Thursday 08 March 2018 11:16 AM IST

സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റുന്ന സ്ഥലങ്ങൾ ഏതൊക്കെ? ഈ ചോദ്യത്തിനു സജ്നയുടെ മറുപടി ഇങ്ങനെ!

Nithin Joseph

Sub Editor

wday6

മൂന്ന് വർഷം മുൻപ് കോഴിക്കോട് മാങ്കാവ് സ്വദേശി സജ്ന അലി തന്റെ ട്രാവലിങ് ബാഗുമെടുത്ത് ഒരു യാത്രയ്ക്കിറങ്ങി, കൂട്ടിനാരുമില്ലാതെ. തീവണ്ടി കയറുമ്പോൾ മനസ്സിലെ ലക്ഷ്യം ഒറീസ. പേടിയും ഉത്കണ്ഠയുമെല്ലാം ചുറ്റുമുള്ളവർക്കായിരുന്നു. സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്താൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് കണ്ടുപിടിക്കാൻ സജ്ന നടത്തിയ ആ പരീക്ഷണത്തിൽ കിട്ടിയ ഉത്തരം ‘ഇല്ല’ എന്നായിരുന്നു. 

യാത്രയുടെ വിശേഷങ്ങൾ കേട്ട സുഹൃത്തുക്കള്‍ ഒരേ സ്വരത്തിൽ സജ്നയോട് ആവശ്യപ്പെട്ടത് തങ്ങളെയും ഒപ്പം കൂട്ടാനാണ്. വീണ്ടും രണ്ടു വർഷങ്ങൾക്കുശേഷം അവരുടെ ആവശ്യം സാധിച്ചു കൊടുക്കാൻ സജ്നയ്ക്ക് സാധിച്ചു. അങ്ങനെയാണ് സ്ത്രീകൾക്കു മാത്രമായി യാത്രകൾ പോകാനൊരു സംരംഭം എന്ന ആശയം ഉടലെടുക്കുന്നത്.

യാത്രാസംഘത്തിന് ‘അപ്പൂപ്പൻതാടി’ എന്ന പേര് നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല സജ്നയ്ക്ക്. ‘അപ്പൂപ്പൻതാടി’ക്കൊപ്പം സഞ്ചരിക്കണമെങ്കിൽ ഒരേയൊരു നിബന്ധനയേ ഉള്ളൂ, സ്ത്രീകൾക്ക് മാത്രമേ സജ്നയുടെ നോൺസ്റ്റോപ്പ് വണ്ടി പച്ചക്കൊടി കാട്ടുകയുള്ളൂ. വരാൻ മനസ്സുള്ളവരുടെ പ്രായത്തിന് പ്രത്യേകിച്ച് റോളുകളൊന്നുമില്ല. ആറ് വയസ്സുള്ള കുട്ടി മുതൽ അറുപത്തിയഞ്ച് വയസ്സുള്ള മുത്തശ്ശി വരെ അപ്പൂപ്പൻതാടിക്കൊപ്പം ചിറകു വീശി പറന്നിട്ടുണ്ട്.

വനിതാ ദിനം സ്പെഷല്‍ കവറേജ്

യാത്രകളാണ് ജീവിതം

‘യാത്രകളോടുള്ള ഭ്രമം പെട്ടെന്നൊരു നാൾ തുടങ്ങിയതല്ല. ലോറി ഡ്രൈവറായ ഉപ്പയോടൊപ്പമാണ് ആദ്യ യാത്രകളെല്ലാം പോയത്. അധികം ദൂരമൊന്നുമല്ല, രാവിലെ പോയിട്ട് വൈകിട്ട് തിരികെ വീട്ടിലെത്താവുന്ന തരത്തിൽ ചെറിയ ദൂരത്തുള്ള സ്ഥലങ്ങൾ മാത്രം. അതിനപ്പുറത്തേക്കുള്ള സഞ്ചാരങ്ങൾക്ക് തടയായി നിന്നത് പെണ്ണായി ജനിച്ചു എന്നുള്ളതാണ്. പിന്നീട് പഠനമെല്ലാം പൂർത്തിയാക്കി തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലിക്ക് കയറി. ഒൻപത് വർഷം കംപ്യൂട്ടറുമായി പട വെട്ടി. അതിനിടയിലാണ് തനിച്ചുള്ള സഞ്ചാരം മനസ്സിൽ കയറിയത്. ആദ്യമായി യാത്ര പുറപ്പെടുമ്പോൾ കിട്ടിയ പ്രതികരണങ്ങളെല്ലാം എതിർപ്പിന്റെ സ്വരമായിരുന്നു.’

