Monday 23 August 2021 04:20 PM IST

വേണുരാജിന്റെ പുതിയ ലുക്ക് ! രുചിലോകത്തിന് പുതു ഭംഗിയേകാൻ പുനരുപയോഗിച്ച നിർമാണ സാമഗ്രികൾ ! 

Sunitha Nair

Sr. Subeditor, Vanitha veedu

suni3

വേണുരാജ് എന്ന പേരു കേട്ടാൽ ആറ്റിങ്ങൽകാരുടെ നാവിൽ കപ്പലോടും! അതാണ് 1985 മുതലുള്ള ഈ റസ്റ്ററിന്റിന്റെ രുചിപ്പെരുമ. അതിന് പുതിയ മുഖമേകാൻ ഉടമസ്ഥൻ രാജു സമീപിച്ചത് തിരുവനന്തപുരത്തെ ആർഎൻജെ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനെയാണ്. 

പരമ്പരാഗത തനിമയ്ക്കൊപ്പം ആധുനിക ഛായയേകാൻ ശ്രദ്ധിച്ചുവെന്ന് ആർഎൻജെ ഡയറക്ടർ ജൂലി ജോസഫ് പറയുന്നു. കോവിഡ് കാലത്തെ പണിയും പ്രയാസകരമായിരുന്നു.

"ചുമരുകൾ ഒന്നും തന്നെ പ്രൊപ്പോർഷണേറ്റ് ആംഗിളുകളിൽ അല്ലായിരുന്നു. പിന്നിലേക്കിറങ്ങിയുള്ള ലേഔട്ട് ആയിരുന്നു. ഇതിന്റെ കുറവുകളെ കലാപരമായി ഹൈലൈറ്റ് ചെയ്യാനാണ് ശ്രമിച്ചത് " സിഇഒ രാജീവ് എസ്. ജയന്ത് പറയുന്നു. വൃത്തിയുള്ള പ്രതലങ്ങളും സീലിങ്ങും, കുറഞ്ഞ പരിചരണം, പ്രകൃതിയോടിണങ്ങിയ നിർമാണ സാമഗ്രികൾ എന്നിവയിലാണ് ഡിസൈൻ ടീം ശ്രദ്ധയൂന്നിയത്.

suni1

റസ്റ്ററന്റിന്റെ ഗുണനിലവാരം ഡിസൈനിലും പ്രതിഫലിക്കുവാൻ ഇവർ ശ്രദ്ധിച്ചു. എത്നിക്, റസ്റ്റിക്, ആർട് എന്നീ ഘടകങ്ങളുടെ മിശ്രണമാണ് റസ്റ്ററന്റിന്റെ പുതിയ ലുക്ക്. ബ്രൗൺ, ഓറഞ്ച്, ബെയ്ജ്, ഗോൾഡ്, ഗ്രീൻ എന്നീ വാം എർത്തി ടോണുകൾ ഉപയോഗിച്ച് എർത്തി ഫീൽ നൽകി. പിന്നിൽ കണ്ണാടി ഘടിപ്പിച്ച പൂജാ യൂണിറ്റ് കസ്റ്റം ഡിസൈൻ ചെയ്തു. റിസപ്ഷൻ മേശയ്ക്ക് വോൾക്കാനിക് സ്റ്റോൺ ഫിനിഷ് നൽകി. റിസപ്ഷൻ കൗണ്ടറിന്റെ ചുമരുകൾക്ക് ഗ്രേയും റോസ് ഗോൾഡ് മിറർ ഫിനിഷ് പാറ്റേണിലുമുള്ള പാനലുകൾ നൽകി. റീഗൽ ഫിനിഷിലുള്ള ഈ പാനലുകൾ പ്രകൃതിയോടിണങ്ങിയവയാണ്. ഫോർമാൽഡിഹൈഡ് പോലെയുള്ള രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടില്ല.

suni5

ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ ചുമരിൽ ഗുജറാത്തിലെ കച്ചിലെ പരമ്പരാഗത കലാസൃഷ്ടിയായ ലിപ്പൻ ആർട് കാണാം. മണ്ണും കണ്ണാടിയും കൊണ്ട് അവിടുത്തെ സ്ത്രീകൾ കൈകൊണ്ടു നിർമിച്ചതാണ് ഇത്. ഇവിടെ നൽകിയിട്ടുള്ള ഹാൻഡ്മെയ്ഡ് 

പിത്തള മണിയും പരമ്പരാഗത ഭംഗിയുണർത്തുന്നു.

