Wednesday 31 August 2022 04:56 PM IST : By സ്വന്തം ലേഖകൻ

‘പെൺകുട്ടി സ്വവർഗ അനുരാഗി, വീട്ടുകാർ നിർബന്ധിച്ച കല്യാണം’: തിരിച്ചറിയണം അവരുടെ ലൈംഗിക ആഭിമുഖ്യം

wedding-concepts-22

സോഫ്റ്റ്‌വെയർ എൻജിനീയറായ മഞ്ജു ആദ്യത്തെ കുട്ടി പിറന്ന ശേഷം ജോലി രാജി വച്ചു. രണ്ടാമത്തെ കുട്ടി കൂടിയായതോടെ പൂർണമായും മക്കളുടെ കാര്യത്തിൽ മാത്രമായി ശ്രദ്ധ. ലക്ഷങ്ങൾ ശമ്പളമുള്ള ഭർത്താവിന്റെ വരുമാനത്തിൽ ആഡംബരപൂർവം ജീവിച്ച മഞ്ജുവിനെ സുഹൃ ത്തുക്കൾ പോലും അൽപം അസൂയയോടെ നോക്കിയിട്ടുണ്ട്. അത്ര മാതൃകാ ദമ്പതികളായിരുന്നു ഇരുവരും.

അതിനിടെ ഉണ്ടായ അപകടം മഞ്ജുവിന്റെ ജീവിതത്തെ ഉലച്ചു. കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അ ബോധാവസ്ഥയിലായ ഭർത്താവ് ഐസിയുവിൽ. ഭർത്താവിന്റെ എടിഎമ്മും ക്രെഡിറ്റ് കാർഡും കയ്യിലുണ്ട്. പക്ഷേ, പിൻ നമ്പർ അറിയില്ല. ബില്ലടയ്ക്കാൻ പോയിട്ട് ആശുപത്രിയിലേക്കുള്ള യാത്രാചെലവിനു പോലും 100 രൂപ കയ്യിലില്ല. ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കും ചെക്ക് ബുക്കുമൊക്കെ പലവട്ടം തിരഞ്ഞിട്ടും കിട്ടിയില്ല. ആ ദിവസങ്ങൾ ഒരുവിധം കടന്നു പോയെങ്കിലും പ്രശ്നങ്ങൾ പിന്നെയും തുടർന്നു.

ആശുപത്രിയിലെത്തി ഒരു മാസം കഴിഞ്ഞിട്ടും ഭർത്താവിന് പൂർണമായ ഓർമശക്തി തിരിച്ചുകിട്ടിയില്ല. ബിസിനസ് ആവശ്യത്തിന് അദ്ദേഹം പണം കടം വാങ്ങിയവർ ഓരോരുത്തരായി രംഗത്തെത്തി. മാനസികനില തെറ്റിയ മഞ്ജുവിനെ രക്ഷിതാക്കളാണ് മനോരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചത്.

‘മാതൃകാ’ദമ്പതികളായ മഞ്ജുവിന്റെയും ഭർത്താവിന്റെയും ജീവിതത്തിലെ വില്ലൻ ആരാണെന്നോ?. സാമ്പത്തിക കാര്യങ്ങളിൽ ഭാര്യയെ ഇടപെടുത്തേണ്ട കാര്യമില്ല എന്ന ഭർത്താവിന്റെ ‘ഈഗോ.’ വിവാഹജീവിതത്തിൽ ഭാര്യയും ഭർത്താവും തുല്യരാണ് എന്നാണ് വയ്പ്. പക്ഷേ, പല കാര്യങ്ങളിലും പങ്കാളിയെ തനിക്കൊപ്പം കാണാൻ പ ലരും തയാറാകില്ല.

വിവാഹത്തിനു ചേർച്ചകൾ നോക്കുന്നതു നല്ലതു ത ന്നെ. അതിനു മുൻപ് അവനവന്റെ ഉള്ളിലേക്കും ഒന്ന് നോക്കണം. വിവാഹം കഴിക്കാൻ എന്താണ് എന്റെ യോഗ്യത?

