Friday 11 October 2024 01:51 PM IST : By ശ്യാമ

‘സ്വപ്നങ്ങൾ മാറ്റിവയ്ക്കാനുള്ളതല്ല’; ബോഡി ഷെയിമിങ് കാരണം മനസ്സു മടുത്ത പെൺകുട്ടി ‘ബിക്കിനി അത്‌ലീറ്റ്’ ടൈറ്റിൽ സ്വന്തമാക്കിയ കഥ

aswathy-prahladan ഫോട്ടോ: വിഷ്ണു നാരായണൻ

ബോഡി ഷെയിമിങ് കാരണം മനസ്സു മടുത്തുപോയ അശ്വതി പ്രഹ്ലാദൻ എന്ന പെൺകുട്ടി ബിക്കിനി അത്‌ലീറ്റ് എന്ന ടൈറ്റിൽ സ്വന്തമാക്കിയതിന്റെ പിന്നിൽ ഗംഭീരമായ ഒരു തിരിച്ചുവരവിന്റെ കഥയുണ്ട്...

അന്ന് ആ മത്സരത്തിന്റെ അവസാനഘട്ടത്തിൽ ‘അയ്യോ, നാട്ടുകാരെന്ത് പറയും?’ എന്ന് ചിന്തിച്ചിരുന്നെങ്കിൽ എന്റെ സ്വപ്നങ്ങൾ മങ്ങിപ്പോയേനേ...’’  അന്ന് മനസ്സിനോട് ‘യെസ്’ പറഞ്ഞതാണ് ഇന്ന് ഇരുപത്തിമൂന്നുകാരി അശ്വതി പ്രഹ്ലാദൻ എന്ന പേര് ഏറെ പേരിലേക്ക് എത്താൻ കാരണം. 2024 മിസ് എറണാകുളം ടൈറ്റിൽ വിന്നറാണ് അശ്വതി.   

പരിഹാസത്തിന് ചുട്ട മറുപടി

‘‘ബോഡി ബിൽഡിങ് തുടങ്ങാനുള്ള കാരണം തന്നെ ബോഡി ഷെയിമിങ്ങാണ്. നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നതു കൊണ്ടു പണ്ടു തൊട്ടേ ആളുകൾ ശരീരത്തെ കുറിച്ചു മോശം കമന്റുകൾ പറഞ്ഞിരുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും വണ്ണം വച്ചാൽ മതി എന്നായിരുന്നു ആഗ്രഹം. വർക്കൗട്ട് തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി.

ആദ്യം ഒരു രസത്തിനാണ് മത്സരത്തിൽ പങ്കെടുത്തത്. പക്ഷേ, ആദ്യത്തെ മത്സരത്തിൽ തന്നെ നേട്ടങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ ഗൗരവത്തോടെ തന്നെ സമീപിച്ചു. തുടക്കത്തിൽ വീട്ടിൽ നിന്നു വലിയ പിന്തുണയുണ്ടായിരുന്നില്ലെങ്കിലും പിന്നീട് അവരും ഒപ്പം നിന്നു.

മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ബിക്കിനി ഇടേണ്ടി വരും എന്നു മനസ്സിലായി. അതിട്ടില്ലെങ്കിൽ ഇടുന്നവർക്ക് മുൻഗണന കിട്ടും എന്ന തരത്തിലായിരുന്നു മത്സരങ്ങൾ. ഒരിനം വസ്ത്രം ഇടാത്തതു കൊണ്ട് എന്റെയൊരു സ്വപ്നം നഷ്ടപ്പെടുത്താൻ തോന്നിയില്ല, അതുകൊണ്ട് ഞാൻ ബിക്കിനി അണി‍ഞ്ഞു മത്സരത്തിനിറങ്ങി. സമൂഹത്തെ ഓർത്ത് സ്വപ്നം മാറ്റി വച്ചാൽ സ്വപ്നങ്ങൾ മാറ്റി വയ്ക്കാനേ സമയം കാണൂ എന്നും മനസ്സിലായി. ഒരാൾ മുന്നോട്ടു വന്നാൽ അതുവരെ പലർക്കും ബുദ്ധിമുട്ടായി തോന്നിയിരുന്നൊരു കാഴ്ച സ്വാഭാവികമായി മാറുകയും ചെയ്യും.

തളർന്നു വീണു, എഴുന്നേറ്റു

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ രാത്രി ശക്തമായ തലവേദന വന്നു. വേദനസംഹാരി ഒക്കെ പുരട്ടി സ്കൂളിൽ പോയെങ്കിലും സ്കൂളിൽ ചെന്നതും ശക്തമായ മൈഗ്രേൻ വന്നു. കൈയിലെയും കാലിലെയും ഒരു വശത്തെ സംവേദനശേഷി പോയി. കാഴ്ചയും മങ്ങാൻ തുടങ്ങി.

