Thursday 30 September 2021 03:50 PM IST : By സ്വന്തം ലേഖകൻ

കഥ പോലെ കാര്യം പറയുന്നതവർക്ക് ഒരു തൊഴിൽ പോഡ്കാസ്റ്റിങ്: സെപ്റ്റംബർ 30 രാജ്യാന്തര പോഡ്കാസ്റ്റിങ് ദിനം

Podcast-cover

കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? സാദാ റേഡിയോ മുതൽ എഫ്എം റേഡിയോ വരെ ജനകീയമായത് ആളുകളുടെ കേൾക്കാനുള്ള ഈ ഇഷ്ടം കൊണ്ടാണ്. സൈബർ ലോകത്തെ ശബ്ദസാന്നിധ്യമാണ് പോഡ്കാസ്റ്റ്. ഇന്ന്, സെപ്റ്റംബർ 30, രാജ്യാന്തര പോഡ്കാസ്റ്റിങ് ദിനം. സമൂഹമാധ്യമങ്ങളായ യുട്യൂബും ഫേസ്ബുക്കും പോലെ ചെറുപ്പക്കാർക്കിടയിൽ പ്രിയമേറി വരുന്ന ഇന്റർനെറ്റ് മീഡിയം ആണ് പോഡ്കാസ്റ്റിങ്. റേഡിയോയുടെ ഇന്റർനെറ്റ് വകഭേദമല്ലിത്. രണ്ടും ശ്രവണമാധ്യമങ്ങളാണെന്നതു മാത്രമാണ് ഇതു തമ്മിലുള്ള സാമ്യം. മനോരമ ഓൺലൈൻ പോലുള്ള മുഖ്യധാരാ മാധ്യമങ്ങളും നിരവധി സ്വകാര്യ പോഡ്കാസ്റ്റർമാരും നിറഞ്ഞതാണ് സൈബറിടത്തിലെ മലയാളത്തിന്റെ പോഡ്കാസ്റ്റിങ് ലോകം.

മലയാളം പറയുന്ന പോഡ്കാസ്റ്റിങ്

ടീ ടോക്സ്, ലൈഫ് ലൈൻ, ഹിസ് പിങ്ക് ഡയറി, മലയാളം പോഡ്കാസ്റ്റ് , ദില്ലി ദാലി, പഹയൻസ്, ദി മലയാളി, എന്നോടൊപ്പം, ആത്മാവിൽ മഞ്ഞ് പെയ്യുമ്പോൾ, ഡേർട്ടി ടോക്സ്, ലൈഫ് ലൈൻ വിത്ത്‌ മേഘ, സോൾട്ട് മംഗോട്രീ, പർപ്പിൾ പോഡ്കാസ്റ്റ്, ടെന്റ് പോഡ്കാസ്റ്റ്, ഫേബിൾസ് ലേണിങ്ങ് തുടങ്ങി 100ൽ അധികം സജീവ പോഡ്കാസ്റ്റിങ് ചാനലുകൾ മലയാളത്തിലുണ്ട്. ഇവരുടെ കൂട്ടായ്മയായ മലയാളം പോഡ്കാസ്റ്റിങ് കമ്മ്യൂണിറ്റി ഈ രംഗത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങൾക്കു വഴികാട്ടിയാണ്. ഒരു പോഡ്കാസ്റ്റിങ് ചാനൽ എങ്ങനെ തുടങ്ങാം, ഏതൊക്കെ ഉപകരണങ്ങൾ ആണ് വേണ്ടത്, ഉള്ളടക്കത്തിലും അവതരണത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിങ്ങനെ ഈ രംഗത്തേയ്ക്ക് കടന്നു വരുന്നവർക്ക് മലയാളം പോഡ്കാസ്റ്റിങ് കമ്മ്യൂണിറ്റി നിർദേശങ്ങൾ നൽകുന്നു.

