Thursday 08 March 2018 11:07 AM IST

നിർധനരായ കുഞ്ഞുങ്ങൾക്ക് വേണ്ടി 'സൂപ്പർ മോംസ്'; അഞ്ജലി അംജദ് വ്യത്യസ്തയാകുന്നത് ഇങ്ങനെ!

Nithin Joseph

Sub Editor

wday10

ഇരുപതാമത്തെ വയസ്സിലാണ് അഞ്ജലി ജീവിതത്തെ അതിന്റെ പൂർണതയിൽ മനസ്സിലാക്കുന്നത്. ഡോക്ടർമാരായ പി.കെ മോഹനന്റേയും പങ്കജത്തിന്റേയും മകൾ, സന്തോഷവും സമാധാനവും മാത്രമുള്ള ജീവിതം. ജീവിതത്തിലന്നോളം, തന്നെ നേരിട്ട് ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ചും അഞ്ജലി ചിന്തിച്ചിട്ടില്ല. എന്നാൽ, കാൻസർ രോഗം ബാധിച്ച അമ്മയുടെ മരണം അന്നുവരെയുണ്ടായിരുന്ന വിശ്വാസങ്ങളും സങ്കൽപങ്ങളും കീഴ്മേൽ മറിച്ചു. രോഗം മൂർച്ഛിച്ച്, ഇരുകാലുകളും മുറിച്ച് കളഞ്ഞതിനു ശേഷവും അമ്മയുടെ ജീവൻ രക്ഷിക്കാൻ ഈ ലോകത്തുള്ള ഒന്നിനും സാധിച്ചില്ല. സന്തോഷത്തിന്റെ ആകാശത്തു നിന്നു പെട്ടെന്നുള്ള വീഴ്ചയിൽ അഞ്ജലി പഠിച്ചത് ജീവിതത്തിന്റെ നിസ്സാരതയെന്ന വലിയ പാഠം.

സംസാരവൈകല്യമുള്ള കുട്ടികൾക്കുവേണ്ടി ‘സ്പീക്ക്’ എന്ന സ്ഥാപനം തുടങ്ങിയ അഞ്ജലി അംജദ് തന്റെ വളരെ അടുത്ത സുഹൃത്തുക്കളായ സ്ത്രീകളെ ചേർത്ത് രൂപം കൊടുത്ത പുതിയൊരു ആശയമാണ് ‘സൂപ്പർ മോംസ്’.

"ഈ പേരിടീലിനു പിന്നിൽ ഒരു കാരണമുണ്ട്, അമ്മമാർ മാത്രമാണ് അംഗങ്ങൾ. തൃശൂരിന്റെ വിവിധ ഭാഗത്തുനിന്നുള്ള പത്ത് അമ്മമാർ ചേർന്ന് തുടങ്ങിയ സംരംഭം, അതിൽ അധ്യാപകരും ഡോക്ടർമാരും, മനഃശാസ്ത്രജ്ഞരുമെല്ലാമുണ്ട്. കൂടാതെ, ഈ പത്തു പേരുടെ സുഹൃത്തുക്കളിൽ താൽപര്യമുള്ള അമ്മമാർക്കും പങ്കാളികളാകാം. അംഗങ്ങളുടെ ഒത്തുചേരലും, ചർച്ചകളും ക്ലാസ്സുകളുമെല്ലാം എന്റെ വീട്ടിൽത്തന്നെ.

ഓരോ അംഗങ്ങളും മുൻകൈയെടുത്ത് ഓരോ പദ്ധതി, അതായിരുന്നു ആദ്യ തീരുമാനം. സേവനങ്ങൾക്കുള്ള പണം കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. അതിലേക്ക് ഓരോ അംഗങ്ങളും തങ്ങളുടെ പ്രതിമാസ വരുമാനത്തിൽ നിന്ന് ഒരു തുക നീക്കി വച്ചു. ആദ്യപടിയായി സെറിബ്രൽ പാൽസി രോഗം ബാധിച്ച കുട്ടികൾക്ക് വൈദ്യസഹായം കൊടുത്തു. അടുത്ത പടിയായി നിർധനരായ അമ്മമാർക്ക് പലിശയില്ലാത്ത ലോണുകൾ നൽകി. മക്കളുടെ പഠനം, ചികിൽസ തുടങ്ങിയ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കാണ് ലോണുകൾ നൽകിയത്."

