Thursday 03 March 2022 11:12 AM IST

‘നല്ല ഭക്ഷണത്തിനും ഉടുപ്പുകൾക്കും വേണ്ടി കൊതിക്കേണ്ടി വന്നൊരു ബാല്യമായിരുന്നു എന്റേത്’; ജീവിതം പറഞ്ഞ് നർഗീസ് ബീഗം

Tency Jacob

Sub Editor

nargis003 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

‘‘മഹർ ആയി എന്തു വേണം?’’ വരൻ പാലക്കാട് ചെർപ്പുളശ്ശേരിക്കാരൻ സുബൈർ, മണവാട്ടി നർഗീസ് ബീഗത്തിനോടു ചോദിച്ചു. ‘‘പാലക്കാട് ആലത്തൂര് പ്രമേഹം വന്നു രണ്ടു കാലും മുറിച്ചു കളഞ്ഞ ഒരാളുണ്ട്. മക്കളെ യത്തീംഖാനയിലാക്കിയിരിക്കുകയാണ്. അയാൾക്കു ഉപജീവനത്തിനായി ഒരു പെട്ടിക്കടയിട്ടു കൊടുക്കാമോ?’’ അതായിരുന്നു ആ സമയത്ത് കോഴിക്കോട് ഫറോക്ക് കൊട്ടടംപാടംതടത്തിൽ നർഗീസ് ബീഗത്തിന്റെ പ്രധാന പ്രശ്നം.

ചുറ്റുമുള്ള മനുഷ്യർക്കു വേണ്ടിയായിരുന്നു നർഗീസ് എന്നും വേവലാതിപ്പെട്ടത്. ഒറ്റപ്പെട്ടുപോയ ജീവിതത്തിൽ സുബൈറിനെ കൂടെക്കൂട്ടിയതും തന്റെ വേവലാതികൾക്കൊപ്പം എന്നും നിൽക്കുമെന്ന് ഉറപ്പു കിട്ടിയപ്പോഴാണ്.

‘‘അഞ്ചു വർഷമായി എന്റെ എല്ലാ പ്രവർത്തനങ്ങളിലും സുബൈറിക്കയുടെ പിന്തുണയുണ്ട്. ഒരു കുട്ടിയുടെ പഠനാവശ്യത്തിനു വേണ്ടി സോഷ്യൽമീഡിയയിലിട്ട പോസ്റ്റ് കണ്ടാണ് വിളിക്കുന്നത്. പിന്നീട് മറ്റുള്ളവരെ സഹായിക്കാനുള്ള ഓരോ ആവശ്യങ്ങൾക്കും പറ്റുന്ന പോലെ പണം അയച്ചു തരും. അവധിക്കു വരുമ്പോൾ വണ്ടിയുമെടുത്ത് പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ടാകും. ആ സമയങ്ങളിലൊന്നും വിവാഹം മനസ്സിലില്ല.’’ നർഗീസ് കല്യാണ വിശേഷങ്ങളിലേക്കു കടന്നു.

പിന്നീട്, ഇക്ക മണ്ണാർക്കാട് ഒരു ഷോപ് തുടങ്ങി. അതു ഞാൻ ഉദ്ഘാടനം ചെയ്യണമെന്ന് മൂപ്പർക്ക് ആഗ്രഹമുണ്ടായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും ആള് വിട്ടില്ല. ഇക്ക അന്നു നാട്ടിൽ വന്നിട്ടില്ല. ഞാൻ സ്ഥലത്തെത്തിയപ്പോൾ അതി ഥികൾ വന്നു തുടങ്ങിയിട്ടുണ്ട്. പെട്ടെന്നു എനിക്കു ഒരു കോൾ വന്നു. ഞാനത് അറ്റൻഡ് ചെയ്യാനായി നീങ്ങിനിന്ന ശേഷം തിരിച്ചുവന്നപ്പോഴേക്കും ആദ്യ വിൽപന നടത്തേണ്ട ആൾ ഉദ്ഘാടനവും കൂടി ചെയ്തു തിരിച്ചു പോയി.

