Thursday 25 January 2018 04:29 PM IST : By സ്വന്തം ലേഖകൻ

സ്വന്തം സർഗാത്മകത പ്രയോജനപ്പെടുത്തിയാണ് ചിത്രകാരനായ മനാഫ്് വീടുപണിതത്; ആ കഥ കേൾക്കാം

manaaf2

ഒരു കലാകാരനെന്ന നിലയിൽ എന്റെ ക്രിയാത്മകത ഉപയോഗപ്പെടുത്താനുള്ള അവസരമായാണ് വീടുപണിയെ സമീപിച്ചത്. പെയിന്റിങ്, ഫൊട്ടോഗ്രഫി, ഫ്രാക്റ്റൽ ആർട് എന്നിവയിൽ ഇന്ത്യയിലും വിദേശത്തും ആർട് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട് ഞാൻ. എന്റെ പേര് മനാഫ്. ഞാനും ഭാര്യയും ദുബായില്‍ ജോലി ചെയ്യുന്നു. നാട്ടിൽ ചെറായിക്കടുത്ത് എടവനക്കാട് വീട് വയ്ക്കാൻ തീരുമാനിച്ചപ്പോൾ ഭാര്യാസഹോദരനും ഡിസൈനറുമായ റഷീദിനെ വീടുപണി ഏൽപിച്ചു. അതുകൊണ്ട് ടെൻഷൻ ഇല്ലാതെ വീടുപണി നടന്നു.

manaaf4
ലിവിങ് റൂം

ആദ്യം വീടിന്റെ എക്സ്റ്റീരിയർ എങ്ങനെയാകണം എന്നാണ് തീരുമാനിച്ചത്. ധാരാളം ജനാലകൾ ഉൾപ്പെടുത്തിയ വിക്ടോറിയൻ ശൈലി മതിയെന്ന് ആദ്യമേ തീരുമാനിച്ചു. അതിനുശേഷമാണ് പ്ലാൻ അന്തിമമാക്കിയത്. വ്യത്യസ്തവും സൗകര്യങ്ങളുള്ളതുമായ വീട്– അതായിരുന്നു മനസ്സിൽ.

manaaf6
കുട്ടികളുടെ കിടപ്പുമുറിയിൽ കാർട്ടൂൺ വോൾപേപ്പർ.

ഉൾക്കാഴ്ചകൾ

4000 ചതുരശ്രയടിയുള്ള വീടിന്റെ മുകൾ നിലയുടെ ഒരുഭാഗം വാടകയ്ക്ക് കൊടുക്കാനുള്ള ഉദ്ദേശ്യത്തിലാണ് പണിതത്. അവിടേക്ക് പുറത്തുനിന്ന് നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യവുമുണ്ട്. ലിവിങ് റൂമിൽനിന്ന് നോക്കിയാൽ പിറകുവശത്തെ മതിൽ വരെ കാണാൻ കഴിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതനുസരിച്ചാണ് പ്ലാൻ തയാറാക്കിയത്. തറവാട്ടുപേര് ‘പടിപ്പുരക്കകത്ത്’ എന്നായതിനാൽ പ്രധാന ഗെയ്റ്റിനു വശത്തായി പടിപ്പുര പണിതു.

manaaf1
ഫാമിലി ലിവിങ്

സിറ്റ്ഔട്ടിൽനിന്ന് നേരെ കയറുന്ന ഫോയർ ഒരു ബ്യൂട്ടി സ്പോട്ടാണ്. ഡബിൾ ഹൈറ്റിലുള്ള ഈ ഏരിയയുടെ സീലിങ്ങിൽ പെയിന്റഡ് ഗ്ലാസും ഷാൻഡ്‌ലിയറും ഘടിപ്പിച്ചിരിക്കുന്നു. ഫോയറിൽ നേരെ കാണുന്ന ചുവരിൽ ഖുർആനിലെ വാക്യം അറബിക് കാലിഗ്രഫി രൂപത്തിൽ തയാറാക്കി വച്ചു.

ഇന്റീരിയർ വർക് അധികവും തടികൊണ്ടാണ് ചെയ്തിരിക്കുന്നത്. തേക്ക്, ചെറുതേക്ക്, മഹാഗണി എന്നിവയാണ് ഉപയോഗിച്ചത്. പ്രധാന വാതിലുകളിൽ കൊത്തുപണി ചെയ്തിട്ടുണ്ട്. ജനാലകൾക്കും അടുക്കളയിലെ കബോർഡുകൾക്കും മഹാഗണി സ്റ്റെയിൻ ചെയ്ത് ഉപയോഗിച്ചു. ഫോൾസ് സീലിങ്ങിന് ജിപ്സവും സീലിങ്ങിലെ അലങ്കാര പണികൾക്ക് ഇ–ബോർഡും ഉപയോഗിച്ചു. കിടപ്പുമുറികളിലെ വാഡ്രോബുകൾ മറൈൻ പ്ലൈകൊണ്ടാണ്.

