Tuesday 06 September 2022 03:28 PM IST

‘18 സെന്റിമീറ്റർ അസ്ഥി മുറിച്ചുമാറ്റി, വേദന കൊണ്ടുള്ള കരച്ചിൽ കേൾക്കാതിരിക്കാൻ അവന്റെ അച്ഛൻ മുകൾ നിലയിലേക്കോടും’

Tency Jacob

Sub Editor

aby-crisis-cover

ത്താം ക്ലാസ് സി‌ബി‌എസ്‌ഇ പരീക്ഷയിൽ ദേശീയതലത്തിൽ ഒൻപതാം സ്ഥാനം നേടിയതിന്റെ സന്തോഷപൂത്തിരി തിളക്കം എബിയുടെ മുഖത്ത് വിളങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കലുങ്കിൽ വീട്ടിൽ രാജേഷിന്റെയും ഷീബയുടെയും മകനാണ് എബി. ബോൺ കാൻസറിന്റെ കടുത്ത വേദനയ്ക്കിടയിലും കാലിടറാതെ മുന്നേറിയതിനു ലഭിച്ച അംഗീകാരം കൂടിയാണ് ഈ വിജയം. വർഷങ്ങൾക്കു ശേഷവും വേദനയുടെ ചെറുതുരങ്കത്തിലൂടെയാണ് എബിയുടെ യാത്ര.

‘‘ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മോന് കാൻസർ തിരിച്ചറിയുന്നത്. അതിനും രണ്ടു വർഷം മുൻപേ അവൻ കാലുവേദന പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കളിച്ചിട്ടു വരുമ്പോഴോ ചില ദിവസങ്ങളിൽ രാത്രി കിടക്കുമ്പോഴോ ഒക്കെയാണ് വേദന പറയുന്നത്. ഒരിക്കൽ പീഡിയാട്രിഷ്യനെ കാണിച്ചിരുന്നു. കുട്ടികൾക്ക് പൊക്കം വയ്ക്കുമ്പോൾ ‘ഗ്രോയിങ് പെയിൻ’ ഉണ്ടാകും. ഇതായിരുന്നു അവരുടെ നിഗമനം. ആ വേദന അവൻ നാലു വർഷം കൊണ്ടു നടന്നു.’’ എബിയുടെ അമ്മ ഷീബയുടെ വാക്കുകൾ കണ്ണീരിൽ നനഞ്ഞു.

വേദന നിറഞ്ഞ കാലം

‘‘ഒരിക്കൽ പള്ളിയിൽ നിലത്തിരിക്കാൻ വേദന കൊണ്ടു പറ്റാത്തതു കാരണം പുറത്തു നിന്നു. അവനു കൂട്ടായി അവന്റെ അച്ഛനും പുറത്തു പോയി. ഇതു കണ്ട ചിലർ സുഖകരമല്ലാത്ത രീതിയിൽ സംസാരിച്ചു. അന്നു എല്ലാവരുടെയും മുൻപിൽ ഞാൻ അപമാനിക്കപ്പെട്ടതു പോലെ തോന്നി.

വീട്ടിൽ വന്നുകയറിയപ്പോൾ മകൻ പറയുന്നുണ്ടായിരുന്നു. ‘എനിക്കു കാൽ വേദനിക്കുന്നതു കൊണ്ടാണ്.’ അപ്പോഴൊന്നും എന്തെങ്കിലും കുഴപ്പമുണ്ടെന്ന്....’’ സങ്കടം വിങ്ങി ഷീബയുടെ സ്വരം മുറിഞ്ഞു. എബിയുടെ അച്ഛൻ രാജേഷ് തോമസാണ് ബാക്കി പൂരിപ്പിച്ചത്. ‘‘ഒരു ദിവസം അവൻ ജീൻസ് ധരിക്കാൻ ശ്രമിച്ച്, കഴിയാതെ നിലവിളിക്കുന്നതു കണ്ടപ്പോഴാണ് കാര്യമായ എ ന്തോ പ്രശ്നമാണല്ലോ എന്നു തോന്നുന്നത്. അന്നവനു പന്ത്രണ്ടു വയസ്സാണ് പ്രായം.’’

‘‘2017 സെപ്റ്റംബറിലാണ് എബിയെ തൊട്ടടുത്തുള്ള ഇഎസ്ഐ ഹോസ്പിറ്റലിലെ അസ്ഥിരോഗ വിദഗ്ദനെ കാണിച്ചത്.എക്സറേ എടുത്തപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. അനുജൻ ഡോ.റെനു തോമസ് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലെ യൂറോളജി ഡിപാർട്മെന്റ് ഹെഡാണ്.

ഉടനെ അവിടേക്കു പോയി. അവിടത്തെ ഡോക്ടറുടെ നിർദേശപ്രകാരം എംആർഐ എടുത്തു. വലതു കാലിൽ അർബുദം ബാധിച്ചിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. വ ല്ലാത്തൊരു നടുക്കത്തിലായിരുന്നു ഞങ്ങളെല്ലാം.

