Thursday 25 November 2021 03:51 PM IST : By സ്വന്തം ലേഖകൻ

ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്‌കാരം നേടി കൊറിയൻ ബോയ് ബാൻഡ് ബിടിഎസ്

BTS-band-Award

49 ാമത് ആനുവൽ അമേരിക്കൻ മ്യൂസിക് അവാർഡ്സ് വേദി കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കലാകാരന്മാർക്കുള്ള ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്‌കാരമാണ് ഏഴംഗ ബിടിഎസ് നേടിയത്. ആദ്യമായാണ് ഒരു ഏഷ്യൻ സംഗീത ബാൻഡ് അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നത്.

ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്കാരത്തിനൊപ്പം മികച്ച പോപ് സംഘത്തിനുള്ള പുരസ്കാരവും മികച്ച പോപ് ഗാനത്തിനുള്ള പുരസ്കാരവും ബിടിഎസ് നേടി. ഇതോടെ പോപ് സംഘത്തിനുള്ള പുരസ്‌കാരം തുടർച്ചയായി നാലാം വർഷവും സ്വന്തമാക്കുന്ന ബാൻഡ് എന്ന ഖ്യാതിയും ബിടിഎസ് സ്വന്തമാക്കി. സംഘത്തിന്റെ ‘ബട്ടർ’ ആണ് കഴിഞ്ഞ വർഷത്തെ മികച്ച പോപ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടത്.

BTS-band

നാമനിർദേശം ചെയ്യപ്പെട്ട എല്ലാ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ വാരിക്കൂട്ടി ബിടിഎസ്. ഞായറാഴ്ച ലോസ് ആഞ്ചൽസിൽ വച്ചായിരുന്നു അമേരിക്കൻ മ്യൂസിക് അവാർഡ്സ് പ്രഖ്യാപനം. പുരസ്കാര നേട്ടം ആരാധകർക്കായി ബിടിഎസ് അംഗങ്ങൾ സമർപ്പിച്ചു. പുരസ്കാര പ്രഖ്യാപനത്തിനു മുന്നോടിയായി ബിടിഎസും കോൾഡ് പ്ലേയും സംയുക്തമായൊരുക്കിയ മൈ യൂണിവേഴ്‌സും ബിടിഎസിന്റെ സ്വതന്ത്ര സംഗീത വിഡിയോ ആയ ബട്ടറും ആണ് അമേരിക്കൻ മ്യൂസിക് അവാർഡ്സിന്റെ വേദിയിൽ അവതരിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെ പുരസ്കാര വേദി ഇരുകൂട്ടരുടെയും പ്രകടനത്തെ വരവേറ്റത്. ആദ്യമായാണ് ജനപ്രിയ സംഗീതബാൻഡുകളായ ബിടിഎസും കോൾഡ് പ്ലേയും ഒരുമിച്ചു വേദി പങ്കിട്ടത്.

BTS-band-Award-cover