Wednesday 05 September 2018 02:12 PM IST

വീടു വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ടിപ്സ്

Roopa Thayabji

Sub Editor

veedu

സ്വന്തമെന്നു പറയാൻ ഒരു പിടി മണ്ണും കുറച്ചു മര  ങ്ങളും ഒരു കൊച്ചുവീടും. വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നത്തിനു ജീവൻ വയ്ക്കുന്ന നിമിഷമാണ് അത്. വീടു വാങ്ങാനും വസ്തു വാങ്ങാനും കണ്ണുമടച്ചിറങ്ങിയാൽ പലപ്പോഴും അബദ്ധം പറ്റിയേക്കാം. വീടെന്ന സ്വപ്നം മനസ്സിലുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.

വസ്തു വാങ്ങുമ്പോൾ

∙ ടൗണ്‍ പ്ലാനിങ് സ്കീമില്‍ ഉള്‍പ്പെട്ടതാണോ വസ്തുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് അറിയാം. ഇതിനായി സ്ഥലം  ഉള്‍പ്പെട്ട വില്ലേജും  സർവേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം ബന്ധപ്പെടണം.

∙ അംഗീകൃത പദ്ധതികള്‍ പ്രകാരം റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിടേണ്ടതുണ്ടെങ്കിൽ ബാക്കി പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താവൂ. ഈ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാം.

∙ റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ സ്ഥലം സൗജന്യമായി നല്‍കുകയാണെങ്കില്‍ രേഖാമൂലമുള്ള തെളിവ് വാങ്ങാം, കെട്ടിട നിര്‍മാണച്ചട്ട പ്രകാരമുള്ള ആനുകൂല്യം ബില്‍ഡിങ് പെര്‍മിറ്റ് വാങ്ങുന്ന സമയത്ത് കൈപ്പറ്റാം.

∙ സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവയ്ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്രസാങ്കേതിക – പരിസ്ഥിതി വകുപ്പില്‍ നിന്നോ ഇത് അറിയാം. 

∙ വിമാനത്താവളം, റെയിൽവേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള പ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍.ഒ.സി വാങ്ങുന്നത് ഉചിതമാണ്.

∙ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള  പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.

∙ ഭൂവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാങ്ങുന്നതിന് മുന്‍പ്  ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പാക്കണം. അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.

∙ വാങ്ങുന്ന സ്ഥലം, ഉദ്ദേശിക്കുന്ന കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോ എന്ന് കെട്ടിടനിര്‍മാണ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സി വഴി ഉറപ്പാക്കണം.

∙ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ സാധ്യമല്ലാത്തതിനാല്‍  ബില്‍ഡറോ, ബ്രോക്കറോ തിരക്കു പിടിച്ചാലും വില്‍പ്പ ന കരാര്‍ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഒപ്പിടുക.

അപ്പാർട്ട്മെന്റ് വാങ്ങുമ്പോൾ

∙ അടിസ്ഥാന വിലയോടൊപ്പം കാര്‍ പാര്‍ക്കിങ്, കെയര്‍ടേക്കിങ് ചാര്‍ജ്, മാലിന്യ- മലിനജല സംസ്കരണം പോലുള്ള പൊതു സംവിധാനങ്ങള്‍ക്കുള്ള  ചാര്‍ജ്  എന്നിവ കൂടി ചേര്‍ക്കുമ്പോള്‍ അടിസ്ഥാന വിലയേക്കാള്‍ 20-30 ശതമാനം കൂടുതല്‍ നൽകേണ്ടി വരാം. ഇക്കാര്യങ്ങള്‍ പ്രത്യേകം ചോദിച്ചറിയണം.

∙ സ്റ്റെയർകെയ്സ്, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ അളവു കൂടി ചേര്‍ന്നാണ് അപ്പാർട്ട്മെന്റിന്റെ സൂപ്പര്‍ ഏരിയ. അപ്പാർട്ട്മെന്റിന്റെ ഉൾവശത്ത് ഉപയോഗിക്കുന്ന സ്ഥലമാണ് കാർപെറ്റ് ഏരിയ. കാർപെറ്റ് ഏരിയയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്, അഥവാ അവിടെയാണ് താമസിക്കാനാകുക. അതിനാല്‍ കാര്‍പ്പെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.

