Thursday 24 November 2022 12:20 PM IST : By സ്വന്തം ലേഖകൻ

ബ്രസീലിന്റെ കളിദിനങ്ങളിൽ ശ്രീകുമാറിന്റെ ടീ സ്റ്റാളിൽ ഓംലെറ്റ് ഫ്രീ; പക്ഷേ ഒറ്റ കണ്ടീഷൻ മാത്രം...

brazil-fan

പഴയന്നൂർ  കുന്നത്തറ–കോടത്തൂർ റോഡിലെ രാമകൃഷ്ണ ടീ സ്റ്റാളിൽ ഇന്നു മുതൽ ബ്രസീലിന്റെ ലോകകപ്പ് ഫുട്ബോൾ കളിദിനങ്ങളിൽ ഉച്ചയൂണിനെത്തുന്ന ബ്രസീൽ ആരാധകർക്ക് ഓംലറ്റിന്റെ വില നൽകണ്ട. ബ്രസീൽ ജഴ്സിയണിഞ്ഞു വരണമെന്നു മാത്രം. തികഞ്ഞ ബ്രസീൽ ആരാധകനായ കടയുടമ പന്നിക്കുഴി ശ്രീകുമാറിന്റെ  ലോകകപ്പ് ഫുട്ബോൾ ഓഫറാണിത്.     

ഇഷ്ട ടീമായ ബ്രസീലിന്റെ കളികൾ ആഘോഷമാക്കാനാണു ശ്രീകുമാറിന്റെ തീരുമാനം. വീടിനും വീടിനോടു ചേർന്നുള്ള കടയ്ക്കും ബ്രസീൽ‍ പതാകയുടെ നിറം ചാർത്തിയിട്ടുണ്ട്. ഇത്തവണ ബ്രസീൽ തന്നെ ലോകകപ്പ് നേടുമെന്നും ശ്രീകുമാറിന് ഉറപ്പാണ്. അച്ഛന്റെ പേരിലുള്ള ചായക്കട കഴിഞ്ഞ ലോകകപ്പ് കാലത്തു നടത്തിയിരുന്നത് അനുജൻ ഉണ്ണിയായിരുന്നു. അർജന്റീന ആരാധകനായ ഉണ്ണി അന്നു കടയ്ക്ക് അർജന്റീന പതാകയുടെ നിറമേകിയിരുന്നു. ഓംലറ്റ് ഓഫറുമുണ്ടായിരുന്നു!