Monday 15 March 2021 02:38 PM IST

ആദ്യം ട്രോളിയത് നാട്ടുകാരെ, അരിശംമൂത്തവർ തല്ലാൻ പിടിച്ചു നിർത്തി: പെട്രോളും അന്താരാഷ്ട്ര മാർക്കറ്റും തഗ് ആക്കിമാറ്റിയ ഹരികുമാർ ഇതാ

Binsha Muhammed

hari-k

'അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വില കൂടുമ്പോഴാണല്ലോ നാട്ടില്‍ ഡീസലിനും പെട്രോളിനും വിലകൂടുന്നത്. ആദ്യം ചെയ്യേണ്ടത് ക്രൂഡോയിലിന് വില കൂട്ടുന്നവനെ കണ്ടു പിടിച്ച് അത് കുറപ്പിക്കാനുള്ള സംവിധാനം ചെയ്യണം. അതിന് മുമ്പ് അന്താരാഷ്ട്ര മാര്‍ക്കറ്റ് എവിടെയാണെന്നറിയണം. ചേട്ടന് അറിയോ ഈ അന്താരാഷ്ട്ര മാര്‍ക്കറ്റ് എവിടെയാന്ന്...? 

ആഗോളതാപനം മുതല്‍ അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളെ കുറിച്ചു വരെ ചര്‍ച്ച ചെയ്യുന്ന മലയാളിയുടെ തലയില്‍ ബള്‍ബ് മിന്നിച്ച ചോദ്യമായിരുന്നു അത്. ചായക്കടയിലെ ചൂടന്‍ചര്‍ച്ചകളിലും ചാനല്‍ സംവാദങ്ങളിലുമൊ നേതാക്കന്‍മാര്‍ പരാമര്‍ശിക്കുന്ന അന്താരാഷ്ട്ര മാര്‍ക്കറ്റ്! ശരിക്കും അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതെവിടെയാണ്? മലയാളി തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി. 

പെട്രോള്‍ വില വര്‍ധനയെ കുറിച്ചുള്ള ചോദ്യത്തിന് ഇജ്ജാതി ' അന്താരാഷ്ട്ര തഗ് അടിച്ച' ചേട്ടന്റെ ചോദ്യം ചിലര്‍തമാശയായി എടുത്തു. ചിലര്‍ അയാളെ മണ്ടനെന്ന് മുദ്രകുത്തി. സംഭവം സീരിയസായി എടുത്ത് അന്താരാഷ്ട്ര മാര്‍ക്കറ്റ് എവിടെയെന്ന് ഗൂഗിളില്‍ തപ്പിയിറങ്ങിയവരും കുറവല്ല.  സത്യത്തില്‍ എന്തായിരുന്നു അവിടെ സംഭവിച്ചത്. നിഷ്‌ക്കളങ്കമായി ചിരിച്ച് അതിലും നിഷ്‌ക്കളങ്കമായി മറുപടി പറഞ്ഞ ചേട്ടന്‍ ശരിക്കും ആരാണ്? ചോദ്യങ്ങളും ഉപചോദ്യങ്ങളും മാറിമറിയുമ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിന്റെ ' ഉപജ്ഞാതാവിനെ' വനിത ഓണ്‍ലൈന്‍ കണ്ടെത്തിയിരിക്കുകയാണ്. ആലുവ സ്വദേശിയായ ഹരികുമാര്‍ ശ്രീധര മേനോന്‍ ആണ് ആ തഗ് ലൈഫ് തമ്പുരാന്‍. 

ആ വിഡിയോയില്‍ കേട്ട അന്താരാഷ്ട്ര മാര്‍ക്കറ്റിന്റെ ഉത്ഭവത്തെ കുറിച്ചും മറ്റനേകം ചൂടന്‍ ചര്‍ച്ചകളുടേയും ഉറവിടത്തെ കുറിച്ചും വനിത ഓണ്‍ലൈനോട് സംസാരിക്കുമ്പോള്‍ അയാള്‍ കോമഡി വിട്ട് പച്ചമനുഷ്യനായി. സിനിമയെ പ്രണയിച്ച, സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ജീവിതം മുന്നോട്ടു നയിക്കുന്ന ചിരിയില്ലാത്ത ജീവിതകഥ ഹരികുമാര്‍ ആലുവ പറയുന്നു...

