Tuesday 23 November 2021 04:31 PM IST : By C. Y. Baiju Ambalapuzha

ഈ മൂന്നാം റാങ്ക് അമ്മയ്ക്കുള്ള ‘ഒന്നാം റാങ്ക്’, ശ്യാം കാട്ടുങ്കലിന്റെ നേട്ടത്തിന് പത്തരമാറ്റ് തിളക്കം

Shyam-Jalajamani-third-rank-cover ശ്യാം കാട്ടുങ്കലും അമ്മ ജലജാമണിയും

വെറ്റിനറി സയൻസ് പിജി എൻട്രൻസിന്റെ മൂന്നാം റാങ്ക് വന്നത് ആലപ്പുഴ വണ്ടാനത്തെ ഈ ഒറ്റമുറി വീട്ടിലേക്കാണ്. എന്നാൽ, ശ്യാം കാട്ടുങ്കലിന്റെ ഈ മൂന്നാം റാങ്കിന് ഒന്നാം റാങ്കിനേക്കാൾ തിളക്കമുണ്ട്. തൊഴിലുറപ്പിനു പോയും വണ്ടാനം ആശുപത്രിക്കു സമീപത്തെ സേവാഭാരതിയുടെ കഞ്ഞിപ്പുരയില്‍ ജോലി ചെയ്തും മക്കളെ വളർത്തിയ ജലജാമണി എന്ന അമ്മയുടെ വിജയം കൂടിയാണ് ശ്യാമിന്റെ റാങ്ക്.

പരിശ്രമം ഒരിക്കലും പാഴാകില്ലെന്നതിന് തെളിവാണ് ശ്യാമിന്റെ റാങ്ക് തിളക്കം. ഈ വർഷം വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ നിന്നു പഠനം പൂർത്തിയാക്കി, പിജി എൻട്രൻസ് എഴുതിയാണ് ശ്യാം കാട്ടുങ്കൽ അഖിലേന്ത്യാ തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. ആലപ്പുഴ വണ്ടാനം സ്വദേശിയായ ശ്യാം ശിശുവിഹാറിന് സമീപം ഇടിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിലാണ് താമസം. ഒപ്പം അമ്മ ജലജാമണിയും സഹോദരി ശാലുവും. ശ്യാമിന്റെ അച്ഛൻ വർഷങ്ങൾക്കു മുമ്പേ അമ്മയെ ഉപേക്ഷിച്ച് പോയതാണ്. ബുദ്ധിമുട്ടുകളുടെ നടുവിൽ ഒറ്റയ്ക്ക് പണിയെടുത്ത് ജലജാമണി മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ചു. അമ്മയുടെ വിയർപ്പിനും കഷ്ടപ്പാടിനും മക്കൾ പഠിച്ചു റാങ്ക് വാങ്ങിയും ജോലി നേടിയും പ്രതിഫലം നൽകി

Shyam-Jalajamani-third-rank

നീർക്കുന്നം എസ്ഡിവിജി യുപി സ്കൂളിലായിരുന്നു ശ്യാം കാട്ടുങ്കലിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ചെന്നിത്തല നവോദയ വിദ്യാലയത്തിൽ തുടർപഠനം.വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ നിന്നു ഡിഗ്രി പഠനം പൂർത്തിയാക്കി. പ്രവേശന പരീക്ഷയുടെ മുന്നൊരുക്കം ഒറ്റമുറി വീട്ടിലിരുന്നാണു നടത്തിയത്. പിജി പഠനത്തിനു യുപിയിലെ റായ്ബറേലി കോളജിലാണ് പ്രവേശനം ലഭിച്ചത്. തന്റെ വിജയത്തിന്റെ പിന്നിലെ എല്ലാ ക്രെഡിറ്റും അമ്മയ്ക്ക് അവകാശപ്പെട്ടതാണെന്നു ശ്യാം പറയുന്നു. സഹോദരി ശിൽപ ആലപ്പുഴ മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യയാണ്. ശ്യാമിന്റെ ഈ വിജയം വളർന്നു വരുന്ന പുതിയ കുട്ടികൾക്കും ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്.