ഇതറിഞ്ഞപ്പോൾ ഇക്കയ്ക്ക് വിഷമമായി. ആ വിഷമം തീർക്കാനായി ഞങ്ങൾ മനസ്സു തുറന്ന് ഒരുപാട് സംസാ രിച്ചു. രണ്ടുപേരും ഒറ്റപ്പെട്ട മനുഷ്യരാണെന്നു അപ്പോഴാണ് തിരിച്ചറിയുന്നത്. ആ തിരിച്ചറിവ് കല്യാണത്തിലേക്കെത്തിച്ചു. കെഎസ്ആർടിസി ബസ്സിൽ എനിക്കൊരു മോശം അനുഭവമുണ്ടായത് കേസായപ്പോൾ ഇക്കയായിരുന്നു എ ല്ലാക്കാര്യത്തിനും കൂടെ വന്നത്. ഒരുമാസം മുൻപായിരുന്നു ഞങ്ങളുടെ വിവാഹം.

തീയിലാണ് കുരുത്തത്

എന്റെ ചെറുപ്പത്തിൽ താമസിച്ചിരുന്നത് ഫറൂഖ് കോളജിനടുത്ത് കാരാട് ലക്ഷം വീട് കോളനിയിലാണ്. മുറ്റത്തു വലിയ പാറക്കഷണങ്ങൾ കൂടികിടക്കും. ഉമ്മൂമ്മയും ഉപ്പയും ഉമ്മയും കൂടെ അതു കൂടം കൊണ്ട് അടിച്ചു പൊട്ടിച്ചു കാൽ ഇ‍ഞ്ചും അരയിഞ്ചും വലുപ്പമുള്ള മെറ്റൽ കഷണങ്ങളാക്കും. അതു വിറ്റാണ് വീടു കഴിഞ്ഞിരുന്നത്. നാലഞ്ചു വയസ്സുള്ളപ്പോൾ ഞാനും ചെറിയ ചുറ്റിക കൊണ്ടടിച്ചു ഒന്നു രണ്ടു ചട്ടി ഒപ്പിക്കും. കയ്യൊക്കെ പൊള്ളി കുമിളയ്ക്കും. എന്നാലും അതു വാങ്ങാൻ ആളു വരുമ്പോൾ സന്തോഷമാണ്.

ക്രഷറുകൾ വന്നപ്പോൾ ആ പണി ഇല്ലാതായി. ഉപ്പ ഹംസക്കോയ ഗൾഫിലേക്കു പോയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം തിരിച്ചു വന്നു. ഉമ്മ കമറുന്നിസ സൗദിയിൽ ഗദ്ദാമയായി പന്ത്രണ്ടു വർഷം കഷ്ടപ്പെട്ടതാണ് ഞങ്ങൾ നാലു മക്കളുടെ പഠനവും വിവാഹവും വീടുമെല്ലാം. ലളിതമായി ആയിരുന്നു ഉമ്മയുടെയും ഉപ്പയുടെയും ജീവിതം. അതിൽനിന്നു തന്നെയാണ് ഞാനും വേരുപിടിച്ചത്.

പ്ലസ്ടു കഴിഞ്ഞു നഴ്സിങ് ഡിപ്ലോമ കോഴ്സു ചെയ്തു. വീടിനടുത്തുള്ള കോയാസ് ഹോസ്പിറ്റലിൽ അന്നു ജോലിക്കു കയറിയതാണ്. ഇന്നും അവിടെത്തന്നെ. കല്യാണം കഴിഞ്ഞെങ്കിലും ആ ബന്ധം തുടരാൻ പ്രയാസമായപ്പോൾ കുട്ടികളെയും കൊണ്ടു വീട്ടിലേക്കു പോന്നു. രണ്ട് ആൺമക്കളാണ്. മൂത്തയാ‌ൾ അൽഹാസ് പ്ലസ്ടു പഠിക്കുന്നു. ഇളയവൻ അതുൽ റഹ്മാൻ ഏഴാം ക്ലാസ്സിലും.

