Saturday 14 May 2022 04:36 PM IST : By സ്വന്തം ലേഖകൻ

വീട്ടുകാരുടെ അനാവശ്യ ഇടപെടലുകളില്ല, സദാചാര കണ്ണുകളെ പേടിക്കേണ്ട... നമ്മുടെ കുട്ടികൾ എന്തിനു നാടുവിടുന്നു: സർവേ

abroad-study

റഷ്യ – യുക്രെയ്ന്‍ യുദ്ധം തുടങ്ങിയപ്പോള്‍ നമ്മുെട മാധ്യമങ്ങളിലെല്ലാം നിറഞ്ഞത് യുദ്ധഭൂമിയില്‍ നിന്നു മടങ്ങുന്ന മലയാളിക്കുട്ടികളെ കുറിച്ചുള്ള വാര്‍ത്തകളാണ്. പത്തും നൂറുമല്ല, മൂവായിരത്തോളം പേരാണ് കേരളത്തിലേക്കു തിരിച്ചെത്തിയത്. അതിശയകരമായ കാര്യം, മെഡിസിനോ ഡെന്റിസ്‌ട്രിയോ പഠിക്കാൻ ഇത്ര മലയാളിക്കുട്ടികള്‍ യുക്രെയ്നിലേക്കു പറന്നിട്ടുണ്ടെന്ന് സർക്കാരിനു പോലും അറിയില്ലായിരുന്നു എന്നതാണ്.

പ്രവാസം മലയാളികൾക്ക് പുതുമയൊന്നുമല്ല. തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കും കേരളത്തില്‍ നിന്നു സിലോൺ, മലയ തുടങ്ങിയ രാജ്യങ്ങളിലേക്കും നടന്ന കുടിയേറ്റങ്ങള്‍ ചരിത്രമാണ്. എഴുപതുകളില്‍ ഗൾഫിലേക്കും പിന്നീട് യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്കും മലയാളികൾ കുടിയേറി. ചന്ദ്രനില്‍ നീല്‍ ആംസ്ട്രോങ് െചന്നിറങ്ങിയപ്പോള്‍ അവിെടാരു തങ്കപ്പന്‍ചേട്ടന്‍റെ ചായക്കട കണ്ടു എന്ന തമാശ പോലും മലയാളിയുെട കുടിയേറ്റ പ്രണയത്തിന്‍റെ തെളിവാണ്.

പഠനം കഴിഞ്ഞ്, അൽപം തൊഴിൽപരിചയം കൂടി ലഭി ച്ചതിനു ശേഷമാണ് പണ്ട് മലയാളികൾ നാട് വിട്ടിരുന്നതെങ്കില്‍, ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ തന്നെ കുട്ടികൾ കടല്‍ കടന്നു പറക്കാന്‍ വെമ്പുകയാണ്. പഠിച്ചു കഴിഞ്ഞവരുടെ കാര്യം പറയാനുമില്ല. കോവിഡ് ഭീതി കുറഞ്ഞതോടെ അണപൊട്ടിയ പോലെയാണ് വിദ്യാർഥികൾ വിദേശത്തേക്കു പോകാൻ ശ്രമിക്കുന്നത്.

മൂവായിരത്തോളം എജ്യുക്കേഷനൽ കൺസൽറ്റൻസികൾ നമ്മുെട നാട്ടിലുണ്ട്. ഒരു കൺസൽറ്റൻസി ഒരു വര്‍ഷം ശരാശരി അൻപത് പേരെ അയച്ചാല്‍ പോലും വിേദശത്തേക്കു പറക്കുന്നവരുടെ എണ്ണം ലക്ഷം കവിയും. ഇങ്ങനെ പോകുന്ന ഓരോ വിദ്യാർഥിക്കും വേണ്ടി മാതാപിതാക്കൾ െചലവാക്കേണ്ടത് ചുരുങ്ങിയത് ഇരുപത് ലക്ഷം രൂപയാണ്. ഒന്നോര്‍ത്തു നോക്കൂ, എത്ര ആയിരം കോടി രൂപയാണ് കേരളത്തിനു പുറത്തേക്ക് ഒഴുകുന്നതെന്ന്.