'എഡിറ്റര്‍ ഓഫ് കുണ്ടാമണ്ടി'

'കുണ്ടാമണ്ടി ദിനപത്രത്തിന്റെ' പത്രാധിപര്‍! അമ്പരക്കേണ്ട എന്റെ ആദ്യത്തെ മേല്‍വിലാസം അതായിരുന്നു. നാടിനേയും നാട്ടാരേയും കുറിച്ച് ചിരിയില്‍ പൊതിഞ്ഞ് ഒരു പത്രമിറക്കി. ഇപ്പോഴല്ല, കൗമാരകാലത്ത്. നാട്ടിലെ പൂവാലന്‍മാരുടെ കമന്റടി, പണിതീരാതെ ഇഴയുന്ന ഘാന എല്ലാം കുണ്ടാമണ്ടിയിലെ ചൂടുള്ള വാര്‍ത്തകളായി. എല്ലാ വാര്‍ത്തയിലും കഥാനായകന്‍മാര്‍ നാട്ടിലെ ചെറുപ്പക്കാരും അമ്മാവന്‍മാരുമൊക്കെയായിരുന്നു. കുറേപേര്‍ വാര്‍ത്തകള്‍ കണ്ട് ചിരിച്ചു. അരിശം മൂത്ത മറ്റുചിലര്‍ എന്നെ അടിക്കാന്‍ പിടിച്ചുനിര്‍ത്തി. അതൊരു തുടക്കമായിരുന്നു. കൂടെ കോമഡിയാണ് എന്റെ വഴിയെന്ന ബോധോദയവും അന്ന് കിട്ടി.- ഹരികുമാര്‍ പറഞ്ഞു തുടങ്ങുകയാണ്.

പ്രീഡിഗ്രി മുതല്‍ പിജി വരെയുള്ള യുസികോളജ് കാലഘട്ടം കോമഡിയുടേയും ആക്ഷേപഹാസ്യങ്ങളുടേയും പാരഡിയുടേയും ഉത്സവങ്ങളായിരുന്നു സമ്മാനിച്ചത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വേണ്ടി പാരഡികളെഴുതി. മഹത്തായ ആ കാലഘട്ടത്തില്‍ തന്നെ കുണ്ടാമണ്ടി തീയറ്റേഴ്‌സ് എന്ന പേരില്‍ നാടക ട്രൂപ്പും തുടങ്ങി. വെറും നേരമ്പോക്കായിരുന്നില്ല അത്. അരങ്ങു മുതല്‍ അണിയറ വരെ എല്ലാം പക്കാ പ്രഫഷണല്‍. അടുത്തുള്ള സ്‌കൂളിലേയും കോളജിലേയും പിള്ളേര്‍ വരെ നാടകം കാണാന്‍ വരുമായിരുന്നു. പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ ഒന്നുറപ്പിച്ചു. സിനിമയാണ് എന്റെ വഴി, കോമഡിയാണ് എനിക്ക് വഴികാട്ടി. ഒരു നൂറുസ്വപ്‌നങ്ങളുമായി ഞാന്‍ ആ കലാലയത്തിന്റെ പടിയിറങ്ങി.സിനിമയുടെ ലോകം എനിക്കു മുന്നില്‍ തുറക്കുമെന്ന പ്രതീക്ഷയോടെ.