∙ വില്‍പ്പനനികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, കെട്ടിടനികുതി തുടങ്ങിയ നികുതികള്‍ അപ്പാർട്ട്മെന്റിനും ബാധകമാണ്. ചി ല ബില്‍ഡര്‍മാര്‍ നികുതി അടയ്ക്കുകയും വാങ്ങുന്നവരില്‍ നിന്ന് വിലയില്‍ ഉള്‍പ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ വ്യക്തത വേണം. അപ്പാർട്ട്മെന്റ് കൈമാറുന്നതിനു മുമ്പ് നികുതികള്‍ അടച്ചുതീര്‍ക്കേണ്ടത് ബില്‍ഡറുടെ ഉത്തരവാദിത്തമാണ്. 

∙ ബില്‍ഡറുടെ സ്വന്തം  ഭൂമിയിലാണോ, അതോ മറ്റൊരാളുടെ ഭൂമിയില്‍ അപ്പാർട്ട്മെന്റ് പണിതതാണോ എന്നു മനസ്സിലാക്കണം. മറ്റൊരാളുടെ ഭൂമിയിലാണെങ്കില്‍ ബില്‍ഡര്‍ക്ക് അതിന് അവകാശമുണ്ടെന്നതിനുള്ള രേഖകള്‍ പരിശോധിക്കുകയും ഭൂമിയുടെ മേല്‍ കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. മുന്‍ ആധാരങ്ങള്‍ ചോദിച്ച് വാങ്ങാൻ മറക്കരുത്.

∙ ഭവന പദ്ധതികള്‍ സമയകൃത്യതയോടെ  കൈമാറിയില്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. പദ്ധതി വൈകിയാല്‍ ലാഭം ബിൽഡർക്ക് ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നൽകേണ്ടി വരും. 

∙ ഭവന സമുച്ചയത്തിലെ യൂണിറ്റുകളുടെ  എണ്ണത്തിനനുസരിച്ചാണ് റോഡിന്റെ വീതി കണക്കാക്കുന്നത്. എട്ട്- പത്ത് മീറ്റര്‍ വീതിയുള്ള റോഡ് എങ്കിലും വേണം. 

∙ ഓരോ നിലയിലും വില വ്യത്യാസപ്പെടാം. താഴത്തെ നിലയില്‍ വില കുറവായിരിക്കും. നാല് നിലയ്ക്ക് മുകളില്‍ വില കൂടും.

∙ വസ്തു കൈമാറ്റനിയമം, രജിസ്ട്രേഷന്‍ നിയമം, മുദ്രപ്പത്ര നിയമം എന്നിവയ്ക്കുപുറമേ അപ്പാര്‍ട്ട്മെന്റ് ഓണര്‍ഷിപ് ആക്ട് കൂടി ഫ്ലാറ്റ് തീറാധാരങ്ങളില്‍ പാലിക്കണം. കെട്ടിടം നിര്‍മിക്കപ്പെട്ട വസ്തുവിനെ സംബന്ധിച്ച വിവരണവും ഓരോ ഫ്ലാറ്റ് ഉടമയ്ക്കും അവകാശപ്പെട്ട അവിഭാജ്യ ഓഹരിക്രമവും ഇതിൽ വ്യക്തമാക്കണം. കൊമേഴ്സ്യൽ, റസിഡൻഷ്യൽ പെ ർമിറ്റുകൾ പ്രത്യേകം  വാങ്ങിയിരിക്കണം.

∙ ഓരോ ഫ്ലാറ്റും ഒറ്റ റസിഡന്‍ഷ്യല്‍ യൂണിറ്റായതിനാല്‍, അ തു ഭാഗിക്കാനോ വിഭജിക്കാനോ പാടില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടവും  ഓഹരി അവകാശവുമല്ലാതെ, ഒന്നും കൈമാറാനോ ഒന്നിലും ബാധ്യത സൃഷ്ടിക്കാനോ കഴിയുകയില്ല.

∙ താമസാവശ്യത്തിനല്ലാതെ ഫ്ലാറ്റ് കൈമാറാനോ വാടകയ്ക്ക് നൽകാനോ ഉടമയ്ക്ക് അവകാശമില്ല.

