Thursday 26 November 2020 04:29 PM IST

ബിസിനസിനു എവിടെ നിന്ന് പണം എന്ന ടെൻഷനെ പടിക്കു പുറത്തു നിർത്താം; സ്വയംതൊഴിൽ പദ്ധതികളെ കുറിച്ചറിയാം

Roopa Thayabji

Sub Editor

_REE0896

ബിസിനസ് തുടങ്ങാനുള്ള മറ്റെല്ലാ കാര്യങ്ങളും ഒത്തുവന്നാലും പലരെയും പിന്നോട്ടു വലിക്കുന്നത് പണം എവിടെ നിന്ന് എന്ന ആശയക്കുഴപ്പമാണ്. സ്വന്തം ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കേന്ദ്ര, സംസ്ഥാന സർക്കാർ പ്രൊജക്റ്റുകൾക്കു കീഴിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്.

ബാങ്കുകളും സ്വയംതൊഴിൽ സംരംഭങ്ങൾക്കു വേണ്ടി മിതമായ പലിശനിരക്കിൽ ലോൺ അനുവദിക്കുന്നുണ്ട്. ഇവ ബുദ്ധിപൂർവം പ്രയോജനപ്പെടുത്തിയാൽ ബിസിനസിനു പണം എവിടെ നിന്ന് എന്ന ടെൻഷനെ പടിക്കു പുറത്തു നിർത്താം.

സ്വയംതൊഴിൽ പദ്ധതികളെ അറിയാം

സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത് മൂന്നുതരത്തിലാണ്. മെക്രോ, സ്മോൾ, മീഡിയം ലെവൽ എന്റർപ്രൈസസ് അഥവാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ. യൂണിറ്റിനും ഉപകരണങ്ങൾക്കുമായി ഒരു കോടി രൂപ വരെ നിക്ഷേപമുള്ളതും വാർഷിക വിറ്റുവരവ് അഞ്ചു കോടിയിൽ താഴെയും വരുന്ന സംരംഭങ്ങളാണ് സൂക്ഷ്മ വിഭാഗത്തിൽ പെടുന്നത്. യൂണിറ്റിനും ഉപകരണങ്ങൾക്കുമായി പത്തു കോടി രൂപ വരെ നിക്ഷേപമുള്ളതും വാർഷിക വിറ്റുവരവ് അമ്പതു കോടിയിൽ താഴെയും വരുന്ന സംരംഭങ്ങളാണ് ചെറുകിട വിഭാഗത്തിൽ പെടുന്നത്.

50 കോടി രൂപ വരെ നിക്ഷേപമുള്ളതും വാർഷിക വിറ്റുവരവ് 250 കോടിയിൽ താഴെയും വരുന്ന സംരംഭങ്ങളാണ് ഇടത്തരം വിഭാഗത്തിൽ പെടുന്നത്. ഓരോ തരം സംരംഭങ്ങൾക്കു വേണ്ടിയും വിവിധ തരം പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.

പ്രധാനമന്ത്രിയുടെ തൊഴിൽദായകപദ്ധതി

ഈ പദ്ധതി (പിഎംഇജിപി)  വഴി ഒറ്റയ്‌ക്കും കൂട്ടായും തുടങ്ങുന്ന സംരംഭങ്ങൾക്ക് വായ്പ ലഭിക്കും.വെബ് പോർട്ടൽ വഴിയാണ് (www.kviconline.gov.in) അപേക്ഷ നൽകേണ്ടത്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴിയോ താലൂക്ക് വ്യവസായ കേന്ദ്രങ്ങൾ വഴിയോ ഇതിനു സഹായവും ലഭിക്കും. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വായ്പ ലഭ്യമാക്കുന്നത്.

സബ്സിഡി തുകയും നിങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ശേഷംപിന്നീട് വായ്പയിൽ നിന്ന് കുറവു ചെയ്യും. ആരംഭിച്ച വ്യവസായം നല്ല രീതിയിൽ പ്രവർത്തിക്കുന്നു എങ്കിൽ വികസനത്തിനായും വായ്പ ലഭ്യമാകും.

സ്റ്റാൻഡ് അപ് ഇന്ത്യ

51 ശതമാനം  ഓഹരിയെങ്കിലും വനിതയുടെയോ ദലിത് അംഗ ത്തിന്റെയോ പേരിലുള്ള സംരംഭത്തിനാണ് ഈ വായ്പ ലഭിക്കുക. ഉത്പാദന വ്യവസായം, കച്ചവടം, വിപണനം, സേവന സംരംഭങ്ങൾ എന്നിവ തുടങ്ങാൻ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. 25 ശതമാനം മാർജിൻ തുകയാണ്. ഏഴു വർഷത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണം. 18 മാസം വരെ മൊറട്ടോറിയം ലഭ്യമാകും. വിശദ വിവരങ്ങൾക്ക് www.standupmitra.in സന്ദർശിക്കാം.

ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള പലിശയിളവിനായി ഉദ്യം രജിസ്ട്രേഷനും ജിഎസ്ടി രജിസ്ട്രേഷനുമുള്ള എംഎസ്എംഇ പദ്ധതികളുടെ ഒരു കോടി രൂപ വരെയുള്ള വായ്പകൾക്ക് രണ്ടു ശതമാനം പലിശയിളവ് സിഡ്ബി മുഖേന പലിശയിളവ് ലഭ്യമാക്കുന്നതിനായി www.champions.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

സംരംഭകത്വ വികസന പരിപാടി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചു നടപ്പാക്കിയ തൊഴിൽ സംരംഭകത്വ വികസന പരിപാടിയാണ് ഇത്. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി  വ്യവസായ യൂണിറ്റുകൾക്കും സ്റ്റാർട് അപ്പുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.

50 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കും. പത്തു ശതമാനം മാർജിൻ മണി ആണ്. മെച്ചപ്പെട്ട സിബൽ സ്കോറും വേണം. പത്തു ശതമാനമാണ് പലിശയെങ്കിലും മൂന്നു ശതമാനം പലിശ സബ്സിഡി സർക്കാർ വഹിക്കും. വായ്പ തിരിച്ചടവിന് മൊറട്ടോറിയവും ലഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kfc.org)

ഇഎസ്എസ്

പുതിയ സംരംഭം തുടങ്ങാൻ പദ്ധതി ഇടുന്നവർക്കും നടത്തികൊണ്ടിരിക്കുന്ന സംരംഭങ്ങൾക്കും ഗുണം ലഭിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ സംരംഭ സഹായപദ്ധതി (എന്റർപ്രണർ സപ്പോർട് സ്കീം– ഇഎസ്എസ്). വ്യവസായങ്ങളുടെ നിർമാണ യൂണിറ്റുകൾക്കാണ് ഇതുവഴി വായ്പ ലഭ്യമാകുക.

കെട്ടിട നിർമാണം, മെഷീനുകളും ഉപകരണങ്ങളും, ഇലക്ട്രിക്കൽ സംവിധാനം, ജനറേറ്റർ, ഫർണിച്ചർ, കംപ്യൂട്ടർ, മലിനീകരണ നിയന്ത്രണ സംവിധാനം തുടങ്ങിയവ അടക്കമുള്ള ഒറ്റത്തവണ സ്ഥിരനിക്ഷേപം അടിസ്ഥാനമാക്കിയാണ് വായ്പ ലഭ്യമാക്കുന്നത്. പൊതുവിഭാഗത്തിന് 15 ശതമാനം വരെ സഹായം (പരമാവധി 20 ലക്ഷം രൂപ വരെ) ലഭിക്കും. പ്രത്യേക വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും, 45 വയസ്സിനു താഴെ പ്രായമുള്ള യുവതീയുവാക്കൾക്കും 30 ലക്ഷം രൂപ വരെ സഹായം കിട്ടും. വിശദ വിവരങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രം സന്ദർശിക്കാം.

സംരംഭങ്ങൾ തുടങ്ങുന്നതിനു വനിതകൾക്ക് സഹായം നൽകാൻ വനിതാ വികസന കോർപ്പറേഷനും ന്യൂനപക്ഷ വികസന കോർപറേഷനും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വെബ്സൈറ്റ്– www.kswdc.org. പരമാവധി പത്തു ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.

ആശ സ്കീം

കരകൗശല മേഖലയിൽ യൂണിറ്റ് തുടങ്ങുന്നതിനായി സ്ഥിരനിക്ഷേപത്തിന്റെ 40 ശതമാനം വരെ (പരമാവധി രണ്ടു ലക്ഷം രൂപ) ഗ്രാന്റ് നൽകുന്ന പദ്ധതിയാണ് ആശ സ്കീം. വനിതകൾക്കും എസ്‌സി, എസ്ടി യുവാക്കൾക്കും 50 ശതമാനം വരെ (പരമാവധി മൂന്നു ലക്ഷം രൂപ) വായ്പ ലഭിക്കും. ആർട്ടിസാൻ കാർഡ്, കരകൗശല സ്ഥാപനങ്ങളിലെ അംഗത്വം എന്നിവ ഉള്ളവർക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്.

