Saturday 01 October 2022 11:26 AM IST : By ടോമി വട്ടവനാൽ

ബ്രിട്ടനിൽ നഴ്സ് ക്ഷാമം... ഇനി കടുകട്ടി കടമ്പകളില്ല, ഇംഗ്ലീഷ് പരീക്ഷ മാനദണ്ഡങ്ങളിൽ വീണ്ടും ഇളവുകൾ

nursing-41

ബ്രിട്ടനിലേക്കുള്ള വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ആവശ്യമായിരുന്ന ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷകളുടെ മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. വിദേശത്തു നിന്നു കൂടുതൽ നഴ്സുമാരെ എത്തിച്ച് എൻഎച്ച്എസ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനാണു നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷകൾക്ക് വേണ്ടത്ര യോഗ്യത നേടാനാകാതെ ബ്രിട്ടനിലെത്തി കെയർമാരായി ജോലി ചെയ്യുന്ന നഴ്സുമാർക്കും ഭാവിയിൽ എൻഎംസി റജിസ്ട്രേഷൻ സാധ്യമാക്കുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. 

ഈ ബുധനാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്. 2023 ജനുവരി  മുതലാകും ഈ തീരുമാനങ്ങൾ പ്രാബല്യത്തിലാകുക. 

നിലവിൽ ബ്രിട്ടനിലെത്തി കെയറർമാരായി ജോലിചെയ്യുന്ന നഴ്സുമാർക്ക് അവരുടെ നഴ്സിങ് പഠനവും പരീക്ഷകളും ഇംഗ്ലീഷിലായിരുന്നു എന്നു തെളിയിക്കുകയും നിലവിലെ തൊഴിലുടമ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ എൻ.എം.സി. റജിസ്ട്രേഷനുമായി മുന്നോട്ടുപോകാം എന്നതാണ് ഏറ്റവും വലിയ മാറ്റം. തൊഴിലുടമയുടെ അല്ലെങ്കിൽ മേലധികാരിയുടെ  ഈ സാക്ഷ്യപ്പെടുത്തലും റഫറൻസും എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച വിശദമായ മാർഗരേഖകൾ മൂന്നു മാസത്തിനുള്ളിൽ  തയാറാക്കും. തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലെ ലീഡർഷിപ്പ് സ്ഥാനത്തള്ള വ്യക്തിക്കാകും ഈ സാക്ഷ്യപ്പെടുത്തലിനുള്ള അവകാശം. അതേ സ്ഥാനത്തുള്ള മറ്റൊരു വ്യക്തി അതിനെ പിന്തുണയ്ക്കുകയും വേണം. ഇവർ എൻഎംസി രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. 

ചുരുക്കിപ്പറഞ്ഞാൽ ബ്രിട്ടനിലെത്തി നഴ്സായി ജോലി ചെയ്യാൻ ഐഇഎൽടിഎസ് അല്ലെങ്കിൽ ഒഇടി പരീക്ഷയിലൊന്നു നിർബന്ധമായും പാസാകണമെന്ന കർശന നിബന്ധന ഒഴിവാകും. 

ഒഇടി, ഐഇഎൽടിഎസ് പരീക്ഷകൾ എഴുതുന്നവർക്ക് ക്ലബ്ബിങ്ങിന് അനുവദിച്ചിരുന്ന ഇളവുകൾ കൂടുതൽ ഉദാരമാക്കി. ആറുമാസത്തിനുള്ളിൽ എഴുതിയ പരീക്ഷകളുടെ മാർക്കുകൾ ഒന്നായി കണക്കാക്കാനുള്ള അവസരമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത് 12 മാസമായി ഉയർത്തും. പലവട്ടം പരീക്ഷയെഴുതി ഒന്നോ രണ്ടോ മൊഡ്യൂളിന് വേണ്ടത്ര സ്കോർ ലഭിക്കാതെ നിൽക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ  നഴ്സുമാർക്ക് ഇത് ഗുണം ചെയ്യും.

നിലവിൽ യുകെയിലെത്താൻ അപേക്ഷകർക്ക് ഐഇഎൽടിഎസിന് ലിസനിംങ്, സ്പീക്കിംങ്, റീഡിംങ് മൊഡ്യൂളുകൾക്ക്  ബാൻഡ് ഏഴും റൈറ്റിംങ്ങിന് 6.5 ബാൻഡും ആണ് വേണ്ടത്. ഒഇടിക്ക്  സ്പീക്കിംങ് ലിസനിങ് റീഡിങ് എന്നിവയ്ക്ക് ബിയും റൈറ്റിങ്ങിന് സി പ്ലസ്സ് സ്കോറും ലഭിക്കണം. ഇതിൽ ആർക്കെങ്കിലും ഒരു മൊഡ്യൂളിന് സ്കോർ കുറഞ്ഞാൽ ആറുമാസത്തിനുള്ളിൽ എഴുതിയ  പരീക്ഷയെഴുയുടെ റിസൾട്ടുമായി  ക്ലബ്ബ് ചെയ്യാനുള്ള അവസരമാണ് ഒരുവർഷമായി ഉയർത്തിയിരിക്കുന്നത്. 

More