വീട് രജിസ്റ്റർ ചെയ്യുമ്പോൾ

∙ വസ്തുവിന്റെ വിലയനുസരിച്ചാണ് രജിസ്ട്രേഷന്‍ ചെല  വ്് ഈടാക്കുക. രജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഏഴു മുതല്‍ 10 ശതമാനം വരെയാകാം. അഡ്വക്കേറ്റ് ചാര്‍ജ്, നോട്ടറി ഫീസ് തുടങ്ങിയ ഫീസുകളും  ഇതിനൊപ്പമുണ്ടാകും.

∙ അപ്പാര്‍ട്ട്മെന്റാണ് വാങ്ങുന്നതെങ്കില്‍ അഡ്വാന്‍സായി മെയിന്റനന്‍സ് ചാര്‍ജാണ് ഈടാക്കുക. 10 വര്‍ഷത്തെ വരെ മെയിന്റനന്‍സ് ചാര്‍ജ് ഇത്തരത്തിൽ ഈടാക്കാം.

∙ അപ്പാർട്ട്മെന്റിന്റെ ഇന്റീരിയറിനുള്ള തുക നമ്മള്‍ കണ്ടെ ത്തണം. ഉപയോഗിക്കുന്ന മെറ്റീരിയലിനും ഡിസൈനിനുമനുസരിച്ച് ഇന്റീരിയറിന്റെ ചെലവും വര്‍ധിക്കും.

∙ ഹോം ലോണില്‍ പലിശനിരക്ക്, പ്രോസസിങ് ഫീസ്, മറ്റ് ചാര്‍ജുകള്‍ എന്നിവ പരിശോധിക്കണം. 0.05 ശതമാനത്തിന്റെ വ്യതിയാനം പോലും വായ്പയിൽ നന്നായി പ്രതിഫലിക്കും. 

വീടു വിറ്റ് മറ്റൊന്നു വാങ്ങുമ്പോള്‍

∙ രണ്ടുവര്‍ഷത്തിലധികം കൈവശം വച്ച വീടു വിറ്റ് മറ്റൊരു വീടു വാങ്ങിയാലോ പുതിയ വീട് നിര്‍മിച്ചാലോ ആദ്യത്തേത് വിറ്റപ്പോള്‍ കിട്ടിയ മൂലധനലാഭത്തിന് ആദായനികുതി കൊടുക്കേണ്ടതില്ല. ആദായനികുതി നിയമത്തിലെ നിബന്ധനകള്‍ പാലിക്കുന്നവർക്കാണ് ഈ സൗജന്യം ലഭിക്കുക. ദീര്‍ഘകാ   ല മൂലധനലാഭത്തിന്റെ 20 ശതമാനമാണ് നികുതി ബാധ്യത. മൂലധനലാഭം മുഴുവന്‍ പുതിയൊരു വീടു വാങ്ങുന്നതിനോ വീ   ടു നിര്‍മിക്കുന്നതിനോ വിനിയോഗിച്ചാല്‍ നികുതി അടയ്ക്കേണ്ടതില്ല. പക്ഷേ, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.

∙ വ്യക്തികള്‍ക്കും അവിഭക്ത കുടുംബങ്ങള്‍ക്കും മാത്രമാണ് ഈ ആനുകൂല്യം. കൈമാറ്റം ചെയ്യുന്നതും വീടു തന്നെയാകണം (വാണിജ്യ കെട്ടിടങ്ങളാകരുത്). വാങ്ങുന്ന അഥവാ നിര്‍മിക്കുന്ന വീട് ഇന്ത്യയില്‍ തന്നെയാകണം. കൈമാറ്റക്കാരന്‍ രണ്ടുവര്‍ഷത്തിലധികം  ഈ വീട് കൈവശം വച്ചതുമാകണം.

∙ വിറ്റ തീയതിക്കു മുമ്പ് ഒരു വര്‍ഷത്തിനകമോ വിറ്റ ശേഷം രണ്ടുവര്‍ഷത്തിനകമോ മറ്റൊരു വീടു വാങ്ങുകയോ മൂന്നുവര്‍ഷത്തിനകം പുതിയൊരു വീട് നിര്‍മിക്കുകയോ ചെയ്യണം.

∙ വീട് വിറ്റ ആളിന്റെതന്നെ പേരിലാകണം പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്യേണ്ടത്. അടുത്ത മൂന്നുവര്‍ഷത്തിനകം ഇതു കൈമാറ്റം ചെയ്യാനും പാടില്ല.

