മാധ്യമ ലോകത്തെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായ വാൻ ഇഫ്രയുടെ സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരത്തിന്റെ നിറവിലാണ് വനിത ഓൺലൈൻ. ഏറ്റവും മികച്ച ഓഡിയൻസ് എൻഗേജ്മെന്റിനുള്ള വെങ്കല മെഡലിനാണ് ‘വനിത ഓൺലൈൻ’ അർഹമായത്. #ഞാനൊരു നരൻ ക്യാംപെയ്നാണ് വനിത ഓൺലൈനെ (www.vanitha.in) പുരസ്കാരത്തിന് അർഹമാക്കിയത്.
നരയെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റാക്കി മാറ്റിയ പുതുതലമുറയുടെ പൾസ് അറിഞ്ഞുകൊണ്ടാണ് ‘വനിത ഓൺലൈൻ’ ഞാനൊരു നരൻ എന്ന ക്യാംപെയ്ന് തുടക്കം കുറിച്ചത്. കൃത്രിമത്വത്തിന്റെയും ചമയങ്ങളുടെയും മേക്കോവറുകളുടേയും പിന്നാലെ പോകാതെ നരയെ വ്യക്തിത്വത്തിന്റെ അടയാളമാക്കിയവരുടെ ആത്മവിശ്വാസത്തിന്റെ കഥ വനിത ഓൺലൈൻ പങ്കുവച്ചപ്പോൾ വായനക്കാരും അതേറ്റെടുക്കുകയായിരുന്നു. വായനക്കാർ ഹൃദയത്തിലേറ്റുവാങ്ങിയ ‘നരൻമാരുടെ’ കഥ ഒരിക്കൽ കൂടി വായനക്കാർക്കു മുന്നിലേക്ക്... മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഷെബീര്‍ കളിയാട്ടമുക്ക് പങ്കുവച്ച അനുഭവം...
––––––
പ്രവാസി മലയാളിയായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് പങ്കുവച്ച അനുഭവം...
നരയാണോ... നോ പ്രോബ്ലം
എന്റെ പേര് അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ്. എറണാകുളം ജില്ലയിലെ വൈപ്പിനില്‍ എടവനക്കാട് സ്വദേശിയാണ്. 23 കൊല്ലമായി യുഎഇയില്‍ ഒരു എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിങ് കമ്പനിയില്‍ സീനിയന്‍ ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുന്നു. വയസ് ഇപ്പോള്‍ നാല്‍പ്പത്തിയാറായെങ്കിലും 21 തൊട്ടേ അവനെന്റെ കൂടെ കൂടിയതാണ്. കൊള്ളിയാന്‍ പോലെ മിന്നി തുടങ്ങിയ ആ ചെറുനര എനിക്കൊപ്പം വളര്‍ന്നു വലുതായി ദേ ഇതുവരെയെത്തി- തലയിലെ മുടിയിഴകളില്‍ വിരലുകള്‍ പായിച്ച് അഫ്‌സല്‍ പറഞ്ഞു തുടങ്ങുകയാണ്.
ഏകദേശം 20 -21 വയസ്സുള്ളപ്പോള്‍ ആയിരുന്നു. അന്നത് വലിയ കാര്യമായി തോന്നിയില്ല കാരണം പിതാവ് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ നരച്ചുതുടങ്ങിയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു. പിന്നെ ഉമ്മയുടെ സഹോദരങ്ങള്‍ സഹോദരങ്ങള്‍ നാലുപേരില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഈ നര ഞാന്‍ കണ്ടിട്ടുണ്ട്. അതോടെ പൂര്‍ണമായും പാരമ്പര്യത്തില്‍ വിശ്വസിച്ചു. സമാധാനിച്ചു എന്നു പറയുന്നതാകും കൂടുതല്‍ ശരി.
ഇരുപത്തി മൂന്നാം വയസ്സില്‍ അബുദാബിക്ക് വിമാനം കയറുമ്പോള്‍ നര ഏകദേശം 10 - 12 മുടിയില്‍ തന്നെ ആയിരുന്നു. പിന്നീടങ്ങോട്ട് ജോലിയിലെ ടെന്‍ഷനോ അതോ പാരമ്പര്യമോ എന്നറിയില്ല മുടികള്‍ ശരവേഗത്തില്‍ നരയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ ഇച്ചിരി ടെന്‍ഷനായി. അതോടെയാണ് മൈലാഞ്ചി തലയില്‍ തേച്ച് പരീക്ഷണത്തിന് മുതിര്‍ന്നത്. 3 കൊല്ലം കഴിഞ്ഞു നാട്ടില്‍ എത്തുമ്പോഴേക്കും വിവാഹാലോചനകള്‍ക്കു നടുവിലേക്കാണ്. ഷഹാനയെ പെണ്ണുകാണാന്‍ പോകുമ്പോഴും നരയുണ്ടായിരുന്നു. വിവാഹ നിശ്ചയം എന്ന സുപ്രധാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ആദ്യത്തെ ടെന്‍ഷനെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് കൂടുതല്‍ പരിചയപ്പെടാന്‍ ഭാര്യ വീട്ടുകാരില്‍ ചിലര്‍ അടുത്തുവന്നപ്പോഴാണ് എന്റെ മൈലാഞ്ചി ഇട്ടതു മൂലമുള്ള നിറമുള്ള മുടികള്‍ ശ്രദ്ധിക്കുന്നത്. ചെക്കന് നരയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ചിലര്‍ നെറ്റിചുളിച്ചു. പക്ഷേ ഷഹാനയ്‌ക്കെന്നെ ഇഷ്ടമായി. അന്നേരം തോന്നിയ അപകര്‍ഷതാബോധം മാറ്റിയത,് അവളുടെ ആ ഒരൊറ്റ സമ്മതമായിരുന്നു.