ആ ചോദ്യത്തിനു പാസ് മാർക് കിട്ടാൻ ഇനി പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്യാം. മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ തയാറാക്കിയ ഈ സ്കോർ കാർഡ് ‘വിവാഹമേ വേണ്ട’ എന്നു തീരുമാനിച്ചവർക്കും പ്രയോജനം ചെയ്യും. നിങ്ങളുടെ തീരുമാനം ശരിയാണോ എന്ന് അറിയാ‌മല്ലോ.

വെയ്റ്റേജ് 20– എന്തിനാണു വിവാഹം?

കെട്ടുപ്രായം തികഞ്ഞതോടെ വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ വയ്യാതെ കല്യാണമങ്ങു കഴിച്ചു. വിവാഹത്തെ കുറിച്ചു ചോദിച്ചാൽ പലരുടെയും ഉത്തരം ഇതാകും. എന്നാൽ വീട്ടുകാരല്ല, നമ്മളാണ് തീരുമാനിക്കേണ്ടത് വിവാഹം കഴിക്കണോ എന്ന്. വിവാഹം കഴിക്കാൻ കാരണമെന്ത് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ട് മതി കല്യാണം.

ഏകാന്തത അവസാനിപ്പിക്കാമെന്ന് കരുതിയാണ് ക ല്യാണം കഴിക്കുന്നതെങ്കിൽ തെറ്റി. വിവാഹം നിങ്ങളുടെ ഏകാന്തത അവസാനിപ്പിക്കണമെന്നില്ല. ‘വിവാഹപ്രായം കഴിയും മുൻപ് വിവാഹം കഴിക്കണമല്ലോ, അല്ലെങ്കി ൽ എന്നെയാരും കെട്ടാൻ വന്നില്ലെങ്കിലോ’ എന്നു ചിന്തിച്ചും വിവാഹത്തിനു മുതിരരുത്. ഭാര്യവീട്ടിൽ നിന്നു കിട്ടുന്ന സ്ത്രീധനം വാങ്ങിെയടുത്ത് ജീവിതമൊന്നു ‘സ്റ്റേബിൾ’ ആക്കാമെന്ന ചിന്തയും വേണ്ട.

സെക്സിൽ അതുവരെ അറിഞ്ഞുവച്ചതെല്ലാം പരീക്ഷിച്ചു നോക്കാനായി വിവാഹം കഴിക്കുന്നവരുമുണ്ട്. ലൈംഗികതയും സന്താനോത്പാദനവും മാത്രം ലക്ഷ്യം വച്ചുള്ള വിവാഹവും നെഗറ്റീവ് മാർക്കാകും നൽകുക.

ജീവിതം പങ്കുവയ്ക്കാനായി ഒരു പങ്കാളിയെ ഒപ്പം കൂട്ടുന്നു എന്നതാണ് ഏറ്റവും കൂടുതൽ മാർക്ക് തരുന്ന ഉത്തരം. രക്ഷിതാക്കളോടും സുഹൃത്തുക്കളോടും ‘ഷെയർ’ ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ടാകും. ആ പരിധിക ൾക്കെല്ലാമപ്പുറം മനസ്സ് പങ്കുവയ്ക്കാനും പരസ്പരം പിന്തുണയ്ക്കാനും ഉപാധികളില്ലാത്ത സ്നേഹത്തിന്റെ കൂട്ട്. അത്തരത്തിലൊന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ വിവാഹത്തെ കുറിച്ച് വസ്തുനിഷ്ഠമായി ചിന്തിച്ചു എന്നർഥം.

വെയ്റ്റേജ് 20– തുല്യപരിഗണന വേണ്ടേ?