രേഖകൾ പരിശോധിക്കാം

∙ വാങ്ങുന്ന വീടിന് വ്യക്തമായ പ്ലാന്‍ ഉണ്ടെന്നും അനുമതിയോടെയാണ് നിര്‍മിച്ചതെന്നും ഉറപ്പാക്കുക. ഒറിജിനല്‍ ആധാരം കണ്ട് ബാധ്യതകളില്ലെന്ന് ഉറപ്പാക്കണം. വീട്, സ്ഥലം എ ന്നിവയുടെ കരമടച്ച രസീതും പരിശോധിക്കണം. 

∙ സ്ഥലം അളന്ന് ആധാരത്തില്‍ പറഞ്ഞതുമായി ഒത്തുനോക്കണം. കുടുംബസ്വത്താണെങ്കില്‍ ഭാഗപത്രാധാരം നിർബ  ന്ധമായും പരിശോധിക്കണം. സർവേ നമ്പറെടുത്ത് തദ്ദേശ സ്ഥാപനത്തില്‍ ചെന്നു പരിശോധിച്ചാല്‍ സ്ഥലം അക്വയർ ചെയ്യാനുള്ളതാണെങ്കില്‍ അറിയാം. 

∙ ബാങ്ക് ലോൺ ഉണ്ടായിരുന്ന വീടുകളുടെ രജിസ്ട്രേഷനു മുമ്പ് വായ്പ എടുത്ത ബാങ്കിൽ നിന്നു നോൺ എൻകംബ്രൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം. വസ്തുവിന്റെ പേരിൽ മറ്റാരോടും നിയമപരമായ ബാധ്യത ഇല്ലെന്ന് തെളിയിക്കാൻ ബാധ്യതാ സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. 

∙ ഉടമയ്ക്ക് പകരം മറ്റാരെങ്കിലുമാണ് വിൽപ്പന നടത്തുന്നതെങ്കിൽ പവർ ഓഫ് അറ്റോർണി ഉണ്ടെന്ന് ഉറപ്പാക്കണം. 

∙ കെട്ടിടനിർമാണ ചട്ടങ്ങൾ പാലിച്ചാണ് വീട് നിർമിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കണം. ചട്ടലംഘനം തെളിഞ്ഞാൽ അധികാരികൾ വീട് തന്നെ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടേക്കാം. 

∙ കെട്ടിട നിർമാണത്തിനാവശ്യമായ അനുമതി പത്രങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം. നിങ്ങൾക്ക് സ്ഥലം വിൽക്കുന്ന ആളുടെ പേര് ആധാരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം. കൈവശാവകാശ സർട്ടിഫിക്കറ്റും വാങ്ങണം.  

∙ പാർപ്പിട സമുച്ചയമാണെങ്കിൽ ഇന്റേണൽ റോഡുകൾ, പൊ തു കളിസ്ഥലങ്ങൾ തുടങ്ങിയവയുടെ അവകാശത്തിൽ കൃത്യമായ രേഖകൾ നേടിയിരിക്കണം. വസ്തു, വീട് എന്നിവയുമായി ബന്ധപ്പെട്ട നികുതികൾ കൃത്യസമയത്ത് അടച്ചിട്ടുണ്ട് എന്നതിന്റെ രേഖകളും പരിശോധിക്കണം. 

∙ വീട് നിർമിക്കാനുള്ള അനുമതി നൽകുന്നത് കേരള മുനിസിപ്പൽ ബിൽഡിങ് നിയമം അനുസരിച്ചാണ്. ഈ നിയമപ്രകാരം വീട് നിർമിക്കാൻ ലഭിച്ച അനുമതി പ്ലാനും  വീടിന്റെ  നിർമിതിയും താരതമ്യം ചെയ്ത് നിയമലംഘനമില്ലെന്ന് ഉറപ്പാക്കണം.

പഴയ വീട് വാങ്ങുമ്പോള്‍

∙ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗിച്ചുവരുന്നതോ പൂട്ടിയിട്ടിരിക്കുന്നതോ ആയ വീടു വാങ്ങുമ്പോൾ ചോര്‍ച്ച, ചരിവ്് പോലുള്ളവ ഉണ്ടോയെന്ന് സ്ട്രക്ചറല്‍ എന്‍ജിനിയറുടെ സഹായത്തോടെ പരിശോധിക്കുക.

