Thursday 08 March 2018 11:33 AM IST

ഒരു പേന വാങ്ങുമ്പോൾ ഒരു ഔഷധവൃക്ഷം വളരുന്നു; ‘വിത്ത് ലൗ’ന്റെ വിജയത്തിനു പിന്നിലെ സൂപ്പർ വനിത!

Nithin Joseph

Sub Editor

wday5

'വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലിയ രീതിയിൽ ചെയ്യുക.’ ലക്ഷ്മി മേനോൻ ജീവിതത്തെ സമീപിക്കുന്ന രീതി ഇതാണ്. കുന്നിക്കുരുവോളം വലുപ്പത്തിൽ ആരംഭിച്ച്, കുന്നോളം ഉയരത്തിൽ എത്തുന്ന സ്വപ്നങ്ങൾ മാത്രമേ ആ ബുദ്ധിയിൽ വിരിയാറുള്ളൂ. അത്തരത്തിൽ തുടക്കമിട്ട വലിയ മുന്നേറ്റത്തിന്റെ പേര് ‘വിത്ത് ലൗ’.

പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പേപ്പർ ഉപയോഗിച്ച് നിർമിക്കുന്ന പേനയാണ് ‘വിത്ത് ലൗ’. പേപ്പർ കൊണ്ട് പേന നിർമിച്ച് വിൽക്കുന്നതിലുപരി പുതുമയും പ്രയോജനവുമുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽനിന്ന് ഓരോ പേനയിൽനിന്നും ഒരു മരം എന്ന പുത്തൻ ആശയത്തിന് ലക്ഷ്മി തിരി കൊളുത്തി. പേനയുടെ അറ്റത്ത് മരത്തിന്റെ വിത്ത് വയ്ക്കാം എന്ന തീരുമാനം അങ്ങനെയാണ് ഉണ്ടായത്.

‘നമ്മുടെ നാട്ടിൽ പേന ഉപയോഗിക്കാത്ത വീടുകളുണ്ടാവില്ല. ഒരുവട്ടം ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്ന പേന പരിസ്ഥിതിക്ക് ദോഷകരമായി മാറുന്നു. അതിന് തടയിടാനാണ് പേപ്പർ കൊണ്ടുള്ള പേന നിർമിച്ചതും അതിൽ വിത്തുകൾ വച്ചതും. പേനയുടെ മഷി തീരുമ്പോൾ മണ്ണിൽ കുത്തി വച്ച്, അൽപം വെള്ളവുമൊഴിച്ചാൽ ചെടി തനിയെ വളരും. അഥവാ, ആവശ്യം കഴി‍ഞ്ഞ് വലിച്ചെറിഞ്ഞാലും പേനയിലെ വിത്ത് പാഴാകില്ല. എന്നാൽ പേനയുടെ അറ്റത്ത് വളരെ ചെറിയ വിത്തുകൾ മാത്രമേ വയ്ക്കാൻ സാധിക്കൂ. അതുകൊണ്ട് ആദ്യഘട്ടത്തിൽ പച്ചക്കറി വിത്തുകളാണ് പരീക്ഷിച്ചത്. മരത്തിന്റെ വിത്തുകളുടെ വലുപ്പമായിരുന്നു വെല്ലുവിളി. അപ്പോഴാണ് അഗസ്ത്യമരത്തെക്കുറിച്ച് കേൾക്കുന്നത്. വളരെ ചെറിയ വിത്തുകളുള്ള, ധാരാളം ഔഷധഗുണമുള്ള വൃക്ഷം. തൈറോയ്ഡ് രോഗത്തിനുള്ള മരുന്നു കൂടിയാണ് അഗസ്ത്യമരത്തിന്റെ ഇലകളും പൂക്കളും. കാലികൾക്കുള്ള തീറ്റയായും ഇതുപയോഗിക്കാം. എന്നാൽ, ഇന്ന് വിത്തിന്റെ ലഭ്യത വളരെ കുറവാണ്. പലർക്കും ഈ മരത്തെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല. കുറേയധികം അന്വേഷിച്ചതിനു ശേഷമാണ് വിത്ത് സംഘടിപ്പിച്ചത്.’

വനിതാ ദിനം സ്പെഷൽ കവറേജ് 

നാളേക്കൊരു വിത്ത്

ഓരോ വീടുകളിലും ഒരു പേന വാങ്ങുമ്പോൾ ഒരു ഔഷധവൃക്ഷം വളരുന്നു എന്നതാണ് ‘വിത്ത് ലൗ’ന്റെ വിജയം. 2016ൽ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി നടൻ മമ്മൂട്ടിയാണ് ഉദ്ഘാടനം നടത്തിയത്. മൊത്തം ഒരു ലക്ഷം പേന വിൽക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ നാലു മാസം കൊണ്ടു തന്നെ അത്രയും പേനകൾ വിൽക്കാൻ ലക്ഷ്മിക്ക് സാധിച്ചു.