യൂറോപ്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവയാണ് പലരുടേയും സ്വപ്ന പഠനകേന്ദ്രങ്ങള്‍. പഠനത്തിനു ശേഷം അവിടെത്തന്നെ േജാലി, ജീവിതം എന്നതാണ് പലര്‍ക്കും ഈ പോക്കിന്‍റെ ലക്ഷ്യം തന്നെ. ‘നീ ഒന്നവിടെെചന്നു െസറ്റായിട്ട് േവണം, ഞങ്ങള്‍ക്കങ്ങോട്ടു വരാന്‍. ഇവിടെ ഈ പച്ചപ്പും ഹരിതാഭേം ഒക്കെ കണ്ടുമടുത്തു. ഞാന വിെട െപട്രോൾ പമ്പിലോ സൂപ്പര്‍മാര്‍ക്കറ്റിലോ േജാലി െചയ്തു ചിക്കിലി ഒപ്പിച്ചോളാം’ എന്ന ചിന്താഗതിയോെട മാതാപിതാക്കളും മക്കളുെട വിേദശസ്േനഹത്തിനു പച്ചക്കൊടി വീശുന്നു.

സമൂഹം ഒന്നടങ്കം ഇങ്ങനെ വിേദശത്തേക്ക് പോകുന്നത് സാമ്പത്തികമായും സാമൂഹികമായും കേരളത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കില്ലേ? ഉണ്ടാക്കും എന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നമ്മുടെ ചെറുപ്പക്കാർ പറയുന്നത്

വിദ്യാഭ്യാസം, ജോലി, ടൂറിസം തുടങ്ങിയവയ്ക്കു വിദേശ ത്തു പോകുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതു തന്നെയാണ്. ഇപ്പോഴത്തെ വലിയ തോതിലുള്ള ഒഴുക്കിനെ നെഗറ്റീവായി മാത്രം കാണേണ്ടതുമില്ല. എങ്കിലും എന്തുകൊണ്ടാണ് പെട്ടെന്ന് കൂടുതൽ വിദ്യാർഥികൾ വിേദശത്തേക്കു പോകാന്‍ തത്രപ്പെടുന്നത്? നാടും നാട്ടിലെ സാഹചര്യങ്ങളും മടുത്തതോ വിദേശമോടികളും സാധ്യതകളും അവരെ ഭ്രമിപ്പിക്കുന്നതോ? ഇതിനുത്തരം േതടിയാണ് ഞങ്ങളൊരു സര്‍വേ നടത്തിയത്. നാട്ടിലും വിേദശത്തുമുള്ള ആയിരത്തോളം പേര്‍ സര്‍േവയില്‍ പങ്കെടുത്തു. ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് അതിന്‍റെ ഫലങ്ങള്‍.

ലോകത്തെവിടെയും പ്രവാസത്തിന് രണ്ടു പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, തങ്ങൾ നിൽക്കുന്ന പ്രദേശത്ത് തുടരാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. അത് യുദ്ധമോ ദുരന്തമോ വിവേചനപരമായ നിയമങ്ങളോ ഗുണമേന്മയുള്ള ജീവിതസാഹചര്യങ്ങള്‍ കുറയുന്നതോ ഒക്കെ ആകാം. ഇതിനെ ‘push factor’ എന്നു പറയും. ചില സ്ഥലങ്ങളിലേക്ക് എത്തിപ്പറ്റാൻ ചില ആകർഷക ഘടകങ്ങളുണ്ടാകുമെന്നതാണ് രണ്ടാമത്തെ കാരണം. നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം, ജോലിസാധ്യത, ഉയർന്ന ശമ്പളം, സ്ഥിരതയുള്ള ഭരണം, നല്ല കാലാവസ്ഥ തുടങ്ങി പലതുമാകാം ഇത്. ഇതിനെ ‘pull factor’ എന്നു പറയും. കേരളത്തില്‍ നിന്നു വിേദശങ്ങളിലേക്കുള്ള ഒഴുക്കിനു പിന്നിലും ഇത്തരം push, pull കാരണങ്ങളുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 40 % പഠനത്തിനോ ജോലിക്കോ വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്നവരാണ്. 39% നിലവിൽ വിദേശത്തുള്ളവരും ആണ്.

