Tuesday 23 January 2018 05:13 PM IST : By രാഖി പാര്‍വതി

പാട്ടു കേട്ടാൽ പോലും അവളുടെ എല്ലുകൾ പൊടിഞ്ഞിരുന്നു, എന്നിട്ടും...! ഈ മിടുക്കിയെ പരിചയപ്പെടാം

dhanya_ravi

അവൾ പുഞ്ചിരിക്കാതെ ആരോടും സംസാരിക്കാറില്ല... പരിചയപ്പെടുന്നവരോട് സ്നേഹത്തോടെ അല്ലാതെ ഒരു വാക്കു പോലും പറയാതെയും ഇരിക്കില്ല. ഇത്രയും പോസിറ്റീവ് ആ പെൺകുട്ടി ഒരു പക്ഷെ സോഷ്യൽമീഡിയയിൽ നിങ്ങളുടെയും സുഹൃത്തായിരിക്കും. അവൾ ധന്യ രവി... ചിറകുകൾ തളർന്നു പോകുന്ന ശരീരം വേദനമാത്രം നൽകുന്ന അസുഖം ബാധിച്ചിട്ടും അവൾ ജീവിതത്തെ നോക്കി പറയുന്നു...‘‘ദൈവം എനിക്ക് നിറയെ സ്നേഹമുള്ളവരെ തന്നു, അവസരങ്ങൾ തന്നു.’’

പാലക്കാട് ജില്ലയിൽ നിന്ന് ബംഗലൂരുവിലേക്ക് പറിച്ച് നട്ട കുപ്പത്തിൽ രവി, നിർമ്മല ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നപ്പോൾ അവർ ഏറെ സന്തോഷിച്ചു. കുടുംബത്തിന് ഐശ്വര്യമാകേണ്ട മകളെ താലോലിച്ചു. കുഞ്ഞ് ജനിച്ച് 56 ദിവസം ആയപ്പോഴാണ് നിർത്താതെയുള്ള അവളുടെ കരച്ചിൽ അവർ ശ്രദ്ധിച്ചത്. വിദഗ്ധ പരിശോധനയിൽ കുഞ്ഞിന് ബ്രിറ്റിൽ ബോൺ ഡിസീസ് എന്ന രോഗമാണ് എന്നു തിരിച്ചറിയുന്നത്. ഓസ്റ്റോജെനിസിസ് ഇംപെർഫെക്ട് എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന ഈ രോഗം അന്ന് ഏറെ അപൂർവതയോടെയാണ് നോക്കികാണുന്നത്. ഉറക്കെ ഒരു ശബ്ദം കേട്ടാൽ പോലും കുഞ്ഞിന്റെ ശരീരത്തിലെ എല്ലുകൾ നുറുങ്ങും. ശരീരത്തിൽ ഏൽക്കുന്ന ഒരു പരുക്കൻ തലോടൽ പോലും കുഞ്ഞിനെ വേദനിപ്പിക്കുമെന്നറിഞ്ഞ ദമ്പതികൾ അവളെ ഏറെ കരുതലോടെ നോക്കി. അവൾ വളർന്നു. ഇരുപത്തി അഞ്ച് വയസുള്ള ഒരു മുതിർന്ന പെൺകുട്ടിയാണെങ്കിലും അമ്മയ്ക്ക് അവൾ ഇന്നും പൊൻകുഞ്ഞ് തന്നെ. അത്രമാത്രം ശ്രദ്ധയോടെയാണ് അമ്മ നിർമ്മലയുടെ പരിചരണം എന്ന് ധന്യ പറയുന്നു. എന്‍ജിനീയറായ സഹോദരന്‍ രാജേഷും അവള്‍ക്ക് സ്വതന്ത്രയായി നീങ്ങാനുള്ള പ്രത്യേക വീല്‍ചെയര്‍ തയാറാക്കി നല്‍കി. ബംഗലൂരുവിൽ ധന്യയ്ക്കും കുടുംബത്തിനും ഒരു അയൽക്കാരി ഉണ്ടായിരുന്നു നാല് പെൺമക്കളുടെ അമ്മയായ വിക്ടോറിയ. അറിവിന്റെ അക്ഷരങ്ങൾ ധന്യയ്ക്ക് പകർന്നേകാൻ വിക്ടോറിയ ദിവസവും സമയം കണ്ടെത്തി.

