Tuesday 07 August 2018 11:54 AM IST : By സ്വന്തം ലേഖകൻ

ദുബായിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവും നാട്ടിലെ സ്ത്രീകളുടെ ദുരവസ്ഥയും; മലയാളിയുടെ കുറിപ്പ് വൈറലാകുന്നു‌

dubai_drescode

നാട്ടിലെ സ്ത്രീകളുടെ ദുരവസ്ഥയും അവർക്കു നേരെയുള്ള തുറിച്ചുനോട്ടവും, അതേസമയം ദുബായിൽ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും പറഞ്ഞുകൊണ്ടുള്ള മലയാളിയുടെ ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വസ്ത്രധാരണത്തിലുള്ള അപാകത കൊണ്ടാണ് സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതെന്ന മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്നതാണ് പ്രവാസിയായ ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ കുറിപ്പ്. ഒരു വർഷം മുൻപെഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഉസ്മാൻ ഇരിങ്ങാട്ടിരി എഴുതിയ കുറിപ്പ് വായിക്കാം;

ദുബായിൽ പോയപ്പോഴാണ് ഏറ്റവും കൂടുതൽ നഗ്നശരീരം കാണേണ്ടി വന്നത്. കൂടുതലും സ്ത്രീകളുടെത്. തെരുവുകളിലും മാളുകളിലും മെട്രോയിലും സന്ദർശക കേന്ദ്രങ്ങളിലും എവിടെ നോക്കിയാലും ട്രൗസറും ബിക്കിനിയും ധരിച്ച, പല നാടുകളിൽ നിന്നും വന്ന വനിതകൾ, തരുണികൾ, കുമാരികൾ, വൃദ്ധസ്ത്രീകൾ പോലും വസ്ത്രത്തിന്റെ കാര്യത്തിൽ വല്ലാതെ പിശുക്ക് കാണിക്കുന്നവരാണ് എന്ന് തോന്നി.

എന്റെ ഒരു സുഹൃത്ത് എന്നോട് തമാശ രൂപേണ പറഞ്ഞു. ഒന്നും രണ്ടും വർഷങ്ങളായി നാട്ടിൽ പോകാത്ത, ഇവിടെ ജീവിക്കുന്ന ഞങ്ങൾക്കാണ് ക്ഷമയ്ക്ക് വല്ല അവാർഡും ഉണ്ടെങ്കിൽ തരേണ്ടത് എന്ന്!

രാത്രി വളരെ വൈകിയിട്ടും തെരുവുകളിൽ വാനിറ്റി ബാഗും തൂക്കി മൊബൈലിൽ സംസാരിച്ചു ഇഷ്ടമുള്ളയിടങ്ങളിൽ കറങ്ങിനടക്കുന്ന, ബസ്സ് കാത്തുനിൽക്കുന്ന, യാത്ര ചെയ്യുന്ന, ഒരു ആണിനേയും പേടിക്കാതെ, ആണുങ്ങളാരും കൂടെയില്ലാതെ സർവ തന്ത്ര സ്വതന്ത്രരായി നടക്കുന്ന വനിതകൾ..

നമ്മുടെ നാട്ടിലെ പോലെ ഇവിടങ്ങളിലും ഉണ്ട് ആണുങ്ങൾ.

ഇവിടെയും കാണും ഗോവിന്ദ ചാമികൾ

ഇവരിലും ഉണ്ട് വികാരികൾ

ഇവിടങ്ങളിലും ഉണ്ട് ഞരമ്പ് രോഗികൾ.

പ്രമുഖരും പൾസറും ഇവിടെയും ഉണ്ടാകും.

എന്നിട്ടും ഒരു പെണ്ണിനെ കാണുമ്പോഴേക്കും ഇവിടങ്ങളിലുള്ള ഒരു ആണിനും ഒന്നു സടകുടഞ്ഞു എഴുന്നേൽക്കാത്തത് ഇവരൊക്കെ പുണ്യവാളന്മാർ ആയതുകൊണ്ടോ എല്ലാവരും ദിവസവും  രണ്ടുനേരം കടുക്ക വെള്ളം കുടിക്കുന്നത് കൊണ്ടോ ഒന്നുമല്ല. കളിച്ചാൽ വിവരം അറിയും എന്നറിയുന്നത് കൊണ്ടാണ്. അക്കളി തീക്കളിയാവും എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ്. ആണുങ്ങൾ ഒപ്പം നടന്നു കൊണ്ടോ, ഇരുട്ടാകും മുൻപേ വാതിലടച്ചു കുറ്റിയിട്ടത് കൊണ്ടോ മൂടിപ്പുതച്ചു നടന്നത് കൊണ്ടോ ഒന്നും പീഡനം ഇല്ലാതാവില്ല.

അതില്ലാതാവാൻ ഒരേ ഒരു ട്രീറ്റ്മെന്റെ ഉള്ളൂ….. രാഷ്ട്രീയവും മതവും ഇടപെടാത്ത കറകളഞ്ഞ നിയമം. അതു നടപ്പാക്കാൻ പറ്റുമോ?എങ്കിൽ പെണ്ണിനെ അവിടെ കാണുമ്പോഴേക്കും ഇവിടെ മാറി പോകും ആണുങ്ങൾ. അതുപോലൊരു നിയമം നമ്മുടെ നാട്ടിൽ വരാത്തിടത്തോളം കാലം ഈ നാട് നേരെയാവില്ല!