Tuesday 23 January 2018 05:12 PM IST : By പ്രിയദർശിനി പ്രിയ

പ്രതികരിച്ചാൽ ഫെമിനിസ്റ്റാക്കും! വേദനകൾ ഉള്ളിലൊതുക്കി നടി പ്രിയങ്ക നായർ പറയുന്നു

priyanka2

ഏതു പാതിരാത്രിയിലും കിലോമീറ്ററുകളോളം ഒറ്റയ്‌ക്ക് ഡ്രൈവ് ചെയ്തു വീട്ടിലെത്തുന്ന ആളായിരുന്നു നടി പ്രിയങ്ക നായർ. കാഴ്ച്ചയിൽ മാത്രമല്ല, ആറ്റിറ്റ്യൂഡിലുമുണ്ട് ഇതേ ബോൾഡ്നെസ്. എന്നാൽ സ്വന്തം മേഖലയിൽ കൂട്ടുകാരിയും സഹപ്രവർത്തകയുമൊക്കെയായിരുന്ന ഒരു നടി ആക്രമിക്കപ്പെട്ടപ്പോൾ ഒരിക്കലും തോന്നാത്ത ഉൾഭയം പ്രിയങ്കയെയും തേടിയെത്തി. ഇക്കാലത്ത് ആരെ വിശ്വസിക്കണം, വിശ്വസിക്കരുത് എന്നൊന്നും അറിയാൻ കഴിയാത്ത അവസ്ഥ. പണ്ടേ സ്വന്തം സേഫ്റ്റി നോക്കുന്ന കാര്യത്തിൽ മുൻപന്തിയിലായിരുന്ന പ്രിയങ്ക ഇപ്പോൾ അതൊന്നുകൂടി ടൈറ്റ് ചെയ്തിട്ടുണ്ട്. വനിത ഓൺലൈനുമായി സംസാരിച്ചുതുടങ്ങിയപ്പോൾ പ്രിയങ്ക ആദ്യം പറഞ്ഞത് ഇതാണ്; ’ദൈവമേ... ഇനിയൊരിക്കലും ഒരു പെൺകുട്ടിക്കും ഇതുപോലൊരു വേദന കൊടുക്കരുത്.’– ജീവിതത്തിൽ ഒരുപാട് സങ്കടക്കടലുകൾ നീന്തി ആത്മവിശ്വാസത്തോടെ തീരമണഞ്ഞ പെണ്ണിന്റെ കരുത്തുണ്ടായിരുന്നു ആ വാക്കുകൾക്ക്.

പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കിൽ ഇക്കാലത്ത് എന്തുമാവാം...

സ്ത്രീകൾക്കെതിരെ മുൻപും അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത് കൂടിയിട്ടുണ്ട് എന്നുമാത്രം. സമൂഹത്തിൽ വ്യക്തിബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാൻ പറ്റാതെ പോകുന്നതായിരിക്കാം അതിന്റെ ഒരു കാരണം. ഇവിടെ എത്ര വലിയ കുറ്റം ചെയ്താലും പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കിൽ എളുപ്പത്തിൽ ഊരിപ്പോരാം. ഉദാഹരണങ്ങൾ പറയാനാണെങ്കിൽ ഒരുപാടുണ്ട്. അങ്ങനെയുള്ള വ്യക്തികളൊക്കെ നമുക്ക് മുന്നിലുണ്ട്. ഇത്തരക്കാർക്ക് ഒരു വ്യക്തിയെ വളരെ ഈസിയായിട്ടു കടന്നാക്രമിച്ച് മാനസികമായി തകർക്കാൻ പറ്റും. എന്തു ക്രൂരത ചെയ്യാനും ഇത്തരക്കാർക്ക് മടിയില്ല. ക്രിമിനലുകളുടെ ഉള്ളിൽ ഭയമില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. കടുത്ത ശിക്ഷ കിട്ടുമെന്ന ഉൾഭയം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. മുൻപ് കേരളത്തിന് പുറത്തായിരുന്നു ഇതുപോലുള്ള ആക്രമണങ്ങൾ നടന്നിട്ടുള്ളത്. ഇന്നത് നമ്മുടെ കൺമുന്നിലാണ് നടക്കുന്നത്. ഒരു പെൺകുട്ടിക്ക് സ്വന്തം സഹോദരന്റെയോ അച്ഛന്റെയോ ഒപ്പം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇവിടെ.

