Thursday 15 February 2018 04:49 PM IST : By ശ്രീദേവി

അവധി ദിവസങ്ങളിലാണ് ബെംഗളൂരുവിലുള്ള ഈ ‘വീക്കെൻഡ് ഹോമി’ന് ജീവൻ വയ്ക്കുന്നത്..

deepa-h12

ബെംഗളൂരു നഗരത്തിരക്കിന്റെ കൂടെയൊഴുകുന്നവരുടെ ഏറ്റവും വലിയ സ്വപ്നം വിശാലമായ പറമ്പും വാഹനങ്ങളുടെ ഇരമ്പലില്ലാത്ത വീടുമായിരിക്കും. അത്തരമൊരു  സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ വിശേഷങ്ങളാണ് ആർക്കിടെക്ട് ദീപ ജെ. പ്രവീണിനു പറയാനുള്ളത്. നഗരത്തിൽ ഫ്ലാറ്റിൽ താമസി ക്കുന്ന മിൽക്കർ ഗിൽസ്, ഫ്ലാസിഡ ഗിൽസ് ദമ്പതിമാർക്കുവേണ്ടി ദീപ ഡിസൈൻ ചെയ്ത ‘വീക്കെൻഡ് ഹോമി’നെക്കുറിച്ചാണ് പറയുന്നത്. നഗരത്തിനു പുറത്ത് പ്ലോട്ടുകൾ തിരിച്ചുവിൽക്കുന്ന വിശാലമായ ഭൂമിയിൽ ഏകദേശം ഒരേക്കറാണ് വീക്കെൻഡ് ഹോം നിർമിക്കാൻ ലഭിച്ച സ്ഥലം. 750 ചതുരശ്രയടിയേ ഉള്ളൂ കെട്ടിടം. ചെലവ് 11 ലക്ഷം.

deepa-h10

വളരെ ലളിതമാണ് വീടിന്റെ പ്ലാൻ. ചെറിയൊരു വരാന്തയിൽനിന്ന് ഫോയറിലേക്കും അവിടെനിന്ന് ലിവിങ് റൂമിലേക്കും പ്രവേശനം. ലിവിങ്ങിനോടു ചേർന്നുതന്നെ ചെറിയൊരു ഡൈനിങ്ങും തുറന്ന അടുക്കളയും. ഡൈനിങ്ങിലേക്കു തുറക്കുന്ന കിടപ്പുമുറിക്കു മാത്രമാണ് വാതിൽ വേണ്ടിവന്നത്. ഡൈനിങ്ങിൽനിന്നു പ്രവേശിക്കാവുന്ന വിധത്തിൽ ബാത്റൂം നിർമിച്ചു.

deepa-h11

ഗ്രീൻ ഹോം

നൂറ് ശതമാനം ഗ്രീൻ എന്ന് അവകാശപ്പെടാവുന്ന വീടാണ് ഇത്. നിർമാണ സാമഗ്രികളുടെ വൈവിധ്യവും പ്രാദേശികതയും ശ്രദ്ധേയമാണ്. ബെംഗളൂരുവിൽ സുലഭമായ ഗ്രാനൈറ്റ് പലകകളാണ് നിർമാണത്തിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.  ‘ചപ്ടി’ എന്ന് കന്നടക്കാർ വിളിക്കുന്ന ഗ്രാനൈറ്റ് പാളികൾകൊണ്ടാണ് ഭിത്തികൾപോലും നിർമിച്ചിരിക്കുന്നത്. എന്നാൽ, എ ല്ലാ ഭിത്തികളും ഗ്രാനൈറ്റുകൊണ്ട് നിർമിക്കുന്നതിനു പകരം, വയർകട്ട് ഇഷ്ടികയുടെയും കോൺക്രീറ്റ് ബ്ലോക്കുകളുടെയുമെല്ലാം ഭിത്തികളും ചേർത്ത് വൈവിധ്യമൊരുക്കി. ലിവിങ് റൂമിനും കിടപ്പുമുറിക്കും ഇടയിലെ ഭിത്തികളും ചില പുറം ഭിത്തികളും ഗ്രാനൈറ്റ് സ്ലാബുകൾ ഉപയോഗിച്ചും വീടിനു മുൻവശത്തെ ഭിത്തികൾ വയർകട്ട് ഇഷ്ടിക ഉപയോഗിച്ചുമാണ് നിർമിച്ചിരിക്കുന്നത്. അടുക്കള ഭിത്തികളുടെ നിർമാണത്തിനാണ് കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ചത്.