നാട്ടില്‍ നിന്നു േപാകാനാഗ്രഹിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്നതാണ് മറ്റൊരു സവിശേഷത. സ്ത്രീകളോടുള്ള മുൻവിധിയോടു കൂടിയ സമൂഹത്തിന്റെ സമീപനമാണ് പലരെയും കടല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്ത്രീകൾക്ക് പുരുഷൻമാരോടൊപ്പം വിവേചനരഹിതമായ തൊഴിൽ – വിദ്യാഭ്യാസ സാധ്യതകള്‍ വിദേശങ്ങളിലാണ് കൂടുതലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അനാവശ്യ ഇടപെടലുകളും അവർ ഇഷ്ടപ്പെടുന്നില്ല.

study-abroad

ഉയര്‍ന്ന പഠനത്തിനു വിേദശം

തൊഴിലിനോ മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് പോലുള്ള ഉയര്‍ന്ന പഠനത്തിേനാ ആണ് കൂടുതല്‍ പേരും വിദേശത്തേക്ക് പോകാൻ താൽപര്യപ്പെടുന്നത്. കുറച്ചുപേര്‍ പ്ലസ് ടു കഴിഞ്ഞ് ഡിപ്ലോമ/ഡിഗ്രി/സർട്ടിഫിക്കേഷൻ കോഴ്സുകൾ വിദേശത്തു ചെയ്യാൻ താൽപര്യമുള്ളവരാണ്. മുൻകാലങ്ങളിൽ അത്ര സാധാരണമല്ലാതിരുന്ന പ്രവണതയാണ് ഇത്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം, പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, ഉയർന്ന ജോലി സാധ്യത, മെച്ചപ്പെട്ട ജീവിതസാഹചര്യം തുടങ്ങിയവ കാരണമായി ചൂണ്ടിക്കാട്ടുന്നു. ഫ്ലെക്സിബിളായ പാഠ്യപദ്ധതിയാണ് ചിലരെ ആകര്‍ഷിക്കുന്നത്. സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നു നേരിടേണ്ടി വരുന്ന അനാവശ്യമായ ഇടപെടലുകളാണ് മറ്റൊരു കാരണം.

നമ്മുടെ പഴഞ്ചൻ സിലബസും പഠനരീതികളും മാറാ തെ ഒരു ചുക്കും സംഭവിക്കില്ല എന്നു പുതിയ തലമുറ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇതൊന്നും മാറ്റാന്‍ നമ്മള്‍ ത യാറാകുന്നുമില്ല. ലോകത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർ എങ്ങനെയാണ് ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത്, അവിടുത്തെ വിദ്യാർഥികൾ എന്തൊക്കെയാണ് പഠിക്കുന്നത് എന്നെല്ലാം അറിയാനുള്ള അവസരം േകാവിഡ്കാലത്ത് നമ്മുടെ കുട്ടികൾക്കു ലഭിച്ചു. ആഗോളനിലവാരത്തിനും എത്രയോ താഴെയാണ് ഇവിടുത്തെ വിദ്യാഭ്യാസം എന്ന അറിവിൽ നിന്നാണ് വിദേശത്തേക്കു പോകാനുള്ള പ്രധാന പുഷ് ഫാക്ടർ ഉണ്ടായത്.

