Wednesday 23 October 2019 10:19 AM IST : By സിനു ചെറിയാൻ

എത്ര വെള്ളം പൊങ്ങിയാലും ഈ വീട്ടിൽ വെള്ളം കയറില്ല; പ്രളയത്തിൽ മുങ്ങുന്ന വീടിന് പുതിയ ടെക്നിക്

ul-4

ചങ്ങനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയിലുള്ള ഈ വീടിന് കാഴ്ചയിൽ പ്രത്യേകതകളൊന്നുമില്ല. നല്ല ഭംഗിയുള്ള ഒറ്റനില വീട്...അത്രതന്നെ.... വീടിന്റെ ഉൾവശവും സാധാരണ വീടുകളുടെ പോലെ തന്നെ. പക്ഷേ, ഈ വീടിന് ഒരു പ്രത്യേകതയുണ്ട്. വെള്ളപ്പൊക്കം വന്നാൽ വീടിനുള്ളിൽ വെള്ളം കയറില്ല.....!

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. വെള്ളം പത്തടി പൊങ്ങിയാൽ വീടും പൊങ്ങും പത്തടി...വാസ്തുശിൽപിയും ഡിസൈനറുമായ ഗോപാലകൃഷ്ണൻ ആചാരിയാണ് ഈ വീട് രൂപകൽപന ചെയ്തത്. അഞ്ചു വർഷത്തെ പ്രയത്നമുണ്ട് ഇതിനു പിന്നിൽ.എയർ ടാങ്ക് എന്നു വിശേഷിപ്പിക്കുന്ന വലിയ പ്ലാസ്റ്റിക് വീപ്പകൾക്കു മുകളിലാണ് വീടിരിക്കുന്നത്. വെള്ളം പൊങ്ങുന്നതനുസരിച്ച് വീപ്പ മുകളിലേക്ക് പൊങ്ങും. ഒപ്പം വീട് പൊങ്ങുകയും ചെയ്യും.

ul-4

1300 ചതുരശ്രയടി വിസ്തീർണമുള്ള ഈ വീട് 275 വീപ്പകൾക്കു മുകളിലാണ് നിൽക്കുന്നത്. വീടിന് ഇളക്കം തട്ടാതിരിക്കാനും ഒഴുകിപ്പോകാതിരിക്കാനുമായി നാല് മൂലകളിലും 25 അടി താഴ്ചയിൽ പില്ലർ നൽകിയ ശേഷം അതിനുള്ളിൽ പിസ്റ്റൺ നൽകിയിട്ടുണ്ട്. വീപ്പയ്ക്കു മുകളിൽ ജിഐ ഫ്രെയിം പിടിപ്പിച്ച ശേഷം ബൈസൺ പാനൽ സ്ക്രൂ ചെയ്തു ഉറപ്പിക്കുകയും അതിനു മുകളിൽ പശ തേച്ച് ടൈൽ ഒട്ടിക്കുകയും ചെയ്താണ് വീടിന്റെ തറ നിർമിച്ചിരിക്കുന്നത്. ജിഐ ഫ്രെയിമിൽ തന്നെ ബൈസൺ പാനലും മൾട്ടിവുഡും പിടിപ്പിച്ചാണ് ഭിത്തി തയാറാക്കിയത്. നാല് ഇഞ്ച് കനമേയുള്ളു ഭിത്തിക്ക്. റെഡിമെയ്ഡ് വാതിലുകളാണ് എല്ലാം. ജനലുകളുടെയെല്ലാം ഫ്രെയിമും ജിഐ കൊണ്ടുള്ളതാണ്. ജിഐ ഫ്രെയിമിൽ മൾട്ടിവുഡ് പാകിയാണ് മേൽക്കൂര നിർമിച്ചിട്ടുള്ളത്.

ul-1

മുകളിൽ ഒരു നില കൂടി പണിയാനുള്ളതു കൊണ്ടാണ് ഇപ്രകാരം ചെയ്തത്. ഒറ്റനിലയാണെങ്കിൽ ചരിഞ്ഞ മേൽക്കൂരയ്ക്കു മുകളിൽ മെറ്റൽ ഷീറ്റ് ഇടുകയാണ് അഭികാമ്യം. മൾട്ടിവുഡ് കൊണ്ടുള്ള മേൽക്കൂരയ്ക്കു താഴെ ഫോൾസ് സീലിങ് നൽകി മോടി കൂട്ടിയിട്ടുണ്ട്. ചുമരിൽ സാധാരണ പോലെ പെയിന്റ് നൽകിയിരിക്കുന്നു.കൺസീൽഡ് രീതിയിലാണ് വയറിങ്ങും പ്ലംബിങ്ങുമെല്ലാം. സെപ്ടിക് ടാങ്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലായതിനാൽ വെള്ളപ്പൊക്ക സമയത്തും ബാത്റൂം ഉപയോഗിക്കാം. വീടിന്റെ ഭിത്തിയിൽ പിടിപ്പിച്ചിരിക്കുന്ന രീതിയിലാണ് പുറത്തുള്ള പൈപ്പുകളെല്ലാം. നാല് മാസമേ വേണ്ടി വന്നുള്ളൂ ഈ വീട് പൂർത്തിയാക്കാൻ. ചതുപ്പുസ്ഥലത്താണ് വീടിരിക്കുന്നത്. ഈ സാങ്കേതികവിദ്യയെപ്പറ്റി ആൾക്കാരെ എളുപ്പത്തിൽ ബോധവാന്മാരാക്കാനായി രണ്ട് അടിയോളം മണ്ണ് മാറ്റി വെള്ളത്തിനു മുകളിലായാണ് വീട് നിർമിച്ചത്. മുറ്റത്ത് വെള്ളം കയറുന്നതിനു മുമ്പു തന്നെ വീട് പൊങ്ങിത്തുടങ്ങും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീട് കാണാൻ സന്ദർശകരുടെ തിരക്കാണിപ്പോൾ.

ul-1

വിവരങ്ങൾക്ക് കടപ്പാട്, ഗോപാലകൃഷ്ണൻ ആചാരി – 9846751102

ul-2