Friday 05 August 2022 10:37 AM IST : By സ്വന്തം ലേഖകൻ

‘കേക്കില്ലേ’ എന്ന ചോദ്യത്തിന് ‘കാശില്ല’ എന്ന മറുപടി; ദുരിതാശ്വാസ ക്യാംപിൽ പിറന്നാൾ മധുരം നല്‍കി പൊലീസ് ഉദ്യോഗസ്ഥൻ, ആ മനസ്സിന് സല്യൂട്ട്

birthday-at-relief-camp.jpg.image.845.440

പത്തനംതിട്ട തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ നിറച്ചത് സ്നേഹമധുരത്തിന്റെ സന്തോഷ നിമിഷങ്ങൾ. അശ്വലാൽ, ദേവൂ എന്നീ കുട്ടികളുടെ പിറന്നാളാണ് ക്യാംപിൽ കേക്കു മുറിച്ച് ആഘോഷിച്ചത്. ആ കേക്ക് സമ്മാനിച്ചത് ക്യാംപിൽ കാവൽ ഡ്യൂട്ടിക്കു വന്ന അടൂർ എആർ ക്യാംപിലെ ഹബീബുല്ല എ.ജി. എന്ന സീനിയർ പൊലീസ് ഓഫിസറും.

രാവിലെ അശ്വലാൽ ഹബീബുല്ലയ്ക്ക് മിഠായി നൽകിയതാണ് വലിയ പിറന്നാൾ ആഘോഷത്തിലേക്ക് വഴി തുറന്നത്. എന്തിനാണ് മധുരം നൽകിയതെന്ന ചോദ്യത്തിന് എന്റെ പിറന്നാളാണ് എന്നാണ് അശ്വലാൽ മറുപടി നൽകിയത്. ‘‘കേക്കില്ലേ’’ എന്ന ചോദ്യത്തിന് ‘‘കാശില്ല’’ എന്നായിരുന്നു അശ്വലാലിന്റെ മറുപടി. ഇതോടെയാണ് കളർഫുൾ ജന്മദിനാഘോഷത്തിന് ഹബീബുല്ലയുടെ നേതൃത്വത്തിൽ ക്യാംപ് ഒരുങ്ങിയത്.

അശ്വലാലിന് കേക്കു വാങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ക്യാംപിലെ കോ–ഓർഡിനേറ്റർ മറ്റൊരു വിവരം പറഞ്ഞത്. തലേനാൾ ക്യാംപിലെ ദേവൂ എന്ന കുട്ടിയുടെയും പിറന്നാളായിരുന്നു. പിന്നെ, ഒട്ടും അമാന്തിച്ചില്ല പിറന്നാൾ ദിനമായിരുന്ന ദേവുവിനും കിട്ടി മനോഹരമായ ഒരു കേക്ക്. ഇതു വാങ്ങാനുള്ള കാശും ഹബീബുല്ലയുടെ വക. ദുരിതപെയ്ത്തിനിടയിലും ക്യാംപിലുള്ളവർ സന്തോഷത്തോടെ കേക്കുകൾ മുറിച്ചു, തമ്മിൽ പങ്കിട്ടു, ദുരിതാശ്വാസ ക്യാംപിലെ നിറമുള്ള ഒരു ഓർമ.