∙ പ്ലംബിങ്– ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകള്‍, വയറിങ് തുടങ്ങിയവ സുരക്ഷിതവും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പാക്കുക.

∙ സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനൊപ്പം ത ന്നെ നികുതികള്‍, വൈദ്യുതി ബില്‍, വെള്ളത്തിന്റെ ബില്‍ എന്നിവ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

∙ വീടിരിക്കുന്ന സ്ഥലം റോഡ് വീതികൂട്ടലിനോ മറ്റോ ഏറ്റെടുക്കാന്‍ സാധ്യതയുള്ളതല്ലെന്ന് ഉറപ്പാക്കണം.

∙ ആകെ വില നിശ്ചയിക്കുമ്പോള്‍ വീടിന്റെ വിലയും പ്രധാനമാണ്. വീടിന്റെ പഴക്കവും ഡിപ്രീസിയേഷനും നോക്കിവേണം വില കണക്കാക്കാന്‍.

∙ ഭവനവായ്പയെടുത്ത് വീടു വാങ്ങണമെങ്കിൽ ഫോർ വീലർ കയറുന്ന വഴി സൗകര്യവും വേണം.

∙ പുതുക്കിപണിയുന്നതിനോ എക്സ്റ്റൻഷനോ പ്ലാനുണ്ടെങ്കില്‍ അതിനു സാധ്യമായ വിധത്തിലാണ് ഫൗണ്ടേഷനും രൂപകൽപനയുമെന്ന് ഉറപ്പാക്കണം. പുതിയ രൂപരേഖ, ലൊക്കേഷൻ സ്കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ്, അസ്സൽ ആധാരം, കെട്ടിടനികുതി, സ്ഥലനികുതി എന്നിവയടച്ച രസീത് സഹിതം തദ്ദേശഭരണ സ്ഥാപനത്തിൽ അപേക്ഷിക്കണം.

ഇഷ്ടദാനവും വിൽപത്രവും

∙ സ്ഥലഉടമ, അവകാശമുള്ള വസ്തു സ്വേച്ഛപ്രകാരവും പ്രതിഫലം കൂടാതെയും മറ്റൊരാള്‍ക്ക് എഴുതിക്കൊടുക്കുന്നതാണ് ഇഷ്ടദാനം. ദാതാവിന്റെ ജീവിതകാലത്ത് തന്നെ ആ കൈമാറ്റം രണ്ടാമൻ സ്വീകരിച്ചിരിക്കണം. 

∙ ഭൂമിപോലുള്ള സ്ഥാവരവസ്തുക്കള്‍ ദാനം ചെയ്യുമ്പോള്‍, രണ്ട് അറ്റസ്റ്റിങ് സാക്ഷികളുടെ സാന്നിധ്യത്തിൽ പ്രമാണം വഴി നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണം. പിന്തുടര്‍ച്ചാവകാശം മുഖേന അവകാശം ലഭിക്കുന്നതിന് വില്‍പ്പത്രം, ഭാഗപത്രം എന്നിവയാണ് രേഖയെങ്കില്‍, വസ്തു ഉടമയുടെ ജീവിതകാലത്ത് ഇഷ്ടദാനാധാരം ഉടമസ്ഥാവകാശരേഖയാണ്.

∙ ദാതാവിന്റെ താത്പര്യം ഹനിക്കുന്ന ഏതെങ്കിലും നടക്കുന്നതായാല്‍ ദാനം അസാധുവാക്കുമെന്ന വ്യവസ്ഥ വയ്ക്കാവുന്നതാണ്. വ്യവസ്ഥകളുടെ അടിസ്ഥാനത്തിലല്ലാതെ, സാധാരണഗതിയില്‍ ദാനാധാരം റദ്ദ് ചെയ്യാനാകില്ല.

∙ വിവാഹപ്രതിഫലമായോ, കുടുംബാംഗങ്ങള്‍ക്കിടയില്‍ വ സ്തു വിഭജിച്ചോ, സ്വേച്ഛപ്രകാരം മറ്റൊരാള്‍ക്കോ, ആശ്രിതനോ കൈമാറി നല്‍കുന്ന ദാനമാണ് ധനനിശ്ചയം. 

