Thursday 20 May 2021 02:27 PM IST : By സ്വന്തം ലേഖകൻ

പിച്ചിയെറിഞ്ഞ പത്രക്കട്ടിങ്ങില്‍ നിന്നും ജീവന്‍തുടിക്കുന്ന പിണറായി! കൊളാഷില്‍ വിസ്മയം തീര്‍ത്ത് വിനയ തേജസ്വി

pinarayi

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് കേരളക്കര കാതോര്‍ക്കുമ്പോള്‍ കൊളാഷിലൂടെ അഭിവാദ്യം അര്‍പ്പിച്ച് കലാകാരന്‍ കൂടിയായ വിനയ തേജസ്വി. മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവന്‍ തുടിക്കുന്ന ചിത്രം കൊളാഷിലൂടെയാണ് വിനയ തേജസ്വി ഒരുക്കിയിരിക്കുന്നത്. പഴയ പത്രകട്ടിംഗുകളും മാഗസിന്‍ പേപ്പറുകളും ഉപയോഗിച്ച് മണിക്കൂറുകള്‍ സമയമെടുത്താണ് ജീവന്‍ തുടിക്കുന്ന ചിത്രം അണിയിച്ചൊരുക്കിയത്. അണിയറയിലെ തയ്യാറെടുപ്പുകള്‍ കോര്‍ത്തിണക്കി മേക്കിങ് വിഡിയോയും വിനയ തേജസ്വി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വിഡിയോ ഏറ്റെടുത്തിരിക്കുന്നത്. മലയാള മനോരമയില്‍ ആര്‍ട്ടിസ്റ്റാണ് വിനയ തേജസ്വി.

വിനയ തേജസ്വിയെ അഭിനന്ദിച്ച് സുഹൃത്ത് അജീഷ് ധന്യ പങ്കുവച്ച കുറിപ്പിലെ വരികള്‍ ഇങ്ങനെ:

വിനയന്‍ ചെയ്ത സഖാവ് പിണറായി വിജയന്റെ ഈ മനോഹര കൊളാഷിനു പിന്നിലൊരു കഥയുണ്ട്. പ്രിയ കൂട്ടുകാരന്‍ വിനയതേജസ്വിയുടെ കലാജീവിതത്തിന്റെ തുടക്കകാലം. 11 വര്‍ഷം മുന്‍പ്. സ്ഥലം കാലടി സംസ്‌കൃത സര്‍വകലാശാല. മൂന്നു തവണ സര്‍വകലാശാല കലാപ്രതിഭ, സൗത്ത് സോണ്‍ യൂത്ത് ഫെസ്റ്റിവലില്‍ 2 തവണ കൊളാഷിന് ഒന്നാം സ്ഥാനം. അയാളുടെ അഡാര്‍ നേട്ടം അതൊന്നുമായിരുന്നില്ല, 2010ല്‍ ഹരിയാനയിലെ റോത്തക്കില്‍ നടന്ന ദേശീയ അന്തര്‍ സര്‍വകലാശാലാ കലോല്‍സവത്തില്‍ കൊളാഷിന്റെ ഒന്നാം സമ്മാനം വിനയന്‍ കേരളത്തിലേക്കു കൊണ്ടുവന്നതായിരുന്നു അത്.

മൈസൂരു സര്‍വകലാശാലയില്‍ നടന്ന സൗത്ത് സോണില്‍ പയെടുക്കാന്‍ നടത്തിയ കാലടി ടു മൈസൂരു ബസ് യാത്രയും റോത്തക്കിലേക്കു നടത്തിയ ട്രെയിന്‍ യാത്രയുമൊക്കെ വിനയന്‍ വിവരിച്ചത് ഒരു സിനിമയിലെന്നവണ്ണം കണ്‍മുന്നില്‍ തെളിയുന്നു. ചിത്രം വരയും ശില്‍പ നിര്‍മാണവും നാടകവും നൃത്തവുമൊക്കെയായി കലാലയ കൂട്ടായ്മയും സഹോദര്യവും സൗഹൃദവും പൂത്തു തിമിര്‍ത്ത നാളുകള്‍. അങ്ങനെ ആ കോളജ് കാലത്തിനു ശേഷം മനോരമയില്‍ ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിച്ച  വിനയന്‍ ചെയ്‌തൊരു കൊളാഷ് ഓള്‍ എഡിഷന്‍ ആയി ഇന്നു പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. 

ഇതിനു മുന്‍പും എത്രയോ കലാസൃഷ്ടികള്‍ വിനയന്റേതായി പത്രത്തിലും മറ്റു മനോരമ പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മികച്ചവ. പക്ഷേ, വിനയന്റെ കലാജീവിതവുമായും കേരളത്തിന്റെ സവിശേഷ രാഷ്ടീയ പരിസരമായും ബന്ധപ്പെട്ടു നില്‍ക്കുന്ന പിണറായി വിജയന്റെ ഈ കൊളാഷിന് എന്റെ മനസ്സില്‍ ഒരു പടി മേലെയാണു സ്ഥാനം. പ്രത്യേകിച്ചും അതിന്റെ ഉരുത്തിരിയലിന്റെ പല ഘട്ടങ്ങള്‍ അടുത്തു കണ്ടയാള്‍ എന്ന നിലയ്ക്ക്.

കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ജോര്‍ജിയന്‍ എക്കോ എന്ന കയ്യെഴുത്തു മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന ആദ്യ കൊളാഷിനും 2010ല്‍ റോത്തക്കില്‍ ഒന്നാം സമ്മാനാര്‍ഹമായ കൊളാഷിനും ശേഷം ആര്‍ട്ടിസ്റ്റ് വിനയതേജസ്വിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊളാഷ് വര്‍ക്കായിരിക്കും ഇത്. നൂറോളം പത്ര, മാസികകള്‍ ചെറു കഷണങ്ങളായി കീറിയത് ഒരാള്‍ പൊക്കത്തിലുള്ള പ്രതലത്തില്‍ ഒട്ടിച്ചു ചേര്‍ത്താണിതു തയാറാക്കിയത്.

അഭിമാനം പ്രിയ കൂട്ടുകാരാ??