Thursday 02 June 2022 02:47 PM IST : By സ്വന്തം ലേഖകൻ

പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്ന വെരിക്കോസീൽ നിങ്ങളെ പിടികൂടുമോ?; ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

pregzz889

കാലുകളിലെ സിരാരക്തക്കുഴലുകൾ (Veins) വീർത്തിരിക്കുന്ന വെരിക്കോസ് വെയിൻ എന്ന അവസ്ഥ നമുക്ക് എല്ലാവർക്കും സുപരിചിതമാണല്ലോ. ഇത്തരത്തിൽ പുരുഷവൃഷണത്തിലെ രക്തക്കുഴലുകൾ വീർത്തിരിക്കുന്ന അവസ്ഥയെയാണ് വെരിക്കോസീൽ (Vericocele) എന്നു വിളിക്കുന്നത്. ഇത് ഏകദേശം 15–20 ശതമാനം പുരുഷന്മാരിലും കണ്ടുവരുന്നു. വന്ധ്യതാ പ്രശ്നമുള്ള പുരുഷൻമാരിൽ ഇത് ഏകദേശം 40 ശതമാനം വരുമെന്നാണ് വിവിധ പഠനങ്ങൾ കാണിക്കുന്നത്.

എന്താണ് വെരിക്കോസീൽ?

വൃഷണത്തിലുള്ള രണ്ടു പ്രധാന രക്തക്കുഴലുകൾ (Pampiniform venous plexus, Internal spermatic vein) വീർത്തിരിക്കുന്ന അവസ്ഥയാണ് വെരിക്കോസീൽ എന്നു പറയുന്നത്.

ഈ രക്തക്കുഴലുകളുെട പ്രധാന കർത്തവ്യം വൃഷണത്തിൽ നിന്നും അശുദ്ധരക്തം ഹൃദയത്തിലേക്ക് എത്തിക്കുക എന്നതാണ്. വെരിക്കോസീൽ കാണുന്ന പുരുഷൻമാരിൽ 95 ശതമാനം പേരിലും അത് വൃഷണ സഞ്ചിയുടെ ഇടതുഭാഗത്താണ് കൂടുതലായി കാണുന്നത്.

രോഗ കാരണം

സാധാരണയായി പ്രത്യേക കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് വെരിക്കോസീൽ ഉണ്ടാവുന്നത്. രക്തക്കുഴലുകളിലെ വാൽവുകളുടെ പ്രവർത്തന െെവകല്യം, രക്തക്കുഴലുകളിൽ രക്തം തളംകെട്ടി നിൽക്കുന്നത് എന്നിവയാണ് ഇത്തരത്തിൽ രക്തക്കുഴലുകൾ വീർക്കാൻ കാരണമാവുന്നത്.

അപൂർവമായി വയറിനുള്ളിലെ മുഴകൾ രക്തസഞ്ചാരം തടസ്സപ്പെടുത്തുന്നതുവഴിയും വെരിക്കോസീൽ ഉണ്ടാവാം. ഇടത് റീനൽ ധമനിയിലുണ്ടാകുന്ന അമിത സമ്മർദം, കൂടാതെ കൗമാര യൗവനകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും കാരണമാകാം

വെരിക്കോസീൽ മിക്കവരിലും പ്രത്യക്ഷ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കില്ല. ചിലർ വൃഷണത്തിൽ ചെറിയ തടിപ്പ് ശ്രദ്ധയിൽപെട്ടതിനാൽ െെവദ്യസഹായം തേടുന്നു. ചിലർക്കു ചെറിയ രീതിയിലുള്ള വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ ചിലരിലാവട്ടെ വന്ധ്യതാചികിത്സയുടെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് വെരിക്കോസീൽ കണ്ടുപിടിക്കുന്നത്. ഇതാണ് അധികവും.

Print

എന്തുകൊണ്ട് വന്ധ്യത?

പുരുഷബീജത്തിന്റെ ഉൽപാദനത്തിനു സാധാരണയായി ശരീരതാപനിലയെക്കാൾ കുറഞ്ഞ താപനിലയാണ് ഉത്തമം. വൃഷണത്തിലെ താപനില ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേതിനെക്കാൾ താഴെ നിലനിർത്തുന്നതിൽ പാം‌പിനിഫോം പ്ലക്സസ് എന്ന രക്തക്കുഴൽനിർണായക പങ്കു വഹിക്കുന്നു. എന്നാൽ വെരിക്കോസീൽ ബാധിതരിൽ ഈ രക്തക്കുഴൽ വീർത്തിരിക്കുന്നതിനാൽ ഈ താപനിലയിലുള്ള ക്രമീകരണം തകരാറിലാവുകയും ഇതു പുരുഷബീജങ്ങളുടെ ഉൽപാദനത്തെയും അവയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇങ്ങനെയാണ് വെരിക്കോസീൽ വന്ധ്യതാ പ്രശ്നത്തിനു കാരണമാകുന്നത്. വെരിക്കാസീലുള്ള എല്ലാ പുരുഷൻമാർക്കും വന്ധ്യത കാണണമെന്നുമില്ല.