∙ സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവിനെ സംബന്ധിച്ച് മരണശേഷം നടപ്പിലാക്കപ്പെടേണ്ട നിബന്ധനകള്‍ മുന്‍കൂട്ടി രേഖപ്പെടുത്തിവയ്ക്കുന്ന പ്രമാണമാണ് വില്‍പ്പത്രം. സ്വസ്ഥചിത്തനായ ഏതൊരാള്‍ക്കും, മൈനറല്ലാതിരിക്കേ, തന്റെ വ സ്തു മരണശാസനം വഴി വിനിയോഗം ചെയ്യാം. 

∙ തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് വ്യക്തതയും അറിവും ഉണ്ടെങ്കില്‍, ബധിരനോ, മൂകനോ, അന്ധനോ വിൽപത്രം തയാറാക്കുന്നതിന് തടസ്സമൊന്നുമില്ല. ചിത്തഭ്രമമുള്ള ഒരാള്‍ക്ക്, അയാള്‍ സ്വസ്ഥചിത്തനായിരിക്കുന്ന ഇടവേളയില്‍, മ രണപത്രം തയാറാക്കാവുന്നതാണ്. 

∙ സ്വയാർജിത സ്വത്തല്ലാത്ത സാഹചര്യത്തിൽ വിൽപ്പത്രം ത യാറാക്കിയ വ്യക്തി വിവാഹിതനാകുന്നതോടു കൂടി അയാള്‍ ചമച്ചിട്ടുള്ള വിൽപത്രങ്ങള്‍ സ്വയം റദ്ദാകുന്നതാണ്.

∙ ഒരു വസ്തുവിനെ സംബന്ധിച്ച് ഉടമ ഒടുവിൽ തയാറാക്കി രജിസ്റ്റർ ചെയ്ത വിൽപത്രമാണ് സാധുവാകുക.

ആധാരം സ്വയം എഴുതാം

ആധാരമെഴുത്തുകാരുടെ സഹായമില്ലാതെ സ്വന്തം ആധാരം സ്വയമെഴുതി രജിസ്റ്റർ ചെയ്യാൻ നിയമ ഭേദഗ തി വന്നിട്ടുണ്ട്. സ്വയം ആധാരമെഴുതുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന ചിന്ത വേണ്ട. കേരള രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ (www.keralaregostration.gov.in) Download model documents  എന്ന ലിങ്കിൽ19 തരം ആധാരങ്ങളുടെ മാതൃകയുണ്ട്. ഇതിൽ നിന്ന് നമ്മൾ നടത്താനുദ്ദേശിക്കുന്ന ഇടപാടിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് ആവശ്യമായ ഭാഗങ്ങൾ പൂരിപ്പിക്കാം. പൂരിപ്പിച്ച ആധാരവുമായി രജിസ്ട്രേഷൻ ഓഫിസിലെത്തി നിശ്ചിത തുക ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഇതോടെ ആധാരം പൂർണമായും നിയമവിധേയമാകും. ആധാരമെഴുത്തു കൂലി ഇതിലൂടെ ലാഭിക്കാമെന്നു മാത്രമല്ല, ഡൗൺലോഡ് ചെയ്തെടുക്കുന്ന മാതൃക പൂരിപ്പിക്കാൻ ആവശ്യമെങ്കിൽ ചെറിയ പ്രതിഫലത്തിൽ ആധാരമെഴുത്തുകാരുടെ സഹായവും തേടാം. 

വൈദ്യുതി കണക്‌ഷൻ

പുതിയ വസ്തുവോ വീടോ വാങ്ങുമ്പോൾ അതിലുണ്ടായിരുന്ന വൈദ്യുതി കണക്‌ഷൻ പഴയ ഉടമസ്ഥന്റെ പേരിൽ നിന്ന് പുതിയ ഉടമസ്ഥന്റെ പേരിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിനായി പഴയ ഉടമസ്ഥന്റെ അനുമതിയുൾപ്പെടെയുള്ള അപേക്ഷ തിരിച്ചറിയൽ രേഖ സഹിതം ഇലക്ട്രിസിറ്റി ഓഫിസിൽ സമർപ്പിക്കണം. ഉദ്യോഗസ്ഥർ വീടു സന്ദർശിച്ച് സുരക്ഷിതമായ സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ കണക്‌ഷൻ മാറ്റിനൽകൂ.

വിവരങ്ങൾക്കു കടപ്പാട്

പി.കെ. രാജു, 

റിട്ട. ജില്ലാ രജിസ്ട്രാര്‍, കോട്ടയം.