പരുക്കൻ ഫിനിഷുള്ള ടൈലാണ് ഫ്ലോറിങ്ങിന് തിര‍‍ഞ്ഞെടുത്തത്. ആറുമാസവും മഴപെയ്യുന്ന നമ്മുടെ നാട്ടിൽ വീട്ടിൽ കയറി വരുന്നവരോടൊപ്പം അൽപം മഴവെള്ളവും അകത്തെത്തുക സ്വാഭാവികമാണ്. ഗ്ലോസി ഫിനിഷുള്ള ടൈലുകളിൽ തെന്നിവീഴാൻ സാധ്യതയുള്ളതിനാലാണ് പരുക്കൻ ടൈൽ മതിയെന്നു തീരുമാനിച്ചത്. സിറ്റ്ഔട്ടിലും അടുക്കളയിലെ കൗണ്ടർടോപ്പിനും വെള്ള ഗ്രാനൈറ്റാണ്. ഫാൻസി ലൈറ്റുകളധികവും വിദേശിയാണ്. അതുപോലെ ക്യൂരിയോസ് മുഴുവനും വിദേശത്തുനിന്നും കൊണ്ടുവന്നതാണ്.

വീടിനുള്ളിൽ സ്റ്റോറേജ് സ്പേസിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. വാഷ്ഏരിയയ്ക്കും ടിവി യൂണിറ്റിനും മുകളിലുള്ള സ്റ്റോറേജ് അലങ്കാരപ്പണികൾ കാരണം അത്ര പെട്ടെന്നൊന്നും ശ്രദ്ധയിൽ പെടില്ല. ബാത്റൂമുകളുടെയെല്ലാം മുകളിൽ സ്റ്റോറേജിന് ലോഫ്റ്റ് സ്പേസ് നൽകിയിട്ടുണ്ട്.

manaaf5
ഇന്റീരിയറിനു ഭംഗിയേകാൻ പലയിടങ്ങളിലും പെയിന്റഡ് ഗ്ലാസ് ഉപയോഗിച്ചു. സ്റ്റോറേജിനും പ്രാധാന്യം നൽകിയിട്ടുണ്ട്.

ഓരോ മുറിയിലെയും നാലു ചുവരുകളും സീലിങ്ങും എങ്ങനെ വേണമെന്ന് ഇന്റീരിയർ ചെയ്ത ഗ്രൂപ്പിന് വരച്ചുനൽകുകയായിരുന്നു. ലൈറ്റിങ്, ലാൻഡ്സ്കേപ്, പടിപ്പുര, വീടിന്റെ മുഴുവൻ കളർ സ്കീം, മതിൽ, ഗിറ്റാറിന്റെ ആകൃതിയിലുള്ള ഫിഷ് ടാങ്ക് എന്നിവയെല്ലാം എന്റെ സ്വന്തം ഡിസൈൻ ആണ്. വീട്ടിനുള്ളിൽ വച്ചിരിക്കുന്ന പെയിന്റിങ്, ഫോട്ടോ, ഡിജിറ്റൽ ചിത്രങ്ങൾ എന്നിവയെല്ലാം സ്വന്തം സൃഷ്ടിയാണ്.

പിറകിൽ ഒരു വർക്ഏരിയയും അടുക്കളത്തോട്ടവും ഉണ്ട്. പുരയിടത്തിൽ ഉണ്ടായിരുന്ന കിണർ കാഴ്ചയ്ക്ക് ഭംഗിയാക്കിയെടുത്തു. മുറ്റത്ത് നിറയെ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അതുമാത്രമല്ല, ഇവിടെ ഉണ്ടായിരുന്ന മരങ്ങളെല്ലാം അതേപടി നിലനിർത്തിയാണ് വീടുപണിതതെന്നതും എന്റെ സ്വകാര്യ സന്തോഷമാണ്.

manaaf3
‘എക്സ്റ്റീരിയർ എങ്ങനെയായിരിക്കണമെന്നാണ് ആദ്യം തീരുമാനിച്ചത്. അതിനു ശേഷമാണ് പ്ലാൻ പോലും തയാറാക്കിയത്. ചിത്രകാരനായതുകൊണ്ട്’ ആശയങ്ങൾ വരച്ചുനൽകാൻ പറ്റി. ’’- മനാഫും കുടുംബവും