വിദേശങ്ങളിൽ അവർക്കു ലഭിക്കുന്ന മികച്ച ജീവിതനിലവാരമാണ് അടുത്ത കാരണം. സൗകര്യപ്രദമായതും തങ്ങൾക്കാവശ്യമായതുമായ ജീവിതശൈലി തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. സാംസ്കാരിക സമ്പര്‍ക്കത്തിനും (Cultural Exposure) ഇന്നത്തെ വിദ്യാർഥികള്‍ പ്രാധാന്യം നല്‍കുന്നു. ലോകത്തെ കൂടുതൽ അറിയാനും ഭാഷ, സംസ്കാരങ്ങൾ ഒക്കെ മനസ്സിലാക്കാനും ആഗ്രഹിക്കുന്ന തലമുറയാണ് വളര്‍ന്നു വരുന്നത് എന്നതും വളരെ പോസിറ്റീവാണ്.

മികച്ച റാങ്കിങ് ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുറഞ്ഞ സാമൂഹിക ഇടപെടലുകൾ എന്നിവയാണ് വിദേശത്തേക്ക് ആകര്‍ഷിക്കുന്ന മറ്റു രണ്ടു ഘടകങ്ങള്‍. വിദേശങ്ങളിൽ പഠനത്തിനൊപ്പം ജോലി ചെയ്യാം എന്നതു വളരെ പോസിറ്റീവ് ആയാണ് ചെറുപ്പക്കാര്‍ കാണുന്നത്. നാട്ടിലെ വിദ്യാർഥികൾ വരെ ഇത്തരമൊരു മനോനിലയിലേക്ക് എത്തിയിട്ടും േകരളസമൂഹവും ഇവിടുത്തെ ഭരണ സംവിധാനങ്ങളും അതിനൊത്തു മാറുന്നില്ല എന്നത് അങ്ങേയറ്റം നിരാശാജനകമാണ്.

സ്ത്രീകളോടുള്ള സമീപനം വിേദശങ്ങളിൽ മെച്ചപ്പെട്ടതാണ് എന്ന അഭിപ്രായം സർവേയിൽ ഭൂരിപക്ഷവും പ റഞ്ഞു. കൂടുതൽ സ്ത്രീസൗഹാർദപരമായ സമൂഹം വിദേ ശജീവിതത്തിനു പ്രേരിപ്പിക്കുന്ന പ്രധാന ഘടകം തന്നെയാണ്.

പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറുക എന്ന ഉദ്ദേശത്തോടെയാണ് പലരും വിദേശപഠനത്തിനു പറക്കുന്നതെന്നും ഒരാരോപണം ഉണ്ട്. ഇതിൽ അൽപം വാസ്തവം ഉണ്ടെങ്കിലും ആദ്യം പറഞ്ഞ പല കാര്യങ്ങള്‍ക്കു തന്നെയാണ് മുന്‍തൂക്കം. വിദേശപഠനത്തിനു ശേഷം അവിടെതന്നെ ജോലി നേടാനാണ് ബഹുഭൂരിപക്ഷവും താൽപര്യപ്പെടുന്നത്.

നമ്മുടെ നാടിന് എന്താണു പറ്റിയത്?

എന്തുകൊണ്ട് കേരളത്തിൽ നിൽക്കാൻ നമ്മുടെ ചെറുപ്പക്കാർ താൽപര്യപ്പെടുന്നില്ല? നാട്ടില്‍ തന്നെ േജാലി നേടാന്‍ ശ്രമിക്കാതെ െചറുപ്പക്കാരെ തള്ളിയകറ്റുന്ന (Push factor) ഘടകങ്ങള്‍ പലതുണ്ടെന്ന് സര്‍േവ ഫലം വ്യക്തമാക്കുന്നു. നാട്ടിലെ ജോലി സംസ്കാരം, പഠനം പൂർത്തിയാക്കിയാൽ അതിനനുസരിച്ചുള്ള തൊഴിൽ ലഭ്യത ഇല്ലായ്മ, കുറഞ്ഞ ശമ്പളം, ജാതി–മത സംബന്ധമായ േവര്‍തിരിവുകള്‍, രാഷ്ട്രീയമായ സ്ഥിരതക്കുറവ് ഒക്കെ കാരണങ്ങളാണ്. തൊഴിൽ രംഗത്ത് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത്തരം പ്രശ്നങ്ങള്‍ ചെറുപ്പക്കാർ അഭിമുഖീകരിക്കുന്നു.