സിനിമയാണ് സ്വപ്നം

എന്റെ കയ്യക്ഷരം നല്ലതായിരുന്നു. സിനിമകളുടെ സ്‌ക്രിപ്റ്റ് പകര്‍ത്തിയെഴുതാന്‍ എന്നെ വിളിക്കും. ജയിംസ് ആല്‍ബര്‍ട്ട്, സുനില്‍ പരമേശ്വരന്‍, ബാബു പള്ളാശ്ശേരി എന്നിവര്‍ എന്നെ സഹകരിപ്പിച്ചിട്ടുണ്ട്. അനന്തഭദ്രം പകര്‍ത്തി എഴുതാന്‍ മണിയന്‍ പിള്ള രാജുവാണ് എന്നെ വിളിച്ചത്. ആഗ്രഹപ്രകാരം കലാഭവന്‍ മണിയുടെ അധികമാരും ശ്രദ്ധിക്കാത്ത ഫോര്‍ട്ട്‌കൊച്ചി എന്ന ചിത്രത്തില്‍ അസോസിയേറ്റ് ആകാന്‍ ബെന്നി പി തോമസ് വിളിച്ചു. ഉദയ സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ട്. പിന്നീട് കുടുംബശ്രീ ട്രാവല്‍സ്, ആട്ടക്കഥ, ബഡാദോസ്ത് എന്നിങ്ങനെ പതിനഞ്ചോളം സിനിമകളില്‍ സഹകരിച്ചു. കുടുംബശ്രീ ട്രാവല്‍സില്‍ അഭിനയിക്കുകയും ചെയ്തു. 

സ്ത്രീ ഒരു സാന്ത്വനം, നിലവിളക്ക്, വാത്സല്യം എന്നിങ്ങനെ നിരവധി സീരിയലുകളിലും അസോസിയേറ്റ് ഡയറക്ടറായി. പക്ഷേ അഭിനയത്തില്‍ സജീവമാകുക  എന്ന സ്വപ്‌നം അപ്പോഴും പിടിതരാതെ ദൂരെ മാറിനിന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള അസാധു എന്ന ഷോര്‍ട്ട് ഫിലിം നര്‍മ്മത്തില്‍ചാലിച്ച് ഒരുക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു. വിവിധ ചാനലുകള്‍ ആ ഷോര്‍ട്ട് ഫിലിം ചര്‍ച്ചയാക്കിയിരുന്നു. 

കോവിഡില്‍ സിനിമാ ലോകം മിഴിപൂട്ടിയപ്പോള്‍ എന്റെ സ്വപ്‌നങ്ങളും അടഞ്ഞമട്ടായി. പക്ഷേ ഞാന്‍ വിട്ടുകൊടുത്തില്ല. ലോക്കല്‍ ചാനലുകളില്‍ റിപ്പോര്‍ട്ടറുടെയും ന്യൂസ് റീഡറുടേയും വേഷമണിഞ്ഞ് കോവിഡിനോടുംജീവിതത്തോടും പോരാടി. ഷോര്‍ട്ട്ഫിലിമുകള്‍ വീണ്ടും ചെയ്തു. പാമ്പു കടിയേറ്റു മരിച്ച ഉത്രയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഷോര്‍ട്ട്ഫിലിമില്‍ ഞാന്‍ പാമ്പാട്ടിയുടെ വേഷമാണ് ചെയ്തത്. ഒപ്പം കോവിഡ് വിഷയമാക്കി മറ്റൊരു ഹ്രസ്വ ചിത്രം. ഇതെല്ലാം സിനിമയെന്ന എന്റെ സ്വപ്‌നം എന്നെങ്കിലും സഫലമാകുമെന്ന പ്രതീക്ഷകളായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വെറുതെയിരിക്കാന്‍ മനസില്ലാത്തവന്റെ ശ്രമങ്ങള്‍. 

അന്താരാഷ്ട്ര മാര്‍ക്കറ്റിന്റെ ഉദയം

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നക്ഷത്ര ആമ, വെള്ളിമൂങ്ങ എന്നിങ്ങനെ ചിലര്‍ ഗീര്‍വാണം മുഴക്കുന്നത് കണ്ടിട്ടുണ്ട്. മാര്‍ക്കറ്റ് എന്താണെന്നോ എവിടെയാണെന്നോ വിശദമായി ചോദിച്ചാല്‍ പലരും കൈമലര്‍ത്തും. എന്തിനേറെ നമ്മുടെ മന്ത്രിമാര്‍ പോലും അന്താരാഷ്ട്ര വിപണി, അന്താരാഷ്ട്ര മൂല്യം എന്നൊക്കെ വല്യ വായില്‍ പറയുന്നത് കേള്‍ക്കാം. അത് മനസില്‍ കണ്ടാണ് വൈറലായ പ്രതികരണം തയ്യാറാക്കിയത്. 

അന്താരാഷ്ട്ര മാര്‍ക്കറ്റ് എന്ന ആശയം മുന്‍നിര്‍ത്തി വെറുമൊരു സ്‌ക്രിപ്റ്റ് തയ്യാറാക്കി വച്ചിരുന്നു. പെട്രോള്‍ വിലയേറിയപ്പോള്‍ അത് പ്രയോഗിച്ചു എന്നുമാത്രം. മണ്ടനെന്നോ നിഷ്‌ക്കങ്കനെന്നോ വിശേഷിപ്പിക്കാവുന്ന കഥാപാത്രം അതിന് മറുപടി പറയുന്നതാണ് രംഗം. പക്ഷേ പകുതിയില്‍ അധികം പേരും സംഗതി സീരിയസായി എടുത്തു. അയാള്‍ കഞ്ചാവാണോ?,  ആ മനുഷ്യനെ വെറുതെ വിടൂ, ഇതിന് പിന്നില്‍ ആരോ കളിക്കുന്നു എന്നൊക്കെ സീരിയസ് കമന്റുകളെത്തി. സംഭവം കോമഡിയാണെന്ന് അവരെയൊക്കെ എത്രയെന്നുവച്ചാ പറഞ്ഞു മനസിലാക്കുന്നത്. പെട്രോള്‍ ദാമുവെന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ച ആ കഥാപാത്രം എന്തായാലും ഒരു വിഡിയോ കൂടി പുറത്തിറക്കും. അപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും.

ആദ്യംചെയ്ത വിഡിയോക്ക് ഒരു ആശുപത്രി പരസ്യാര്‍ത്ഥം 2000 രൂപ തന്നു. വൈറലായപ്പോള്‍ 14000രൂപ വരെ കിട്ടി. അതില്‍ നിന്നും ഒരു രൂപപോലും ഞാന്‍ എടുത്തിട്ടില്ല. എനിക്ക് 'തഗ് തൊപ്പി' വച്ചു തന്ന എഡിറ്റര്‍ക്ക് ആ കാശ് നല്‍കി. അവന് ഒരു പ്രോത്സാഹനം ആയിക്കോട്ടെ.

സ്വപ്‌നങ്ങള്‍ക്കൊപ്പം വയസുംകടന്നു പോകുകയാണ്. 45 കഴിഞ്ഞു. വിവാഹം ഇനിയുംആയിട്ടില്ല. ശുദ്ധജാതകമാണേ എന്റേത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന ലൈനാണ് നമ്മുടേത്. എന്റെ കോമഡിയും ജീവിതവും ഇഷ്ടപ്പെടുന്ന പെണ്ണ് വരട്ടെ നോക്കാം. 

പിന്നെ വരുമാനം ഞാന്‍ പറഞ്ഞപോലെ പ്രാദേശിക ചാനലുകളില്‍ ജോലി ചെയ്ത് കിട്ടുന്ന വരുമാനം തന്നെ ശരണം. പിന്നെ ഒന്ന് രണ്ട് ചെറിയ വീടുകള്‍ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഇതു വരെ േേജാലി ചെയ്ത്കിട്ടിയ ചെറിയ സമ്പാദ്യം വേറെ. അച്ഛന്‍ ശ്രീധരമേനോന്‍ എച്ച്എംടിയില്‍ ഓഫീസറായിരുന്നു. അമ്മ പത്മിനിയമ്മ സര്‍ക്കാര്‍ സ്കൂള്‍ ടീച്ചര്‍ ആയി വിരമിച്ചു. പോയ വര്‍ഷം അമ്മ എന്നെ വിട്ട് പോയി. ചേട്ടന്റെയും അനിയത്തിയുടേയും വിവാഹം കഴിഞ്ഞു. ഇത്രയുമാണ് ഞാന്‍.- ഹരികുമാര്‍ പറഞ്ഞു നിര്‍ത്തി.  

Tags:
  • Social Media Viral