വനിതാ ദിനം സ്പെഷല്‍ കവറേജ്

വരും തലമുറയ്ക്കായ് 

"നിർധനർക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുന്ന രീതി മാറ്റണമെന്ന ചിന്തയിൽനിന്നാണ് ‘സൂപ്പർ മോംസി’ന്റെ പുതിയ പദ്ധതിയായ ‘കെയർ എ കിഡ്’ രൂപം കൊള്ളുന്നത്. ഒരു വർഷക്കാലത്തേക്ക് കൂട്ടത്തിലുള്ള എല്ലാ അമ്മമാരും നിർധനരായ ഓരോ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുക എന്നതാണ് പദ്ധതിയുടെ ആദ്യപടി. അടുത്ത ഒരു വർഷക്കാലത്തേക്ക് ആ കുട്ടി തങ്ങളുടെ ഉത്തരവാദിത്തമാണ്. അവർക്കു വേണ്ടതെല്ലാം ചെയ്ത്, അവരെ സംരക്ഷിക്കണം.

കുട്ടികൾക്കായി നിറവേറ്റേണ്ട കാര്യങ്ങളിൽ നിബന്ധനകളൊന്നും തന്നെയില്ല. ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്നതു പോലെ കാര്യങ്ങൾ ചെയ്യാം. കൃത്യമായ ഇടവേളകളിൽ കുട്ടികളെ സന്ദർശിക്കാം, അവർക്ക് ആവശ്യമായ പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, മരുന്നുകൾ വാങ്ങിക്കൊടുക്കാം. ഒരേയൊരു കാര്യത്തിൽ മാത്രമാണ് നിബന്ധനയുള്ളത്, ഏറ്റെടുത്ത കുട്ടിയെ കാണാൻ പോകുമ്പോൾ സ്വന്തം മക്കളെയും കൂടെ കൂട്ടണം. ഞങ്ങളുടെ പ്രവൃത്തി കണ്ട് സഹജീവികളെ സ്നേഹിക്കുവാനുള്ള താൽപര്യം വരും തലമുറയ്ക്കും ഉണ്ടാകണം എന്ന ലക്ഷ്യമാണ് ഈ ഉദ്ദേശ്യത്തിന് പിന്നിൽ."

അഞ്ജലി ഏറ്റെടുത്തിരിക്കുന്നത് വീടിനടുത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകളുടെ ഉത്തരവാദിത്തമാണ്. ഓരോ തവണ കുട്ടിയെ കാണാൻ പോകുമ്പോഴും മക്കളായ ആഷ്‌ലിനും ആംനയും അമ്മയോടൊപ്പം ഉണ്ടാകാറുണ്ട്. കുട്ടികളിൽ സാമൂഹിക പ്രവർത്തനത്തോടുള്ള താൽപര്യം വർധിപ്പിക്കാൻ ‘യങ് ഹാൻഡ്സ്’ എന്ന പേരിൽ പദ്ധതിയും തുടങ്ങിയിട്ടുണ്ട്. അമ്മമാർക്ക് പൂർണ പിന്തുണയുമായി സദാസമയവും ഈ കുട്ടികളുണ്ട്. 

തൃശൂർ ഡോൺബോസ്കോ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപികയാണ് അഞ്ജലി. ഭർത്താവ് അംജദ് ബിൽഡറാണ്. അദ്ദേഹത്തിന്റെ പിന്തുണയാണ് തന്റെ കരുത്തെന്ന് പറയുന്നു അഞ്ജലി.

മറ്റു വാര്‍ത്തകള്‍