Thursday 08 February 2018 05:15 PM IST : By സ്വന്തം ലേഖകൻ

‘പ്രണയവും കവിതയും വെളുത്തവരുടെ മാത്രമാണോ’; ഹു കെയേഴ്സ് കളർ ക്യാംപെയിനിൽ അനുഭവം പങ്കുവച്ച് രാഹുൽ സനൽ

rahul_sanal

‘വർഷങ്ങൾക്ക് മുൻപ് ഒരു ഗ്രൂപ്പിൽ ഒരു പ്രണയകവിത എഴുതി Post ചെയ്തപ്പോൾ ഒരു സ്ത്രീയുടെ കമന്റ് ഇങ്ങനെയായിരുന്നു... " നിങ്ങളെ കണ്ടാൽ ഇങ്ങനെയൊക്കെ എഴുതും എന്ന് തോന്നില്ല" എന്ന്... പ്രണയവും കവിതയും എല്ലാം വെളുത്തവന്റെ ആണെന്ന പൊതുബോധം ആണ് അവരിൽ കണ്ടത്.. ഇപ്പോഴും സ്ത്രീസുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന എന്റെ ഫോട്ടോകൾ കാണുമ്പോൾ "നീ ഇതെങ്ങനെ ഒപ്പിക്കുന്നു... ഇതിന്റെ രഹസ്യം എന്താ " എന്ന ചോദ്യത്തിലും ഞാൻ കാണുന്നത് ഈ പൊതുബോധം തന്നെയാണ്.. സുഹൃത്തുക്കൾക്കിടയിൽ ഇത് പ്രകടമാകുന്നത് പലതരത്തിലാണ്...’ വനിത ഹു കെയേഴ്സ് കളർ ക്യാംപെയ്നിൽ തന്റെ അനുഭവങ്ങൾ പങ്കുവച്ച് സോഷ്യൽ ആക്ടിവിസ്റ്റും സനൽ കുമാർ ഐഎഎസിന്റെ മകനുമായ രാഹുൽ. കറുത്ത നിറത്തിന്റെ പേരിൽ വിവേചനങ്ങൾ കൽപ്പിക്കപ്പെട്ട സമൂഹത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളാണ് രാഹുൽ പങ്കുവയ്ക്കുന്നത്.

രാഹുലിന്റെ കുറിപ്പ് വായിക്കാം:

അനുഭവങ്ങൾ എഴുതണമെങ്കിൽ ഒരു പാടെഴുതണം... പക്ഷേ കറുത്തവർ ആൾകൂട്ടത്തിൽ ജനശ്രദ്ധ നേടണമെങ്കിൽ വെളുത്തവർ പ്രകടിപ്പിക്കുന്ന കഴിവിന്റെ നൂറിരട്ടി കഴിവ് പ്രകടിപ്പിക്കണം... മൃദുവായി സംസാരിക്കുന്ന കറുത്തവർക്കേ സമൂഹത്തിൽ സ്ഥാനം പോയിട്ട് പരിഗണന എങ്കിലും ലഭിക്കു... ഈ അടുത്ത കാലത്തുണ്ടായ ഡോക്ടർ ബിജു മോഹൻലാൽ വിഷയത്തിൽ പലരും ബിജുവിന്റെ നിറത്തെയാണ് അപഹസിച്ചത്... കറുത്തവർ മൃദുവായ അഭിപ്രായങ്ങൾ പറഞ്ഞ് ഒതുങ്ങികൂടണം എന്നൊരു പൊതുബോധം ആണ് സമൂഹത്തിൽ നിലനിൽക്കുന്നത്...