Podcastpic

‘‘ജോലിക്കിടയിലെ വിരസത അകറ്റാൻ വേണ്ടിയാണ് പോഡ്‌കാസ്റ്റിങ്ങിലേക്കു തിരിഞ്ഞത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ രസകരമായ അനുഭവങ്ങളാണ് ടീ ടോക്സ് എന്ന ചാനലിലൂടെ പങ്കുവയ്ക്കുന്നത്. വിചാരിച്ചതിലും മികച്ച പ്രതികരണംലഭിച്ചപ്പോൾ മുഴുവൻ സമയവും പോഡ്‌കാസ്റ്റിങ്ങിലേക്കു തിരിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ഗാനയിൽ മാത്രം പതിനായിരത്തിൽ അധികം സബ്സ്ക്രൈബേഴ്‌സ് ലഭിച്ചു.’’ മലയാളം പോഡ്കാസ്റ്റിങ് കമ്മ്യൂണിറ്റി എന്ന കൂട്ടായ്മയുടെ സംഘാടകരിൽ ഒരാളും ‘ടീ ടോക്സ്’ പോഡ്കാസ്റ്ററുമായ ജിഷ്ണു പ്രസാദ് പറയുന്നു. ജിഷ്ണുവിനെ പോലെ ഹോബിയായി തുടങ്ങി മുഴുവൻ സമയ പോഡ്‌കാസ്റ്ററുമ്മാരായവർ നിരവധിയാണ്. ടിവി പ്രോഗ്രാമുകളും, എഫ്‌എം റേഡിയോയും യൂട്യൂബ് ചാനലുകളുമെല്ലാം സ്വീകരിച്ച മലയാളികൾ പോഡ്‌കാസ്റ്റിങ്ങിനും പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. മനോരമ ഓൺലൈൻ കൂടാതെ അലക്സ, സിരി, ഗൂഗിൾ അസിസ്റ്റന്റ്, അങ്കർ, സ്പോട്ടിഫൈ, ആപ്പിൾ പോഡ്കാസ്റ്റ്, ജിയോസാവൻ, ഗാന തുടങ്ങി വിവിധ ആപുകളിൽ പോഡ്കാസ്റ്റിങ് ചാനലുകൾ ലഭ്യമാണ്.

ഐപോഡർ വളർന്നു പോഡ്കാസ്റ്റിങ്

Podcastpic2

എംടിവി വിഡിയോ ജോക്കി ആയിരുന്ന ആദം കുറിയും സോഫ്റ്റവെയർ ഡോവലപ്പറായ ഡേവ് വിനറും ചേർന്നു 2004ൽ വികസിപ്പിച്ച ഐപോഡറിൽ നിന്നാണ് ഇന്നു കാണുന്ന പോഡ്കാസ്റ്റിങ് ഉണ്ടായത്. ദി ഗാർഡിയനിൽ ബെൻ ഹാംസ്‌ലി എന്ന പത്രപ്രവർത്തകനാണ് ഐപോഡിന്റെ പോഡും ബ്രോകാസ്റ്റിങ്ങിന്റെ കാസ്റ്റിങ്ങും കൂട്ടിച്ചേർത്ത് പോഡ്കാസ്റ്റിങ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഇന്ന് ലോകത്ത് 165 മില്യൺ ആൾക്കാരിൽ കൂടുതൽ കേൾക്കുന്ന മാധ്യമമായി പോഡ്കാസ്റ്റിങ് വളർന്നു. 2021 ലെ കണക്കുകൾ പ്രകാരം ലോകത്ത് 20 ലക്ഷം ആക്റ്റീവ് പോഡ് കാസ്റ്റർമാരുണ്ട്. 2015 ൽ ഇത് 5 ലക്ഷം ആയിരുന്നു. ലോകത്തിൽ അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ പോഡ്കാസ്റ്റിങ്ങിന് ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ളത് ഇന്ത്യയിൽ ആണ്.

സംസാരിക്കാനറിയാമോ... അവസരം

കാര്യങ്ങൾ നന്നായി പഠിച്ച്, രസകരമായി അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനറിയാമോ? അത്തരമാളുകൾക്ക് ഏറെ സാധ്യതയുള്ള മേഖലയാണ് പോഡ്കാസ്റ്റിങ്. അവതരിപ്പിക്കേണ്ടവിഷയത്തെപ്പറ്റി വ്യക്തതയോടെ പറഞ്ഞു കൊടുക്കാനുള്ള ഗ്രാഹ്യം, നല്ല ഭാഷാപ്രാവീണ്യം, വ്യക്തതയുള്ള ശബ്ദം എന്നിവയുണ്ടെങ്കിൽ പോ‍ഡ്കാസ്റ്റർ ആകാനുള്ള അടിസ്ഥാന യോഗ്യതയായി. മലയാളം പോഡ്കാസ്റ്റിങ് കമ്മ്യൂണിറ്റി പോലുള്ള കൂട്ടായ്മകൾ ഈ രംഗത്തേയ്ക്ക് കടന്നുവരുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകും...