Thursday 08 March 2018 11:14 AM IST

അന്ന് സ്‌റ്റേജ് കാണുമ്പോൾ മുട്ട് കൂട്ടിയടിക്കുമായിരുന്നു; ഇന്ന് അറിയപ്പെടുന്ന കരിയർ ഗൈഡൻസ് മോട്ടിവേറ്ററും!

Nithin Joseph

Sub Editor

wday7

ഇടുക്കി ജില്ലയിലെ രാജാക്കാട് നിന്ന് പാലായിലെ എൻജിനീയറിങ് കോളജിൽ എത്തിയ ശീതൾ തോമസിന് സ്‌റ്റേജ് കാണുമ്പോൾ മുട്ട് കൂട്ടിയടിക്കുമായിരുന്നു. മൈക്ക് പിടിക്കുമ്പോൾ കൈ കിടുകിടാന്ന് വിറയ്ക്കും. ആൾക്കൂട്ടത്തിനു മുന്നിൽനിന്ന് സംസാരിക്കുന്ന കാര്യം ഓർക്കാനേ വയ്യ. സഹപാഠികളിൽ പലരും യാതൊരു ഭയവും കൂടാതെ എത്ര വലിയ ആൾക്കൂട്ടത്തേയും അഭിമുഖീകരിച്ച് സംസാരിക്കുന്നത് ശീതൾ അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. എന്നാൽ, നാലു വർഷത്തെ എൻജിനീയറിങ് ജീവിതത്തിനു ശേഷം ശീതൾ ഇന്ന് വിദ്യാർഥികളോട് ധൈര്യപൂർവം സംസാരിക്കുന്നത് ഭാവിയെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമാണ്.

‘എൻജിനീയറിങ് പഠനം അവസാനവർഷം എത്തിനിൽക്കുമ്പോൾ വീടിനടുത്തുള്ള മോളി ആന്റിയാണ് കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ എടുക്കാൻ വിളിക്കുന്നത്. ആദ്യം കുറച്ച് പേടി ഉണ്ടായിരുന്നെങ്കിലും പതിയെ ആ ജോലി ഇഷ്ടപ്പെട്ടു തുടങ്ങി. അതിനു ശേഷമാണ് സ്വന്തമായി ക്ലാസ്സുകൾ തുടങ്ങിയത്.’ വീടിന് സമീപത്തുള്ള സ്കൂളുകളിലേയും പള്ളിയിലെ വേദപാഠ ക്ലാസ്സിലേയും കുട്ടികൾക്കാണ് ശീതൾ ആദ്യം ക്ലാസ്സുകൾ നടത്തിയത്.

‘പത്താം ക്ലാസ്സിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളുടെയെല്ലാം മനസ്സിലുള്ള ചോദ്യമാണ് ഇനിയെന്ത് എന്നുള്ളത്. കൃത്യസമയത്ത് പറഞ്ഞുകൊടുക്കാൻ ആരുമില്ലാത്തതിന്റെ പേരിൽ പഠനം പാതിവഴിയിൽ നിന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലർ ഒന്നും ആ ലോചിക്കാതെ തെറ്റായ തീരുമാനങ്ങളെടുത്ത് ഭാവികളെയും. മറ്റ് സ്ഥലങ്ങളിലേതു പോലെ കുട്ടികൾക്ക് സംശയങ്ങൾ കേട്ട് നിർദേശങ്ങൾ കൊടുക്കാൻ ആരും ഉണ്ടാകാറില്ല. പലരും പേരിനു വേണ്ടി മാത്രമായി ഏതെങ്കിലും ഒരു ഡിഗ്രി എടുക്കും. അതിനുശേഷം പഠനവുമായി ഒരു ബന്ധവുമില്ലാത്ത ജോലി ചെയ്ത് ജീവിതം തീർക്കും. നാട്ടിൽ പതിവ് കാഴ്ചയാണിത്. കൃത്യസമയത്ത് പറഞ്ഞു കൊടുത്താൽ അവർക്ക് വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കും.’