deepa-h8

സാധാരണത്തേതുപോലെ അടിത്തറ നിർമിച്ച് ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിക്കുകയായിരുന്നു. ഇതിനു മുകളിൽ ലിന്റൽ വാർത്ത് കട്ടകെട്ടി വാർത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഫില്ലർ സ്ലാബുകൾക്കു പകരം ചട്ടികൾ വച്ചുവാർത്ത് കോ ൺക്രീറ്റിന്റെ അളവും കനവും കുറച്ചു. ഇതിനു താരതമ്യേന ചെലവും കുറവാണെന്നു പറയുന്നു ദീപ. കിടപ്പുമുറിയിലും ഫില്ലർ സ്ലാബ് ഉപയോഗിച്ചിട്ടുണ്ട്.

deepa-h6

ചെലവു കുറച്ച ടെക്നിക്

ഗ്രാനൈറ്റ് ഭിത്തികൾ നിർമിച്ച സ്ഥലങ്ങളിൽ ഇലക്ട്രിക്കൽ പോയിന്റുകൾ കൊടുക്കുന്നത് അ ല്പം പ്രയാസമുള്ള കാര്യമായിരുന്നു. ലിന്റൽ ലെവലിനു മുകളിലും ഗ്രാനൈറ്റ് അല്ലാത്ത ഭിത്തികളിലും സ്വിച്ച് ബോർഡുകളും ലൈറ്റുകളും സ്ഥാപിച്ച് ആ പ്രശ്നവും പരിഹരിച്ചു.

ഗ്രാനൈറ്റ് ക്വാറികളെല്ലാം പ്ലോട്ടിന്റെ സമീപത്തുതന്നെയായിരുന്നതിനാൽ ചെലവു കുറഞ്ഞുകിട്ടി. മതിലിനും ഇതേ ഗ്രാനൈറ്റ് സ്ലാബാണ് ഉപയോഗിച്ചിരിക്കുന്നത്. നിലത്തുവിരിക്കാനും ഗ്രാനൈറ്റ് തന്നെ ഉപയോഗിച്ചു. രണ്ട് വ്യത്യസ്ത നിറമുള്ള കല്ലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ ഫർണിച്ചറോ അലങ്കാരങ്ങളോ ഒന്നുമില്ലാതെയാണ് അകത്തളം ക്രമീകരിച്ചിരിക്കുന്നത്.

deepa-h5

പരമാവധി ക്രോസ് വെന്റിലേഷൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. കാറ്റ് കൂടുതൽ പ്രവേശിക്കുന്ന വടക്കുകിഴക്കു ഭാഗത്ത് ലിന്റലിനു മുകളിൽ ഗ്രില്ലുകൾ നൽകി വായുസഞ്ചാരം കൂട്ടി. ലിവിങ് റൂമിലെ ജനലുകളും വാതിലുമെല്ലാം മുൻവശത്തെ വരാന്തയിലേക്കു തുറക്കുന്നു. ആഴ്ചയിൽ ഒരു ദിവസം വന്നു താമസിക്കാൻ എന്ന ഉദ്ദേശമുള്ളതിനാൽ കിടപ്പുമുറി വലുതായി ക്രമീകരിച്ചിട്ടൊന്നുമില്ല. ഗ്രാനൈറ്റ് സ്ലാബുകൾ അടുക്കി നിർമിച്ച ഓപൺ കബോർഡും കട്ടിലും മാത്രമേ ഈ മുറിയിലുള്ളൂ. വാതിലുകൾ റെഡിമെയ്ഡ് ആണ്.

deepa-h7

അവധി ദിവസങ്ങളിൽ കുടുംബവുമായി ഇവിടെവന്നാൽ കുട്ടികൾക്ക് ഓടിക്കളിക്കാൻ ഇഷ്ടംപോലെ സ്ഥലമുണ്ട്. വീടിന്റെ മുൻവശത്തുള്ള തോട്ടത്തിൽ എല്ലാത്തരം പഴവർഗങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ കുട്ടികൾക്കും പ്രിയങ്കരമാണ് വീക്കെൻഡ് ഹോം. അവധി ദിവസങ്ങളിൽ അല്പം ഭക്ഷണവുമായി ഇവിടെയെത്തിയാൽ കുട്ടികൾക്ക് ഓടിക്കളിക്കാൻ ധാരാളം സ്ഥലവുമുണ്ട്. ടിവിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ വളരെ ആരോഗ്യം തരുന്നതുകൂടിയാണ് ഈ വീക്കെൻഡ് ഹോം.

deepa-h9

Idea

1. വീക്കെൻഡ് ഹോമുകൾക്ക് റസ്റ്റിക്, മാറ്റ് ഫിനിഷുകളാണ് യോജിക്കുക. ഇരിപ്പിടങ്ങൾ പോലും ബിൽറ്റ് ഇൻ അല്ലെങ്കിൽ റസ്റ്റിക് ഫിനിഷിലുള്ളവയായാൽ നല്ലതായിരിക്കും.

2. ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ മാത്രം താമസിക്കാൻ വരുമെന്നതിനാൽ മെയിന്റനൻസ് കുറവുള്ളതായിരിക്കണം വീക്കെൻഡ് ഹോം.