വിവാഹ ശേഷവും കുറേനാള്‍ മുടി കളര്‍ ചെയ്തായിരുന്നു മുന്നോട്ടു പോയിരുന്നത്. ഇടയ്ക്ക് തലയില്‍ ചൊറിച്ചില്‍ പോലെ തോന്നി. അസഹനീയമായപ്പോള്‍മുടി പറ്റെ വെട്ടി. മുടി വളര്ന്നു തുടങ്ങിയപ്പോള്‍ കണ്ട കാഴ്ച ഫിഫ്റ്റ് ഫിഫ്റ്റി മോഡലായിരുന്നു. ഫിഫ്റ്റി കറുപ്പും ഫിഫ്റ്റി വെളുപ്പും. കുറേനാള്‍ അത് തുടര്‍ന്നുപോയി. ഇടയ്ക്ക് കളറിങ്ങൊക്കെ ചെയ്ത് പിടിച്ചു നിന്നു. നാട്ടില്‍ ന്യൂജന്‍ പിള്ളേര് പറഞ്ഞു വെളുത്ത മുടിയാണ് നിങ്ങള്ക്ക് കൂടുതല്‍ നല്ലത് എന്ന്. ജീവിതത്തില്‍ നരയുടെ പേരില്‍ കേട്ട ആദ്യത്തെ കോംപ്ലിമെന്റ്. ആ വാക്കുകള്‍ കോണ്‍ഫിഡന്‍സ് കൂടി തന്നു.
അന്നുമുതല്‍ പിന്നെ മുടിയൊന്നും കളര്‍ ചെയ്തിട്ടില്ല. പിന്നീട് താടിയൊക്കെ വളര്‍ത്തി. താടിയിലും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് മെയിന്റയിന്‍ ചെയ്തു.
തമാശയെന്തെന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയപ്പോള്‍ എന്നെ പലരും എന്നെ തിരിച്ചറിഞ്ഞില്ല എന്നതാണ്. എന്നെ എടുത്തു കൊണ്ടു നടത്തിരുന്ന ഒരു ഇത്താക്കു പോലും എന്നെ മനസിലായില്ല. പുള്ളിക്കാരി വിചാരിച്ചതു ഞാന്‍ എന്റെ ഉമ്മയുടെ ഇളയ ആങ്ങളയാണ് എന്നാണ. പിന്നീട് പറഞ്ഞ് മനസിലാക്കേണ്ടി വന്നപ്പോള്‍ ആകെ വിഷമിച്ചു.
വെളുത്തമുടി കറുപ്പിക്കാത്തതില്‍ എന്നേക്കാള്‍ പ്രായമുള്ള കുടുംബത്തിലെ ചിലര്‍ക്ക് മുറുമുറുപ്പുണ്ട് എന്നത് നേരാണ്. പക്ഷേ ഈ നര കൊണ്ട് ചില ഗുണങ്ങളുമുണ്ട്. പബ്ലിക് ട്രാന്‍സ്പോര്‍ട് ഉപയോഗിക്കുമ്പോള്‍ സ്‌നേഹ ബഹുമാനങ്ങളോടെ ചിലര്‍ സീറ്റ് ഒഴിഞ്ഞു തരാറുണ്ട്. ഞാനാകട്ടെ അത് നിരസിക്കും. നാട്ടിലും യുഎഇയിലും എയര്‍പോര്‍ട്ട് എമിഗ്രേഷനില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു എന്നെ കാണുമ്പോള്‍ ചില കണ്‍ഫ്യൂഷന്‍സ് വരും എന്നതൊഴിതച്ചാല്‍ ഹാപ്പിയായി പോകുന്നു. നരയുടെ പേരില്‍ നോ പ്രോബ്ലം.
ഒരൊറ്റ പ്രശ്‌നമേയുള്ളു പ്രായത്തില്‍ ഏറെ മുമ്പിലുള്ളവരുടെ 'ചേട്ടാ... ചാച്ചാ എന്നൊക്കെയുള്ള വിളി കേള്‍ക്കേണ്ടി വരുന്നു. പക്ഷേ വീട്ടില്‍ കുട്ടികളും മരുമക്കളും കസിന്‍സിന്റെ കുട്ടികളും ന്യൂജന്‍ യോ യോ പിള്ളേരും കട്ട സപ്പോര്‍ട്ട് ആയതുകൊണ്ട് തലയില്‍ സാള്‍ട്ടും താടിയില്‍ സാള്‍ട് ആന്‍ഡ് പെപ്പറും വിതറി ഹാപ്പിയായി മുന്നോട്ടു പോകുന്നു.

ലുക്ക് കണ്ടിട്ട് മുടിയുടെ സീക്രട്ട് എന്ത് ടിപ്‌സ് എന്ത് എന്നൊക്കെ പിള്ളേര്‍ ചോദിക്കും. പ്രത്യേകമായി ഒരു സംരക്ഷണവും കൊടുക്കാറില്ല. കുറെ മുടി വളരുമ്പോള്‍ പോയി വെട്ടിക്കളയും. അത്ര തന്നെ. ഞാന്‍ 21-ാം വയസിലെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ആയതാണെന്ന് അവര്‍ അറിയുന്നുണ്ടോ? എന്തായാലും മക്കളായ ഫിര്‍ദൗസും ഫര്‍സീനും ഫര്‍ഹീനും എന്നെ അപ്പൂപ്പാ... എന്നൊന്നും വിളിക്കുന്നില്ല. അപ്പോ പിന്നെ നോ ടെന്‍ഷന്‍- അഫ്‌സല്‍ ചിരിയോടെ പറഞ്ഞു നിര്‍ത്തി.