Tuesday 06 September 2022 03:37 PM IST

‘സ്വന്തംകാലിൽ നിൽക്കാൻ അമ്മ കാണിച്ച നിശ്ചയദാർഢ്യത്തിന്റെ ജീൻ ആണ് എനിക്കും കിട്ടിയിട്ടുള്ളത്’

Shyama

Sub Editor

burger-queen

ലോകമാകെയുള്ള  ഭക്ഷണപ്രിയരുടെ രുചിമുകുളങ്ങളെ ഒരു ബർഗർ കൊണ്ട് കണ്ണടച്ച് ‘ആഹാ’ എന്ന് പറയിപ്പിച്ച ബ്രാൻഡ്. 1953 മുതൽ ആ പേര് ബർഗർ കിങ്ങിന് സ്വന്തം. ഇന്ത്യ യിലെ ആ ശൃംഖലയുടെ തലപ്പത്തുള്ളതോ? ഒരു മലയാളി പെൺബുദ്ധി. കോട്ടയം കാഞ്ഞിരപ്പള്ളിക്കാരി സിസിലി തോമസ്. ബർഗർ കിങ് ഇന്ത്യയുടെ പ്രസിഡന്റ്. ഫാഷൻ ഡിസൈനിങ് രംഗത്ത് വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കെ തന്നെയാണ് അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഭക്ഷണവ്യവസായത്തിലേക്ക് സിസിലി കടന്നത്. ‘‘ബർഗർ കിങ്, ഇന്ത്യയിൽ ആദ്യമായി വന്ന സമയത്ത് എടുത്ത ജോലിക്കാരിൽ ഒരാളാണ് ഞാനും. 2014 തൊട്ട് തുടങ്ങിയതാണ് ബർഗറിനൊപ്പമുള്ള ഈ യാത്ര. റസ്റ്ററന്റ് ബ്രാൻഡ്സ് ഏഷ്യ ലിമിറ്റഡ് (ആർബിഎ) എന്ന് പ്രധാന കമ്പനിക്ക് കീഴിൽ വരുന്ന സ്ഥാപനമാണ് ബർഗർ കിങ്.  ആര്‍ബിഎയുടെ സിഇഒ രാജ് വിക്രമനും ഞാനും ചേർന്നാണ് ഇന്നത്തെ നിലയിലേക്ക് വളർത്തിയതെന്ന് പറയാം.
തുടക്കത്തിൽ വളരെയധികം വെല്ലുവിളികളുണ്ടായിരുന്നു. അതിലൊരു പ്രധാന ഘടകം  ഇന്ത്യയുടെ രുചിവൈവിധ്യം തന്നെയാണ്.  ലോകം മുഴുക്കെ ബർഗർ കിങ്ങിന് ഒരു തരം അടുക്കള മാത്രമേയുള്ളൂ... ഇന്ത്യയിൽ വന്നപ്പോൾ വെജ്–നോൺ വെജ് എന്നിങ്ങനെ രണ്ടെണ്ണമായി.