3. വീക്കെൻഡ് ഹോം ആയതിനാൽ ഏറ്റവും കുറവ് സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറി ഒന്നുമാത്രം. ബാത്റൂം അറ്റാചഡ് വേണമെന്നില്ല.

4. ദിവസവും പാചകം വേണ്ടിവരില്ല എന്നതിനാൽ ചെറിയൊരു ഓപൺ കിച്ചൻ നിർമിച്ചു. ഭക്ഷണം പാകം ചെയ്ത് കൊണ്ടുവരികയാണ് പതിവ്.

5. വീക്കെൻഡ് ഹോമിൽ ഊണുമുറിക്കും പ്രാധാന്യമില്ല. എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ കഴിക്കുക എന്നതിനാണു പ്രാധാന്യം.

deepa-h2

6. പ്രാദേശികമായി കൂടുതൽ ലഭിക്കുന്ന നിർമാണസാമഗ്രികൾ ഉപയോഗിച്ചാൽ ചെലവു കുറയ്ക്കാം.

7. ലോഹംകൊണ്ടുള്ള ജനാലകളാണിവിടെ. ചിതൽ ശല്യം ഇല്ലാതിരിക്കാൻ മെറ്റൽ ജനാലകൾ സഹായിക്കും.
 
8. പ്രകൃതിയോട് ചേർന്നിരിക്കുന്ന വീടാണിത്. നിരവധി ജനാലകൾ കൊടുത്താൽ വീടിനുള്ളിലും പ്രകൃതിയുടെ സാന്നിധ്യം അനുഭവിക്കാം.

9. ടിവി, വൈഫൈ കണക്‌ഷൻ ഇതൊന്നും വീക്കെൻഡ് ഹോമിൽ വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും പരസ്പരം സംസാരിക്കാനും അവസരം വേണം.

10. ഉപയോഗശൂന്യമായിക്കിടക്കുന്ന തടിക്കഷണം പോലും ചുവരിലെ റേഡിയോ സ്റ്റാൻഡ് ആക്കിമാറ്റാം.

11. കിടപ്പുമുറിയിൽ ഗ്രാനൈറ്റ് സ്ലാബ് വച്ചുള്ള ഓപൻ കബോർഡ് ആണ്.

deepa-h1

12. കല്ല് , ഇഷ്ടിക, സീലിങ് ഓട് ഇവയെല്ലാം അതേപോലെ ഉപയോഗിച്ചു. പ്രത്യേകിച്ച് പോളിഷിങ്ങോ പുട്ടിയോ ഒന്നും ഭിത്തിയിലില്ല. റസ്റ്റിക് ഫിനിഷിന് ഉത്തമം.
 
13. വീക്കെൻഡ് ഹോമുകളുടെ ചുറ്റുപാട് പ്രധാനമാണ്. ഇവിടെ പച്ചപ്പിന് പ്രാധാന്യം വേണം.

14. പഴങ്ങളുടെ ഗാർഡനാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. വീടിനു വേണ്ടി വളരെ കുറച്ചു സ്ഥലം മാറ്റി വച്ച് മുന്നിലെ തോട്ടത്തിൽ മുഴുവൻ പഴച്ചെടികൾക്കു മാറ്റിവച്ചിരിക്കുന്നു. പേര, ചാമ്പ, മാവുകൾ, ഇങ്ങനെ എല്ലാ പഴവർഗങ്ങളും ഇവിടെയുണ്ട്.

Model

15. ഗ്രാനൈറ്റുകൊണ്ട് ഭിത്തി നിർമിക്കുമ്പോൾ പ്ലമിങ്, ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കല്ല് തുരക്കൽ ബുദ്ധിമുട്ട് ആയതിനാൽ ലിന്റലിനു മുകളിൽ വേണം പൈപ്പിടാൻ.

16. ക്വാറി വേസ്റ്റ് ആയ കല്ലാണ് നിർമാണത്തിന് പ്രധാനമായുംഉപയോഗിച്ചിരിക്കുന്നത്. ഇത് ചെലവു കുറയ്ക്കാൻ സഹായിച്ചു.

17. ഓപൻ ബാത്റൂമാണ് വീടിന്റെ സ്റ്റൈലിനു യോജിക്കുന്നത്. ഇത് മുകളിലും വശങ്ങളിലും തുറന്നിരിക്കുന്നു. ഇവിടെ ഒരു ചെടിക്കുള്ള സ്പേസും നൽകിയിട്ടുണ്ട്.

deepa-h4 "ചെലവു കുറച്ച്, പ്രകൃതിയോട് അടുത്തുനിൽക്കുന്ന വീടാണ് നിർമിച്ചത്. ഇവിടെയിരുന്ന് നഗരജീവിതത്തിന്റെ ടെൻഷൻ മുഴുവൻ അകറ്റാം." - ദീപ ജെ. പ്രവീൺ, ആർക്കിടെക്ട്