Tuesday 17 July 2018 12:12 PM IST : By സ്വന്തം ലേഖകൻ

‘ഡിസിഷൻ പെൻഡിംഗായില്ല, നൂറുവട്ടം സമ്മതം’; സോഷ്യൽ മീഡിയയുടെ മനം കവർന്ന് ലോർഡ്സിലെ ആ പ്രണയാഭ്യർത്ഥന

lords

മനോഹര കാഴ്ച്ചകൾ അങ്ങ് കളത്തിൽ മാത്രമല്ല. ഇങ്ങ് ഗ്യാലറിയിലേക്ക് കണ്ണെറിഞ്ഞാലും ആരും കാണാത്ത ചില അപൂർവ്വ നിമിഷങ്ങള്‍ ബാക്കിയുണ്ടാകും. ക്രിക്കറ്റിന്റെ ചരിത്രമുറങ്ങിക്കിടക്കുന്ന ലോർഡ്സിലെ ഗ്യാലറി ഒരു അപൂർവ്വ പ്രണയനിമിഷത്തിന് വേദിയായി എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്.

ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെ ഒരു അഡാർ വിവാഹാഭ്യർത്ഥന നടന്നു. 24-ാം ഓവറിനിടെ ഗ്യാലറിയിൽ കളി കാണാനെത്തിയ രണ്ടുപേർക്ക് നേരെ ക്യാമറക്കണ്ണുകൾ തിരിഞ്ഞപ്പോഴായിരുന്നു ലോകം ആ മനോഹരമായ കാഴ്ച കണ്ടത്.

കാമുകിക്ക് അടുത്തിരുന്ന യുവാവ് പെട്ടെന്ന് എണീറ്റ് മുട്ടുകുത്തിനിന്ന് അവൾക്കുനേരെ മോതിരം നീട്ടി. തന്നെ വിവാഹം കഴിക്കാമോയെന്നു ചോദിച്ചു. ഇതുകണ്ട കമന്റേറ്റർ ഡേവിഡ് ലിയോഡിന്റെ വക നല്ല കിടിലൻ കമന്ററി പിന്നാലെയെത്തി. കൂറ്റൻ സ്ക്രീനിൽ ഡി.ആര്‍.എസിന് സമാനമായി ‘ഡിസിഷൻ പെൻഡിങ്’ എന്നു എഴുതി കാണിക്കുകയും ചെയ്തു. പെണ്‍കുട്ടി യുവാവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചതോടെ ‘ഷീ സെഡ് യെസ്’ എന്നും എഴുതി കാണിച്ചു.

ഗ്യാലറിയിൽ ഇവർക്ക് ചുറ്റും ഇരിക്കുന്നവരും ദൃശ്യങ്ങൾ കണ്ടവരും ഹർഷാരവത്തോടെയാണ് ആ കാഴ്ചയെ ഏറ്റെടുത്തത്. മൈതാനത്ത് ബോളിങ്ങിനായി എത്തിയ യുസ്‌വേന്ദ്ര ചാഹലും ഒപ്പം കൈയ്യടിച്ചു.

ലോർഡ്സ് ക്രിക്കറ്റ് മൈതാനം ആദ്യമായല്ല ഇത്തരമൊരു പ്രൊപ്പോസലിന് വേദിയാകുന്നത്. കഴിഞ്ഞ വർഷം ഇതുപോലൊരു പ്രൊപ്പോസൽ ഉണ്ടായെന്ന് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ അറിയിച്ചു.