ടിവിയിൽ വരുന്ന പാൽപ്പൊടിയുടെ പരസ്യം കണ്ടിട്ടില്ലേ. എനിക്ക് ചായയാണിഷ്ടം, നിനക്കു കോഫിയും. ഒന്നിച്ചു ജീവിച്ചു തുടങ്ങുന്ന രണ്ടുപേരുടെ ഇഷ്ടങ്ങൾ ഒന്നുപോലെ ആകണമെന്ന് യാതൊരു നിർബന്ധവുമില്ല. പഠിച്ച ജോ ലി ചെയ്ത്, സമ്പാദിച്ച്, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, പ്രിയപ്പെട്ടവരെയെല്ലാം കൂടെനിർത്തി ജീവിതം ആസ്വദിക്കണമെന്ന സ്വപ്നമാകും പങ്കാളിക്കുള്ളത്.

സ്വന്തം നിർബന്ധങ്ങളും ചിട്ടകളും അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണോ? അവർക്കും അനിഷ്ടങ്ങളും അഭിപ്രായവ്യത്യാസവും ഉണ്ടാകും. അവ കൂടി കണക്കിലെടുത്തില്ലെങ്കിൽ വിവാഹജീവിതത്തിൽ എന്തു ‘ജനാധിപത്യ’മാണുള്ളത്. പ്രതിപക്ഷബഹുമാനവും കരുതലും ഇല്ലാത്ത സ്നേഹം സർക്കാർ പിൻവലിച്ച 1000 രൂപ നോട്ട് പോലെയാണ്. ഉണ്ടെന്നു പറയാം. പക്ഷേ, അതുകൊണ്ട് ഒരു വൈകാരിക വിനിമയവും സാധ്യമല്ല.

അഭിപ്രായങ്ങൾ പറയാനും അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും തെറ്റുതിരുത്താനുമുള്ള അവസരം ദാമ്പത്യത്തിൽ വേണം. അതില്ലാതെ വരുമ്പോഴാണ് വിവാഹം ‘ടോക്സിക്’ ആകുന്നത്. നേരത്തേ പറഞ്ഞ പരസ്യത്തിൽ ചായയുടെയും കാപ്പിയുടെയും രുചി ഒരുപോലെ കൂട്ടുന്ന പാൽപ്പൊടി പോലെയാണ് തുല്യപരിഗണന. വീട്ടിൽ നിങ്ങൾ എങ്ങനെയാണോ, അതുപോലെയാണ് പങ്കാളിയുമെന്ന് തിരിച്ചറിയുക. നിങ്ങളുടെ മുന്നിലോ പിന്നിലോ നടക്കാനല്ല, ഒപ്പം നടക്കാനാണ് പങ്കാളി.

‘തന്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേ ർപെടുത്തിയ...’ ചില വിവാഹപരസ്യങ്ങളിലെ പതിവു വാചകം. വിവാഹബന്ധം വേർപെടുത്തിയതിന്റെ കാരണം എന്തു തന്നെയായാലും അതു തന്റേതല്ല എന്നാണ് ഇവർ പറയുന്നത്. ആണെങ്കിൽ തന്നെ സമ്മതിക്കാൻ മനസ്സില്ല. ഇതു തന്നെയാണ് പ്രധാനപ്രശ്നവും. തെറ്റുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യരില്ല. തെറ്റു ചെയ്തെന്നു സമ്മതിക്കുമ്പോഴും മാപ്പു ചോദിക്കുമ്പോഴും നേട്ടം നിങ്ങൾക്കാണ്.

വിവാഹജീവിതം ജൈവകൃഷി പോലെയാണെന്നു കരുതുക. തെറ്റുകൾ ‘ഓർഗാനി’ക്കായി സംഭവിക്കും. പെട്ടെന്നൊരു ദിവസം രാസകീടനാശിനി അടിച്ച് എല്ലാം ശരിയാക്കാമെന്നു കരുതുന്നത് ശരിയല്ല. പ്രശ്നമറിഞ്ഞ് പരിഹാരം കണ്ടാലേ ദാമ്പത്യം വീണ്ടും പൂത്തുതളിർക്കൂ. അതിനുള്ള ക്ഷമയും മനസ്സുമുണ്ടാകണം.

വെയ്റ്റേജ് 15– മനസ്സ് ഒരുങ്ങിയോ ?