‘നമ്മളോരോരുത്തരും പരിസ്ഥിതിസ്നേഹികളാണ്. പരിസ്ഥിതിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹ വും എല്ലാവർക്കുമുണ്ട്. പക്ഷേ, എന്ത് ചെയ്യണമെന്ന് മാത്രം അറിയാതെ, ആദ്യപടി മറ്റാരെങ്കിലും ചെയ്യാൻ വേണ്ടി കാത്തുനിൽക്കും. പന്ത്രണ്ട് രൂപയാണ് ഒരു പേനയുടെ വില, കൃത്യമായി പറ‍ഞ്ഞാൽ ഒരു ചായയുടെ വിലയ്ക്ക് നിങ്ങൾക്കൊരു മരം നടാൻ സാധിക്കും. മരങ്ങൾ നമുക്ക് നൽകുന്ന സേവനങ്ങൾ കണക്കിലെടുത്ത് വിലയിട്ടാൽ ഓരോ മരത്തിനും കുറ‍ഞ്ഞ പക്ഷം ആറ് ലക്ഷം രൂപ വില നൽകേണ്ടി വരും. നിങ്ങൾ വാങ്ങുന്ന ഓരോ പേനയും ഓരോ ഓക്സിജൻ സിലിണ്ടറുകളാണ്.’

ലക്ഷ്മിയുടെ ആശയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പേനകൾ നിർമിക്കുന്ന തൊഴിലാളികളെല്ലാവരും സ്ത്രീകളാണ്. പേനയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതും ലക്ഷ്മിയുടെ വീട്ടിൽത്തന്നെ. മുപ്പതോളം  പേർ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി അരയൻകാവിലെ തന്റെ വീടിനടുത്തുള്ള സ്ത്രീകൾക്ക് തൊഴിൽ നൽകാൻ സാധിച്ചതും തന്റെ വിജയമാണെന്ന് ലക്ഷ്മി വിശ്വസിക്കു‍ന്നു.

സമ്മാനമായി നൽകാനും ആളുകൾ ലക്ഷ്മിയുടെ പേനയ്ക്കായി എത്താറുണ്ട്. ആവശ്യക്കാരുടെ താൽപര്യത്തിനൊത്ത നിറങ്ങളിലും ഡിസൈനുകളിലും പേനകൾ നിർമിച്ചു നൽകാറുണ്ട്. എന്നാൽ, സ്കൂൾ വിദ്യാർഥികൾക്ക് മാത്രം പേനകൾ കൊടുക്കാറില്ല. അതിന് ലക്ഷ്മി പറയുന്ന കാരണം ഇതാണ്. ‘സ്ഥിരമായി പേന ഉപയോഗിക്കുന്ന വിദ്യാർഥി കൾക്ക് പന്ത്രണ്ട് രൂപ മുടക്കി പേപ്പർ പേന വാങ്ങുന്നത് നഷ്ടമാണ്. അതുകൊണ്ട് പേപ്പർ പേനകൾ ഉപയോഗിക്കാൻ  അവരെ പ്രോൽസാഹിപ്പിക്കാറില്ല. ഇടയ്ക്കിടെ ബോൾപോയിന്റ് പേനകൾ വാങ്ങി, ആവശ്യം കഴിഞ്ഞ് പുറത്തേക്ക് വലിച്ചെറിയുന്നതിനു പകരം കുട്ടികൾ ഫൗണ്ടെയ്ൻ പേന ഉപയോഗിച്ച് എഴുതണം.’

ഇന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും നിറഞ്ഞുനിൽക്കുന്നു ലക്ഷ്മിയുടെ ‘വിത്ത് ലൗ’. ലോകമെമ്പാടും ആളുകളെ ഏറ്റവുമധികം സ്വാധീനിച്ച 10 വനിതാ സംരംഭകരിൽ ഒരാളായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, ഈ മലയാളി വനിത.

ലക്ഷ്മി മേനോന്റെ കൗതുകകരമായ ഉദ്യമങ്ങൾ ഇതാദ്യമല്ല. പ്രായമായ അമ്മമാരെ ഉൾപ്പെടുത്തിക്കൊണ്ട് വിളക്കുതിരി നിർമിക്കുന്ന ‘അമ്മൂമ്മത്തിരി’ എന്ന സംരംഭം ലോകശ്രദ്ധ നേ ടിയിരുന്നു. ഇന്റീരിയർ ഡിസൈനറായ ലക്ഷ്മിക്ക് പൂർണ പി ന്തുണയുമായി അമ്മ ശ്രീദേവിയും അമ്മൂമ്മ ഭവാനിയമ്മയുമുണ്ട്. പേരുകൾ നൽകുന്നതിലും ലക്ഷ്മിക്ക് തന്റേതായ ശൈലി ഉണ്ട്. ആ പേരിടീൽ ഇന്നെത്തി നിൽക്കുന്നത് ‘വിളക്കുമരം’ എന്ന ആശയത്തിൽ. സമൂഹത്തിന്റെ വിളക്കായി മാറിയവരെക്കൊണ്ട് തന്റെ തൊടിയിൽ നിറയെ മരത്തൈകള്‍ നട്ടു പിടിപ്പിച്ച്, അത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയാണ് ലക്ഷ്മിയുടെ ചെറിയ വലിയ സ്വപ്നം.

മറ്റു വാർത്തകൾ