വനിതാ ദിനം സ്പെഷല്‍ കവറേജ്

അനുഭവങ്ങൾ പാഠമായി

ശീതളിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് പലരും ക്ലാസ്സുകൾ നടത്താനായി വിളിക്കാറുണ്ട്. വിവിധ കുടുംബശ്രീകളിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ മക്കൾക്ക് ക്ലാസ്സെടുക്കാനായി വിളിക്കുമ്പോൾ ശീതൾ പറ്റില്ലെന്ന് പറയാറില്ല. പിന്നീട് ഇടവക പ്പള്ളിയിലെ അച്ചന്റെ പിന്തുണയോടെ പ ള്ളിയിലും ക്ലാസ്സുകൾ നടത്തി. എൻജിനീയറിങ് പഠനം കഴിഞ്ഞ് കൊ ച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ ശീ തൾ ആഴ്ചയിലെ രണ്ട് അവധി ദിവസങ്ങളിലാണ് നാട്ടിലെത്തി ക്ലാസ്സുകൾ നടത്തുന്നത്. പ്രതിഫലമൊന്നും വാങ്ങാതെ ക്ലാസ്സുകൾ നടത്തുന്ന ശീതൾ ചിലപ്പോൾ താൽപര്യമുള്ള കൂ ട്ടുകാരെയും ഒപ്പം കൂട്ടാറുണ്ട്.

‘തുടക്കത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സുകൾ മാത്രമാണ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോൾ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകളും കൊടുക്കുന്നു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നു. 

ആദ്യം അവരുടെ താൽപര്യങ്ങളും കഴിവുകളും മനസ്സിലാക്കി, അതിനനുസരിച്ചുള്ള കരിയർ നിർദേശിക്കും. ചില കരിയർ തിരഞ്ഞെടുക്കുമ്പോൾ കുട്ടികൾക്ക് ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ വ്യക്തമായി പഠിച്ചിട്ടേ അവർക്ക് മറുപടി കൊടുക്കാറുള്ളൂ.’

മോട്ടിവേഷൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ ആദ്യം കുട്ടികൾക്ക് ശീതൾ പറഞ്ഞുകൊടുത്തതും താൻ പരാജയപ്പെട്ട മേഖലകളെക്കുറിച്ചായിരുന്നു. എങ്ങനെ ഒരു പൊതുവേദിയെ പേടി കൂടാതെ അഭിമുഖീകരിക്കാം, എങ്ങനെ നല്ല പ്രസംഗങ്ങള്‍ നടത്താം എന്നിങ്ങനെ നിരവധി കാര്യങ്ങൾ. ഇതെല്ലാം പഠിക്കാനും  പഠിപ്പിക്കാനും ശീതളിനെ സഹായിക്കുന്നത് സുഹൃത്തും പഴ്സനാലിറ്റി ട്രെയിനറുമായ ജെനിയാണ്. 

ജെനിയുടെ സഹായത്തോടെയാണ് വയനാട് മീനങ്ങാടിയിലുള്ള ട്രൈബൽ സ്കൂളിലെ കുട്ടികൾക്കായി ക്ലാസ്സുകൾ നടത്തിയത്. ക്ലാസ്സുകൾ നടത്തുന്നതിലുപരിയായി കുറച്ച് കുട്ടികളെ സ്പോൺസർ ചെയ്ത് പഠിപ്പിക്കണമെന്നാണ് ശീതളിന്റെ ആഗ്രഹം. അതിനുള്ള തുക കണ്ടെത്താനായി ചെറിയ കുട്ടികള്‍ക്കായി ഒരു പ്ലേ സ്കൂൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ശീതളും സുഹൃത്തുക്കളും.

കിട്ടുന്ന വരുമാനംകൊണ്ട് കഴിവും അർഹതയുമുള്ള ഒ രാൾക്കെങ്കിലും പഠിക്കാൻ സാധിച്ചാൽ അതൊരു വലിയ മാ റ്റമായിരിക്കുമെന്ന് ശീതൾ വിശ്വസിക്കുന്നു. ‘ഇതുവരെ ഞാൻ ചെയ്തിട്ടുള്ളതൊന്നും വലിയ കാര്യങ്ങളല്ല. എന്റെ കുറവിനെ സ്വയം മറികടക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് കുട്ടികൾക്ക് ക്ലാസ്സെടുക്കാൻ തുടങ്ങിയത്. എന്നാൽ അതുകൊ ണ്ട് കുറച്ച് പേർക്കെങ്കിലും പ്രയോജനം കിട്ടുന്നത് വലിയ സ ന്തോഷമാണ്.’ രാജാക്കാട് സ്വദേശിയായ തോമസിന്റെയും സാലിയമ്മയുടെയും  മകളുടെ സ്വപ്നങ്ങളുടെ  ആകാശം വളരുകയാണ്. ലക്ഷ്യം നല്ലതാണെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് വിശ്വസിക്കുന്നു, ഈ പെൺകുട്ടി.

മറ്റു വാര്‍ത്തകള്‍