പഠനം പൂർത്തിയാക്കി ജോലി കിട്ടിക്കഴി‍ഞ്ഞാൽ വിവാഹം കഴിക്കണം. അല്ലെങ്കിൽ എന്തോ കുഴപ്പമുണ്ടെന്നാണ് ധാരണ. വിവാഹം ഏതു പ്രായത്തിലായാലും അതിനു വേണ്ട മാനസിക പക്വത ഉണ്ടോ എന്നതാണു പ്രധാനം. വിവാഹം ബിരിയാണി പോലെയാണ്. കഴിക്കും മുൻപുള്ള ആവേശമൊന്നും കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകാറില്ല എന്ന് പറഞ്ഞത് മറ്റൊരു ‘സോഷ്യൽ മീഡിയ തത്വജ്ഞാനി’. ഇത് എല്ലാവർക്കും ബാധകമല്ല എന്നതാണ് സത്യം. പക്ഷേ, മാനസിക പക്വതയില്ലാതെ വിവാഹം കഴിക്കുന്നവരെ സംബന്ധിച്ച് നൂറു ശതമാനം ശരിയുമാണ് താനും.

ഇതുവരെയുള്ള നിങ്ങളുടെ സ്വഭാവം വിശകലനം ചെയ്തിട്ടു വേണം പക്വത വന്നോ എന്നു മനസ്സിലാക്കാൻ. ചിലർക്ക് എല്ലാ കാര്യത്തിലും ‘വെട്ടൊന്ന്, മുറി രണ്ട്’ എന്ന നിലപാടാകും. ആരുടെയും വികാരങ്ങൾ പരിഗണിക്കാതെ മുഖത്തടിച്ച പോലെ സംസാരിക്കും. അത് വിവാഹമോഹത്തിന് മൈനസ് മാർക്ക് ആകും. ആരു പറയുന്നതും വില വയ്ക്കാതെ, സ്വന്തം തീരുമാനപ്രകാരം പഠനവും ജോലിയും തിരഞ്ഞെടുത്തവരുണ്ടാകാം. എല്ലാത്തിനെയും മത്സരബുദ്ധിയോടെ സമീപിക്കുന്നതാകും ചിലരുടെ രീതി. ഇതുപോലെ പല തരത്തിലുള്ള പ്രശ്നങ്ങൾ, വൈകാരിക അസ്ഥിരത ഇവയൊക്കെ പരിഹരിക്കാൻ കഴിയുന്നുവെങ്കിൽ വിവാഹത്തിലേക്ക് കടക്കാം.

‘നരസിംഹം’ സിനിമയിലെ ലാലേട്ടൻ ഡയലോഗ് പോലൊരു പെണ്ണിനെയാണ് വരൻ പ്രതീക്ഷിക്കുന്നതെന്നു കരുതുക. ഭക്ഷണം കഴിച്ച പ്ലേറ്റ് സ്വയം കഴുകിവയ്ക്കുന്ന ഭർത്താവിനെ സ്വപ്നം കണ്ടാണ് വധു വരുന്നതെങ്കിലോ? വ്യക്തി സ്വയം മനസ്സിലാക്കുക എന്നതാണ് വിവാഹത്തിനു വേണ്ട പ്രധാന യോഗ്യത. വിവാഹം കൂട്ടുത്തരവാദിത്തം ആയതിനാൽ ആ ‘ഉത്തരവാദിത്ത ബോധം’ രണ്ടുപേർക്കും വേണം. സ്വഭാവ സവിശേഷതകളും ചിന്താഗതിയും രണ്ടുപേർക്കുമുണ്ടാകും. അതു മനസ്സിലാക്കുക, സ്വീകരിക്കുക. തീരെ സഹിക്കാൻ പറ്റാത്തവ ഒഴിവാക്കാനും യോജ്യമായ മാറ്റം വരുത്താനും രണ്ടു പേരും തയാറാകണം.

wedding-concepts-44

വെയ്റ്റേജ് 15– എല്ലാം പങ്കുവയ്ക്കാമോ?