സംശയങ്ങൾക്ക് വിജയത്തിന്റെ മറുപടി

ആദ്യകാലത്ത് മിക്കവർക്കും സംശയമായിരുന്നു. ഇന്നാട്ടിൽ തുടങ്ങുന്ന പുതിയ ബ്രാൻഡ്. എല്ലാത്തിനും മുൻകയ്യെടുക്കുന്നതൊരു സ്ത്രീ. അങ്ങനെ പലതും. പക്ഷേ, പടിപടിയായി വിജയം തേടിയെത്തിയതോടെ സംശയങ്ങൾ മാഞ്ഞു.  ഞാൻ ആദ്യം ജോലി ചെയ്തിരുന്നത് ബ്രാൻഡ് സ്റ്റാൻഡേഡ്സ് വിഭാഗത്തിലായിരുന്നു. കമ്പനിയുടെ തുടക്കം മുതൽ ഒപ്പമുള്ളതുകൊണ്ട് വൈകാരികമായ അടുപ്പമുണ്ട്. തസ്തികകൾ പലതും മാറി മാറി കൈകാര്യം ചെയ്താണ് നിലവിലെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ബർഗർ കിങ്ങിൽ ആദ്യം വരുമ്പോൾ ബർഗർ ഒരു സ്നാക് അല്ല അതൊരു കംപ്ലീറ്റ് മീൽ ആണെന്ന് ആളുകളെ മനസ്സിലാക്കുക ആയിരുന്നു പ്രധാന ലക്ഷ്യം. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വലിയ ബർഗറുകളുണ്ട്.
ഇതിനു മുൻപ് ഫാഷൻ മേഖലയിലാണ് ജോലി ചെയ്തത്. റിലയൻസ് ബ്രാൻഡിനൊപ്പം. അവിടെയും തുടക്കത്തിലെ പത്ത് പേരിൽ ഒരാളായിരുന്നു. പല വിഭാഗക്കാർക്കായുള്ള വസ്ത്ര ബ്രാൻഡ് രൂപകൽപന ചെയ്തു. അക്കാലത്ത് ഹാംലെയ് എന്ന കളിപ്പാട്ട നിർമാതാക്കളുമായും റിലയൻസിനെ കൂട്ടിയിണക്കി ജോലി ചെയ്തു.

കാഞ്ഞിരപ്പള്ളിയിലെ അക്കാലത്തെ ഒട്ടുമിക്ക കുട്ടികളെയും പോലെ ഞാനും ബോർഡിങ് സ്കൂളിലാണ് പഠിച്ചത്. തമിഴ്നാട്ടിലെ യേർക്കാടുള്ള സേക്രഡ് ഹാർട്ട്സിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ബിരുദം ബെംഗളൂരു ജെ എൻസിയിൽ. ബെംഗളൂരുവിൽ നിന്ന് എംബിഎയും ചെയ്തു. ഇൻഷുറൻസ് മേഖലയിലാണ് കരിയർ തുടങ്ങിയത്. പിന്നീട് കുറച്ച് നാൾ ഫൈൻ ആർട് സെക്ടറിൽ. അതിനു ശേഷം ഫാഷൻ. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു ഭക്ഷ്യവിഭവങ്ങളിലേക്കുള്ള കടന്നുവരവ്.

പെൺകുട്ടികളിൽ പ്രതീക്ഷയർപ്പിക്കൂ...

കമ്പനി സിഇഒ രാജ് തുടക്കം മുതലേ ഈ സ്ഥാപനത്തിൽ ഉടനീളം ലിംഗസമത്വം  വേണമെന്ന് കരുതുന്നയാളാണ്. ഞ ങ്ങളുടെ എക്സിക്യുട്ടീവ് കോർ ടീമിലെ ഏഴിൽ മൂന്ന് പേരും സ്ത്രീകളാണ്. ഞങ്ങളുടെ എല്ലാ കടകളിലും നാൽപത് ശ തമാനത്തോളം സ്ത്രീകൾ ജോലി ചെയ്യുന്നു.