പത്തു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടയിലുള്ള കൗമാരക്കാരിൽ കാണപ്പെടുന്ന ‘ഓസ്റ്റിയോ സാർക്കോമ’ എന്ന അർബുദമായിരുന്നു എബിയെ ബാധിച്ചത്. ശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ തുടയെല്ലിന്റെ (ഫീമർ ബോണിന്റ) താഴ്ഭാഗത്തായിട്ടായിരുന്നു ട്യൂമർ.

സാധാരണഗതിയിൽ കാലു മുറിച്ചു കളയുകയാണ് പ്രതിവിധി. അതിനുശേഷം കൃത്രിമ കാൽ വച്ചു പിടിപ്പിക്കും. പക്ഷേ, ഇടതുകാൽ വളരുന്നതിനു അനുസരിച്ചു പലപ്പോഴായി കൃത്രിമ കാൽ മാറ്റേണ്ടി വരും.

മറ്റൊരു മാർഗം കൃത്രിമ ബോൺ വച്ചു പിടിപ്പിക്കുകയാണ്. പൊക്കം വയ്ക്കുന്നതിനനുസരിച്ചു നീളം കൂട്ടാനായി തുടരെ ശസ്ത്രക്രിയകൾ ചെയ്യേണ്ടി വരും. ഈ രണ്ടു രീതികളും കുറേ വർഷത്തേക്കെങ്കിലും അവനു ബുദ്ധിമുട്ടുണ്ടാക്കുമല്ലോ എന്നോർത്ത് ഞങ്ങൾ വേദനിച്ചു. കളിച്ചു ചിരിച്ചു വളർന്നു വരേണ്ട മകൻ അതൊന്നും ചെയ്യാനാകാതെ...

അപ്പോഴാണ് ഇംഗ്ലണ്ടിലുള്ള സ്റ്റാൻമോർ എന്ന കമ്പനിയുടെ സാങ്കേതികവിദ്യയെ കുറിച്ച് അറിയുന്നത്. ട്യൂമർ ബാധിച്ച അസ്ഥി സർജറി ചെയ്ത് മാറ്റുമ്പോൾ തന്നെ അ തേ തരത്തിലുള്ള കൃത്രിമമായ അസ്ഥി കാലിൽ വച്ചു പിടിപ്പിക്കും. പിന്നീട് കാലിനു നീളം കൂട്ടേണ്ട സമയത്ത് ഒരു പ്രത്യേക തരം ഇലക്ട്രോ മാഗ്നറ്റിക് ചേംബറിലേക്ക് കാൽ കടത്തി വച്ചു കാൽമുട്ടിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ പ്രവർത്തിപ്പിച്ച് ആവശ്യാനുസരണം നീളം കൂട്ടാം. പിന്നീട് സർജറി ആവശ്യമായി വരാത്തതു കൊണ്ടു ഞങ്ങൾക്കത് നല്ലതാണെന്ന് തോന്നി.

25 ലക്ഷം രൂപയായിരുന്നു ചെലവ്. ഞാൻ അധ്യാപികയായി ജോലി ചെയ്യുന്ന സ്കൂളിൽ നിന്ന് ഇഎസ്ഐ ആനുകൂല്യം ലഭ്യമായിരുന്നു. പക്ഷേ, കേന്ദ്ര ഓഫിസിൽ നിന്നു തുച്ഛമായ തുകയാണ് അനുവദിച്ചത്. എബിയുടെ അച്ഛനു ബിസിനസാണ്. അനുജൻ റെനുവും എല്ലാവരും കൂടിയാണ് ഇംപ്ലാന്റിനുള്ള തുക കണ്ടെത്തിയത്. മകന്റെ രോഗം അറിഞ്ഞതു മുതൽ ഞാൻ കരച്ചിലായിരുന്നു. മോനാണ് ധൈര്യം തന്നത്.‘ശരിയായി കൊണ്ടിരിക്കുകയല്ലേ, പിന്നെന്തിനാണ് കരയുന്നത്.’ അവന്റെ അസുഖത്തെ കുറിച്ചു അവനു തന്നെയാണ് കൂടുതൽ അറിയാവുന്നത്. ഇന്റർനെറ്റ് വഴി രോഗത്തെക്കുറിച്ചു പഠിച്ചു. എല്ലാ വിവരങ്ങളും ശേഖരിച്ചു.