നല്ല ഭക്ഷണത്തിനും ഉടുപ്പുകൾക്കും വേണ്ടി കൊതിക്കേണ്ടി വന്നൊരു ബാല്യമായിരുന്നു എന്റേത്. ചികിത്സ ചെയ്യാൻ ബുദ്ധിമുട്ടുന്നവരെയും ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്നവരെയും ഏതെങ്കിലും തരത്തിൽ സ ഹായിക്കണമെന്ന് ആഗ്രഹിച്ചു.

nargis002

ആദ്യം എന്റെ സമയമായിരുന്നു അവർക്കു കൊടുത്തത്. രോഗികൾക്കു കൂട്ടിരിക്കുക, ഭക്ഷണവും മരുന്നും വാങ്ങികൊടുക്കുക. പിന്നീട് വയനാട്ടിലെ ആദിവാസികൾക്കിടയിലായി പ്രവർ‌ത്തനങ്ങൾ. പഠനം, വസ്ത്രം, ഭക്ഷണം, മരുന്ന് ആവശ്യമുള്ളതെല്ലാം മറ്റുള്ളവരുടെ സഹകരണത്തോടെ നൽകിത്തുടങ്ങി.

വയനാട്ടിലെ ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനായി ഒരു കൂട്ടം ആളുകൾ 1998ൽ തുടങ്ങിയ എൻജിഒ ആണ് അഡോറ. അന്നത്തെ ഭാരവാഹികൾക്കു സ്വകാര്യ തിരക്കുകൾ വന്നപ്പോൾ പ്രവർത്തനങ്ങൾ  ഇല്ലാതായി. ആ സമയത്താണ് എന്നെ അഡോറയിലേക്ക് ക്ഷണിക്കുന്നത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഞാൻ അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചാർജെടുത്തു. ഇപ്പോൾ എട്ടു വർഷമായി അഡോറയിൽ പ്രവർത്തിക്കുന്നു. വയനാട്ടിൽ മാത്രമല്ല, സഹായം ചോദിച്ച് വിളിക്കുന്ന എല്ലാ ഇടങ്ങളിലേക്കും എത്തുന്നുണ്ട്.

മാലാഖമാർ തുന്നുന്ന ഉടുപ്പുകൾ

പെരുന്നാളും ഓണവും അടുത്തെത്തുമ്പോഴേക്കും ഫോണിൽ നിറയെ കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലുകൾ വരും.‘ഇത്താ, ങ്ള് എപ്പഴാ വരാ...?’’

പെരുന്നാളിനും ഓണത്തിനുമെല്ലാം ഞാൻ കോടിയുടുപ്പ് കൊണ്ടുചെല്ലുന്നത് നോക്കിയിരിക്കുന്ന 200 കുടുംബങ്ങളുണ്ട്. ആ വീടുകളിലെയെല്ലാം ഗൃഹനാഥൻ ഞാനാണ്. കഴി‍ഞ്ഞ ആണ്ടില് ഓടിയെത്താൻ കഴിയാതെ പെരുന്നാളിന്റെ ഉച്ചയ്ക്കും പോയി ഉടുപ്പുകൾ കൊടുത്തു.

ആദ്യമെല്ലാം കെഎസ്ആർടിസി ബസ്സിൽ തലച്ചുമടായാണ് വസ്ത്രങ്ങളും മറ്റും വയനാട്ടിലെ കാട്ടിലേക്കും ഉൾപ്രദേശങ്ങളിലേക്കും  പോയിരുന്നത്. പിന്നീട് ചെല്ലുമ്പോൾ നമ്മൾ കൊടുത്ത വസ്ത്രങ്ങളൊന്നും അവർ ധരിച്ചു കാണുന്നില്ല. അവർക്കാവശ്യമുള്ള സാധനങ്ങളല്ലേ കൊടുക്കുന്നത് എന്നു സംശയമായി. വില കൊടുക്കാതെ അവരുടെ ഇഷ്ടത്തിനു ഡ്രസ്സ് തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരിടം എന്ന ആശയത്തിലാണ് ആറു വർഷം മുൻപ് വയനാട്ടിൽ ‘ഏയ്ഞ്ചൽസ്’ എന്ന വസ്ത്രകട തുടങ്ങിയത്.