ചുമരുകൾക്ക് ഹണികോംബ് പാറ്റേണിലുള്ള പാനലുകൾ നൽകി. പാറ്റേണിന്റെ ഭംഗി ഹൈലൈറ്റ് ചെയ്യാൻ ഇളം നിറങ്ങളാണ് ഇവിടെ ഉപയോഗിച്ചത്. കൽക്കരിയും പുനരുപയോഗിച്ച തെർമോക്കോളും കൊണ്ടു നിർമിച്ച ഈ പാനൽ ഉറപ്പുള്ളതും ഈടുള്ളതും ചിതലിനെ പ്രതിരോധിക്കുന്നതുമാണ്. പ്രകൃതിയെ സംരക്ഷിക്കാനുള്ള  എളിയ ശ്രമമെന്ന നിലയിൽ ഇത്തരം സുസ്ഥിര നിർമാണ സാമഗ്രികൾ എല്ലാ പ്രോജക്ടിലും ഉപയോഗിക്കാറുണ്ടെന്ന് ആർഎൻ ജെ ടീം പറയുന്നു. 

ആറ്റിങ്ങലിലെ പരമ്പരാഗത നാഴികക്കല്ലാണ് കോയിക്കൽ കൊട്ടാരം. റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന വഴിക്ക് പാലസ് റോഡ് എന്ന പേരു കിട്ടാൻ കാരണം ഈ കൊട്ടാരമാണ്. ഖുഷി എന്ന കലാകാരി വരച്ച കൊട്ടാരത്തിന്റെ പെയിന്റിങ് ചുമരിനെ അലങ്കരിക്കുന്നു.

suni4

എടുത്തു പറയേണ്ട മറ്റൊരു ഘടകം നാച്വറൽ ബ്ലോക്സിന്റെ ഉപയോഗമാണ്. പാർട്ടീഷന് ഉപയോഗിച്ചിട്ടുള്ള ഇവ ഭംഗിയോടൊപ്പം ക്രോസ് വെന്റിലേഷനും ഇവ ഉറപ്പാക്കുന്നു.  വെള്ള നിറത്തിലുള്ള കട്ടകൾക്ക്  ചുവപ്പിന്റെ പല ഷേഡുകൾ  റസ്റ്റിക് ലുക്കിൽ നൽകി. ഈ ബ്ലോക്കുകൾ 100 % ആസ്ബസ്റ്റോസ് ഫ്രീ ആണ്. പൂപ്പൽ പിടിക്കില്ല, തീയെ പ്രതിരോധിക്കും , എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യം എന്നീ ഗുണങ്ങളുമുണ്ട്. അകവും പുറവും ഭംഗിയാക്കാൻ ഇവ ഉപയോഗിക്കാം.

suni2

കണ്ണാടി, ലൈറ്റിങ്, മൊറോക്കൻ ടൈൽ എന്നിവ വാഷ് എരിയയ്ക്ക് മായിക ഭംഗിയേകുന്നു. പോളിഷ് ചെയ്ത കക്കകൾ പ്രത്യേക പാറ്റേണിൽ ഒട്ടിച്ച് ഇവിടെ ഒരു ചുമരിനെ ഹൈലൈറ്റ് ചെയ്തു.

മേൽക്കൂരയിലെ ഓപനിങ്ങിനെ സ്കൈലൈറ്റ് ആക്കി. ഇതു വഴി പ്രകൃതിദത്ത വെളിച്ചം അകത്തെത്തുന്നു. സുരക്ഷിതത്വവും വൃത്തിയും ഉറപ്പാക്കാൻ ഇവിടെ 3D ഗ്രിൽ പാറ്റേൺ റൂഫ് നൽകി. ഗോൾഡൻ മാറ്റ് ഫിനിഷിലുള്ള ഈ റൂഫ്  പകലും രാത്രിയിലും വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്നു. രാത്രിയിൽ സീലിങ്ങിൽ ലൈറ്റിങ്ങിന്റെ ഇന്ദ്രജാലം കാണാം.

എസി മുറിക്ക് സീ ഗ്രീൻ നിറത്തിലുള്ള ചുമരും വിരസതയകറ്റാൻ ഇടയ്ക്ക് മാറ്റ് ഗോൾഡ് ഫിനിഷും  നൽകി. ജ്യാമിതീയ പാറ്റേണിലുള്ള പാനലാണ് ഇവിടെ നൽകിയത്. സുഖകരമായ ഇരിപ്പിടങ്ങളും 3D ലൈറ്റ് ചെയ്ത സീലിങ്ങും രുചിക്കൂട്ടിന് മാറ്റേ കുന്നു. സൈറ്റ് എൻജിനീയർ ജോഷി ജെ ലാസ്റ്റിൻ, ആർക്കിടെക്ട് നിതുൽ ടെറി ഗോമസ്, 3D ഡിസൈനർ എ ബി സാമുവൽ, സൈറ്റ് കോർഡിനേറ്റർ ലീന ജോബ്‌ എന്നിവരുടെ സംഭാവനയും എടുത്തു പറയേണ്ടതാണ്.

കടപ്പാട്:

ജൂലി ജോസഫ്

ഡയറക്ടർ

ആർഎൻജെ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്

Ph: 98950 55773