അനിയന് എന്തെങ്കിലും സംഭവിക്കുമോയെന്ന ആധിയുണ്ടായിരുന്നു ചേച്ചി സ്നേഹയ്ക്ക്. അവൾ അവന്റെ ചേച്ചിയമ്മയായി ഒപ്പം നിന്നു. പകൽ പോലും ഞ ങ്ങൾക്ക് ഇരുട്ടായി തോന്നിയ ദിവസങ്ങളായിരുന്നു അത്.’’ ഷീബ.

aby-crisis

മെല്ലെ കടന്നു വന്ന വെളിച്ചം

ആദ്യം കീമോതെറപ്പി ചെയ്തു ട്യൂമറിനെ ചുരുക്കി കൊണ്ടു വന്നു. അതിനുശേഷമായിരുന്നു സർജറി. വീണ്ടും കീ മോ ചെയ്യേണ്ടതായി വന്നു. എല്ലുകൾ പൊട്ടാൻ സാധ്യതയുള്ളതു കൊണ്ട് സ്കൂളിൽ വിടരുതെന്ന് ഡോക്ടർമാർ നിർദേശിച്ചു.

ഇംപ്ലാന്റ് വന്നതിനു ശേഷമായിരുന്നു സർജറി. 18 സെന്റിമീറ്ററോളം അസ്ഥി മുറിച്ചു മാറ്റി. ആ ഭാഗത്തെ മസിലുകളും മാറ്റിയിട്ടാണ് ഇംപ്ലാന്റ് ചെയ്തത്. സർജറി കഴിഞ്ഞു പിറ്റേന്നു മുതൽ ഫിസിയോതെറപി തുടങ്ങി. വേദന കൊണ്ടുള്ള കരച്ചിൽ കേൾക്കാതിരിക്കാൻ അവന്റെ അച്ഛൻ മുകൾനിലയിലേക്കോടും. സർജറി ചെയ്തു മൂന്നുമാസം കഴിഞ്ഞപ്പോൾ കാലിന്റെ നീളം കൂട്ടേണ്ടി വന്നു. ഇടതു കാലിനനുസരിച്ചാണ് വലതു കാൽ നീളം കൂട്ടുന്നത്. ആദ്യ രണ്ടു തവണ നല്ല രീതിയിലാണ് സ്റ്റാൻമോർ കമ്പനി സഹകരിച്ചത്. കോവിഡ് തുടങ്ങിയ ശേഷം കമ്പനിയുടെ പ്രതികരണം നല്ലതായിരുന്നില്ല. അതിനിടയിൽ സ്ട്രൈക്കർ എന്ന പുതിയ കമ്പനി സ്റ്റാൻമോർ ഏറ്റെടുത്തു.

പുതിയ കമ്പനി എന്തുകൊണ്ടോ ഈ ടെക്നോളജി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിന്റെ കുറച്ചു പ്രശ്നങ്ങളുണ്ട്. കമ്പനിയുമായി ബന്ധപ്പെടാൻ പല തരത്തിൽ ശ്രമിക്കുന്നുണ്ട്. കഴിയുന്നില്ലെന്നതാണ് സത്യം. അയയ്ക്കുന്ന ഇമെയിലുകൾക്കൊന്നും തന്നെ മറുപടി വരുന്നില്ല. മ റുപടി വന്നാൽ തന്നെ അതു അനുകൂലമായ രീതിയിലല്ല. ‘നോൺ ഇൻവേസീവ് എക്സ്പാൻഡബിൾ ഇംപ്ലാന്റ്’ കേരളത്തിൽ ആദ്യമായി ചെയ്തത് എബിക്കാണ്.

ഇപ്പോൾ ഇവിടത്തെ ഹോസ്പിറ്റൽ തന്നെയാണ് നീളം കൂട്ടി തരുന്നത്. കാലുകൾ തമ്മിൽ പൊക്ക വ്യത്യാസം വരുമ്പോൾ നടക്കുമ്പോഴെല്ലാം വേദന വരും. മോട്ടോറിനു വല്ല തകരാറും വന്നാലോ എന്നു പേടിച്ച് പുറത്തേക്ക് അധികം കളിക്കാൻ വിടാറില്ല. ആ ഏകാന്തതയെ അവൻ മറികടക്കുന്നത് ചിത്രം വരയിലൂടെയാണ്. മോൻ വരച്ച ഗാന്ധിജിയുടെ ചിത്രം സ്കൂൾ മാഗസിന്റെ കവർ ആയിട്ടുണ്ട്.

വീണ്ടും അസുഖം വരുമോ എന്നെല്ലാം മോൻ ഇടയ്ക്ക് സംശയം പ്രകടിപ്പിക്കും. വേദന ഇപ്പോഴും ചെറുതായി കൂടെയുണ്ട്. പഠിച്ചിരുന്ന തുമ്പ വിഎസ്എസ്‌സി സെൻട്രൽ സ്കൂളിൽ തന്നെയാണ് പ്ലസ് വണ്ണിനു ചേർന്നത്. ഓങ്കോളജി ഡോക്ടറാകണം എന്നാണ് മോന്റെ ലക്ഷ്യം.’’ ഷീബയുടെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കം.

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