Thursday 19 May 2022 12:18 PM IST : By സ്വന്തം ലേഖകൻ

‘ഒരിക്കൽ ഞാൻ എന്നിലെ സൗന്ദര്യം കണ്ടുതുടങ്ങി, ഇനി മറ്റുള്ളവർ എന്തുകണ്ടിട്ടും കാര്യമില്ല!’; അലോപേഷ്യയെ ധീരമായി മറികടന്ന യുവതിയുടെ കഥ

humans-of-bombayttt Photo Credit: Humans of Bombay, facebook page

"എന്നാൽ അടുത്ത ആറു മാസങ്ങളിൽ എന്റെ മുടി കൂടുതൽ കൊഴിഞ്ഞു. എന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായിരുന്നു, ആത്മവിശ്വാസം കുറഞ്ഞു. എന്നാൽ ഭർത്താവ് പറഞ്ഞു, ‘നീ സുന്ദരിയാണ്’. ഈ വാക്കുകൾ എന്നെ തളരാതെ പിടിച്ചുനിർത്തി. മനസ്സിൽ ആകുലതകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കൂടെയുള്ളപ്പോൾ ഞാനെല്ലാം മറന്നു. എന്റെ അവസ്ഥ മറന്ന് ഞങ്ങളുടെ വിവാഹജീവിതം ആസ്വദിച്ചു. ഞങ്ങളുടെ ജീവിതത്തെ കുറിച്ച് മാത്രമാണ് അന്ന് ചിന്തിച്ചത്."- അലോപേഷ്യ ബാധിച്ച ഒരു യുവതിയുടെ കഥ പറയുകയാണ് ‘ഹ്യൂമൻസ് ഓഫ് ബോംബെ’ എന്ന ഫെയ്സ്ബുക് പേജിലൂടെ.

ഹ്യൂമൻസ് ഓഫ് ബോംബെയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം;

എനിക്ക് 30 വയസ്സുള്ളപ്പോഴാണ് മുടി കൊഴിഞ്ഞു തുടങ്ങിയത്. മാനസികസമ്മർദ്ദം മൂലമാണ് മുടികൊഴിച്ചിൽ എന്നായിരുന്നു അക്കാലത്ത് കരുതിയത്. അന്ന് എഴുത്തുകാരിയായി ജോലി ചെയ്യുന്ന സമയമായിരുന്നു. ഒപ്പം ബിസിനസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുമുണ്ടായിരുന്നു. വിദ്യാർത്ഥി എന്ന നിലയ്ക്ക് പഠനത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഠിനമായി ജോലി ചെയ്യേണ്ടി വന്നു.

അതുകൊണ്ടുതന്നെ, ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന് തോന്നി. പക്ഷേ, ഏതാനും ആഴ്ചകൾക്കുള്ളിൽ മുടികൊഴിച്ചിൽ എന്റെ കൈവിട്ടുപോയി. തുടർന്ന് ഡോക്ടറെ കണ്ടു, നിരവധി പരിശോധനകൾ നടത്തി. അവർ എന്നോട് പറഞ്ഞു, ‘നിങ്ങൾക്ക് അലോപേഷ്യയാണ്’. കട്ടിയുള്ള, ഇടതൂര്‍ന്ന മുടിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അത് വേദനിപ്പിക്കുന്നതായിരുന്നു. ഞാൻ തകർന്നുപോയി! ‘എനിക്കെങ്ങനെയാണ് ഇത് സംഭവിക്കുന്നത്?’ എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ആഴ്‌ചകളോളം വിഷമിച്ച ശേഷം, ഒടുവിൽ ചികിത്സ തേടുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. എന്നാൽ സ്റ്റിറോയിഡുകൾ കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചപ്പോൾ ഞാൻ പിന്മാറി. പകരം, ആരോഗ്യകരമായ ഭക്ഷണക്രമവും എല്ലാ ദിവസവും വ്യായാമവും ചെയ്യാൻ ഞാൻ തീരുമാനിച്ചു.

എന്നാൽ അടുത്ത ആറു മാസങ്ങളിൽ എന്റെ മുടി കൂടുതൽ കൊഴിഞ്ഞു. എന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായിരുന്നു, ആത്മവിശ്വാസം കുറഞ്ഞു. എന്നാൽ ഭർത്താവ് പറഞ്ഞു, ‘നീ സുന്ദരിയാണ്’. ഈ വാക്കുകൾ എന്നെ തളരാതെ പിടിച്ചുനിർത്തി. മനസ്സിൽ ആകുലതകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കൂടെയുള്ളപ്പോൾ ഞാനെല്ലാം മറന്നു. എന്റെ അവസ്ഥ മറന്ന് ഞങ്ങളുടെ വിവാഹജീവിതം ആസ്വദിച്ചു. ഞങ്ങളുടെ ജീവിതത്തെ കുറിച്ച് മാത്രമാണ് അന്ന് ചിന്തിച്ചത്.

