻ ടെക്സ്ചർ പെയിന്റിങ് ഉപയോഗിക്കാറുണ്ട്. ഭിത്തിയുടെ ചെറിയൊരു ഭാഗം മാത്രമായും ടെക്സ്ചർ പെയിന്റിങ് െചയ്ത് ഭംഗിയാക്കാം. ഭിത്തിയെ രണ്ട് ഭാഗമായി തിരിച്ച് ഒരിടത്തെ ബേസ് കോട്ട് മറുഭാഗത്ത് ടോപ് കോട്ടായി അടിച്ചും തിരിച്ചും ഡിസൈൻ രൂപീകരിക്കാം.  ടെക്സ്ചർ പെയിന്റിങ്ങിന്റെ പല കോംബിനേഷനുകൾ വിപണിയിൽ ലഭിക്കും. മുറിയുടെ നിറത്തോടും മറ്റ് ഘടകങ്ങളോടും ചേരുന്ന നിറക്കൂട്ട് ഭിത്തിക്ക് നൽകാം.

 നനവ് നേരിട്ട് തട്ടുന്ന ഭിത്തികളിൽ െടക്സ്ചർ പെയിന്റിങ് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ട് വെള്ളം തട്ടിയാൽ പൊളിഞ്ഞിളകാൻ സാധ്യതയുണ്ട്. പരുക്കൻ പ്രതലമായതിനാൽ പെട്ടെന്ന് പൊടി പിടിക്കാൻ സാധ്യതയുണ്ട്. നനഞ്ഞ തുണി െകാണ്ട് തുടയ്ക്കുകയാണ് പരിഹാരം. സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഭിത്തികളുടെ നിറം മങ്ങാനിടയുണ്ട്. ടെക്സ്ചർ പെയിന്റിങ് ചെയ്ത് ഭിത്തി വീണ്ടും പെയിന്റ് ചെയ്യുമ്പോൾ സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് നിരപ്പാക്കി അതിന് മുകളിൽ പുട്ടിയിട്ട ശേഷം വേണം വീണ്ടും പെയിന്റ് ചെയ്യാൻ. സാധാരണ പെയിന്റോ ടെക്സ്ചറോ വീണ്ടും ചെയ്യാം.  

Tags:
  • Vanitha Veedu