കുറഞ്ഞ വേതന വ്യവസ്ഥയാണ് നാട്ടില്‍ തുടരുന്നതിനുള്ള ഏറ്റവും വലിയ െവല്ലുവിളിയെന്ന് സര്‍വേ ഫലം പ റയുന്നു. സര്‍ക്കാര്‍ മേഖലയിൽ അല്ലാതെ തൊഴിൽ ചെയ്യുന്നവർക്ക് തങ്ങളുടെ വിദ്യാഭ്യാസത്തിനും പ്രവർത്തിപരിചയത്തിനും അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ല. മോശം തൊഴിൽ അന്തരീക്ഷം ആണ് അടുത്ത കാരണം. പല തൊഴിലിടങ്ങളിലെയും പെരുമാറ്റം ഒട്ടും പ്രഫഷനല്‍ അല്ല എ ന്നും ചെറുപ്പക്കാർ കരുതുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികൾക്കും അധ്യാപകർക്കും വിദ്യാർഥികളോടുള്ള വിവേചനപരമായ പെരുമാറ്റവും ഒരു പ്രശ്ന മായി പലരും സൂചിപ്പിക്കുന്നു.

മോറൽ പൊലീസിങ് ആണ് സർവേയിൽ കൂടുതലാളുകൾ ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രശ്നം. സമൂഹവും കുടുംബവും വ്യക്തിജീവിതത്തിൽ അനാവശ്യമായി കൈകടത്തുന്നത് ഈ നാട്ടില്‍ നിന്ന് ഒാടിപ്പോകാന്‍ പ്രേരിപ്പിക്കുന്നെന്നും അഭിപ്രായം ഉയര്‍ന്നു. ജീവിതം ആസ്വദിക്കാനുള്ള അവസരങ്ങള്‍ കുറവ്, സങ്കീര്‍ണമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഉദ്യോഗസ്ഥ മേധാവിത്തം തുടങ്ങിയവയും കേരളം വിട്ടുപോകാൻ കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വളരെ സാധാരണമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്ത് ‘അഭ്യസ്ത വിദ്യരായി’രിക്കുന്ന യുവാക്കളുടെ ബാഹുല്യം കേരളത്തില്‍ വളരെ കൂടുതലാണ്. തൊഴിൽരംഗത്ത് ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത പ്രതിസന്ധി ഇതുമൂലം ഉണ്ടായിട്ടുമുണ്ട്. വിദേശരാജ്യങ്ങളില്‍ യൂണിവേഴ്സിറ്റി ഡിഗ്രിയുള്ളവർക്ക് ഡിഗ്രിയില്ലാത്തവരെക്കാൾ ശരാശരി ശമ്പളം കൂടുതലാണ്. എന്നാൽ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ബിരുദം നേടിയ എൻജിനീയറേക്കാൾ വരുമാനം പ്രത്യേകിച്ച് പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത നിർമാണത്തൊഴിലാളിക്കു ലഭിക്കും. നാലു വർഷം ബിഎസ്‌സി. നഴ്സിങ് പഠിച്ച കുട്ടികൾ തൊഴിലില്ലാതിരിക്കുമ്പോൾ, യാതൊരു പരിശീലനവും നിർബന്ധമല്ലാത്ത ചില തൊഴില്‍മേഖലകളില്‍ ജോലിക്കും കൂലിക്കും ക്ഷാമമില്ല. വിദ്യാഭ്യാസത്തിന് ഇതുണ്ടാക്കുന്ന മൂല്യച്യുതിയാണ് നമ്മുടെ കുട്ടികൾ കൂട്ടമായി നാടുവിടാനുള്ള മറ്റൊരു കാരണം.