പിന്നീട് മൂന്നു ജില്ലകളിലായി ആറു ഷോപ്പുകൾ തുടങ്ങേണ്ടി വന്നു. ആവശ്യമുള്ള ആർക്കും അവിടെവന്നു വസ്ത്രമെടുക്കാം. ഒരു വ്യക്തിക്കു മൂന്നു വസ്ത്രമാണ് എടുക്കാനാകുക. പല വ്യക്തികളും കടകളും നൽകുന്നതാണ് വസ്ത്രങ്ങൾ. ഇതുവരെ 3956 പെൺകുട്ടികൾക്കു വിവാഹവസ്ത്രങ്ങളും സമ്മാനിക്കാൻ സാധിച്ചു.

നട്ടെല്ലിനു ക്ഷതം വന്നു കിടപ്പിലായ 42 രോഗികളെ കോയമ്പത്തൂർ സഹായ ഹോസ്പിറ്റലിൽ കൊണ്ടുപോയി മൂന്നുമാസത്തെ ഫിസിയോതെറപി ചെയ്തു സുഖപ്പെടുത്തി. ആദിവാസികൾക്കിടയിൽ എത്രയാളുകളാണെന്നോ തളർന്നു കിടക്കുന്നത്.

സുരേഷ് എന്ന ചെറുപ്പക്കാരന് കവുങ്ങിന്റെ മോളിൽ നിന്നു വീണാണ് പരുക്കേൽക്കുന്നത്. അവനെ ചികിത്സിക്കാനായി കോയമ്പത്തൂര് എല്ലാ സൗകര്യങ്ങളും പറഞ്ഞു വച്ചു. പോകേണ്ട ദിവസമായപ്പോൾ, ‘എന്തു ചെയ്താലും അസുഖം ഭേദപ്പെടാൻ പോകുന്നില്ലെന്നു’ പറഞ്ഞു സുരേഷും അമ്മയും വരാൻ തയാറായില്ല. കൂടുതൽ ചോദിച്ചറിഞ്ഞപ്പോഴാണ്,അവർ പലിശയ്ക്കു പണം വാങ്ങിയിരുന്നു. മൂന്നുമാസം മാറി നിന്നാൽ പലിശക്കാർ പ്രശ്നമുണ്ടാക്കുമോ എന്നാണ് പേടി.

പലിശക്കാരുടെ പൈസ തീർത്തു കൊടുത്തിട്ടാണ് അവരെ കൊണ്ടുപോകാനായത്. ഇപ്പോൾ സുരേഷ് ജോലിക്കു പോകുന്നുണ്ട്. ജീവിതത്തിൽ ഇതിലും വലിയ സന്തോഷം ഇത്തരം കാഴ്ചകളിൽ നിന്നല്ലാതെ എവിടെനിന്നു കിട്ടാൻ. അഡോറയുടെ ട്രഷറർ സതീഷ് അച്ഛന്റെ ഓർമയ്ക്കായി രണ്ടരയേക്കർ സ്ഥലം വയനാട് നടവയൽ എന്ന സ്ഥലത്തു വാങ്ങിത്തന്നിട്ടുണ്ട്. അവിടെ, ഒരു ഫിസിയോതെറപി സെന്റർ തുടങ്ങുന്നതാണ് എന്റെ സ്വപ്നം.