എതിർപ്പുകളെ വക വയ്ക്കാതെ മുന്നോട്ട് കാലെടുത്തു വച്ച സജ്ന അൻപത്തിയഞ്ച് യാത്രകളാണ് വിജയകരമായി പൂർത്തിയാക്കിയത്. അപ്പൂപ്പൻതാടിയുടെ ആദ്യയാത്ര കൊല്ലം തെൻമല ഇക്കോ– ടൂറിസം സെന്ററിലേക്കായിരുന്നു. എട്ട് പേരടങ്ങുന്ന ചെറിയ സംഘം. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചത് അടുത്ത യാത്രയുടെ തീയതിയും സമയവും. അതോടെ സജ്ന തിരിച്ചറിഞ്ഞു, ഇതാണ് തന്റെ വഴിയെന്ന്.

‘ജീവിതത്തിന്റെ  മുഴുവൻ സമയവും അപ്പൂപ്പൻതാടിക്കായി മാറ്റി വച്ചു. ജോലിയുടെ തിരക്കുകൾ സ്വപ്നങ്ങൾക്കു മുന്നിൽ തടസ്സമാകുമെന്ന് തോന്നിയപ്പോൾ ജോലി രാജി വച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് അഞ്ഞൂറോളം സ്ത്രീകളെ യാത്ര കൊണ്ടുപോയി.’ 

തവാങ്, ഉത്തരാഖണ്ഡ്, മേഘാലയ എന്നിങ്ങനെ സജ്നയുടെ കാൽപ്പാടുകൾ പല വട്ടം പതിഞ്ഞ സ്ഥലങ്ങൾ നിരവധി. ഇത്രയും കാലത്തെ യാത്രകളിലൊന്നിൽ പോലും ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ല.

യാത്ര ചെയ്യുന്ന വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചാണ് സ്ഥലങ്ങൾ നിശ്ചയിക്കുന്നത്. ഓരോ മാസവും കുറഞ്ഞത് നാലു യാത്രകൾ നടത്താറുണ്ട്. പ്രായം തളർത്താത്ത മനസ്സുമായി ഒരുപാടു സ്ത്രീകളാണ് മുന്നോട്ട് വരുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലെ കൊളുക്കുമല ടീ എസ്റ്റേറ്റിലേക്ക് നടത്തിയ ട്രക്കിങ്ങിൽ പങ്കെടുത്തവരിൽ ഏഴു പേർ അറുപതു പിന്നിട്ടവർ.

കൊളുക്കുമലയുടെ മുകളിലെ ക്യാംപിൽ വച്ചാണ് ഷീലാ രവീന്ദ്രൻ എന്ന സഞ്ചാരിയുടെ അറുപതാം പിറന്നാൾ സജ്നയും സംഘവും ചേർന്ന് ആഘോഷിച്ചത്. ആദ്യം തനിയെ സന്ദർശിച്ച് മുഴുവനായി മനസ്സിലാക്കിയതിനു ശേഷം മാത്രമേ സജ്ന ആളുകളെ അങ്ങോട്ടേക്ക് കൊണ്ടുപോകാറുള്ളൂ. 

തുടക്കത്തിൽ അൽപം പിന്നോട്ടു വലിച്ചത് വീട്ടുകാരുടെ എതിർപ്പായിരുന്നു. എന്നാലിന്ന് ഉപ്പ ആലിക്കോയയ്ക്കും ഉമ്മ മറിയയ്ക്കും ഒറ്റ കാര്യത്തിലേ നിർബന്ധമുള്ളൂ, എവിടെ പോയാലും വീട്ടിലേക്ക് വിളിക്കണം, എപ്പോൾ വിളിച്ചാലും ഫോണെടുക്കണം.

‘സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റുന്ന സ്ഥലങ്ങൾ ഏതൊക്കെ’ എന്ന ചോദ്യത്തോട് സജ്നയുടെ മറുപടി ഇങ്ങനെ. ‘സ്വന്തം വീട്ടിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പേടിച്ച് മാറി നിൽക്കാതെ ധൈര്യത്തോടെ മുന്നോട്ട് പോയാൽ ഏതു സ്ഥലവും സുരക്ഷിതമാണ്.’

മറ്റു വാര്‍ത്തകള്‍