പരസ്പരമുള്ള ജീവിതം പങ്കുവയ്ക്കലാണ് ദാമ്പത്യം. എ ടിഎം കാർഡിന്റെ പിൻ നമ്പർ പോലും പരസ്പരം പറഞ്ഞുകൊടുക്കാതെ എങ്ങനെ ‘പങ്കുവയ്ക്കൽ’ പൂർണമാകും. പങ്കാളികൾക്കിടയിൽ സുതാര്യത (ട്രാൻസ്പരൻസി) ഉണ്ടാകുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ജീവിതത്തിൽ എല്ലാ കാര്യങ്ങളും മറച്ചുവച്ചു ശീലിച്ചവരുണ്ട്. ഇവർ മറ്റുള്ളവരെയും സംശയത്തോടെയേ കാണൂ. ചെറിയ കാര്യത്തിനു പോലും കള്ളം പറയുന്നവർ, സഹപ്രവർത്തകരുടെ ഗോസിപ്പുകൾക്ക് വലിയ വില കൊടുക്കുന്നവർ. ഇങ്ങനെയുള്ളവർ വിവാഹത്തിലേക്ക് കടക്കുമ്പോൾ പങ്കാളിയോടും ഇതേ മനോഭാവം പുലർത്താം.

ദാമ്പത്യജീവിതത്തിൽ പരസ്പര പ്രതിബദ്ധത പ്രധാനമാണ്. വിവാഹബന്ധത്തിൽ ആകുന്നതിനു മുൻപും ശേഷവും പലരെയും നമ്മൾ പരിചയപ്പെടും. പലരോടും ആകർഷണവും തോന്നാം. അതിനൊക്കെ അതിർവരമ്പു നിശ്ചയിക്കേണ്ടത് നിങ്ങളാണ്. തെറ്റുകൾ പങ്കാളിയിൽ നിന്നു മറച്ചു വയ്ക്കാൻ മുതിരുമ്പോൾ തിരിച്ച് പ്രതിബദ്ധതയും വിശ്വസ്തതയും പ്രതീക്ഷിക്കുന്നതിൽ അർഥമുണ്ടോ?

വെയ്റ്റേജ് 10– വരുമാനം പ്രധാനമോ?

ബിസിനസ് തുടങ്ങുമ്പോൾ അതു വിജയിപ്പിക്കേണ്ട വഴികളെ കുറിച്ച് പ്ലാൻ െചയ്യാറില്ലേ. പിന്നെയെന്താണ് വിവാഹജീവിതത്തെ കുറിച്ച് പ്ലാനിങ് ഇല്ലാത്തത്? വിവാഹശേഷം രണ്ടുപേർ ഒന്നിച്ചു ജീവിക്കുന്നതിന് കുറച്ചു ചെലവുണ്ട്. ജീവിക്കാനുള്ള പണം സ്വന്തമായി സമ്പാദിക്കുന്നുണ്ടെങ്കി ൽ മാത്രം വിവാഹം കഴിക്കുന്നതാണു നല്ലത്. പങ്കാളിയുടെ വരുമാനത്തിൽ കൂടി കണ്ണുവച്ച് ജീവിതലക്ഷ്യം പൂർത്തിയാക്കാമെന്നു കരുതിയെങ്കിൽ, തെറ്റ്.

ഭാര്യയും ഭർത്താവും ജോലിക്കു പോണോ, വിവാഹശേഷം ഒരാൾ ജോലി രാജി വയ്ക്കണോ എന്നൊക്കെ കല്യാണത്തിനു മുൻപ് തന്നെ ധാരണയിലെത്തണം. ഭാര്യയ്ക്കാണ് മികച്ച ജോലിയെങ്കിൽ ഭർത്താവ് വീട്ടിലിരുന്ന് കുഞ്ഞിനെ നോക്കുന്നതിൽ കുഴപ്പമില്ലെന്നാണ് പുതിയ തലമുറയുടെ ചിന്ത. മറ്റാരുടെയും ഇടപെടൽ അവരിൽ അധികം പേരും ആഗ്രഹിക്കുന്നില്ല.

