Friday 21 September 2018 09:58 AM IST : By സ്വന്തം ലേഖകൻ

കളി ജയിച്ചത് ഇന്ത്യ, ആരാധകരെ ‘ക്ലീൻ ബൗൾഡാക്കിയത്’ ഇവൾ; ആരാണ് ആ അജ്ഞാത സുന്ദരി

pak-girl

കളികഴിഞ്ഞു, കളിക്കാരും കളംവിട്ടു, പക്ഷേ ക്രിക്കറ്റ് പ്രേമികളുടേയും യുവാക്കളുടേയും മനസ് ഇപ്പോഴും ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തന്നെ നിൽക്കുകയാണ്. കാരണം സിമ്പിളാണ്. ഇന്ത്യ–പാക് മത്സരം നടന്ന ദുബായ് സ്റ്റേഡിയത്തിലെ ഗ്യാലറിയിലെ ആൾപ്പെരുക്കത്തിനിടയിൽ നിന്ന് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ഒരു സുന്ദരിയാണ് കാരണം. പാക് ജഴ്സിയണിഞ്ഞെത്തിയ അവൾ ആരാണെന്നറിയാനുള്ള തത്രപ്പാടിലാണ് സോഷ്യൽ മീഡിയ.

കളിജയിച്ചത് ഇന്ത്യയാണെങ്കിലും തങ്ങളുടെയൊക്കെ ഹൃദയം ജയിച്ചത് ആ പെൺകൊടിയാണെന്നാണ് സോഷ്യൽ മീഡിയയിലെ ഫ്രീക്കൻമാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടുതല്‍ നടത്തണമെന്ന് ബിസിസിഐയോട് തമാശരൂപേണ ആവശ്യപ്പെടുകയാണ്.

പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ സ്കോർ 17ൽ എത്തി നിൽക്കവേയാണ് പാക് സുന്ദരിയുടെ മുഖം ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞത്. കണ്ടപാടെ ഗ്യാലറിയിൽ തിങ്ങിനിറഞ്ഞ ഇന്ത്യ–പാക് ആരാധകരുടെ ശ്രദ്ധ ആ സുന്ദരിയിലേക്കായി. എന്തായാലും മുൻകാല അജ്ഞാത സുന്ദരിമാർ വെളിച്ചത്തു വന്നതു പോലെ ഈ പാക് സുന്ദരിയും വെളിച്ചത്തു വരുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടേയും യുവാക്കളുടേയും പ്രതീക്ഷ.

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.