പൊതുരംഗത്ത് ലഭിക്കുന്ന സ്വാതന്ത്ര്യക്കുറവോര്‍ത്തു െപണ്‍കുട്ടികള്‍ വിേദശത്തേക്കു പോകുന്നതു ഗുരുതരമായ മറ്റൊരു പ്രത്യാഘാതത്തിനും ഇടയാക്കും. സ്വാതന്ത്ര്യബോധമുള്ള, സദാചാരപൊലീസിങ്ങിനെ എതിർക്കുന്നവർ മൊത്തമായി നാടു വിടുമ്പോൾ ബാക്കി വരുന്നത് കൂടുതൽ യാഥാസ്ഥിതികമായ ചിന്താഗതിയുള്ളവരാണ്. അതോടെ വ്യക്തികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ വരും. അതിഷ്ടപ്പെടാതെ റിബല്‍ ചിന്താഗതിയോടെ കൂടുതൽ കുട്ടികൾ സ്ഥലം വിടും. ചുരുക്കത്തിൽ വയസ്സായവരും യാഥാസ്ഥിതികരുമായ പഴഞ്ചൻ തലമുറയുടെ വാസസ്ഥലമായി കേരളം പയ്യെപ്പയ്യെ മാറും.

ഏറ്റവും മിടുക്കരായ സ്വാതന്ത്ര്യബോധമുള്ള തലമുറ ഒന്നാകെ വിദേശത്തേക്കു പോയാൽ ബാക്കിയുള്ളവരി ൽ നിന്നാണ് നേതൃത്വം വളർന്നുവരുന്നത്. അവർ ഉണ്ടാക്കുന്ന നിയമങ്ങൾ കൂടുതൽ യാഥാസ്ഥിതികവും സമൂഹത്തെ പിന്നോട്ട് നയിക്കുന്നതുമായിരിക്കും.

എന്തുചെയ്യണം ഇനി നമ്മള്‍

സാമ്പത്തികമായി പുരോഗമിച്ചിരിക്കുന്ന മറ്റു രാജ്യങ്ങളിലെ ആകര്‍ഷകമായ ഘടകങ്ങള്‍ (pull factor) ഒന്നും നമുക്ക് ഒഴിവാക്കാനാകില്ല. എന്നാൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവീകരിക്കുന്നതിലൂടെയും പുതിയ തലമുറയ്ക്ക് വേണ്ടത്ര സ്വാതന്ത്ര്യം കൊടുക്കുന്ന തരത്തിൽ സാമൂഹ്യരംഗം മാറ്റിയെടുക്കുന്നതിലൂടെയും പുഷ് ഫാക്ടറിൽ മാറ്റമുണ്ടാക്കാൻ സാധിക്കും.

ഇതിൽ ഏറ്റവും പ്രധാനം പെൺകുട്ടികൾക്ക് അവരുടെ വീട്ടകങ്ങളും പൊതുസ്ഥലങ്ങളും സുരക്ഷിതമാക്കുക എന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എന്നും എപ്പോഴും എവിടെയും മറ്റുള്ളവരുടെ സദാചാരക്കണ്ണുകളെ പേടിക്കാതെ യാത്ര ചെയ്യാനും സംസാരിക്കാനും കൂട്ടുകൂടാനും ജീവിക്കാനും ഒക്കെയുള്ള സാമൂഹ്യ സാഹചര്യം ഉണ്ടാകണം.

