Thursday 08 March 2018 11:39 AM IST

സ്വന്തം പേര് മറന്നുതുടങ്ങി, ഇന്നിവള്‍ 'ചിതലാ'ണ്; സിഫിയയുടെ അദ്‌ഭുതപ്പെടുത്തുന്ന ജീവിതകഥ

Nithin Joseph

Sub Editor

wday2

പാലക്കാട്ടെ വടക്കുംചേരിയിലെത്തി സിഫിയ ഹനീഫിന്റെ വീട് ചോദിച്ചാൽ പലരും ആദ്യമൊന്നു നെറ്റി ചുളിക്കാറാണ് പതിവ്. എന്നാൽ ‘ചിതലിന്റെ വീടെവിടെ’ എന്നു ചോദിച്ചാൽ വീണ്ടുമൊരു വട്ടം ആലോചിക്കാതെ ആരും വഴി പറഞ്ഞു തരും. ചിതലെന്ന പേരു പോലെ തന്നെ വ്യത്യസ്തമാണ് ഈ വനിതയുടെ ജീവിതവും.

പതിനാറാം വയസ്സിലായിരുന്നു സിഫിയയുടെ വിവാഹം. ഭർത്താവ് അപകടത്തിൽ മരിക്കുമ്പോള്‍ സിഫിയയ്ക്ക് ഇരുപത് വയസ്സ്. ജീവിതം വഴിമുട്ടിയപ്പോൾ രണ്ട് മക്കളെയും കൊണ്ട് സ്വന്തം വീട്ടിൽ തിരിച്ചെത്തി. ‘വിധവയെന്ന വിശേഷണം എത്ര ഭീകരമെന്ന് തിരിച്ചറിഞ്ഞ നാളുകളിൽ മറ്റുള്ളവർക്ക് ഭാരമാകരുതെന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. പ്ലസ് വണ്ണിൽ നിലച്ച പഠനം വീണ്ടും തുടങ്ങണമെന്ന തീരുമാനത്തിന് എല്ലായിടത്തു നിന്നും എതിർപ്പാണ് കിട്ടിയത്. കുത്തുവാക്കുകളെ അവഗണിച്ച് പ്ലസ് ടു പൂർത്തിയാക്കി, ഡിഗ്രിക്ക് ചേർന്നു. നിവൃത്തിയില്ലാതെ വന്നപ്പോൾ കൈക്കുഞ്ഞിനെയുമെടുത്ത് ജോലി തേടി ബെംഗളൂരുവിലേക്ക്.’

വിശന്ന് തളർന്ന് പനി പിടിച്ച കുഞ്ഞിനെയും കൊണ്ട്, തല ചായ്ക്കാൻ ഒരിടമില്ലാതെ, ബെംഗളൂരു നഗരത്തിലൂടെ അലഞ്ഞ സിഫിയയുടെ മുന്നിൽ പടച്ചോൻ എത്തിയത് പ്രായമേറിയ ഒരു സ്ത്രീയുടെ രൂപത്തിലാണ്. ‘പാട്ടി’ എന്ന് സിഫിയ സ്നേഹത്തോടെ വിളിക്കുന്ന അവർ സിഫിയയെ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ എത്തിച്ചു.

‘ഏഴു മാസം ബെംഗളൂരുവിൽ ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ചു. പിന്നീട് തിരികെ നാട്ടിലെത്തി കുട്ടികൾക്ക് ട്യൂഷനെടുത്ത് ജീവിതം മുന്നോട്ടോടിച്ചു. ഭർത്താവ് മരിച്ച സ്ത്രീകളുടെ അവസ്ഥ എത്ര ഭീകരമാണെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് പഠിച്ചതിന്റെ ഫലമായിട്ടാണ് അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലെത്തിയത്. ജോലിയിൽനിന്ന് കിട്ടുന്ന ചെറിയ വരുമാനത്തിൽ ഒരു വിഹിതം മാറ്റിവച്ച് അഞ്ച് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തു. കുട്ടികളെല്ലാം വിധവകളുടെ മക്കളായിരുന്നു.’

ഇനിയുമേറെ ചെയ്യാൻ തനിക്ക് സാധിക്കുമെന്ന തിരിച്ച റിവിൽ അംഗവൈകല്യമുള്ള കുട്ടികൾക്ക് ചികിൽസാ സ ഹായവും നൽകാൻ തുടങ്ങി, സിഫിയ. ചെലവിനുള്ള തുക കണ്ടെത്താൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂടുതൽ കുട്ടികൾക്ക് ട്യൂഷനെടുത്തു. പിന്തിരിപ്പിക്കാൻ പലരുമുണ്ടായിരുന്നു. ഉദ്ദേശ ശുദ്ധി മനസ്സിലാക്കി കൈസഹായം തന്നവർ ചുരുക്കം.