കെഇഎസ്‌ആർയു (കെസ്റു)

എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് വഴി ചെറിയ വ്യവസായ യൂണിറ്റുകൾക്കായി പദ്ധതി ചെലവിന്റെ 20 ശതമാനം വരെ സബ്സിഡി ലഭിക്കും. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലെ സെൽഫ് എംപ്ലോയ്മെന്റ് ഓഫിസർക്കോ അപേക്ഷ നൽകാം. ഗ്രൂപ്പ് സംരംഭങ്ങൾക്ക് മൾട്ടി പർപസ്‌ ജോബ്‌ ക്ലബ് പദ്ധതി വഴി ഗ്രാന്റും സബ്സിഡിയും ലഭിക്കും. വിധവകൾ, വിവാഹമോചിതർ, എസ്‌സി, എസ്ടി വിഭാഗത്തിൽ പെട്ട അവിവാഹിതരായ അമ്മമാർ എന്നിവർക്കു വേണ്ടിയുള്ളതാണ് ശരണ്യ പദ്ധതി. 21 – 55 പ്രായമുള്ള ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്വയംതൊഴിൽ പദ്ധതിയാണ് കൈവല്യ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.employment.kerala.gov.in.

പ്രവാസിക്കു സംരംഭം തുടങ്ങാം

പ്രവാസികൾക്കു 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പ്രവാസി കിരൺ വായ്പ കോവിഡിന്റെ പശ്ചാത്തലത്തിൽ നോർക്കയുമായി സഹകരിച്ച് മൂലധന, പലിശ സബ്സിഡിയോടെ നടപ്പാക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്കായി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡുമായി (കേരളാ ബാങ്ക്) ബന്ധപ്പെടാം. വെബ്സൈറ്റ്– www.keralacobank.com.

വിവിധ ബാങ്കു ശാഖകൾ വഴി നോർക്ക റൂട്ട്സ് പ്രവാസി (എൻഡി പ്രേം) വായ്പാ പദ്ധതിയുമുണ്ട്. ഇതു പ്രകാരം മൂലധന സബ്സിഡിക്കു പുറമേ നിശ്ചിത വർഷത്തേക്ക് പലിശ സബ്സിഡിയും ലഭ്യമാക്കുന്നുണ്ട്. വിശദ വിവരങ്ങൾക്ക് www.norkaroos.org/ndprem സന്ദർശിക്കാം.

വ്യവസായ രജിസ്ട്രേഷൻ ഓൺലൈനിൽ

തീർത്തും  സൗജന്യമായി സംരംഭം റജിസ്റ്റർ ചെയ്യുന്നതിനായി www.udyamregistration.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വ്യാജ വെബ്സൈറ്റുകളും തട്ടിപ്പും തടയാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സംവിധാനം ആണിത്.

ലഘുവായ സ്റ്റെപ്പുകളിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കാം. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക്‌ വ്യവസായ ഓഫിസുകൾ, ബ്ലോക്ക്‌ / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാരുടെ സേവനവും തേടാം. വ്യവസായ വകുപ്പ് (www.industry.kerala.gov.in), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (www.ksidc.org) എന്നിവ വഴിയും രജിസ്ട്രേഷൻ നടത്താം.

വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസുകൾ എടുക്കുന്നതിനായി www.kswift.kerala.gov.in സന്ദർശിക്കാം.   

വ്യവസായ പരിശീലനം നേടാം

ബാങ്കുവായ്പകൾക്കായി നിർദിഷ്ട പരിശീലനം പല സ്ഥാപനങ്ങളും നിഷ്കർഷിക്കും. ഇതിനായി വ്യവസായ, സംരംഭകത്വ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ അതത് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകുന്നുണ്ട്.  വിദഗ്ധരുടെ ക്ലാസുകളും, സമ്പർക്ക ക്ലാസുകളും യൂണിറ്റ് സന്ദർശനവുമടക്കമുള്ള പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വായ്പാ ലഭ്യതയും കൂട്ടും. വിശദാംശങ്ങൾക്കായി അതതു ജില്ലയിലെ ലീഡ് ബാങ്കുമായി ബന്ധപ്പെടാം.

ജില്ലാ വ്യവസായ കേന്ദ്രം, എന്റർപ്രണർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇന്ത്യ, എംഎസ്എംഇ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ വഴിയും വ്യവസായ, സംരംഭകത്വ പരിശീലന പരിപാടികൾ നടത്തുന്നുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: വി.കെ. ആദർശ്, ചീഫ് മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മംഗളൂരു