ആശുപത്രിയിൽ എംആർഐ എടുത്തപ്പോൾ അവർ പറഞ്ഞത് രൂക്ഷമായ മൈഗ്രേയ്ൻ കാരണമാണെന്നാണ്. കുറച്ചു മാസങ്ങളോളം നടക്കാനാവില്ലായിരുന്നു. വീൽചെയറിലിരുന്നും അച്ഛനെടുത്തുകൊണ്ടുമാണ് സ്കൂളിലൊക്കെ പോയിരുന്നത്. പിന്നീട് ഫിസിയോതെറപിയൊക്കെ ചെയ്ത് ആരോഗ്യം വീണ്ടെടുത്തു.  

പ്ലസ്ടുകാലം തൊട്ടേ വർക്കൗട്ട് തുടങ്ങിയെങ്കിലും കൃത്യമായി ചെയ്തിരുന്നില്ല. 2022ൽ ബെംഗളൂരുവിൽ ജോലിക്കു കയറിയതോടെ സ്ഥിരമായി ജിമ്മിൽ പോകാൻ തുടങ്ങി. മിസ് എറണാകുളം ഫിസീക് 2023 ആണ് ആദ്യം കിട്ടിയ പട്ടം. പിന്നീട് മിസ് കേരള ഫിസീക്. ഇപ്പോൾ 2024 മിസ് എറണാകുളം ടൈറ്റിൽ വിന്നറും.

സുഹൃത്തുക്കളാണ് ഏറ്റവും വലിയ പിന്തുണ. മത്സരങ്ങൾക്ക് ബെംഗളൂരുവിൽ നിന്ന് അവർ ലീവെടുത്ത് ഒപ്പം വരാറുണ്ട്. ഇതുവരെ പോയ ജിമ്മുകളിൽ നിന്ന് നല്ല പ്രോത്സാഹനമായിരുന്നു. ഫിറ്റ്നെസ് നേടാൻ ആവശ്യമുള്ള ചിലവൊക്കെ സ്വയം കണ്ടെത്തുന്നു.  

തൃപ്പൂണിത്തുറയിലാണ് ജനിച്ചതും വളർന്നതും. അ ച്ഛൻ പ്രഹ്ലാദൻ പൊലീസ് സബ് ഇൻസ്പെക്ടറായി വിരമിച്ചു. അമ്മ നഴ്സായിരുന്നു. ഞാനുണ്ടായ ശേഷം ഹോം മേക്കറായി മാറി.

തേവര എസ്എച്ച് കോളജിൽ  നിന്ന് ബിഎ സോഷ്യോളജി കഴിഞ്ഞ് ക്യാംപസ് പ്ലേസ്മെന്റ് കിട്ടിയാണ് മകിൻസി ബെംഗളൂരുവിൽ ഒന്നേ കാൽ വർഷം ജോലി ചെയ്തത്. അ തിനു ശേഷം കാക്കനാട് ഇൻഫോപർക്കിൽ ഒന്നര വർഷം. പിന്നെ കോർപറേറ്റ് ജോലി വിട്ടു. ഇപ്പോൾ ഓൺലൈൻ ഫിറ്റ്നെസ് ട്രെയിനിങ് കൊടുക്കുന്നുണ്ട്. ഒപ്പം ഫിറ്റ്നെസ് ഇൻഫ്ലുവൻസിങ്ങും ബ്രാൻഡ് കൊളാബറേഷനും.  

aswathy-prah4

മാനസികാരോഗ്യം പ്രധാനം

കുറച്ച് നാൾ മുൻപ് വരെ മത്സരങ്ങൾക്ക് സ്ഥിരമായി ഇറങ്ങണം ബിക്കിനി ഒളിംപ്യ വരെ എത്തണം എന്നൊക്കെയായിരുന്നു പ്രധാന ലക്ഷ്യം. പക്ഷേ, ഇപ്പോൾ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നതിലാണ് ശ്രദ്ധയൂന്നുന്നത്. മത്സരത്തിനു പോകുമ്പോൾ വണ്ണം കൂട്ടാനുള്ള ബൾക്കി   ങ് വണ്ണം കുറയ്ക്കാനുള്ള കട്ടിങ് എന്നിവയൊക്കെ വളരെയേറെ സമ്മർദമുള്ള കാര്യങ്ങളാണ്. ഇപ്പോൾ തൽക്കാലം മാനസികാരോഗ്യത്തിന് ഊന്നൽ നൽകി ജോലിയും വരുമാനവും ശ്രദ്ധിച്ച് കരിയർ ബിൽഡ് ചെയ്യാനാണു തീരുമാനം.