‘‘നാല് പെൺകുട്ടികളുണ്ടായിട്ടും ആന്റി എന്നെ ഒരു മകളെ പോലെ കണ്ടു. എല്ലാ ദിവസവും എന്നെ പാഠപുസ്തകങ്ങൾ വച്ച് പഠിപ്പിക്കുവാൻ വീട്ടിലേക്ക് വരുമായിരുന്നു. ഹൈസ്കൂൾ വരെ അങ്ങനെ വിക്ടോറിയ ആന്റി എന്റെ ഗുരുവായി. പിന്നെ ഗൂഗിൾ ആയി ഗുരു. ഇന്റർനെറ്റ് എനിക്ക് അറിവിന്റെയും സൗഹൃദത്തിന്റെയും ലോകം തുറന്നു തന്നു. ഇപ്പോൾ ഞാൻ ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്ലസ് ടു കഴിഞ്ഞു.’’ ധന്യ പറയുന്നു.

dhanya2

പാട്ടുകൾ കൂട്ടുകാർ

പാട്ടുകളാണ് മരുന്നിനൊപ്പം തന്നെ സുഖപ്പെടുത്തുന്നതെന്ന് ധന്യ പറയുന്നു. ദാസങ്കിളിന്റെ പാട്ടുകളാണ് ധന്യയ്ക്ക് രണ്ടാമത്തെ മരുന്ന്. ടീനേജ് വരെ ഉറക്കെയുള്ള ശബ്ദം പോലും എല്ലുകൾ പൊട്ടിക്കുമായിരുന്നു, ഇപ്പോൾ ഏറെ സുഖപ്പെട്ടിട്ടുണ്ട്. സംഗീതത്തിലൂടെ ഏറെ വേദനകൾ മറക്കാൻ കഴിഞ്ഞതു പോലെ വീട്ടിൽ ഇരുന്ന് സമയം പോകാനും വരുമാനം കണ്ടെത്താനും ഒരു മ്യൂസിക് വെബ്സൈറ്റിന്റെ കണ്ടന്റ് റൈറ്ററായും ജോലിയും ചെയ്യുന്നു. ബ്ലോഗും എഴുതാറുണ്ട്.

dhanya3

’’ഒരിക്കൽ ഇത്തരത്തിൽ അസുഖമുള്ള ദിനു ദേവസ്യ എന്ന കുഞ്ഞിനെക്കുറിച്ച് ഒരു ലേഖനം വായിച്ചറിഞ്ഞത് ഒരു വഴിത്തിരിവായി. ലേഖനമെഴുതിയത് അങ്ങനെയുള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ താൽപര്യം കാട്ടിയ ലത നായർ എന്ന ഞങ്ങളുടെ എല്ലാം ലത ആന്റിയാണ്. ആന്റിയെ ഞാൻ ഇ– മെയിൽ വഴി ബന്ധപ്പെട്ടു. അവർ ഇത്തരത്തിലുള്ള ഒത്തിരി കുഞ്ഞുങ്ങളെക്കുറിച്ച് എന്നിൽ നിന്നു ചില സുഹൃത്തുക്കളിൽ നിന്നുമെല്ലാം അറിഞ്ഞു. അമൃതവർഷിനി ചാരിറ്റബിൾ ട്രസ്റ്റ് ലത ആന്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ചതും അങ്ങനെയാണ്. ഇന്നു ഞാനും അതിന്റെ ഒരു ഭാഗമാണ്. അങ്ങനെ ചിറകുകൾ തളർന്നു പോയ പ്രതിഭകളായ കുഞ്ഞുങ്ങളുടെ ഒരു 25 പേരുടെ കൂട്ടം ഇന്ന് 85 ഓളം എത്തി നിൽക്കുന്നു. അവർക്ക് സംരക്ഷണത്തോടൊപ്പം വിദ്യാഭ്യാസവും നൽകാൻ ട്രസ്റ്റ് സഹായിക്കുന്നു. അമൃത വര്‍ഷിണിയാണ് ധന്യയ്ക്ക്  പവര്‍ വീല്‍ചെയര്‍ നല്‍കിയത്. കലാവാസനയെ പ്രോത്സാഹിപ്പിക്കാൻ റിയാലിറ്റി ഷോകളിലും പങ്കെടുപ്പിക്കാറുണ്ട്. പാട്ടും എഴുത്തും വായനയും മോട്ടിവഷൻ സ്പീച്ചും ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റിങ്ങും ഒക്കെയായി തിരക്കിട്ട ജീവിതമാണ് ഇപ്പോൾ എനിക്ക്.’’ ധന്യയുടെ വാക്കുകള്‍ പേരുപോലെ അവളുടെ പുഞ്ചിരി പോലെ പ്രകാശിക്കുന്നു.

വീൽചെയർ ഫ്രണ്ട്‌ലി സ്കൂളുകൾ കൂടെ ഇവിടെ ഉണ്ടാകണം എന്നതാണ് ഈ വനിതാ ദിനത്തിൽ ധന്യ സ്വപ്നം കാണുന്നത്. ‘‘ലോകത്ത് എന്നെ വിസ്മയിപ്പിക്കാത്തതായി ഒന്നുമില്ല. എല്ലാവരും കഴിവുകളുള്ളവരാണ്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ. കംഫർട്ട് സോണിൽ നിന്ന് പുറത്തു കടക്കുകയാണ് ഏറ്റവും ആദ്യം വേണ്ടത്. തളർന്നു പോകാതെ ഉറച്ച മനസോടെ മുന്നേറുന്ന സ്ത്രീകളുള്ള ഈ സമൂഹത്തിൽ ഓരോ വനിതയും മുന്നേറണം’’. ധന്യ പുഞ്ചിരിയോടെ പറയുന്നു.