Tuesday 24 August 2021 11:56 AM IST

എന്റെ ‘സിലബസിൽ’ ഇല്ലാത്ത കാര്യമായിരുന്നു വര: ഓഎൻവിയുടെ കവിതയ്ക്ക് ക്യാൻവാസിൽ ദൃശ്യാവിഷ്‌കാരം ഒരുക്കി ബിന്ദു ബിനോജ്

Priyadharsini Priya

Senior Content Editor, Vanitha Online

bindubinojj1

‘കെട്ടി മറയ്ക്കല്ലെന്‍ പാതി നെഞ്ചം

കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും...

എന്റെ പൊന്നോമന കേണിടുമ്പോള്‍

എന്റെ അടുത്തേക്ക് കൊണ്ട് പോരൂ

ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റുവാങ്ങി

ഈ മുലയൂട്ടാന്‍ അനുവദിക്കൂ...’

‘ഒൻപതു പേരവർ കൽപ്പണിക്കാർ’ എന്ന ഓഎൻവിയുടെ ഹൃദയസ്പർശിയായ ‘അമ്മ’ കവിതയ്ക്ക് ക്യാൻവാസിൽ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ബിന്ദു ബിനോജ്. അക്രിലിക് പെയിന്റിങ്ങിലാണ് മനോഹരമായ ചിത്രം തീർത്തിരിക്കുന്നത്. ന്യൂസിലാന്റിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ബിന്ദു. ഡ്രോയിങ്ങിനെ കുറിച്ചും പെയിന്റിങ്ങിനെ കുറിച്ചുമൊക്കെ ചോദിച്ചാൽ, അത് തന്റെ ‘സിലബസിൽ’ ഇല്ലാത്ത കാര്യമായിരുന്നുവെന്ന് ബിന്ദു പറയും. 

bindubinojj5

"സ്‌കൂളിൽ പഠിക്കുമ്പോൾ ചിത്രരചനയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. വരയ്ക്കാനുള്ള കഴിവ് എനിക്കുണ്ടോ എന്നുപോലും നിശ്ചയമില്ലായിരുന്നു. അന്നൊന്നും വരയ്ക്കാൻ ശ്രമിച്ചിട്ടില്ല. ബിഎസ്‌സി നഴ്സിങ്ങിന് ഏറ്റുമാനൂർ കാരിത്താസ് ഹോസ്പിറ്റലിലാണ് പഠിച്ചത്. അവിടെ കലാപരമായ കാര്യങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. എല്ലാ വർഷവും മത്സരങ്ങൾ സംഘടിപ്പിക്കും. പെൻസിൽ ഡ്രോയിങ്ങിനും പെയിന്റിങ്ങിനുമൊക്കെ എനിക്കായിരിക്കും ഫസ്റ്റ്. അങ്ങനെയാണ് ഉള്ളിൽ ഉറങ്ങിക്കിടന്ന കഴിവ് പുറത്തേക്ക് വന്നത്.

bindubinojj4

എങ്കിലും ഞാൻ അത്ര കോൺഫിഡന്റ് ആയിരുന്നില്ല. കഴിഞ്ഞ വർഷത്തെ ലോക് ഡൗണിൽ ആണ് ഒരു മയിലിന്റെ ചിത്രം വാൾ പെയിന്റിങ് ആയി ചെയ്തത്. ഭർത്താവ് ബിനോജിന് അതൊരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെ അക്രിലിക് പെയിന്റ് ഒക്കെ വാങ്ങിത്തന്നു സംഭവം ഒന്നുകൂടി കളറാക്കി. അക്രിലിക് പെയിന്റ് ഉപയോഗിക്കാനൊന്നും എനിക്ക് അറിയില്ലായിരുന്നു. യൂട്യൂബിലെ ക്ലാസുകൾ നോക്കിയും ഭാവന ഉപയോഗിച്ചുമൊക്കെയാണ് പെയിന്റിങ് ചെയ്തത്.

bindubinojj7

പിന്നീട് ക്യാൻവാസിലേക്ക് വരയെ മാറ്റിയെടുത്തു. ക്യാൻവാസിൽ 16 ഓളം ചിത്രങ്ങൾ ഇതുവരെ വരച്ചു. ഭർത്താവിന്റെ സ്‌പെഷൽ റിക്വസ്റ്റ് പ്രകാരമാണ് ഓഎൻവിയുടെ ‘അമ്മ’ കവിത ക്യാൻവാസിലാക്കിയത്. കവിത കുറേ തവണ കേട്ടും അർഥം മനസ്സിലാക്കിയുമാണ് വരച്ചത്. ഏകദേശം ഒരു മാസത്തോളം എടുത്തു വരച്ചു തീർക്കാൻ. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് വരയ്ക്കാനായി ചിലവഴിച്ചത്. എനിക്ക് മൂന്നു കുട്ടികളാണ്, അവരെ നോക്കാൻ തന്നെ സമയം വേണം. ഇളയകുഞ്ഞിനു മൂന്നു വയസ്സാണ്, ഒരുപാട് നേരം വരയ്ക്കായി മാറ്റിവയ്ക്കാനൊന്നും പറ്റില്ല. 

bindubinojj3

ഭർത്താവാണ് ഏറ്റവും വലിയ മോട്ടിവേഷൻ. പെയിന്റ്, ക്യാൻവാസ് ഒക്കെ വാങ്ങിക്കൊണ്ടുതരും. എല്ലാ ക്രെഡിറ്റിസും അദ്ദേഹത്തിനാണ്. സോഷ്യൽ മീഡിയയിൽ നിന്നും നല്ല സപ്പോർട്ട് കിട്ടാറുണ്ട്. ഷെയർ, കമന്റ്സ് ഒക്കെയായി ധാരാളം പേർ പ്രോത്സാഹനം തന്നു. ഇതൊക്കെ കാണുമ്പോൾ സന്തോഷമാണ്. എന്നെക്കൊണ്ട് പറ്റും എന്നൊരു തോന്നൽ വരും, അതുമതി മുന്നോട്ടുപോകാൻ. പപ്പയുടെ ബ്രദർ ആണ് മറ്റൊരു പ്രചോദനം. ലാസ്റ്റ് സപ്പർ അദ്ദേഹമാണ് എന്നെക്കൊണ്ട് വരപ്പിച്ചത്. എനിക്ക് വരയ്ക്കാൻ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. വരച്ചു തുടങ്ങിയപ്പോൾ ഒരുപാട് സന്തോഷമായി. രണ്ടു മാസം എടുത്തു ആദ്യത്തെ ചിത്രം വരയ്ക്കാൻ. പിന്നീട് ബന്ധുക്കളുടെ ആവശ്യപ്രകാരം മൂന്നെണ്ണം കൂടി വരച്ചു. ഇപ്പോൾ ചിത്രരചനയിൽ നല്ല ആത്മവിശ്വാസം വന്നിട്ടുണ്ട്. പക്ഷേ, ജോലിതിരക്കുകൾക്കിടയിൽ ആവശ്യത്തിന് സമയം കിട്ടുന്നില്ല എന്നൊരു സങ്കടം മാത്രമേ ഉള്ളൂ..."- ബിന്ദു ബിനോജ് പറയുന്നു.    

bindubinojj2