priyanka4

എത്ര വലിയ ദുരന്തം സംഭവിച്ചാലും അതിന്റെ ചൂട് കുറച്ചുനാൾ മാത്രം നിലനിൽക്കും. അതുകഴിഞ്ഞു അക്കാര്യം തന്നെ നമ്മൾ മറന്നുപോവുന്നു. നിയമം ഹാർഡ് ആണെങ്കിൽ ഒരു പരിധിവരെ ഇത്തരം ക്രൂരകൃത്യങ്ങൾ നിയന്ത്രിക്കാൻ പറ്റും. അച്ഛന് മകളെ തിരിച്ചറിയാൻ പറ്റുന്നില്ല, സഹോദരിക്ക് സഹോദരന്റെ കൂടെ പുറത്തിറങ്ങാൻ പറ്റുന്നില്ല. എന്തുചെയ്താലും ഇത്രയല്ലേ ഉള്ളൂ എന്നാണ് പൊതു നിലപാട്.

എല്ലാവരും മാധ്യമങ്ങളെപ്പോലെ ന്യൂസ് വാല്യൂ നോക്കി നടക്കുകയാണ്. അടുത്തടുത്ത കാര്യങ്ങൾ കിട്ടുമ്പോൾ അതിന്റെ പുറകെപ്പോകും. ഇവിടെ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? സ്ത്രീകൾ പ്രതികരിച്ചാൽ അവർ ഫെമിനിസ്റ്റുകളാകും. കുടുംബത്തിലാണ് മാറ്റം വരുത്തേണ്ടത്. എന്റെ അച്ഛൻ എന്നെ വളർത്തിയത് സ്വതന്ത്രയായ വ്യക്തിയായിട്ടാണ്. നീ പെണ്ണിനെപ്പോലെ വളരൂ, ആൺകുട്ടിയെപോലെ വളരൂ എന്നൊന്നും പറഞ്ഞിട്ടില്ല. നല്ലൊരു വ്യക്തിയായി വളരണം എന്നാണ് പറഞ്ഞത്. നമ്മെ പോലെത്തന്നെ മറ്റുള്ളവരെയും ഓരോ വ്യക്തികളായി പരിഗണിച്ച് ബഹുമാനം കൊടുക്കണം. ഇതാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന കാഴ്ചപ്പാടിലാണ് മാറ്റം വരുത്തേണ്ടത്. ആൺ-പെൺ വ്യത്യാസമില്ലാതെ അവളെയോ അവനെയോ ഒരു വ്യക്തിയായി വളർത്തുകയാണ് വേണ്ടത്. അല്ലാതെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടു പ്രതികരിച്ചതുകൊണ്ടൊന്നും കാര്യമില്ല.

മൂല്യബോധം പറഞ്ഞുതന്നെ പഠിപ്പിക്കണം!

അടുത്ത തലമുറകൾക്ക് പ്രചോദനമാകുന്ന രീതിയിലാണ് കുട്ടികളെ വളർത്തേണ്ടത്. ആണായാലും പെണ്ണായാലും കുട്ടിക്കാലം മുതൽ നല്ല കാര്യങ്ങൾ പഠിപ്പിക്കണം. എങ്കിൽ മാത്രമേ മൂല്യബോധത്തോടെ നല്ല വ്യക്തികളായി അവർ വളരൂ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുക. അമ്മയെപ്പോലൊരു സ്ത്രീയാണ് മറ്റു പെൺകുട്ടികളുമെന്ന് അവനെ പറഞ്ഞു പഠിപ്പിക്കുക. ഒരു സ്ത്രീയുടെ നേരെ കയ്യോങ്ങുമ്പോഴോ അവളെ മോശമായി ചിത്രീകരിക്കുമ്പോഴോ അവൻ ആണാകുന്നില്ലെന്നും, പൂർണ്ണമായ പുരുഷനാകുന്നത് സ്ത്രീയെ ബഹുമാനിക്കുമ്പോഴാണെന്നും അവനെ പഠിപ്പിക്കണം. മോശമായ സാഹചര്യത്തിൽ ഒരു പെൺകുട്ടിയെ കണ്ടാൽ അവളെ സംരക്ഷിക്കണം എന്ന തോന്നലാണ് ആണിന് വേണ്ടത്. ഏതു പാതിരാത്രിയിലും ഒരു പെൺകുട്ടിക്ക് കൂട്ടായി സ്വന്തം മകനെ അയക്കാൻ കഴിയും എന്ന് മാതാപിതാക്കൾ വിശ്വസിക്കുന്നിടത്താണ് യഥാർത്ഥ വിജയം.

priyanka3

പെൺകുട്ടികളെ വളരെ ബോൾഡ് ആയി തന്നെ ജീവിക്കാൻ പഠിപ്പിക്കണം. മറ്റെല്ലാവർക്കും ഉള്ളതുപോലെത്തന്നെ എല്ലാ അവകാശങ്ങളും ഉള്ള വ്യക്തിയാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിവേണം അവളെ വളർത്താൻ. പെൺകുട്ടിയും തിരിച്ച് ഒരു പുരുഷന് കൊടുക്കേണ്ട എല്ലാ ബഹുമാനവും കൊടുത്തുതന്നെ വേണം വളരാൻ.