ഞാൻ ഗർഭിണിയായപ്പോൾ, അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആവേശഭരിതയായി. എന്റെ ഗർഭകാലത്ത് വിചിത്രമായ ഒന്ന് സംഭവിച്ചു- എന്റെ മുടി വളരാൻ തുടങ്ങി. ഡോക്‌ടർ പറഞ്ഞു, ‘ഹോർമോൺ വ്യതിയാനമാണ് കാരണം.’ ഞാൻ ആഹ്ലാദഭരിതയായി! പക്ഷേ ആ സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു. ഡെലിവറി കഴിഞ്ഞ് വീണ്ടും മുടി കൊഴിഞ്ഞു തുടങ്ങി! അതെന്നെ മാനസികമായി കൂടുതൽ ബാധിച്ചു. ഞാൻ ആളുകളെ കാണുന്നത് നിർത്തി. കണ്ണാടിയിൽ എന്നെത്തന്നെ നോക്കുകയും, ക്യാമറയിൽ നിന്ന് ഒഴിഞ്ഞുമാറിയതുമില്ല. ഞാനെന്ന, എപ്പോഴും ആത്മവിശ്വാസം ഉള്ള പെൺകുട്ടി! മാറ്റം ഉൾക്കൊള്ളാൻ തുടങ്ങിയപ്പോൾ, വീണ്ടും ഗർഭിണിയായി, മുടി വളരുകയും കൊഴിയുകയും ചെയ്യുന്ന അതേ അവസ്ഥയിലൂടെ കടന്നുപോയി. എന്റെ മൂന്നാമത്തെ ഗർഭാവസ്ഥയിലും ഇതുതന്നെ സംഭവിച്ചു. അപ്പോഴേക്കും പൂര്‍ണ്ണമായും മൊട്ടത്തലയായിരുന്നു. 

അപ്പോഴാണ് വീണ്ടും മാനസികമായി ബുദ്ധിമുട്ട് തോന്നി തുടങ്ങിയത്. ആളുകളുടെ ദയനീയമായ നോട്ടം സഹിച്ചില്ല. ഇതോടെ ഞാനൊരു  വിഗ് ധരിക്കാൻ തുടങ്ങി. പക്ഷേ, അമിതമായി വിയർക്കുകയും, അത് വീഴുകയും ചെയ്യുന്ന അവസ്ഥയോർത്ത് നിരന്തരം വിഷമിച്ചു.

നാലു മാസം മുൻപ് ഞാൻ ഫൂക്കറ്റിലേക്ക് ഒരു യാത്ര പോയപ്പോൾ കാര്യങ്ങൾ മാറി. വർഷങ്ങൾക്ക് ശേഷമുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. എന്റെ പെൺകുട്ടികൾ വളരെ ആവേശത്തിലായിരുന്നു. അവർ അവരുടെ പൂൾ സമയം ഇഷ്ടപ്പെടുകയും, അവരോടൊപ്പം ചേരാൻ എന്നോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. ‘അമ്മയ്ക്ക് നല്ല ക്ഷീണമുണ്ട്’ എന്നുപറഞ്ഞ് ഞാൻ അവരെ നിരുത്സാഹപ്പെടുത്തി. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഞാനാകാൻ കഴിയില്ലായിരുന്നു. എന്റെ മക്കൾ എന്നോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് കണ്ടപ്പോൾ ആ വിഗ് അഴിച്ചുമാറ്റി എന്റെ കഷണ്ടിയെ പുൽകി. എനിക്ക് തോന്നി, ഞാൻ സ്വതന്ത്രയായി! ഒരു കൂട്ടിൽ നിന്ന് രക്ഷപ്പെട്ട പോലെ തോന്നി.

എന്റെ പെൺമക്കൾ ഉറക്കെ വിളിച്ചു പറഞ്ഞു, ‘അമ്മേ, നിങ്ങൾ സുന്ദരിയായി കാണപ്പെടുന്നു!’ നാലു മാസം കഴിഞ്ഞിട്ട് ഇന്നേക്ക്, ഞാൻ അഭിമാനത്തോടെ എന്റെ മൊട്ടത്തലയെ പ്രകീർത്തിക്കുന്നു. ഒരിക്കൽ ഞാൻ എന്നിലെ സൗന്ദര്യം കണ്ടുതുടങ്ങി, ഇനി മറ്റുള്ളവർ എന്തുകണ്ടിട്ടും കാര്യമില്ല!. ആളുകൾ ഇപ്പോഴും എന്നെ തുറിച്ചുനോക്കുന്നു. പക്ഷേ.. ഞാൻ ഉറപ്പുവരുത്തുന്നു, അവരുടെ സമയത്തെ ഞാന്‍ വിലമതിക്കുന്നു.