Tuesday 24 July 2018 04:25 PM IST : By സ്വന്തം ലേഖകൻ

ഭിന്നലിംഗക്കാർ അവർക്കൊപ്പം ചേർന്ന് പാടി, 'ഹം ദേഖേങ്കെ'; പാകിസ്ഥാനിൽ നിന്നും മാറ്റത്തിന്റെ പുതുസ്വരം-വിഡിയോ

pak-singer

ഭിന്നലിംഗക്കാർ പാർശ്വവത്ക്കരിക്കപ്പെടേണ്ടവരല്ല, മറിച്ച് ചേർത്ത് നിർത്തേണ്ടവരാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് മാറ്റങ്ങളുടെ പുതിയ ലോകം. ഭിന്നലിംഗക്കാരായ ഗായകരുമായി ചരിത്രം കുറിക്കുന്ന പാകിസ്ഥാനും ആ ശ്രേണിയിൽ കൈകോർത്തിരിക്കുന്നു.

സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ഭിന്നലിംഗക്കാരെ മുൻനിരയിലേക്ക് എത്തിക്കുക എന്നതാണ് പുതിയ ലക്ഷ്യം. ദേശീയതയിൽ ഊന്നിയ ഗാനത്തിലാണ് ഭിന്നലിംഗ വിഭാഗക്കാരായ ഗായകരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രാജ്യം, ഒരു ആത്മാവ്, ഒരു ശബ്ദം എന്നതാണ് ഗാനത്തിന്റെ പ്രമേയം. വിവിധ ഗായകർക്കൊപ്പമാണ് ഭിന്നലിംഗ വിഭാഗത്തിൽപ്പെടുന്ന നഖ്മയും ലക്കിയും പാടിയത്. 'ഖല്‍ക് ഇ ഖുദാ' എന്ന വരിയിലാണ് ഇവരുടെ രംഗപ്രവേശം. ദൈവമാണ്  എല്ലാവരെയും സൃഷ്ടിച്ചത് എന്നാണ് ഈ വരികളുടെ അർഥം

പാക്കിസ്ഥാനി സമൂഹത്തിൽ ഭിന്നലിംഗക്കാർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഈ കാലഘട്ടത്തിലാണ് ഗാനം വരുന്നതെന്നതും ശ്രദ്ധേയം. കോക്ക് സ്റ്റുഡിയോ ഓഫ് പാക്കിസ്ഥാനാണ് ഗാനം ഒരുക്കിയത്. കോക്കോയുടെ ഈ നീക്കത്തെ പ്രശംസിക്കുകയാണ് ലോകമെമ്പാടുമുള്ള ആസ്വാദകർ. നമ്മൾ ഒരമ്മ പെറ്റ മക്കളാണ്. പാക്കിസ്ഥാനിലെ മറ്റുള്ളവരെ പോലെ തന്നെ ഭിന്നലിംഗ വിഭാഗക്കാർക്കും തുല്യ അവകാശമാണ് ഉള്ളതെന്നും പലരും അഭിപ്രായപ്പെടുന്നു.

ഏതായാലും 'ഹം ദേഖേങ്കെ' എന്ന ഗാനം ഇപ്പോൾ വൈറലാകുകയാണ്. പ്രൊഫസർ അസ്‌റാറിന്റെതാണ് സംഗീതം. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ലക്ഷണക്കണക്കിന് ആളുകൾ ഗാനം കണ്ടു.