വർഷങ്ങൾക്ക് മുൻപ് ഒരു ഗ്രൂപ്പിൽ ഒരു പ്രണയകവിത എഴുതി Post ചെയ്തപ്പോൾ ഒരു സ്ത്രീയുടെ കമന്റ് ഇങ്ങനെയായിരുന്നു... " നിങ്ങളെ കണ്ടാൽ ഇങ്ങനെയൊക്കെ എഴുതും എന്ന് തോന്നില്ല" എന്ന്... പ്രണയവും കവിതയും എല്ലാം വെളുത്തവന്റെ ആണെന്ന പൊതുബോധം ആണ് അവരിൽ കണ്ടത്.. ഇപ്പോഴും സ്ത്രീസുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന എന്റെ ഫോട്ടോകൾ കാണുമ്പോൾ "നീ ഇതെങ്ങനെ ഒപ്പിക്കുന്നു... ഇതിന്റെ രഹസ്യം എന്താ " എന്ന ചോദ്യത്തിലും ഞാൻ കാണുന്നത് ഈ പൊതുബോധം തന്നെയാണ്.. സുഹൃത്തുക്കൾക്കിടയിൽ ഇത് പ്രകടമാകുന്നത് പലതരത്തിലാണ്... കൂട്ടത്തിൽ ഒരു വെളുത്ത പെൺകുട്ടി എന്നോട് കൂടുതൽ അടുപ്പം കാണിച്ചതിന്റെ പേരിൽ അവളോട് കൂട്ടത്തോടെ പിണങ്ങുകയും അവൾ പിരിഞ്ഞു പോകുന്ന ദിവസം സെൻറ് ഓഫ് കൊടുക്കാതെ പ്രതികാരം ചെയ്ത എന്റെ സുഹൃത്തുക്കളുടെ ഉള്ളിൽ വർണ്ണവെറി ആണെന്നറിഞ്ഞ നിമിഷമാണ് ജീവിതത്തിൽ എനിക്ക് പോരാടാൻ കൂടുതൽ എനർജി കിട്ടിയത്... ( കൂട്ടത്തിൽ ഒരു കറുത്തവൻ ഓവർ ടേക്ക് ചെയ്യുന്നത് അവർക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്...). കഴിഞ്ഞ വർഷം കബാലിസിനിമയുടെ സംവിധായകൻ പാ രഞ്ജിത്തിന്റെ ഒരു പ്രസംഗം നേരിട്ട് കേൾക്കാനിടയായി... അന്ന് അദ്ദേഹം പറഞ്ഞത് മനസിൽ പതിച്ചു " ഞാൻ കുറച്ച് കൂടി കറുപ്പായി ജനിച്ചിരുന്നെങ്കിൽ എന്റെ പോരാട്ടത്തിന് കൂടുതൽ ശക്തി ലഭിക്കുമായിരുന്നു.... ഒരാൾ കറുപ്പായി ജനിച്ചാൽ അവൻ തിരിഞ്ഞു നോക്കരുത് പോരാടി വിജയിക്കണം... "

ഇപ്പോഴും വിദേശത്തുള്ളവർക്ക് ഇന്ത്യയിൽ കറുത്ത മനുഷ്യർ ഉണ്ടെന്നറിയില്ല... അവർ കാണുന്ന പരസ്യത്തിലും സിനിമയിലും വെളുത്ത ഇന്ത്യാക്കാരെ മാത്രമേ കണ്ടിട്ടുള്ളു... എന്തിന് തുടക്കകാലത്ത് വിജയ് യെ കുറിച്ച് " അവനെ കണ്ടാൽ ഒരു Sc കോളനി ലുക്ക് ആണ് " എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്... വിനായകന്റെ തുടക്കകാല ചിത്രങ്ങൾ നോക്കുക... ഇവൻ എന്താ നാഷണൽ ജോ ഗ്രാഫിക്ക് ചാനലിൽ നിന്നിറങ്ങി വന്നതോ, ഇവന്റെ മുഖത്ത് ആസിഡ് ഒഴിച്ചാൽ ആസിഡ് കറുത്തു പോകും (ഒന്നാമൻ ) തുടങ്ങിയ ഡയലോഗുകൾ പൊതു സമൂഹത്തിന് നൽകിയ സന്ദേശം എന്തായിരുന്നു? പൊതുബോധങ്ങൾ അങ്ങനെയാണ്.. അതിനോടുള്ള നിരന്തര കലഹമാകണം ജീവിതം... നിറമല്ല വ്യക്തിത്വവും ആത്മവിശ്വാസവും കഴിവും ആകണം മനുഷ്യരെ വിലയിരുത്തുന്നതിന്റെ മാനദണ്ഡം.... #whocarescolour