എനിക്ക് ഫിറ്റ്നെസിൽ നിന്ന് ഒരുപാട് നേട്ടങ്ങൾ ശാരീരികമായും മാനസികമായും കിട്ടിയിട്ടുണ്ട്. അതു മറ്റുള്ളവരിലേക്കു കൂടി എത്തിക്കണം എന്നുണ്ട്.

സ്ത്രീകൾ വർക്കൗട്ട് ചെയ്യുന്നതിനെ പറ്റി ധാരാളം അബദ്ധധാരണകൾ നിലനിൽക്കുന്നുണ്ട്. അതുമാറ്റി അവബോധം സൃഷ്ടിച്ച് കൂടുതൽ സ്ത്രീകളെ ഈ മേഖലയിലേക്ക് കൊണ്ടു വരണമെന്നും ആഗ്രഹമുണ്ട്.

നിലവിൽ ഓൺലൈനായാണ് ആളുകളെ ട്രെയിൻ ചെയ്യുന്നത്. ‘ലിഫ്റ്റ് വിത് ആഷ്’ എന്നൊരു ആപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആവശ്യക്കാരുടെ താൽപര്യങ്ങൾ അറിഞ്ഞ് കൺസൽറ്റേഷനും ട്രെയിനിങ് ആപ്പ് വഴി വർക്കൗട്ടും കൊടുക്കും. പരിശോധനകൾ അടക്കം 90 ദിവസത്തെ പാക്കേജ് ആണ്. കൂടാതെ നേരിട്ടും ട്രെയിൻ ചെയ്യുന്നുണ്ട്.

ഇഷ്ടങ്ങൾ പലതുണ്ട്

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്തു തുടങ്ങി വച്ച എൻജിഒ ആണ് കൂട്ട്. എനിക്കു പഠനകാലത്തു നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ഇനിയൊരാൾക്കും വരരുത് എന്നൊരു ചിന്തയിൽ തുടങ്ങിയതാണ്. പൊതുവായ നാല് വിഷയങ്ങളാണ് അവിടെ സംസാരിക്കുന്നതും അവബോധമുണ്ടാക്കാൻ ശ്രമിക്കുന്നതും. ആർത്തവത്തെ കുറിച്ച് സംസാരിക്കുന്ന ‘ഹാപ്പി ബ്ലീഡിങ്’, ശരീരത്തെ ആഴത്തിലറിയാനുള്ള ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ‘നോ യുവർ ബോഡി’, ബോഡി പോസിറ്റിവിറ്റി, ഹാപ്പി ബ്രേയ്ക്ക് അപ്. റിജക്‌ഷൻ അല്ലെങ്കിൽ ‘നോ’ പൊതുവേ ബഹുമാനിക്കാത്ത സമൂഹത്തിൽ ബന്ധങ്ങൾ എങ്ങനെ ആരോഗ്യകരമാക്കാം എന്നാണ് അതിലൂടെ പറയുന്നത്. ചിന്തയുടെ വിത്തിടുക എന്നതാണ് പ്രധാന ഉദ്ദേശം. അതിൽ നിന്ന് ആളുകൾക്ക് കൂടുതൽ പഠിക്കാമല്ലോ.

സംഗീതം ഒപ്പമുണ്ട്. പാട്ടു പാടും. അച്ഛൻ നന്നായി പാടുന്ന ആളാണ്. ചെറുപ്പം തൊട്ടേ ഞാൻ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടിയൊക്കെ പഠിച്ചിട്ടുണ്ട്. അതിനെല്ലാം അമ്മയാണ് ഒപ്പം വന്നിരുന്നത്. പതിനഞ്ചാം വയസ്സുതൊട്ടു മോഡലിങ് ചെയ്തു തുടങ്ങി. ആങ്കറിങ്  ചെയ്തിരുന്നു, കുറച്ച് വരയ്ക്കും, തയ്ക്കും. മുൻപ് ഓൺലൈൻ സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീടാണ് ഫിറ്റ്നെസിലേക്ക് വരുന്നത്.

മത്സരമില്ലാത്ത സമയത്ത് ഡയറ്റ് കുറച്ച് ‘കൂൾ’ ആണ്. ഇഷ്ടമുള്ളതൊക്കെ കഴിക്കും. പക്ഷേ, പ്രോട്ടീന്റെ അളവു ശ്രദ്ധിക്കും. ഭക്ഷണം അളവ് നോക്കിയാണ് കഴിക്കാറ്. ത ൽക്കാലം ശരീരത്തെ ബുദ്ധിമുട്ടിക്കുന്നില്ല. മത്സര സമയത്ത് അതിനനുസരിച്ചുള്ള ഡയറ്റ് പാലിക്കും.

ഇനി അടുത്ത വലിയ മത്സരങ്ങൾക്ക് സ്പോൺസർമാരെ കണ്ടുപിടിക്കണം. എന്നിട്ട് ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കണമെന്നാണ് തീരുമാനം.