ഇതൊന്നുമല്ല, കല്യാണം കഴിഞ്ഞ ശേഷം ഒരുമിച്ച് ‘ഹിച്ച്ഹൈക്കിങ്’ നടത്താനാണ് പ്ലാനെങ്കിൽ അക്കാര്യം പങ്കാളിയോട് നേരത്തേ പറയാൻ മറക്കല്ലേ.

വെയ്റ്റേജ് 10– കുട്ടികൾ എത്ര?

പെട്ടെന്നു കുട്ടികൾ വേണമെന്ന ഭർതൃവീട്ടുകാരുടെ നിർബന്ധം കാരണം വിവാഹമോചനം തേടിയ ദമ്പതികളുടെ കഥയും ഈയിടെ കേട്ടു. രണ്ടുപേരുടെ ജീവിതത്തിൽ പുതിയ അംഗങ്ങൾ വരുന്ന കാര്യത്തിൽ ഇടപെടാൻ ചുറ്റുമുള്ളവർക്ക് അവകാശമില്ല. ഇക്കാര്യത്തിൽ പങ്കാളിയുടെ അ ഭിപ്രായം ചോദിച്ചിട്ടുണ്ടോ ?

വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിനു ശേഷം ആദ്യത്തെ കുട്ടി മതിയെന്നാകും ചിലർക്ക്. അവരെ കൂടെ കൂട്ടുന്നവരുടെ മോഹം എത്രയും വേഗം ‘പേരന്റ്’ ആകണമെന്നാകും. ഇക്കാര്യത്തിൽ വിവാഹത്തിനു മുൻപേ പരസ്പര ധാരണയിലെത്തണം.

കുടുംബത്തിന്റെ അഭിപ്രായം പാടേ അവഗണിച്ച് പങ്കാളിയുടെ ഇഷ്ടത്തിനു േവണ്ടി നിൽക്കണമെന്നില്ല. ഇഷ്ടങ്ങളും കടുംപിടിത്തങ്ങളും പങ്കാളിക്കു വേണ്ടി മാറ്റിവയ്ക്കുന്നതിന്റെ സുഖവും കൂടി നമ്മൾ അറിയേണ്ടെ? കുട്ടികൾ വേണ്ട എന്നു ചിന്തയുള്ളവർ ഇക്കാര്യം ഉറപ്പായും വിവാഹത്തിനു മുൻപ് പങ്കാളിയോടു പറയണം. ഇല്ലെങ്കിൽ നിങ്ങൾക്ക് പൂജ്യം മാർക്കേ കിട്ടൂ.

വെയ്റ്റേജ് 10– വിവാഹം വേണ്ടേ?

സ്വയം വിവാഹം കഴിക്കാനൊരുങ്ങിയ ക്ഷമാ ബിന്ദുവിനെ കുറിച്ചുള്ള വാർത്ത എല്ലാവരും കണ്ടുകാണും. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോടെ വിവാഹം നടത്തി ഗോവയിൽ ഹണിമൂണിനും പോയി ക്ഷമ. ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിക്കുന്നവരും ഇന്നുണ്ട്. അവർക്ക് വിവാഹമെന്ന സംഗതി ‘മിസ്’ ചെയ്യാതിരിക്കാൻ സോളോ വിവാഹവും ആകാം. അടുത്തിടെ മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിയ മറ്റൊരു കഥ കൂടി കേട്ടോളൂ.