ആ വാർത്ത കേട്ടത് ഞെട്ടലോടെ...

സിനിമാ മേഖലയിൽ നിന്നു പ്രതീക്ഷിക്കാത്തൊരു വാർത്ത വന്നത് ഞെട്ടലോടെയാണ് കേട്ടത്. ഭയങ്കര ഷോക്കിങ് ആയിപ്പോയി. വളരെയധികം സങ്കടം തോന്നി. ഇത്തരത്തിലുള്ള ഓരോ സംഭവങ്ങൾ കേൾക്കുമ്പോൾ ഇത്രയുംകാലം നമ്മൾ ആർജ്ജിച്ച എല്ലാ ധൈര്യവും ചോർന്നുപോകുകയാണ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല രാവിലെ പത്രം തുറന്നാൽ കാണുന്ന കാഴ്ചകളും ഇതുപോലെയൊക്കെത്തന്നെയാണ്. ഒരു പെൺകുട്ടി ബോൾഡാവുന്നത് കുറേ കാലമെടുത്താണ്. എപ്പോഴും നമ്മളെ സംരക്ഷിക്കാൻ ആൺതുണ ഉണ്ടായെന്നു വരില്ല. സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടതായ സാഹചര്യം ഉണ്ടായെന്നു വരും. എന്നാലിത്തരം സാഹചര്യങ്ങളിൽ സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരാണ്. ഓരോ സംഭവം ഉണ്ടാകുമ്പോഴും ഒരു പെൺകുട്ടിക്കും ഇത്തരമൊരു ദുരവസ്ഥയുണ്ടാവരുത് എന്നുതന്നെയാണ് നമ്മൾ പ്രാർത്ഥിക്കുന്നത്.

എവിടെയാണെങ്കിലും പ്രധാനം സേഫ്റ്റി!

10 -12 വർഷമായിട്ടു ഞാൻ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷെ ഇതുവരെ മോശം അനുഭവം എനിക്കുണ്ടായിട്ടില്ല. പക്ഷെ ഈ സംഭവം ചെറിയൊരു പേടി ഉണ്ടാക്കിയിട്ടുണ്ട്. നമ്മൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ഡ്രൈവർമാരെയാണ്. സ്വന്തം വാഹനം ഉണ്ടെങ്കിലും പലപ്പോഴും നമ്മൾ ഉപയോഗിക്കുന്നത് പ്രൊഡക്ഷന്റെ വണ്ടിയാണ്. അവർ നമ്മളെ സുരക്ഷിതമായി കൊണ്ടെത്തിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് അവരോടൊപ്പം പോകുന്നത്. അതുകൊണ്ട് ഡ്രൈവർമാരെ തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ മാനദണ്ഡം പാലിക്കണം. അത്തരത്തിലുള്ളവർക്ക് കാർഡ് കൊടുക്കുമ്പോൾ കൃത്യമായി അവരുടെ ബാക്ക്ഗ്രൗണ്ട് അന്വേഷിക്കണം. നടിയുടെ കാര്യത്തിൽ അവിടെ എന്താണ് നടന്നത് എന്നെനിക്കറിയില്ല. ദൈവത്തിൽ കാരുണ്യം കൊണ്ട് എനിക്കത്തരം മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒറ്റ സംഭവം കൊണ്ട് സിനിമാമേഖല മോശമാണെന്ന് ഞാൻ പറയില്ല.

ഞാനെപ്പോഴും എന്റെ സേഫ്റ്റി നോക്കിയിട്ട് യാത്ര ചെയ്യുന്ന ഒരാളാണ്. എപ്പോഴും മാതാപിതാക്കളോ എന്റെ പേഴ്‌സണൽ സ്റ്റാഫോ കൂടെയുണ്ടാകാറുണ്ട്. ഒറ്റയ്‌ക്ക് ഡ്രൈവ് ചെയ്യുന്ന ഒരാളാണ് ഞാൻ. ഈ സംഭവത്തിന് ശേഷം രാത്രിയുള്ള ദീർഘയാത്രകൾ ഒഴിവാക്കിയിട്ടുണ്ട്.

priyanka1 ഫയൽ ചിത്രം.

