Tuesday 23 January 2018 05:34 PM IST : By വി.എൻ.രാഖി

കല്യാണം മുടങ്ങിയത് നന്നായി, ഇനി എന്നെ അങ്ങനെ പറ്റിക്കാൻ പറ്റില്ല! വൈക്കം വിജയലക്ഷ്മി വനിതയോട്

vaikom

ഗായിക വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തിൽ മാത്രമല്ല, ലോകചരിത്രത്തിൽ തന്നെ എഴുതപ്പെട്ട ദിവസമായി മാർച്ച് 5. ലോകം വനിതാ ദിനം ആഘോഷിക്കുന്നതിന് മൂന്നു നാൾ മുൻപ് വിജയലക്ഷ്മി ചവിട്ടിക്കയറിയത് വിജയ സോപാനത്തിലേക്ക്. ജീവിതത്തിലെ സുപ്രധാനമായ തീരുമാനത്തിൽ ശക്തമായ നിലപാടെടുത്ത് അധികം നാളാകും മുമ്പെത്തിയ ആഹ്ലാദദിനം കൂടിയായിരുന്നു ആ ദിനം. ഗായത്രി വീണയെന്ന ഒറ്റക്കമ്പി വീണയിൽ 69 പാട്ടുകൾ നിർത്താതെ വായിച്ച് റെക്കോഡിട്ട ദിവസം. പരിപാടിക്കുശേഷം വീട്ടിലെത്തിയപ്പോഴേക്കും കലശലായ നടുവേദന. അതിനിടയിലും വനിതാ ഓൺലൈനിനോടു മനസ്സു തുറന്നു മലയാളികളുടെ പ്രിയഗായിക.

റെക്കോഡിനു വേണ്ടി പരിപാടി നടത്താനുള്ള പ്ലാനിങ് നേരത്തേ തുടങ്ങിയോ?

അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ് ഒന്നുമുണ്ടായിട്ടില്ല. ഗായത്രി വീണ പഠിച്ചു തുടങ്ങിയപ്പോൾ മുതൽ എല്ലാവരും പറയുന്നുണ്ടായിരുന്നു ഇങ്ങനെ ഒരു പരിപാടി നടത്താൻ. എല്ലാം ഒത്തുവന്നപ്പോൾ നടത്തി. എന്തോ ഇപ്പോഴാകണം അതിന് യോഗം വന്നത്.

പ്രത്യേകം പരിശീലനമൊക്കെ ഉണ്ടായിരുന്നോ?

ഏയ്... പ്രത്യേകിച്ച് ഒരു പ്രാക്ടീസും ചെയ്തില്ല. പാട്ടുകൾ മനസ്സിലുണ്ടായിരുന്നു, പാടി. അത്രയേ ഉള്ളൂ.

വലിയൊരു നേട്ടത്തിൽ പങ്കാളിയായി എം. ജയചന്ദ്രൻ സാറും കൂടെയുണ്ടായി. കലാകാരിയെന്ന നിലയിൽ എന്തു തോന്നുന്നു?

ആലോചിച്ചു നോക്കൂ, അദ്ദേഹം എനിക്കു വേണ്ടി മൃദംഗം വായിക്കുക! അദ്ഭുതം! അല്ലാതെന്താ പറയുക? സത്യത്തിൽ അതാണ് റെക്കോഡ്.

വിവാഹം വേണ്ടെന്നു വച്ചതിനു ശേഷമുണ്ടായ നേട്ടത്തെ എങ്ങനെ കാണുന്നു?

വലിയ ആശ്വാസം തോന്നുന്നു. മനസ്സ് ഫ്രീ ആയ പോലെ. കല്യാണത്തിന്റെ ടെൻഷനോ മറ്റു ചിന്തകളോ ഇല്ലാതെ പൂർണമായി അർപ്പിച്ച് വീണ വായിക്കാനായി. ആ ചിന്തകളോടെയാണ് ഞാനിരുന്നതെങ്കിൽ ഇത്രയും നന്നാകുമായിരുന്നോ എന്നു സംശയമുണ്ട്.

കലാകാരിക്ക് വിവാഹജീവിതം തടസ്സമാകുമെന്നാണോ?

സ്ത്രീയുടെ കലാജീവിതം പൂർണതയിലെത്താൻ വിവാഹം തടസ്സമാകുമെന്നാണിപ്പോൾ തോന്നുന്നത്. മറിച്ച് സംഭവിക്കണമെങ്കിൽ അത്രയും അർപ്പണമനോഭാവമുള്ള പങ്കാളിയെ കിട്ടണം. നമ്മളെ അറിയുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മനസ്സുള്ള ഒരാളായാൽ കുഴപ്പമില്ല. എല്ലാ ബന്ധങ്ങളും നമ്മളെ പിന്തുണയ്ക്കണമെന്നില്ല.

ഇനിയൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുമോ?

ആഗ്രഹവും പ്രതീക്ഷയും ഉണ്ടായിരുന്നിട്ടും അത്രയും വേദനിച്ചതു കൊണ്ടാണ് വിവാഹം വേണ്ടെന്നു തീരുമാനിച്ചത്. അതുകൊണ്ട് ഉടനേ ഏതായാലും മറ്റൊരു വിവാഹം ചിന്തയിലില്ല. എന്റെ സംഗീതത്തെയും കഴിവിനെയും അംഗീകരിക്കാൻ പറ്റുന്ന ആളാണെന്നു ബോധ്യപ്പെടണം. അങ്ങനെ ബോധ്യം വന്നാൽ ചിലപ്പോൾ ആലോചിച്ചേക്കാം. അല്ലെങ്കിൽ വിവാഹം വേണ്ട എന്നു തീരുമാനിക്കും.

ജീവിതത്തിലെ ഏറ്റവും പ്രധാനഘട്ടത്തിൽ ധൈര്യപൂർവം തീരുമാനമെടുത്ത വിജയലക്ഷ്മി വനിതാദിനത്തിൽ സ്ത്രീകളോട് പറയാനാഗ്രഹിക്കുന്നതെന്താണ്?

വിവാഹം വേണ്ടെന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു. നമ്മളാരെയും പേടിച്ച് ജീവിക്കേണ്ട കാര്യമില്ല. സ്വന്തം ജീവിതത്തെക്കുറിച്ച് സ്വന്തമായിത്തന്നെ തീരുമാനങ്ങളെടുക്കുക. അതിൽ മടി വിചാരിക്കരുത്. കഴിവുകൾ തിരിച്ചറിയാനും അത് വേണ്ടപോലെ പ്രയോജനപ്പെടുത്താനും ധൈര്യം കാണിക്കണം.

vaikom2