വിവാഹം കഴിഞ്ഞ് ഒരു മാസമായിട്ടും ഭാര്യ ശാരീരിക ബന്ധത്തിനു തയാറാകുന്നില്ല എന്നതാണ് പരാതി. അദ്ദേഹം രണ്ടുപേരോടും വെവ്വേറേ കാര്യം തിരക്കിയപ്പോഴാണ് സത്യം പുറത്തുവന്നത്. പെൺകുട്ടി സ്വവർഗ അനുരാഗിയാണ്. അതറിഞ്ഞ വീട്ടുകാർ നിർബന്ധിച്ചു നടത്തിയ കല്യാണമാണത്. ആദ്യം കണ്ടപ്പോൾ തന്നെ വിവാഹത്തിനു ഇപ്പോൾ താൽപര്യമില്ല എന്നു പെൺകുട്ടി അയാളെ അറിയിച്ചു. അദ്ദേഹം ആ എതിർപ്പ് സ്വരം കാര്യമായെടുത്തില്ലത്രേ. ഒടുവിൽ അനിയത്തിയുടെ ഭാവി, കൂട്ട ആത്മഹത്യാ ഭീഷണി ഇങ്ങനെ പലവിധ സമ്മർദ തന്ത്രങ്ങൾ വീട്ടുകാർ പ്രയോഗിച്ചു. കുട്ടി പന്തലിലെത്തി. പക്ഷേ, അവൾക്കറിയാം താൻ ആഗ്രഹിക്കുന്ന ജീവിതമല്ല ഇതെന്ന്.

വിവാഹം കഴിക്കാൻ തയാറെടുക്കുന്നവർ ലൈംഗിക ആഭിമുഖ്യം തിരിച്ചറിയുക എന്നത് പ്രധാനമാണ്. എതിർലിംഗത്തിൽ പെട്ടയാളെ പങ്കാളിയായി ഉൾക്കൊള്ളാനാകുമോ എന്നും അവരോടു ലൈംഗിക ആകർഷണം ഉണ്ടോ എന്നും അറിയണം. അതല്ലെങ്കിൽ വ്യക്തിത്വം മറച്ചു വച്ച് വിവാഹം കഴിക്കാൻ മുതിരരുത്. ഇക്കാര്യത്തിൽ കൃത്യത ഉണ്ടെങ്കിൽ നിങ്ങൾ ശരിയായ ദിശയിലാണ്.

ഇനിയാണ് നിങ്ങളുടെ ജോലി ആരംഭിക്കുന്നത്. ഈ വെയ്റ്റേജിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ സ്വഭാവം വിശകലനം ചെയ്ത് മാർക്കിടാം. 60ന് മുകളിലാണ് നിങ്ങൾക്ക് കിട്ടുന്ന മാർക് എങ്കിൽ ധൈര്യമായി മുന്നോട്ടു പോകാം. നല്ലൊരു ഭർത്താവ് / ഭാര്യ ആകാനുള്ള പാസ് മാർക്ക് കിട്ടിയ നിങ്ങൾ ജീവിതത്തിലെ വരുന്ന ഓരോ ദിവസവും കൂടുതൽ സ്കോറിങ്ങിന് ശ്രമിച്ചാൽ മതി.

30- 60 മാർക്കുള്ളവർ കുറഞ്ഞുപോയ ഓരോ മാർക്കിന്റെ കാര്യത്തിലും ‘റിവിഷൻ’ നടത്തണം. തിരുത്തേണ്ടവ തിരുത്തി, മാറ്റേണ്ട സ്വഭാവങ്ങൾ മാറ്റിയ ശേഷം വിവാഹ തീരുമാനം എടുക്കാം. 30ൽ താഴെയാണ് സ്കോറെങ്കിൽ സ്വയം തിരുത്താവുന്ന ചിന്തകളല്ല നിങ്ങൾക്കുള്ളത്. മനഃശാസ്ത്ര വിദഗ്ധന്റെ ഉപദേശം തേടി, വേണ്ട മാറ്റങ്ങൾ സ്വഭാവത്തിൽ വരുത്തിയ ശേഷം വിവാഹത്തെ കുറിച്ച് ചിന്തിക്കാം. വിവാഹിതരായവർ ഏതെല്ലാം വിഷയങ്ങളിലാണ് മാർക്ക് കുറവെന്ന് വിശകലനം ചെയ്യണം. സ്വയം ‘ഇംപ്രൂവ്മെന്റ്’ നടത്തി ജീവിതയാത്ര കൂടുതൽ മനോഹരമാക്കാം.

രൂപാ ദയാബ്ജി

വിവരങ്ങൾക്കു കടപ്പാട് : ഡോ. അരുൺ ബി. നായർ

പ്രഫസർ, മാനസികാരോഗ്യ വിഭാഗം,

ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.