വടക്കുംചേരി സ്വദേശി ഹനീഫിന്റേയും സുബൈദയുടേയും മകൾ സിഫിയ ചിതലായി പരിണമിച്ചത് ഫെയ്സ്ബുക്കിലൂടെയാണ്. സാമൂഹിക പ്രശ്നങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ ആരംഭിച്ച ഫെയ്സ്ബുക്ക് പേജിന്റെ പേരാണ് ‘ചിതൽ’. വിധവകളുടെയും നിർധനരുടെയും ജീവിതങ്ങളെ ഫെയ്സ്ബുക്കിലൂടെ ജനങ്ങളിലേക്ക് എത്തിച്ച തിന്റെ ഫലമായി പല സ്ഥലങ്ങളിൽനിന്നും സിഫിയയ്ക്ക് സഹായങ്ങൾ ലഭിച്ചു. പിന്നീടെപ്പോഴോ സിഫിയയും സ്വന്തം പേര് മറന്നുതുടങ്ങി. ഇന്നവള്‍ ചിതലാണ്. അനവധിപ്പേരുടെ ജീവിതങ്ങൾ കെട്ടിപ്പൊക്കാൻ താങ്ങും തണലുമായി നിൽക്കുന്നവൾ. കണ്ടുമുട്ടുന്നവരെല്ലാം വിളിക്കുന്നതും ചിതലെന്നു തന്നെയാണ്. ലഭിച്ച പുരസ്കാരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതും അതേ പേര് തന്നെ. ചിതൽ എന്ന പേരിലാണ് ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഫിയയെ മാതൃകയാക്കി ജോലിക്ക് പോയ നിരവധി സ്ത്രീകളുണ്ട്.

വനിതാ ദിനം സ്പെഷല്‍ കവറേജ്

ഇനിയുമേറെ ദൂരം

‘നാലു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച ചിതലിന്റെ പ്രവർത്തനങ്ങളുടെ ഫലം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾ ഇന്നുണ്ട്. മുപ്പതിലധികം പെൺകുട്ടികളുടെ വിവാഹം ന ടത്തിക്കൊടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എട്ട് പേർക്ക് വീടുകൾ നിർമിച്ചു നൽകി. രോഗങ്ങൾ ബാ ധിച്ച കുട്ടികളുള്ള അമ്മമാർക്കാണ് എല്ലാ കാര്യങ്ങളിലും മുൻഗണന നൽകുന്നത്. ഇരുപത്തിനാല് കുടുംബങ്ങൾക്ക് ശുചിമുറി നിർമിച്ചു നൽകി. അമ്പത് നിർധന കുടുംബങ്ങളെ സ്പോൺസർ ചെയ്ത്, അവരുടെ നിത്യ ചെലവുകൾ മുഴുവനായി നോക്കി നടത്തുന്നു.

അവർക്കുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് ഇവയെല്ലാം കൃത്യമായി എത്തിക്കുന്നു. നൂറ് കുട്ടികൾക്ക് പഠനസഹായം നൽകുന്നു. കാൻസർ രോഗബാധിതർക്ക് മരുന്ന് വിതരണം ചെയ്യുന്നു. നിർധനരായ രോഗികൾക്ക് പാല ക്കാട് നിന്നു തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയ്ക്ക് പോകാനുള്ള ബുദ്ധിമുട്ട് കുറയ്ക്കാൻ ഒരു വണ്ടി വാങ്ങുകയാണ് അടുത്ത ലക്ഷ്യം.’ ഈ തിരക്കുകൾക്കിടയിലും സിഫിയ പഠനം തുടരുന്നു. ഇംഗ്ലിഷിൽ ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ യും ചെയ്ത സിഫിയ ബി.എഡ് പഠനവും പൂർത്തിയാക്കി, എം.എ ചെയ്യാനുള്ള തയാറെടുപ്പിലാണ്.

സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ഇറങ്ങി ആദ്യവർഷം അഞ്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് പെരുന്നാളിന് ഭക്ഷണകിറ്റുകൾ എത്തിച്ച സിഫിയ ഇക്കഴി‍ഞ്ഞ പെരുന്നാളിന് 750 കു ടുംബങ്ങളിലാണ് സ്നേഹത്തിന്റെ അന്നവുമായി എത്തിയത്. ഇതൊന്നും തന്റെ മാത്രം കഴിവായി കാണുന്നില്ല സിഫിയ. ഇ പ്പോൾ പലരും മനസ്സറിഞ്ഞ് സഹായിക്കുന്നു. സഹജീവികളെ സഹായിക്കാൻ സന്നദ്ധതയുള്ള ഒരുപാട് പേരുടെ നല്ല മനസ്സ് അർഹതപ്പെട്ടവരിലേക്ക് എത്തുന്ന വഴി മാത്രമാണ് താനെന്ന് സിഫിയ.

മറ്റു വാര്‍ത്തകള്‍