nargis001

കസേരകളെല്ലാം സിംഹാസനങ്ങളാകട്ടെ

വയനാട്ടിലുള്ള പാത്തുമ്മാത്ത ‘ഒരു കട്ടിൽ കിട്ടിയിരുന്നെങ്കിൽ’ എന്നു അയൽക്കാരോടു എപ്പോഴും മോഹം പറയും. വയസ്സായതുകൊണ്ട് താഴെക്കിടന്നശേഷം എഴുന്നേൽക്കാൻ ഭയങ്കര ബുദ്ധിമുട്ട്. വാങ്ങിക്കൊടുക്കാൻ മക്കളോ ബന്ധുക്കളോ ആരുമില്ല. പഴയൊരു കട്ടിലും കിടക്കയും ഒരിടത്തു നിന്നു കിട്ടിയപ്പോൾ പാത്തുമ്മാത്തയുടെ വീട്ടിൽ കൊണ്ടിട്ടു കൊടുത്തു. പല്ലില്ലാത്ത ആ ചിരിക്ക് ഉമ്മറത്തു തൂക്കിയ റാന്തൽ വിളക്കിനേക്കാൾ തെളിച്ചമുണ്ടായിരുന്നു.

ചില വീടുകളിൽ ചെല്ലുമ്പോൾ ഇരിക്കാൻ ഒരു കസേര പോലുമുണ്ടാകില്ല. പോരുന്നതു വരെ അവർ സങ്കടം പറയും. ‘ഇരിക്കാൻ ഒരു കസേര തരാൻ പോലും പറ്റിയില്ലല്ലോ.’ പിന്നീടു ആ വീട്ടിൽ കയറി ചെല്ലുമ്പോൾ എവിടെ നിന്നെങ്കിലും കിട്ടിയ കസേരയുമായിട്ടാണ് പോകുക.

‘വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഫർണിച്ചറുണ്ടെങ്കിൽ പറയണേ’ എന്നു കണ്ടുമുട്ടുന്ന എല്ലാവരോടും പറഞ്ഞു വയ്ക്കും. കട്ടിൽ, മേശ, അലമാരകൾ, വാതിലുകൾ, കട്ടിളകൾ എന്നിങ്ങനെ കിട്ടുന്ന ഫർണിച്ചറെല്ലാം ആവശ്യമുള്ളവർക്കു എത്തിച്ചു കൊടുക്കും.

അഡോറയുടെ നേതൃത്വത്തിൽ 69 പേർക്കു വീടു പണിതു കൊടുത്തു. ആറു വീടുകളുടെ പണി നടക്കുന്നു. രണ്ടു വീടിന്റെ പണി കഴിഞ്ഞെങ്കിലും കോൺട്രാക്ടർക്കു പണം കൊടുത്തു തീർക്കാൻ കഴിയാത്തതു കൊണ്ടു വീട്ടുകാർക്കു കൈമാറാൻ കഴിഞ്ഞിട്ടില്ല. വീടു പണിതു കൊടുക്കുന്നതിനോടൊപ്പം ആ വീട്ടിലേക്ക് ഉപ്പു മുതൽ കർപ്പൂരം വരെ വാങ്ങികൊടുക്കേണ്ട അവസ്ഥ വരാറുണ്ട്.

ഉമ്മയും ഉപ്പയുമാണ് എന്നെ ഇത്രയും ‘വഷളാക്കിയത്’ എന്നു പറയാം. എന്റെ മക്കളെയെല്ലാം നന്നായി നോക്കി, എനിക്കു പ്രവർത്തിക്കാൻ സമയമുണ്ടാക്കി തന്നത് അവരാണ്. പാതിരാത്രിയിൽ ബസ്സിറങ്ങി, കാത്തു നിൽക്കുന്ന ഉപ്പയുടെ ടോർച്ചിന്റെ വെട്ടത്തിൽ വീട്ടിലേക്കു നടന്ന ഓർമകൾക്ക് ഹൈ വോൾട്ടേജാണ്. സ്കൂളിൽ പഠിച്ച കവിതയിലെ വരികൾ ഇടയ്ക്കിടെ ഓർമ വരും. ‘ഹാ... സഫലമീ ജീവിതം’.