നാലു കാര്യങ്ങളിലെ മാറ്റമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

1.ആദ്യ മാറ്റം ഉണ്ടാകേണ്ടത് വിദ്യാഭ്യാസത്തിലാണ്. ന മ്മുടെ വിദ്യാഭ്യാസരീതി, കരിക്കുലം, അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള മേലധികാരികൾക്കും വിദ്യാർഥികളോടുള്ള സമീപനം എന്നിവ അടിയന്തിരമായി മാറേണ്ടിയിരിക്കുന്നു. കൂടുതൽ ഫ്ലെക്സിബിൾ ആയ കരിക്കുലം െകാണ്ടുവരികയും ഉന്നത ഗവേഷണ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുകയും വേണം.

ഇത്തരം സ്ഥാപനങ്ങളിൽ വിദ്യാർഥികളെ രണ്ടാം തരക്കാരായി പരിഗണിക്കുന്നത് അവയുടെ നിലനിൽപ്പിനും ഭാവിക്കും അത്ര നല്ലതല്ല.

2. അടുത്തത് തൊഴിൽ മേഖലയ്ക്ക് ഉണ്ടാകേണ്ട മാറ്റമാണ്. സാങ്കേതിക കാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതാകണം നമ്മുടെ സമ്പൽവ്യവസ്ഥ. (technology-focused ) നല്ല വിദ്യാഭ്യാസമുള്ളവർക്ക് അതനുസരിച്ചുള്ള വേതനം ലഭിക്കുന്ന തൊഴിലുകൾ നൽകാൻ തൊഴിൽ മേഖലയെ സജ്ജമാക്കണം.

3. വളരെ പ്രധാനപ്പെട്ടതും എന്നാൽ വേഗത്തിൽ സംഭ വിക്കേണ്ടതുമായ മാറ്റമാണ് മൂന്നാമത്തേത്. സദാചാര പൊ ലീസിങ്ങും ആളുകളുടെ സ്വകാര്യതയിലും വ്യക്തിജീവി തത്തിലുമുള്ള അനാവശ്യമായ ഇടപെടലുകളും ഇല്ലാതാക്കണം. വ്യക്തിസ്വാതന്ത്ര്യം എല്ലാ അർഥത്തിലും ഉപയോഗപ്പെടുത്തി ജീവിക്കാനുള്ള സാഹചര്യം എല്ലാവർക്കും ഉ ണ്ടാകണം.

4. സ്ത്രീകളോടുള്ള പെരുമാറ്റമാണ് അവസാനകാര്യം. ഇക്കാര്യത്തില്‍ നമ്മുെട കാഴ്ചപ്പാട് തന്നെ അടിസ്ഥാനപരമായി മാറേണ്ടിയിരിക്കുന്നു. പുരോഗമന സ്വഭാവമുള്ള സമൂഹമാണ് കേരളത്തിലേതെന്നു പലപ്പോഴും വീമ്പു പറയുമെങ്കിലും യാഥാർഥ്യം അങ്ങനെയല്ല. യാത്ര ചെയ്യുന്നതിന്, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിന്, ജീവിതപങ്കാളികളെ കണ്ടെത്തുന്നതിന് തുടങ്ങി എല്ലാ കാര്യങ്ങളിലും പുരുഷന്മാർക്കുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങളാണ് സ്ത്രീകൾക്കുള്ളത്. ഇതു മാറാതെ മറ്റെന്തു മാറിയിട്ടും ഒരു കാര്യവുമില്ല.

വിവരങ്ങൾക്ക് കടപ്പാട്:

1.മുരളി തുമ്മാരുകുടി
െഎക്യരാഷ്ട്ര സംഘടന
പരിസ്ഥിതി പുനസ്ഥാപന പദ്ധതി ഡയറക്ടര്‍

2 നീരജ ജാനകി
കരിയര്‍ മെന്‍റര്‍ &
െെസക്കോളജിസ്റ്റ്