Thursday 13 February 2020 02:48 PM IST : By സ്വന്തം ലേഖകൻ

വേണ്ടത് മനസ്സിനും ശരീരത്തിനും പരുക്ക് ഏൽപ്പിക്കാതെയുള്ള പ്രണയം; പ്രണയിതാക്കൾ അറിയാൻ

valentine-gift

പ്രണയദിനം പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ വേറിട്ട ആശംസ പങ്കുവയ്ക്കുകയാണ് ഡോക്ടർ സിജെ ജോൺ. ആരുടേയും മനസ്സിനും ശരീരത്തിനും പരുക്ക് ഏൽപ്പിക്കാതെയുള്ള അക്രമ രഹിത പ്രണയങ്ങൾ ഈ വാലൻന്റൈൻ ദിനത്തിൽ പിറക്കട്ടേയെന്നാണ് ഡോക്ടർ സിജെ ജോണിന്റെ ആശംസ. പരസ്പരം നന്നായി അറിഞ്ഞുള്ള അടുപ്പവും ,സൃഷ്ടിക്കപ്പെടുന്ന ബന്ധത്തിനോടുള്ള പ്രതി ബദ്ധതയും,പങ്കാളിയോടുള്ള ആദരവും കൂടി ഉള്ളതാകണം പ്രണയമെന്നും ഡോക്ടർ സരസമായി കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടറുടെ തുറന്നെഴുത്ത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ആരുടേയും മനസ്സിനും ശരീരത്തിനും പരിക്ക് ഏൽപ്പിക്കാതെയുള്ള അക്രമ രഹിത പ്രണയങ്ങൾ ഈ വാലൻന്റൈൻ ദിനത്തിൽ ആശംസിക്കുന്നു . പ്രണയം ഇല്ലെങ്കിൽ ജീവിതം ശൂന്യമെന്നൊരു വിചാരത്തെ വാലൻന്റൈൻ ആഘോഷങ്ങൾ നിർമ്മിച്ചിട്ടുണ്ട് .ഒരു ലൈൻ ഇല്ലെങ്കിൽ എന്തൊരു ജീവിതമെന്ന ചിന്തയിൽ സ്‌കൂൾ പിള്ളേർ പോലും പ്രണയിക്കാൻ ഇറങ്ങുന്നുണ്ട്.ഇത് വ്യാപകവും അംഗീകൃതവുമായതോടെ ഡിസ്പോസിബിൾ പ്രണയങ്ങളുടെയും ,ടോക്സിക് പ്രേമങ്ങളുടെയും തോത് കൂടി .തേപ്പും, ബ്രേക്ക് അപ്പും
ഒരു പതിവ് കഥയായി .വാലൻന്റൈൻ ഭാവങ്ങളുടെ തുടർച്ചയായി കത്തിക്കലും കുത്തലും ഭീഷണിയുമൊക്കെ ഉണ്ടാകാൻ തുടങ്ങി .ഗിഫ്ട് കൈമാറി പൊന്നേ മുത്തേയെന്നു മന്ത്രിക്കുന്നത് മാത്രമല്ല പ്രണയം .പരസ്പരം നഗ്‌ന ഫോട്ടോ വാട്സാപ്പിൽ അയച്ചു പുന്നാരം പറയുന്നതും പ്രണയമല്ല. എവിടെയെങ്കിലും സ്വകാര്യമായി ഒത്തു കൂടി രതിയുടെ രസം നുകരുന്നതും പ്രണയമല്ല . ലൈംഗീക ചോദനകളുടെ ഇത്തരം വികൃതികൾ കൊണ്ട്ത്രില്ലും ലഹരിയും ഉണ്ടാകും.പക്ഷേ നല്ല പ്രണയം ഉണ്ടാവില്ല .അതിനു പരസ്പരം നന്നായി അറിഞ്ഞുള്ള അടുപ്പവും ,സൃഷ്ടിക്കപ്പെടുന്ന ബന്ധത്തിനോടുള്ള പ്രതി ബദ്ധതയും,പങ്കാളിയോടുള്ള ആദരവും കൂടി വേണം .ഇങ്ങനെ ഓരോന്ന് എഴുതി ഞങ്ങടെ പ്രണയത്തെ കോമ്പ്ലിക്കറ്റ് ചെയ്യാൻ ശ്രമിക്കരുതെന്ന് ചൊല്ലി കല്ലെറിയുന്ന ചെറുപ്പക്കാരുണ്ടാകും.എറിയട്ടെ.അവരിൽ പലരെയും പിന്നീട് മാനസിക തകർച്ചയിൽ കാണേണ്ടി വരുമല്ലോ ?അപ്പോൾ ആ കല്ല് ഒരു വാലൻന്റൈൻ സമ്മാനമായി പൊതിഞ്ഞു കൊടുക്കാം. .റെസ്പോൺസിബിൾ ആൻഡ് ഹാപ്പി വാലൻന്റൈൻ ഡേ .
അത് നാളെയാണ് ..നാളെയാണ് ...
(സി .ജെ .ജോൺ)