Monday 17 January 2022 02:26 PM IST : By സ്വന്തം ലേഖകൻ

‘പ്രിയനേ... അടുത്തിരിക്കുമ്പോൾ ആ കണ്ണുകളിലെ കണ്ണീർത്തിളക്കം ഞാൻ കണ്ടിട്ടുണ്ട്’: അനുഷ്കയുടെ സ്നേഹസന്ദേശം

anushka-sharma-kohli

ഇന്ത്യയെ വിജയതീരങ്ങളിലേക്ക് കൈടിപിച്ചു നടത്തിയ നായകൻ വിരാട് കോലി ഒടുവിൽ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണ്. ഏകദിന, ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെയും നായക സ്ഥാനം താരം ഒഴിയുന്നതായി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രികയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2–1നു പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം അറിയിച്ചത്. ഇപ്പോഴിതാ കോലിക്കു ഹൃദയംതൊടുന്ന സ്നേഹ സന്ദേശവുമായി ഭാര്യ അനുഷ്ക ശർമ എത്തുകയാണ്. ക്യാപ്റ്റനും കളിക്കാരനുമെന്ന നിലയിലുള്ള വളർച്ചയെക്കാൾ ഒരു വ്യക്തിയെന്ന നിലയിൽ കോലി കൈവരിച്ച വളർച്ചയാണു തന്നെ സന്തോഷിപ്പിക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ അനുഷ്ക പറയുന്നു.

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽനിന്നുപോലും കോലിക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്നും അനുഷ്ക കുറിപ്പിൽ സൂചിപ്പിച്ചു. നാട്യങ്ങളില്ലാത്ത കോലിയെ മനസ്സിലാക്കാൻ എല്ലാവർക്കും സാധിച്ചിട്ടില്ലെന്നും അനുഷ്ക കുറിച്ചു. അനുഷ്കയുടെ കുറിപ്പിന്റെ പൂർണരൂപം:

2014ൽ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വിവരം എന്നെ അറിയിച്ചതു ഞാനോർക്കുന്നു. അന്നു രാത്രി സംസാരിക്കുന്നതിനിടെ നിങ്ങളുടെ താടി അതിവേഗം നരയ്ക്കുമെന്നു ധോണി പറഞ്ഞ കാര്യം എന്നോടു പങ്കുവച്ചതും ഓർമയിലുണ്ട്. അന്നു മുതൽ ആ താടി നരയ്ക്കുന്നതു മാത്രമല്ല ഞാൻ കാണുന്നത്. കളത്തിലും കളത്തിനു പുറത്തും എന്തൊരു വളർച്ചയാണു നിങ്ങൾ സ്വന്തമാക്കിയത്. അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ കൈവരിച്ച വളർച്ചയാണ് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. ഇക്കാലയളവിൽ കളത്തിൽ മാത്രമായിരുന്നില്ല വെല്ലുവിളികൾ. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽപ്പോലും വെല്ലുവിളികൾ തേടിയെത്തി.

പ്രിയനേ, നല്ല ഉദ്ദേശ്യത്തോടുകൂടിയുളള അങ്ങയുടെ നീക്കത്തിനു തടസ്സമാകാൻ ഒന്നിനെയും താങ്കൾ അനുവദിച്ചില്ലെന്ന കാര്യം അഭിമാനത്തോടെ ഞാനോർക്കുന്നു. നിങ്ങൾ മാതൃകാപരമായി നയിക്കുകയും ഫീൽഡിൽ നിങ്ങളുടെ ഊർജത്തിന്റെ പരമാവധി നൽകുകയും ചെയ്തു. അതുകൊണ്ടായിരിക്കാം, ചില തോൽവികളുടെ സമയത്ത് അടുത്തിരിക്കുമ്പോൾ ആ കണ്ണുകളിലെ കണ്ണീർത്തിളക്കം ഞാൻ കണ്ടിട്ടുണ്ട്. ഇനിയും കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ എന്ന് ആശ്ചര്യപ്പെടുന്നതും കണ്ടിട്ടുണ്ട്.

നാട്യങ്ങളില്ലാത്ത മനുഷ്യനായിരുന്നു താങ്കൾ. മറ്റുള്ളവരിൽനിന്ന്‌ നിങ്ങൾ പ്രതീക്ഷിച്ചതും ഇതൊക്കെത്തന്നെ. ഉറച്ച ലക്ഷ്യങ്ങളെ പിന്തുടരാൻ എന്തും ചെയ്യാൻ അങ്ങ് തയാറായിരുന്നു. ഒരുപക്ഷേ, പലർക്കും അതു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല.

നിങ്ങൾ മിസ്റ്റർ പെർഫെക്ട് അല്ലായിരിക്കാം. കുറവുകളുണ്ടായിരിക്കും. പക്ഷേ, ഒരിക്കലും അത് ഒളിപ്പിച്ചുവയ്ക്കാൻ നിങ്ങൾ ശ്രമിച്ചിട്ടില്ല. ശരികൾക്കു വേണ്ടിയാണ് എക്കാലവും നിങ്ങൾ നിന്നത്. അത് അത്ര എളുപ്പവുമായിരുന്നില്ല. ഒന്നിനെയും താങ്കൾ ആർത്തിയോടെ ചേർത്തുനിർത്തിയിട്ടില്ല. ഈ പദവിയേപ്പോലും. എനിക്ക് അതറിയാം. ഒന്നിനെ മുറുകെപ്പിടിക്കുമ്പോൾ അത് നമ്മെ അതിലേക്ക് ഒതുക്കുകയാണ് ചെയ്യുന്നത്. പ്രിയനേ, നീ പരിധികളില്ലാത്തവനാണ്.

ഈ ഏഴു വർഷം സമ്മാനിച്ച പാഠങ്ങളെല്ലാം നമ്മുടെ മകൾക്ക് അവളുടെ അച്ഛനിൽനിന്ന് ലഭിക്കുമല്ലോ. നീ നന്നായിത്തന്നെ ചെയ്തു.