ചെയ്യുന്ന ജോലിയുടെ വളരെ സൂക്ഷ്മമായ കാര്യങ്ങൾ പോലും വിട്ടുപോകാതെ സ്ത്രീകൾ ശ്രദ്ധയോടെ ചെയ്യാറുണ്ട്. സ്ഥാപനത്തിന്റെ മാനേജർമാരിൽ പത്ത് ശതമാനവും സ്ത്രീകളാണ്. ഒരു ജോലിയിൽ നിന്ന് അടുത്ത പൊസിഷനിലേക്കുള്ള സ്ഥാനക്കയറ്റവും വേണ്ടി വന്നാൽ അതിനു വേണ്ട പരിശീലനവും കമ്പനി തന്നെ നൽകാൻ ശ്രദ്ധിക്കുന്നു എന്നൊരു മെച്ചവും ബർഗർ കിങ്ങിനുണ്ട്. ‘ക്വീൻസ് അറ്റ് ബർഗർ കിങ്’ എന്ന പദ്ധതിയിലൂടെ സ്വരക്ഷ അടക്കം പുതിയ പല കാര്യങ്ങളും സ്റ്റാഫിനെ പഠിപ്പിക്കുന്നു.
പഞ്ചാബിൽ ഞങ്ങളുടെ ക്രൂവിലുണ്ടായിരുന്നൊരു പെൺകുട്ടി ഇവിടെ  മാനേജർ സ്ഥാനത്തു വരെ എത്തി. അതിനു ശേഷം അവളുടെ ഗ്രാമത്തിലെ സർപഞ്ച് ആയി. അതൊരു ചരിത്രം കുറിക്കലായിരുന്നു, കാരണം അതിനു മുന്‍പ് വരെ പുരുഷന്മാർക്ക് മാത്രമായിരുന്നു ആ സ്ഥാനം നൽകിയിരുന്നത്. ഇവിടുന്ന് ലഭിച്ച ആത്മവിശ്വാസവും പഠിച്ച കാര്യങ്ങളും അവൾക്ക് ഗുണം ചെയ്തു.  അതൊക്കെ ഞങ്ങൾക്ക് വലിയ പ്രചോദനമായിരുന്നു.

എല്ലാ പെൺകുട്ടികളോടും പൊതുവേ പറയാനുള്ള കാര്യം മറ്റുള്ളവർക്ക് വേണ്ടിയും മറ്റുള്ളതിനു വേണ്ടിയും ത്യാഗം ചെയ്യുമ്പോൾ സ്വന്തം കാര്യം മറന്നു പോകരുത്. ഒഴിവു കഴിവുകളില്ലാതെ നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുക. സ്ത്രീകൾക്ക് പല കാര്യങ്ങളും ഒരു പോലെ നന്നായി കൊണ്ടുപോകാനുള്ള മാജിക് സ്വന്തമായുണ്ട്.
ഞാനിന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനൊക്കെ കാരണം എന്റെ അമ്മ അച്ചമ്മ തോമസാണ്. വരുമാനം നേടാൻ ഒന്നും ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെങ്കിൽ കൂടിയും സ്വന്തം കാലിൽ നിൽക്കാൻ അമ്മ കാണിച്ച നിശ്ചയദാർഢ്യത്തിന്റെ ജീൻ ആണ് എനിക്കും കിട്ടിയിട്ടുള്ളത്. അച്ഛൻ കെ.സി. തോമസ് ആറു വർഷം മുൻപ് ഞങ്ങളെ വിട്ടു പോയി.
ഞങ്ങൾ നാല് പെൺകുട്ടികളായിരുന്നു. ഞങ്ങളുടെ വീട്ടിൽ ഒരിക്കൽ പോലും ഒരാൺകുട്ടിയില്ലാതായി പോയല്ലോ എന്ന മട്ടിലുള്ള സംസാരം ഉണ്ടായിട്ടേയില്ല. അതുകൊണ്ടൊക്കെ  തന്നെ ഞങ്ങൾ നാലു പേരും അവരവരുടെ സ്വപ്നങ്ങൾക്ക് പുറകെയാണ്.

നിലവിൽ മുംബൈയിലാണ് താമസം. റിലയൻസ് ബ്രാ ൻഡിൽ നിന്ന് തന്നെയാണ് ഭർത്താവ് സുമീത്ത് യാദവിനെ  പരിചയപ്പെടുന്നത്. ഹാംലെയ്സിന്റെ ഗ്ലോബൽ ഹെഡ് ആണ് അദ്ദേഹം. അമ്മ കഴിഞ്ഞാൽ എന്റെ ഏറ്റവും വലിയ ചിയർലീഡർ. ’’

ശ്യാമ