എങ്ങനെ തിരിച്ചറിയാം?

വെരിക്കോസീൽ ഉണ്ടോ എന്ന് വൃഷണങ്ങൾ പരിശോധിച്ച് തിരിച്ചറിയാൻ പറ്റും. വൃഷണഭാഗത്തെ തടിപ്പ്, വൃഷണഭാഗം പിടിച്ചു നോക്കുമ്പോൾ ഉള്ളിൽ വിരകൾ കിടക്കുന്ന പോലെയുള്ള (Bag of worms) തോന്നൽ എന്നിവ വെരിക്കോസീലിനെ മറ്റു വൃഷണത്തിലെ തടിപ്പിൽ നിന്നും വേർതിരിച്ച് അറിയാൻ സഹായിക്കുന്നു.

ചിലരിൽ വെരിക്കോസീൽ വലിയുന്ന പോലുള്ള വേദന(ഡ്രാഗിങ് പെയ്ൻ) ഉണ്ടാകാറുണ്ട്. സമാനമായ വേദന അടിവയറ്റിലും വൃഷണങ്ങളിലും ഉണ്ടാകാം. അടിവസ്ത്രം ധരിക്കാതെ കൂടുതൽ സമയം നിൽക്കുന്നവരിലാണ് ഈ വേദന കാണുന്നത്.

പ്രായമേറുമ്പോൾ മാത്രം ആദ്യമായി തിരിച്ചറിയുന്ന വെരിക്കോസീൽ പ്രാധാന്യമർഹിക്കുന്നു. ഇടതു വൃക്കയിലുണ്ടാകുന്ന കാൻസർ രക്തക്കുഴലുകളെ തടസ്സപ്പെടുത്തുന്നതിലൂടെയും വെരിക്കാസീൽ അപൂർവമായി പ്രത്യക്ഷപ്പെടാം. അതിനാൽ തിരിച്ചറിയാനുള്ള പരിശോധന പ്രധാനമാണ്.

ചികിത്സ വേണ്ടവർ

വൃഷണത്തിന്റെ അൾട്രാസോണോഗ്രഫി ചെയ്യുക വഴി വെരിക്കോസീൽ ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയും. വെരിക്കോസീൽ ഉള്ള ഭാഗത്തെ വൃഷണത്തിന്റെ വളർച്ചയും എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നു പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.

വെരിക്കോസീൽ ഉള്ള എല്ലാവർക്കും ചികിത്സ ആവശ്യമില്ല. വെരിക്കോസീൽ കാരണം വന്ധ്യത അനുഭവപ്പെടുന്നവർക്ക്, ശുക്ല പരിശോധനയിൽപ്രശ്നങ്ങൾ ഉള്ളവർക്ക്, വൃഷണത്തിന്റെ (testicles) വളർച്ചയെ ബാധിക്കുന്നവർക്ക്, വൃഷണത്തിൽ വേദന അനുഭവപ്പെടുന്നവർക്ക് തുടങ്ങിയവരിലാണു സാധാരണയായി വെരിക്കോസീലിന്റെ ചികിത്സ ആവശ്യമായി വരുന്നത്.

സാധാരണഗതിയിൽ ഇത്തരം പ്രശ്നമുള്ളവർക്ക് ഒാപ്പറേഷൻ ആവശ്യമായി വരും. മൈക്രോസ്കോപിക് വെരിക്കോസീലെക്ടമി, ലാപ്രോസ്കോപിക് വെരിക്കോസീലെക്ടമി തുടങ്ങിയവയാണ് ഇതിനുള്ള ഒാപ്പറേഷനുകൾ. പെർക്യുട്ടേനിയസ് എംബൊളൈസേഷൻ എന്ന ഒപിയിൽ വെച്ചുതന്ന ചെയ്യാവുന്ന ചികിത്സയും വെരിക്കോസീൽ ബാധിതർക്ക് ലഭിക്കും.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എ.വി. രവീന്ദ്രൻ

സ്പെഷലിസ്റ്റ് ഇൻ ഇന്റേണൽ മെഡിസിൻ,    
ബദർ അൽ സമാ, ബർക്ക, ഒമാൻ