Monday 05 July 2021 04:04 PM IST

കൂട്ടുകാരന്റെ പടമെടുക്കാൻ ക്യാമറയുമായി ചെന്നു; കിട്ടിയത് ഒരൊറ്റ ഫ്രെയ്മിൽ 93 വെള്ള കൊക്കുകളെ! അപൂർവ ചിത്രത്തിന് ഇന്ത്യ ബുക് ഓഫ് റെക്കോർഡ് നേട്ടം

Priyadharsini Priya

Senior Content Editor, Vanitha Online

abinppp11

കൂട്ടുകാരന്റെ പടമെടുക്കാൻ തളിപ്പറമ്പ് ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം ക്യാമറയുമായി പോയതാണ് എബിൻ. ഉയർന്നുനിൽക്കുന്ന മരച്ചില്ലകൾക്കിടയിൽ കൂട്ടമായി പറന്നെത്തിയ കൊക്കുകളെ കണ്ടപ്പോൾ എബിന്റെ ശ്രദ്ധ ഒരു നിമിഷം പാളിപ്പോയി. സെക്കന്റുകൾക്കുള്ളിൽ അപൂർവ കാഴ്ച ക്യാമറയിൽ പകർത്തി. ആ ഒരൊറ്റ ഫോട്ടോയിലൂടെ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എബിൻ ക്രിസ്റ്റി ടൈറ്റസ്.

ഒരു ഫോട്ടോയിൽ ഇത്രയധികം വെള്ള കൊക്കുകൾ പതിയുക അപൂർവമായിരിക്കും. 93 വെള്ള കൊക്കുകളാണ് ഒരൊറ്റ ഫോട്ടോ ഫ്രെയ്മിൽ വന്നിരുന്നത്. ഈ അപൂർവ ചിത്രത്തിനാണ് എബിന് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചത്. തളിപ്പറമ്പ് ആലക്കോട് സ്വദേശിയായ എബിൻ സർ സെയ്ദ് കോളജിൽ മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. റെക്കോർഡ് നേട്ടത്തിന് പിന്നിലെ കഥ എബിൻ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

abinnn222

തുടക്കം മൊബൈലിൽ 

ഹൈസ്‌കൂൾ കാലഘട്ടത്തിലാണ് ഫോട്ടോഗ്രാഫിയോട് ഇഷ്ടം തുടങ്ങിയത്. നോക്കിയയുടെ സ്മാർട് ഫോണിലായിരുന്നു എന്റെ ആദ്യ പരീക്ഷണങ്ങൾ. കഴിഞ്ഞ ലോക് ഡൗണിൽ കാനൻ 80 ഡി ക്യാമറ സ്വന്തമാക്കി. പിന്നീട് കാനനിലായി പടമെടുപ്പ്. ‌കൂട്ടുകാരന്റെ കുറച്ചു ഫോട്ടോയെടുത്തു കൊടുക്കാൻ തളിപ്പറമ്പ് പോയതാണ്. അതിനിടയിലാണ് ഒരു മരത്തിൽ കുറേ കൊക്കുകൾ ഇരിക്കുന്നത് കണ്ടത്. പെട്ടെന്ന് ചറപറാ കുറേ ക്ലിക്കുകൾ ചെയ്തു. വെറും 15 സെക്കന്റുകളാണ് കൊക്കുകൾ മരത്തിൽ ഇരുന്നത്. പരുന്തുകളുടെ ശല്യം കാരണം പെട്ടെന്നുതന്നെ അവ പറന്നുപോയി. ആകെ ഒരു ഫോട്ടോയാണ് ക്ലാരിറ്റിയോടെ കിട്ടിയത്. അതാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലേക്ക് അയച്ചു കൊടുത്തത്.

abintress3

അവരുടെ ഒഫിഷ്യൽസിൽ നിന്ന് പെട്ടെന്നു തന്നെ മറുപടി കിട്ടി. പക്ഷികളെ എണ്ണി ഫോട്ടോയിൽ നമ്പർ മാർക്ക് ചെയ്തു അയച്ചുകൊടുക്കാൻ പറഞ്ഞു. 93 വെള്ള കൊക്കുകളായിരുന്നു ഒറ്റ ഫ്രയ്മിൽ പതിഞ്ഞത്. ഇന്ത്യ ബുക് ഓഫ് റെക്കോർഡ്‌സ് കിട്ടിയ ശേഷം ഏഷ്യ ബുക് ഓഫ് റെക്കോർഡ്‌സിനും അയച്ചുകൊടുത്തു. റെക്കോർഡ് നേടിയതായി അറിയിപ്പ് വന്നിട്ടുണ്ട്. പക്ഷേ, അവാർഡും സർട്ടിഫിക്കറ്റും കയ്യിൽ കിട്ടിയിട്ടില്ല, അവരത് അയച്ചിട്ടുണ്ട്. 

എഴുത്തും അഭിനയവും

എന്റേത് മൾട്ടിമീഡിയ ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്‌സായത് കൊണ്ട് സിലബസിൽ തന്നെ ഫോട്ടോഗ്രാഫി ഉണ്ട്. ഫോട്ടോ എടുക്കുന്നതിന്റെ ടെക്നിക്കൽ രീതികളൊക്കെ അങ്ങനെ പഠിക്കാൻ കഴിഞ്ഞു. ഒരുപാട് ആഗ്രഹിച്ചാണ് ഈ കോഴ്‌സിന് ചേർന്നത്. ഞങ്ങളുടേത് ആദ്യ ബാച്ചാണ്. മെറിറ്റ് സീറ്റിൽ തന്നെ കയറിപ്പറ്റാൻ കഴിഞ്ഞത് ഭാഗ്യം.

abin333

ഫോട്ടോഗ്രാഫി മാത്രമല്ല, വിഡിയോഗ്രാഫിയും വിഡിയോ എഡിറ്റിങ്ങും ചെയ്യാറുണ്ട്. ഒപ്പം സ്ക്രിപ്റ്റ് എഴുതും അഭിനയവും ഇഷ്ടമാണ്. സ്‌കൂൾ തലത്തിൽ നാടകത്തിനൊക്കെ നിരവധി സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ‘വിലക്ക്’, ‘കഞ്ഞി’ എന്ന പേരിൽ രണ്ടു ഷോർട് ഫിലിം ചെയ്തു. ‘കഞ്ഞി’യിൽ എന്റെ സഹോദരി ഏയ്ഞ്ചൽ മരിയയാണ് പ്രധാന വേഷം ചെയ്തത്. ചേച്ചി ബി-എഡിനു പഠിക്കുന്നു. ഇപ്പോൾ ഒരു കഥ എഴുതി കൊണ്ടിരിക്കുകയാണ്. കുടുംബമാണ് ഏറ്റവും വലിയ സപ്പോർട്ട്. അച്ഛൻ ടൈറ്റസ് ഓട്ടോ ഡ്രൈവറാണ്, അമ്മ ടീന കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊടുക്കുന്നുണ്ട്.

abinn555