Monday 19 December 2022 03:40 PM IST : By സ്വന്തം ലേഖകൻ

‘പിള്ളേരെ കരയിക്കരുതെന്ന് അന്നേ പറഞ്ഞില്ലേ...’; ഇനീം കളിയുണ്ടെന്ന് നിബ്രാസും ലുബ്നയും പറഞ്ഞു: അത് സത്യമായി...

nibras-lubna

‘പിള്ളേര് പറഞ്ഞാൽ തെറ്റില്ലെന്ന് ഇപ്പോ മനസിലായില്ലേ... അവരുടെ മനസ് വിഷമിപ്പിക്കരുത് എന്ന് അന്നേ പറഞ്ഞില്ലേ..’

ലോകം മിശിഹായുടെ കിരീട ധാരണം ആഘോഷമാക്കുമ്പോള്‍ രണ്ട് കുഞ്ഞുമുഖങ്ങളെ കേരളം ഓർത്തെടുക്കുകയാണ്. കൊമ്പുകുലുക്കി വന്ന അർജന്റീനൻ പട ആദ്യ ഘട്ടത്തിൽ സൗദിയോട് പരാജയപ്പെട്ടപ്പോൾ എതിരാളികൾ പലരും പരിഹസിച്ചു. കേരളത്തിലെ അർജന്റീനൻ ആരാധകപ്പടയുടെ കോട്ടകളെ കുലുക്കി പരിഹാസ കൊടുങ്കാറ്റ് അഴിച്ചു വിട്ടു. ‘സൗദി ഷേക്ക്, സൗദി ഷോക്ക്’ എന്നിങ്ങനെ പുട്ടിന് പീരപോലെ ട്രോളുകളും കളം നിറഞ്ഞു. അർജന്റീനൻ ആരാധകരെന്ന നിലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള തലമുതിർന്നവർ അതിനെയെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്തു. പക്ഷേ പരിധിവിട്ട പരിഹാസങ്ങളിൽ ചിലത് നീലച്ചായം കുഞ്ഞ് കവിളുകളില്‍ പൂശിയ കുട്ടികളിലേക്കും നീണ്ടു.

പോർച്ചുഗൽ–ബ്രസീൽ ഫാൻസ് കൂട്ടത്തിനു നടുവിൽ ‘മോൺസ്റ്ററായിപ്പോയ’ നിബ്രാസ് എന്ന കൊച്ചു മിടുക്കനായിരുന്നു അവരിൽ ഒരാൾ. ഇഷ്ടടീം തോറ്റപ്പോൾ കൂകിവിളിച്ചവരോട് ‘കളി ഇനിയും ഉണ്ടല്ലോ’ എന്ന് കണ്ണീരോടെ പറഞ്ഞു കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്. തോൽവിയുടെ നൊമ്പരത്തിനൊപ്പം നീലപ്പട തിരിച്ചുവരുമെന്ന പ്രതീക്ഷയും ആരാധകർ പങ്കു വച്ചപ്പോൾ അവരുടെ മുഖമായി മാറുകയായിരുന്നു നിബ്രാസ്. 

എന്നാൽ നിബ്രാസിന്റെ വാക്കുകൾ അറംപറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടക്കത്തിലെ തോൽവി മറന്ന് ആത്മവിശ്വാസത്തോടെ ജയിച്ചു കയറി മെസിപ്പട. പ്രീക്വാർട്ടറിൽ ഓസ്ട്രേലിയൻ വൻകര നീന്തിക്കടന്ന്, ക്വാർട്ടറിൽ നെതർലാൻഡ്സ് ഭീഷണി മറികടന്ന്, സെമിയിൽ ക്രൊയേഷ്യയെ ‘ക്രഷ് ചെയ്ത്’ കിരീട ധാരണത്തിലേക്കുള്ള യാത്ര അവർ രാജകീയമാക്കി. ഒടുവിലിതാ കലാശപ്പോരിൽ ഫ്രഞ്ച് പടയെ തോൽപ്പിച്ച് അർജന്റീന മൂന്നാം കിരീടം സ്വന്തം പേരിലൊഴുതി. ഇതൊക്കെ സംഭവിക്കുമ്പോൾ നിബ്രാസിന്റെ അന്നത്തെ കണ്ണീരിന് ഫലമുണ്ടായി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഒപ്പം ഒരോർമ്മപ്പെടുത്തലും, ‘കുഞ്ഞുങ്ങളുടെ പ്രാർഥന ദൈവം വേഗം കേൾക്കുമത്രേ.’

മെസിയുടെയും അർജന്റീനയുടെയും തോൽവി കണ്ടുനില്‍ക്കാനാകാതെ വന്നപ്പോഴും ചങ്കൂറ്റത്തോടെ നിന്ന ഒരാൾ കൂടിയുണ്ട്. മലപ്പുറം തിരൂരിലെ അര്‍ജന്റീനയുടെ കുഞ്ഞ് ആരാധിക ലുബ്‌ന. കളിയില്‍ അര്‍ജന്റീന തോറ്റപ്പോള്‍ കൂകി വിളിച്ച മറ്റ് ടീമുകളുടെ ഫാന്‍സിനെ ‘മെസിക്കിനിയും കളിയുണ്ടെന്ന്’ പറഞ്ഞാണ് ലുബ്‌ന നേരിട്ടത്.‘മെസി

എന്തേ ഇത്രമെന്ന് വിഷമം എന്ന് ചോദിച്ചപ്പോൾ ലുബ്ന നയം വ്യക്തമാക്കുകയും ചെയ്തു. ‘തോറ്റപ്പോ എനിക്ക് സഹിച്ചില്ല. ഓരവിടെ മെസിടെ ഫോട്ടോകള്‍ വെച്ചിരുന്നു. അതില്‍ അവര് ചീത്തയാക്കിയപ്പോ എനിക്ക് സഹിച്ചില്ല. അതോണ്ടാ ഞാൻ ദേഷ്യം പിടിച്ചത്.’– ലുബ്ന പറയുന്നു.

ഇനീം കളിയുണ്ടല്ലോ എന്ന് ലുബ്ന അന്നു പറഞ്ഞ വാക്കുകൾ അവിശ്വാസികൾക്കു മുന്നിൽ സത്യമായി പുലരുമ്പോഴും ഉയർന്നു കേൾക്കാം ആ ആരവം, വാമോസ് അർജന്റീന. അവിശ്വാസികളെ... ഇതാ ഞങ്ങളുടെ മിശിഹാ... ഇതാ നിങ്ങൾ പരിഹസിച്ച അർജന്റീന.