സോഷ്യൽമീഡിയാ മാനിയ!

മനുഷ്യനായാൽ കാമം ഉണ്ടാവും, പക്ഷെ അത് നിയന്ത്രിക്കാൻ പറ്റണം. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷൻ അവളെ തൊടുന്നതും ആസ്വദിക്കുന്നതും തെറ്റാണ്. അമ്മയിൽ നിന്നല്ലേ കുഞ്ഞുണ്ടാവുന്നത്. അമ്മയെ ബഹുമാനിക്കുന്ന ഒരു പുരുഷന് ഒരിക്കലും ഇത്തരത്തിൽ പെരുമാറാൻ കഴിയില്ല. അടുത്തദിവസം ഫെയ്‌സ്ബുക്കിൽ ഒരാളുടെ പോസ്റ്റ് കണ്ടു ഞെട്ടി. അഞ്ചാം ക്‌ളാസ്സുകാരിയോടു കാമം തോന്നുന്നു എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരാൾ. അയാൾ മാനസിക രോഗിയായിരിക്കും. കുഞ്ഞുങ്ങളെ താലോലിക്കാൻ തോന്നുന്ന പ്രായത്തിൽ അവളോട് കാമം തോന്നുക എന്ന് പറയുമ്പോൾ അവന് എന്തോ അസുഖമുണ്ട്. നാളെ അവനൊരു പെൺകുട്ടി ഉണ്ടായാലും ആ കുട്ടിയോടും അവന് കാമം തോന്നില്ലേ. ഇവനെപോലെയുള്ളവരുടെ ആണത്തം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ഫെയ്‌സ്ബുക്കിൽ പലരും അവനുവേണ്ടി വാദിക്കുന്നത് കണ്ടു. അവനെ സപ്പോർട്ട് ചെയ്യുകയല്ല അവനെപ്പറ്റി സംസാരിക്കാൻ പോലും പാടില്ല.

സമൂഹം, പുരുഷൻ, സ്ത്രീ! മാറ്റം അനിവാര്യം

സമൂഹത്തിന്റെ കാഴ്ചപ്പാട് നമുക്ക് മാറ്റാൻ പറ്റില്ല. ശരിയുടെ പക്ഷം പിടിച്ചു മുന്നോട്ടു പോകുക. അത്രയേ ഉള്ളൂ... വേറൊന്നും ചെയ്യാനില്ല. എനിക്ക് പുരുഷന്മാരോട് ഒന്നും പറയാനില്ല. പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാനൊരു പുരുഷ വിരോധിയോ ഫെമിനിസ്റ്റോ ഒന്നുമല്ല. എല്ലാവരെയും ബഹുമാനത്തോടെ കാണാൻ ശ്രമിക്കാറുണ്ട്. നിങ്ങൾ ഒരു വ്യക്തിയാണെന്ന ബോധ്യത്തോടെ വളരൂ ജീവിക്കൂ എന്ന് മാത്രമേ സ്ത്രീകളോട് പറയാനുള്ളൂ. ഏതൊരു സാഹചര്യവും തരണം ചെയ്യാനുള്ള ശക്തി എല്ലാ സ്ത്രീയുടെ ഉള്ളിലുമുണ്ട്. അത് മനസ്സിലാക്കി ജീവിക്കുക.

മോഡലിങ്ങിൽ നിന്നാണ് പ്രിയങ്ക നായർ സിനിമയിലെത്തുന്നത്. 2006-ൽ പുറത്തിറങ്ങിയ 'വെയിൽ' എന്ന തമിഴ് ചിത്രത്തിലൂടെ. പിന്നെ തിരഞ്ഞെടുത്ത കുറേ മികവുറ്റ മലയാളചിത്രങ്ങൾ. 'വിലാപങ്ങൾക്കപ്പുറം' എന്ന ചിത്രത്തിൽ സാഹിറയെന്ന മുസ്ലിം പെൺകുട്ടിയെ അവതരിപ്പിച്ചതിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ഇടവേളയ്ക്കുശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ് പ്രിയങ്ക നായർ. മൂന്നര വയസ്സുള്ള മകൻ മുകുന്ദ് റാമാണ് പ്രിയങ്കയ്‌ക്ക് എല്ലാം. മാതാപിതാക്കളോടൊപ്പം തിരുവനന്തപുരത്താണ് താമസം.